ആരോഗ്യകരമായ വ്യക്തിത്വത്തിൻറെ സവിശേഷമായ ഗുണങ്ങളിൽ ഒന്നാണ് മനുഷ്യൻറെ സാമൂഹിക ബോധം. അപരരെ സ്നേഹിക്കുന്നതും അവരുമായി സഹവാസിക്കുന്നതും ബന്ധം ഊഷ്മളമാക്കുന്നതുമാണ് സാമൂഹികത കൊണ്ട് വിവിക്ഷിക്കുന്നത്. ഈ സാമൂഹികത വലിയൊരളവോളം ഇസ്ലാം വിശ്വാസികളിൽ വളർത്തി എടുക്കുന്നു എന്നത് അനിഷേധ്യമായ യാഥാർത്ഥ്യമാണ്. ഇസ്ലാം അതിൻറെ അനുയായികളിൽ ഈ സാമൂഹികത വളർത്തുന്നത് അവർ ഒരു സാമൂഹ്യ ജീവിയായിരിക്കണം എന്ന് ഉദ്ബോധിപ്പിച്ച് കൊണ്ട് മാത്രമല്ല, മറിച്ച് പലവിധ മാർഗ്ഗങ്ങളിലൂടെയും യഥാർത്ഥ പരിശീലനത്തിലൂടെയും പ്രയോഗവൽകരണത്തിലൂടെയുമാണ്.
മനുഷ്യരിൽ സാമൂഹ്യ ബോധം സൃഷ്ടിക്കുന്നതിൽ ഇസ്ലാമിലെ മുഖ്യ ആരാധന കർമ്മമായ നമസ്കാരം നിർവ്വഹിക്കുന്ന പങ്ക് അദ്വീതീയമാണ്. മുസ്ലിംങ്ങൾ പള്ളിയിൽവെച്ച് ഒന്നിച്ച് അനുഷ്ടിക്കാൻ ബാധ്യതയുള്ള ആരാധനയാണല്ലോ നമസ്കാരം. നമസ്കാരത്തിൽ ഒരു മുസ്ലിം അനേകം ഭക്തരോടൊപ്പം ഒരേ ദിശയിലേക്ക് തിരിഞ്ഞ് നമസ്കരിക്കുന്നു. ഒരേ പ്രാർത്ഥനകൾ ഉരുവിട്ട് കൊണ്ടും ഒരേ താളലയത്തിലുള്ള ചലനങ്ങൾ നിർവ്വഹിച്ച് കൊണ്ടുമാണ് അവർ അത് നിർവ്വഹിക്കുന്നത്. ഈ സംഘടിത ആരാധന നിരവധി സാമൂഹിക ഗുണങ്ങൾ വളർത്തി എടുക്കാൻ നമ്മെ പരിശീലിപ്പിക്കുന്നു. കാരണം ഒരു മുസ്ലിമിനെ മറ്റുള്ളവരോടൊപ്പം ഒരേ നിരയിൽ ഒരേ സ്ഥലത്ത്, ഒരേ സമയത്, ഒരേ നേതാവിന് കീഴിൽ നിൽക്കാൻ അത് പരിശീലിപ്പിക്കുന്നതിലൂടെ അവരിലെ സാമൂഹികതയാണ് ഉജ്ജീവിപ്പിക്കുന്നത്.
ഇസ്ലാമിലെ കൂട്ടായ നമസ്കാരം ഒരു ദിവസത്തിൽ അഞ്ച് പ്രാവിശ്യം പള്ളിയിൽ വെച്ച് സംഘടിതമായി നിർവ്വഹിക്കേണ്ടതുണ്ട്. വെള്ളിയാഴ്ച മധ്യാഹ്നത്തിൽ നിർവ്വഹിക്കുന്ന നമസ്കാരത്തിനാവട്ടെ പ്രത്യേകമായ പദവിയും സ്ഥാനവുമുണ്ട്. ഈ നമസ്കാരം നിർബന്ധമായും പള്ളിയിൽവെച്ചായിരിക്കണം നിർവ്വഹിക്കേണ്ടത് എന്ന കാര്യത്തിൽ യാതൊരു സംശയമില്ല. ഒരു മുസ്ലിം സാമൂഹിക ഗുണങ്ങളുള്ളവനായിരിക്കണൊ എന്നത് അവൻറെ സ്വാതന്ത്ര്യത്തിൻറെ പ്രശ്നമായിട്ടല്ല ഇസ്ലാം പരിഗണിക്കുന്നത് എന്നാണ് ഇതിനർത്ഥം. അത് ഒരു മുസ്ലിമിൻറെ രക്തത്തിൽ അനിവാര്യമായും അലിഞ്ഞ് ചേരേണ്ട നൈസർഗ്ഗിക ഗുണമാണ്.
