Current Date

Search
Close this search box.
Search
Close this search box.

മനസ്‌ പോലെയാണ്‌ ബെഡ്ഷീറ്റും

രാവിലെ ഉണരുമ്പോൾ പുതപ്പും വിരിയുമൊക്കെ എങ്ങനെയാണ്‌ ഉണ്ടാവാറുള്ളത്‌? ആകെ ചുളിഞ്ഞ്‌ അലങ്കോലമാണോ? നന്നായി വിരിച്ച്‌ കിടന്നിട്ടും അങ്ങനെ സംഭവിച്ചുവെങ്കിൽ അത്ര ശാന്തമല്ലാത്തൊരു ഉറക്കമാകും കിട്ടിയിട്ടുണ്ടാവുക, അല്ലേ? മനസ് ‌ എങ്ങനെയാണോ അങ്ങനെയാവും ബെഡ്ഷീറ്റും.

നല്ല ഇഷ്ടമുള്ള യൂട്ടൂബറാണ്‌ മാർക്ക്‌ വെയിൻസ്‌. രുചികൾ തേടി ലോകം ചുറ്റുന്ന മനുഷ്യനാണ്‌. ഈയടുത്ത്‌ അദ്ദേഹം ഒരാളെ പരിചയപ്പെടുത്തി. തായ്‌ലൻഡിലെ ഗ്രാമത്തിൽ മസ്ജിദിന്റെ മുന്നിൽ മിട്ടായി വിൽക്കുന്ന ഒരു വല്ല്യുപ്പ. വയസ്സ്‌ കേട്ടാൽ അത്ഭുതപ്പെടും, നൂറ്റി ഇരുപത്തി ഒമ്പത്‌!. ആ മുഖം പ്രസന്നമാണ്‌. ശാന്തമാണ്‌. മാർക്ക്‌ വെയിൻസിന്റെ ഭാര്യ‌ രസമുള്ളൊരു ചോദ്യം ചോദിച്ചു: ‘അധിക മനുഷ്യരും രാവിലെ ഉണരുമ്പോൾ കുറച്ച്‌ മൂഡോഫാകും. വല്ല്യുപ്പാക്ക്‌ അങ്ങനെ ഉണ്ടാവാറുണ്ടോ?’. അൽപ്പനേരം ആലോചിച്ച്‌ നല്ല ഉറപ്പോടെ അദ്ദേഹം പറഞ്ഞു: ‘ഇല്ല. അങ്ങനെ തോന്നാറില്ല.’

ഭയങ്കര ഊർജമുള്ളൊരു മുത്തശ്ശിയെക്കുറിച്ച്‌ വായിച്ചു. ചെറിയ ചില കൂട്ടായ്മകളൊക്കെ സംഘടിപ്പിച്ച്‌ ഹാപ്പിയായി ജീവിക്കുന്ന മുത്തശ്ശിയാണ്‌. ലോക പ്രസിദ്ധ എഴുത്തുകാരൻ പൗലോ കൊയ്‌ലോ ആണ്‌ മുത്തശ്ശിയെ കണ്ട കാര്യം പറയുന്നത്‌. ‘ഒരിക്കൽ വെളുപ്പിന്‌ നാലു മണിക്ക്‌ ഞാനാകെ ക്ഷീണിച്ചിരിക്കുമ്പോളും പ്രസന്നതയോടെ ഇരിക്കുന്ന മുത്തശ്ശിയോട്‌‌ അതിന്റെ രഹസ്യമെന്താണെന്ന് ചോദിച്ചു. എങ്ങനെ കിട്ടുന്നു ഇത്രയും ഊർജവും ഉത്സാഹവും? അവരെനിക്ക്‌ പറഞ്ഞുതന്നു: ‘എന്റെ കയ്യിലൊരു മാന്ത്രിക കലണ്ടറുണ്ട്‌. സന്തോഷത്തിന്റെ രഹസ്യമാണത്‌. നാളെ എന്റെ വീട്ടിലേക്ക്‌ വരൂ. കാണിച്ചുതരാം’. ഞാൻ അവരുടെ വീട്ടിലെത്തി. ‌ പഴക്കമുള്ളൊരു കലണ്ടർ എനിക്ക്‌ കാണിച്ചുതന്നു. ഓരോ തിയ്യതിയിലും നിറയേ കുത്തിവരകളുണ്ട്‌. മുത്തശ്ശി എന്റടുത്തേക്കിരുന്ന് അന്നത്തെ തിയ്യതിയിൽ തൊട്ടു. അതിൽ എഴുതിയിട്ട വരി വായിച്ചു. എന്നിട്ടെന്നോട്‌ പറഞ്ഞു: ‘ഇന്നാണ്‌ പോളിയോക്ക്‌ പ്രതിരോധമരുന്ന് കണ്ടുപിടിച്ച ദിവസം. ഈ ഒരൊറ്റ കാരണം പോരേ ഇന്ന് സന്തോഷിക്കാൻ. ജീവിതം ചെറുതാണ്‌ മോനേ. മനസ്സുവെച്ചാൽ നമുക്കിത്‌ രസാക്കാവുന്നതേ ഉള്ളൂ..’

