Current Date

Search
Close this search box.
Search
Close this search box.

മധുരം നിറഞ്ഞതാവട്ടെ സംസാരം

‘നിന്റെ വാക്കുകളാല്‍ നീ നീതീകരിക്കപ്പെടും;
നിന്റെ വാക്കുകളാല്‍ നീ ശിക്ഷിക്കപ്പെടും’ -പുതിയ നിയമം

മനുഷ്യന്റെ മാത്രം സവിശേഷമായ കഴിവാണ് ഭാഷ പ്രയോഗിച്ചുകൊണ്ടുള്ള സംസാരം. അതില്‍ കാലദേശഭേദമനുസരിച്ച് വൈവിധ്യവും പുരോഗതിയും കാണാം. ഇതര ജീവജാലങ്ങള്‍ക്ക് സംസാരശേഷിയുണ്ടെങ്കിലും, ഭാഷയിലൂടെയല്ല അവയത് പ്രകടിപ്പിക്കുന്നത്. നൈസര്‍ഗികമായി ലഭിച്ച സ്വരങ്ങളുടെ വിന്യാസത്തിലൂടെയാണ് സംസാരം. അതുപോലെ, കാലത്തിനും ദേശത്തിനുമനുസരിച്ച് അവയുടെ സംസാരത്തിന് മാറ്റമോ, പുരോഗതിയോ ഉണ്ടാവുന്നില്ല. മനുഷ്യന്റെ സംസാരവും ഭാഷയും അതിലെ വൈവിധ്യവും ദൈവത്തിന്റെ ദൃഷ്ടാന്തങ്ങളായാണ് വിശുദ്ധവേദം വീക്ഷിക്കുന്നത്.

സംസാരത്തില്‍ സൂക്ഷമത കൈകൊള്ളല്‍ പ്രധാനമാണ്. സൂക്ഷിച്ചേ സംസാരിക്കാവൂ. ആവശ്യത്തിനുമാത്രം സംസാരിക്കുക. മനുഷ്യന് ശ്രേഷ്ഠകരം ആവശ്യമില്ലാത്തത് സംസാരിക്കാതിരിക്കലാണെന്ന് കലീലയും ദിംനയും എന്ന കഥാഖ്യാനത്തില്‍ ഇബ്നുമുഖഫഅ് പറയുന്നുണ്ട്. സംസാരത്തിലൂടെ സ്വര്‍ഗവും നേടാം; നരകവും നേടാം. സംസാരം നന്മയുടെ പ്രകാശനത്തിനാവുമ്പോള്‍, സ്വര്‍ഗവും തിന്മയുടെ വ്യാപനത്തിനാവുമ്പോള്‍, നരകവും ലഭിക്കുന്നു. സംസാരത്തില്‍ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍, അത് വലിയ വിനകള്‍ വരുത്തിവെക്കും. മഴുകൊണ്ട് മരം മുറിച്ചാല്‍, ദിവസങ്ങള്‍ക്കകം അത് തളിര്‍ത്തുവരും. എന്നാല്‍, സംസാരംകൊണ്ട് മറ്റൊരാളെ മുറിവേല്‍പ്പിച്ചാല്‍, ഉണങ്ങാന്‍ പ്രയാസമായിരിക്കും. വാക്കിനാല്‍ മുറിവേല്‍പ്പിച്ചാല്‍ അതസഹ്യമാണെന്ന് ഭക്തകവി കബീര്‍ പാടുന്നു.

ഓരോ വാക്കും വെണ്‍മുത്തുപോലെ വിശുദ്ധമായിരിക്കണം. നല്ല വാക്ക് തേനറ പോലെയാണെന്നും അത് ആത്മാവിന് മാധുര്യവും ശരീരത്തിന് ആരോഗ്യവും നല്‍കുന്നുവെന്നും ദാവൂദിന്റെ സങ്കീര്‍ത്തനത്തില്‍ കാണാം. ഒരാളുടെ സംസ്‌കാരത്തെ വെളിപ്പെടുത്തുന്ന മാപ്പിനിയാണ് സംസാരം. നല്ല സംസാരം നല്ല സംസ്‌കാരത്തെയും ചീത്ത സംസാരം ചീത്ത സംസ്‌കാരത്തെയും പ്രതിഫലിപ്പിക്കുന്നു. നാലാം ഉത്തരാധികാരി അലി അളന്ന് തിട്ടപ്പെടുത്തി മാത്രം സംസാരിക്കുന്ന തത്വജ്ഞാനിയായിരുന്നു. ബുദ്ധിമാന്‍ ചിത്തത്തോട് ആലോചിച്ച ശേഷമേ സംസാരിക്കുകയുള്ളൂവെന്ന് അദ്ദേഹം പറയുകയുണ്ടായി. നിരര്‍ഥമായ ആയിരം വാക്കുകളേക്കാള്‍ ശ്രേഷ്ഠം അര്‍ഥവത്തായ ഒരു വാക്കാണെന്ന് ശ്രീബുദ്ധന്‍ മൊഴിയുന്നു.