പ്രവാചകൻ പറഞ്ഞു: നിങ്ങൾ ആഗ്രഹിക്കുന്നത് നിങ്ങളുടെ സഹോദരന് ആഗ്രഹിക്കാത്തേടുത്തോളം നിങ്ങളുടെ വിശ്വാസം പൂർണ്ണമാവുന്നില്ല. ഇസ്ലാമിലെ വിവിധ ആചാരങ്ങളിലൂടെ ഒരു മുസ്ലിമിനെ സാമൂഹികതയിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. ഒരു മുസ്ലിം സംഘടിതമായ നമസ്കാരം നിർവ്വഹിച്ച ശേഷം അനൈഛിക നമസ്കാരം നിർവ്വഹിക്കാൻ വേണ്ടി അയാൾ നിന്നിരുന്ന നിരയിൽ നിന്ന് മാറിനിന്ന് നമസ്കരിക്കുന്നത് നാം കാണാറുണ്ട്. ഇതിലൂടെ ഒരു മുസ്ലിമിന് മറ്റ് ആളുകളുമായി ഒരുമിച്ച് നിൽക്കാൻ കൂടുതൽ അവസരം ലഭിക്കുകയും അതിലൂടെ മറ്റുള്ളവരുമായുള്ള സഹവാസവും സാമൂഹികവുമായ ബന്ധങ്ങളും വികസിക്കുകയും ചെയ്യുന്നു.
സാമൂഹ്യമായ ഉത്തരവാദിത്തങ്ങൾ
രോഗികളെ സന്ദർശിക്കുവാനും അശണരരേയും ആലംബഹീനരേയും സഹായിക്കുവാനും ഇസ്ലാം വിശ്വാസികളോട് കൽപിക്കുന്നു. രോഗികളെ സന്ദർശിക്കുകയും ആവശ്യക്കാരെ സഹായിക്കുകയും ദുർബലരെ പരിഗണിക്കുകയും ചെയ്യുമ്പോൾ ഒരാളുടെ സാമൂഹ്യ ബോധം വളരുകയാണ് ചെയ്യുന്നതെന്ന കാര്യത്തിൽ സംശയമില്ല. പ്രവാചകൻ പറഞ്ഞു: നിങ്ങളുടെ സഹോദരൻറെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്നത് പോലും പുണ്യമാണ്. മറ്റുള്ളവരോട് നല്ല നിലയിലും കാരുണ്യത്തോടേയും അനുകമ്പയോടെയും വർത്തിക്കാനാണ് ഇസ്ലാം കൽപിക്കുന്നത്. തീർച്ചയായും നിങ്ങളുടെ സഹോദരനോടുള്ള പുഞ്ചിരി സ്നേഹത്തിൻറെയും ആദരവിൻറെയും അനുകമ്പയുടേയും വാൽസല്യത്തിൻറെയും പ്രതീകമാണ്.
വിശ്വാസികളുടെ സാഹോദര്യം
പ്രവാചകൻ പറഞ്ഞു: ഒരു മുസ്ലിം മറ്റൊരു മുസ്ലിമിൻറെ സഹോദരനാണ്. അവൻ തൻറെ സഹോദരനോട് അതിക്രമം പ്രവർത്തിക്കുകയില്ല. സാമൂഹികതയുടെ ഏറ്റവും ഉയർന്ന ഘട്ടമാണ് സാഹോദര്യമെന്ന കാര്യത്തിൽ സംശയമില്ല. വിശ്വാസികളുടെ സാഹോദര്യത്തിന് ഇസ്ലാം എപ്പോഴും ഊന്നൽ നൽകുന്നത് കാണാം. ഈ സാഹോദര്യം ഇസ്ലാം ഊന്നൽ നൽകുന്ന സാമൂഹികതയെയാണ് സൂചിപ്പിക്കുന്നത്. പ്രവാചകൻ പറഞ്ഞു: നീ നിൻറെ സഹോദരനെ സഹായിക്കുകയാണെങ്കിൽ അല്ലാഹു നിങ്ങളെ സഹായിക്കും. ഈ സഹായം എല്ലാ മേഖലകളേയും ഉൾകൊള്ളുന്നു. സംശയ നിവാരണം, പണം കടം കൊടുക്കൽ, വഴി കാണിച്ച് കൊടുക്കൽ, ധന സഹായം നൽകൽ, പാവപ്പെട്ടവരെ ഭക്ഷിപ്പിക്കൽ, നല്ല വാക്ക് പറയൽ, പുഞ്ചിരിക്കൽ, സഹായിക്കൽ അങ്ങനെ നീണ്ട് പോവുന്ന ഒരു ലിസ്റ്റാണിത്. സഹായം നൽകുകയും വാങ്ങുകയും ചെയ്യുമ്പോൾ വിശ്വാസികളുടെ സാമൂഹ്യ ബോധമാണ് ശക്തിപ്പെടുന്നത്.