മർത്യൻ എന്നൊരു പേര്‌ നമുക്കുണ്ടല്ലോ. അതേപ്പറ്റി ചിന്തിച്ചുനോക്കീട്ടുണ്ടോ? മരിച്ചുപോകുന്നവർ എന്നാണ്‌ അതിന്റെ അർത്ഥം. തീർന്നുപോകുന്നൊരു തുച്ഛജന്മത്തിലാണീ ശ്വാസമയച്ചു കോണ്ടിരിക്കുന്നത്‌. സങ്കടപ്പെട്ടിരിക്കാൻ നൂറുകൂട്ടം കാരണങ്ങൾ കാണും. എന്നാലും മുത്തശ്ശി പറഞ്ഞതുപോലെ സമാധാനായിരിക്കാൻ ഒരൊറ്റ കാരണമെങ്കിലും കണ്ടെത്താതെ ഇതൊരു ജീവിതമാകുമോ? അങ്ങനെ ജീവിക്കാനാ പടച്ചോൻ പറഞ്ഞത്‌. എന്തു രസായിട്ടാണ്‌ അവൻ പ്രതീക്ഷയിലേക്ക്‌ വഴി കാണിക്കുന്നത്‌. ദു:ഖങ്ങളുണ്ടോ, അതൊക്കെ പതുക്കെ മാറും. കുറ്റബോധമുണ്ടോ, ഞാൻ മാപ്പാക്കുമല്ലോ. ഒറ്റപ്പെട്ടുവോ, ഞാനില്ലേ കൂടെ. ഇങ്ങനെയാണ്‌ സാന്ത്വനവാക്കുകൾ.

എല്ലാം കിട്ടുന്നതു വരെ, എല്ലാരും സ്നേഹിക്കുന്നത്‌ വരെ കാത്തിരുന്ന് പാഴാക്കാനുള്ളതല്ല ആയുസ്സ്‌. നഷ്ടങ്ങളൊക്കെ നല്ലോണമുണ്ട്‌. കൊതിച്ചതും കൈവന്നതും തമ്മിൽ വലിയ വ്യത്യാസങ്ങളും കാണും. മനുഷ്യർ തരുന്ന നോവുകളിൽ പിന്നെയും പിന്നെയും ഉരുകേണ്ടി വരും. സ്വപ്നങ്ങൾ തന്ന മനുഷ്യർ സ്വപ്നങ്ങളെ മാത്രമല്ല ഉറക്കത്തെപ്പോലും കട്ടെടുത്ത്‌ കടന്നുപോകും. ഉണ്ട്‌, നൂറുകൂട്ടം കാരണങ്ങൾ ദു:ഖിക്കുവാനുണ്ട്‌. എന്നാലും നമുക്ക്‌ ജീവിക്കണം. അന്തസ്സോടെ ആയുസ്സിനെ ആഘോഷിക്കണം. സമാധാനായിട്ട്‌ ഉറങ്ങണം.

ഒരു ചങ്ങാതി തന്ന വാക്കുണ്ട്‌. ‘എടാ, എല്ലാർക്കും ഒരേ പോലെ പടച്ചോൻ പൈസ തരൂല്ല. ആരോഗ്യം തരൂല്ല. ഒരേപോലെ തരുന്ന ഒരേയൊരു കാര്യമേയുള്ളൂ; സമയം!’

 

Related Articles