സംസാരത്തിന്റെ കാര്യത്തില്‍ ഇസ്ലാം ഉപദേശ നിര്‍ദേശങ്ങങ്ങള്‍ നല്‍കുന്നുണ്ട്. വിശുദ്ധവേദം പറയുന്നു: ”വിശ്വസിച്ചവരേ, നിങ്ങള്‍ ദൈവത്തെ സൂക്ഷിക്കുക; നല്ലതുമാത്രം സംസാരിക്കുക”(അല്‍അഹ്സാബ്: 70). തിരുചര്യ പറയുന്നു: ”ആരെങ്കിലും ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍, അവന്‍ നല്ലത് സംസാരിക്കട്ടെ. അല്ലെങ്കില്‍, മൗനം പാലിച്ചുകൊള്ളട്ടെ”(ബുഖാരി, മുസ്ലിം). ഏതൊരു കാര്യത്തിലും നന്മകളെ പരമാവധി പ്രോല്‍സാഹിപ്പിക്കുകയും തിന്മകളെ തീര്‍ത്തും നിരുല്‍സാഹപ്പെടുത്തുകയുമാണ് ഇസ്ലാം ചെയ്യുന്നത്. അതനുസരിച്ച്, സംസാരത്തെ നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും ചീത്ത കാര്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നുമാണ് ഇസ്ലാമിന്റെ പൊതുതത്വം.

സംസാരം കൊണ്ടുവരുന്ന ധാരാളം തിന്മകളുണ്ട്. കളവ്, പരിഹാസം, ഏഷണി, പരദൂഷണം, തെറിയഭിഷേകം, കുറ്റംപറയല്‍, കുത്തിപ്പറയല്‍, ഇകഴ്ത്തല്‍, ആക്ഷേപം പോലുള്ളവ നാവ് ഉണ്ടാക്കുന്ന തെറ്റുകളാണ്. അഥവാ സംസാരത്തിന്റെ നിഷേധാത്മകമായ വശങ്ങള്‍. അത്തരം ദൂഷ്യങ്ങള്‍ പാടെ വര്‍ജിച്ചുകൊണ്ടാവണം ജീവിതത്തെ കരുപ്പിടിപ്പിക്കേണ്ടത്. സംസാരപരമായ തിന്മകള്‍ പ്രതിപാദിക്കുന്ന അധ്യായമാണ് വിശുദ്ധവേദത്തിലെ അല്‍ഹുജുറാത്ത് അധ്യായം. സംസാരത്തിന് ധനാത്മകമായ വശങ്ങളുമുണ്ട്. സാധ്യതകളുടെ മേഖല കൂടിയാണത്. സംസാരത്തിലൂടെ മറ്റുള്ളവര്‍ക്ക് പ്രചോദനമേകുന്ന മൊഴിമുത്തുകള്‍ പകരാനാവും. ആത്മാര്‍ഥമായ സംസാരം സാന്ത്വനത്തിന്റെ തൂവല്‍സ്പര്‍ശമാണ്. നാവുകൊണ്ട് നന്മയിലേക്ക് ക്ഷണിച്ചവനേക്കാള്‍ മികച്ചവന്‍ ആരാണുള്ളതെന്ന് വിശുദ്ധവേദം ചോദിക്കുന്നുണ്ട്. സംസാരമെന്ന മാധ്യമം ഉപയോഗിച്ച് മികച്ച പ്രസംഗം നിര്‍വഹിക്കാം. സാമൂഹിക മാറ്റത്തിനുള്ള കലാവിഷ്‌കാരമാണ് പ്രസംഗം. ശില്‍പ്പിയുടെ സാമര്‍ഥ്യം ശില്‍പ്പത്തിന് ചാരുതയേകുന്നതുപോലെ, വിപ്ലവകാരിയുടെ പ്രസംഗം ജനതക്ക് പ്രചോദനമേകുന്നു. ചരിത്രത്തിലെ ചില പ്രസംഗങ്ങള്‍ ഇന്നും തങ്കലിപികളില്‍ സുരക്ഷിതമായണ്. യേശുക്രിസ്തുവിന്റെ ഗിരിപ്രഭാഷണവും പ്രവാചകന്‍ മുഹമ്മദിന്റെ അറഫാ പ്രസംഗവും എന്നെന്നും ഓര്‍ക്കുന്ന പ്രസംഗങ്ങളത്രെ.

Related Articles