രക്ഷിതാക്കളെ അനുസരിക്കൽ
കുടുംബത്തിനകത്തും ഇസ്ലാം സാമൂഹിക ബോധം വളർത്തി എടുക്കുന്നു. മാതാപിതാക്കളോട് കാരുണ്യം കാണിക്കുവാൻ അല്ലാഹു വിശ്വാസികളോട് കൽപ്പിച്ചിരിക്കുന്നു. രക്ഷിതാക്കളോട് കാരുണ്യം കാണിക്കണമെന്ന ഈ ദൈവിക കൽപന അല്ലാഹുവിനുള്ള ആരാധനയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു: ഖുർആൻ പറയൂന്നു: നിൻറെ നാഥൻ വിധിച്ചിരിക്കുന്നു: നിങ്ങൾ അവനെയല്ലാതെ വഴിപ്പെടരുത്. മാതാപിതാക്കൾക്ക് നന്മ ചെയ്യക. അവരിൽ ഒരാളോ രണ്ടുപേരുമോ വാർധക്യം ബാധിച്ച് നിന്നോടൊപ്പമുണ്ടെങ്കിൽ അവരോട് ‘ഛെ’ എന്നുപോലും പറയരുത്. പരുഷമായി സംസാരിക്കരുത്. ഇരുവരോടും ആദരവോടെ സംസാരിക്കുക. [17:23]
ഖുർആനിൽ അല്ലാഹുവിനുള്ള ആരാധനക്ക് ശേഷം മാതാപിതാക്കളോട് കാരുണ്യം കാണിക്കുവാനാണ് ഇവിടെ നേരിട്ട് കൽപ്പിച്ചിരിക്കുന്നത്. തീർച്ചയായും രക്ഷിതാക്കളോട് കാരുണ്യം കാണിക്കുവാനുള്ള ഊന്നൽ ഏറ്റവും സുപ്രധാനമാണ്. തന്നെ പോറ്റി വളർത്തുകയും ജനനം മുതൽ സംരക്ഷിക്കുകയും ചെയ്ത്കൊണ്ടിരുന്ന സ്വന്തം രക്ഷിതാക്കളെ ആദരിക്കാത്ത ഒരാൾക്ക് മറ്റുള്ളവരെ ആദരിക്കാൻ എങ്ങനെയാണ് കഴിയുക? അതിനാൽ വ്യക്തികളുടെ സാമൂഹ്യബോധത്തിൻറെ യുകതിപരമായ ആരംഭം കുറിക്കുന്നത് രക്ഷിതാക്കളോടുള്ള കാരുണ്യത്തിൽ നിന്ന് തന്നെയാണ്. പിന്നീട് ഈ സാമൂഹ്യ ബോധം കുടുംബത്തിന് പുറത്തുള്ളവരിലേക്കും വ്യാപിക്കുന്നു.
അയൽക്കാരോടുള്ള കാരുണ്യം
കുടുംബാംഗങ്ങളുമായും അയൽക്കാരുമായുള്ള ബന്ധം ക്രമീകരിക്കുന്നതിലൂടെ ഇസ്ലാം വ്യക്തികളുടെ സാമൂഹികത വളർത്തുകയാണ് ചെയ്യുന്നത്. മുസ്ലിംങ്ങൾ തങ്ങളുടെ കുടുംബാംഗങ്ങളെ സന്ദർശിക്കേണ്ടതുണ്ട്. പ്രവാചകൻ പറഞ്ഞു: നിങ്ങൾ നിങ്ങളുടെ അയൽക്കാരനെ ഉപദ്രവിക്കുന്നേടുത്തോളം കാലം നിങ്ങൾ ഒരു വിശ്വാസിയല്ല. മറ്റൊരു നബി വചനം ഇങ്ങനെ: നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ, നിങ്ങളുടെ അയൽക്കാരനെ ആദരിക്കട്ടെ. മറ്റൊരു നബി വചനം ഇങ്ങനെ: നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ, അതിഥിയെ ആദരിക്കട്ടെ. നബി പറഞ്ഞു: അയൽക്കാരനോട് ഉത്തമനായവനാണ് നിങ്ങളിൽ ഉത്തമൻ.
ഹജ്ജും വൃതാനുഷ്ടാനവും
വൃതാനുഷ്ടാനം നിർബന്ധമാക്കിയതിലൂടെ ഇസ്ലാം നമ്മുടെ സാമൂഹിക ബോധം വളർത്തുയാണ് ചെയ്യുന്നത്. മുസ്ലിംങ്ങൾ എല്ലാവരും ഒരേ മാസത്തിൽ നോമ്പനുഷ്ടിക്കുന്നു.സൂര്യാസ്തമയത്തോടെ അവർ എല്ലാവരും ഒന്നിച്ച് നോമ്പ് മുറിക്കുന്നു. ഒരേ ആത്മീയ അനുഭവങ്ങളിലൂടെയാണ് അവർ കടന്ന് പോവുന്നത്. ഒരേ കാലയളവിലും രീതിയലുമുള്ള വൃതാനുഷ്ടാനത്തിലുടെ ലഭിക്കുന്ന ഇത്തരം അനുഭവങ്ങൾ വിശ്വാസികൾക്കിടയിൽ സാമുഹിക ബോധം വളർത്താൻ പര്യപ്തമാണ്.
ഇസ്ലാമിലെ മറ്റൊരു ആരാധനാ കർമ്മമായ ഹജ്ജിലുടെയും സാമൂഹിക ഗുണങ്ങൾ ആർജ്ജിക്കുവാനാണ് ഇസ്ലാം അനുയായികളെ പരിശീലിപ്പിക്കുന്നത്. സഫാ മർവ എന്നീ രണ്ട് പുണ്യ സ്ഥലങ്ങൾക്കിടയിലൂടെ തീർത്ഥാടകർ ഒരേ സ്ഥലത്തും ഒരേ കാലയളവിലും ഒരേ വർണ്ണത്തിലുള്ള ശുഭ്ര വസ്ത്രം ധരിച്ച് ഓടുന്നതിലൂടെ വിശുദ്ധ ഹജ്ജ് കർമ്മം സാമൂഹികതയുടേയും സമത്വത്തിൻേറയും ഉജജ്വലമായ പരിശീലനമാണ് നൽകുന്നതെന്ന കാര്യത്തിൽ തർക്കമില്ല.
ഉദാരത
നിർബന്ധ വൃതമനുഷ്ടിക്കുന്ന റമദാൻ മാസത്തിൽ മുസ്ലിംങ്ങൾ പാവപ്പെട്ടവർക്ക് പണമായും അന്നമായും ധാരളം ദാനം നൽകാറുണ്ട്. സാമൂഹികബോധത്തിൻ്റെ മറ്റൊരു പ്രായോഗിക കർമ്മമാണ് ഇത്. അതിനാൽ നേരിട്ടുള്ള ഉദ്ബോധനങ്ങളിലൂടെയും മുകളിൽ വിവരിച്ച ആരാധനാ കർമ്മങ്ങളിലൂടെയും പല തലങ്ങളിലായി ഇസ്ലാം വിശ്വാസികളിൽ വളരെ ശക്തമായി സാമൂഹിക ബോധം വളർത്തി എടുക്കുന്നു.
രക്ഷിതാക്കൾ, കുടുംബാംഗങ്ങൾ, ബന്ധുമിത്രാതികൾ, അതിഥികൾ തുടങ്ങി എല്ലാവരുമായും ഇസ്ലാം നമ്മുടെ സാമൂഹിക ബന്ധങ്ങളെ ഊഷ്മളമായി ക്രമീകരിക്കുന്നു. കൂടാതെ സാമൂഹികബോധമുള്ളവനാവാൻ ഇസ്ലാം മുസ്ലിംങ്ങളോട് കൽപിക്കുകയും അവരെ അതിന് പരിശീലിപ്പിക്കുകയും ചെയ്യുന്നു. കേവലമായ തത്വങ്ങളുടേയും സിദ്ധാന്തങ്ങളുടേയും ഒരു സമാഹാരമല്ല ഇസ്ലാം. വിശ്വാസവും അനുഷ്ടാനവും ഉൾകൊണ്ട സമ്പൂർണ്ണവും അന്യൂനവുമായ വ്യവസ്ഥയാണ് ഇസ്ലാം. സാമൂഹിക ബോധം വളർത്തുന്നതിലൂടെ സാമൂഹ്യ ജീവിതത്തിൽ അവശ്യം ഉണ്ടായിരിക്കേണ്ട സാമൂഹിക നൈപുണ്യം നേടാൻ ഇസ്ലാം നമ്മെ സഹായിക്കുന്നു. നമ്മുടെ മാനസിക ആരോഗ്യം കെട്ടിപ്പടുക്കുന്നതിൽ ഇത്തരം സാമൂഹ്യ നൈപുണ്യം അനിവാര്യമാണ്.
മൊഴിമാറ്റം: ഇബ്റാഹീം ശംനാട്