Current Date

Search
Close this search box.
Search
Close this search box.

ഹൃദയം കവർന്ന ഗുരു

“മോനേ,നൂറുകണക്കിന് വിഷയങ്ങളിൽ നാം ഒരേ അഭിപ്രായക്കാരല്ലേ ? ഒരു വിഷയത്തിൽ നിന്റെ അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ നീ വിഘടിച്ചു പോവുകയോ ?എല്ലാ അഭിപ്രായ വ്യത്യാസങ്ങളിലും നാം ജയിക്കാൻ ശ്രമിക്കരുത്. വിജയിക്കുന്ന അഭിപ്രായങ്ങളെക്കാൾ സംവദിക്കുന്ന ഹൃദയമാണ് നാം നേടേണ്ടത്. നാമായി നിർമ്മിച്ച് സംരക്ഷിച്ച് മറികടന്ന വഴികളും പാലങ്ങളും നാം തന്നെ തകർക്കരുത്. ഒരു ദിവസം മടങ്ങിവരാൻ അവ വീണ്ടും ആവശ്യമായി വന്നേക്കാം. തെറ്റ് വെറുക്കാം; തെറ്റ് പറ്റിയവനെ ഒരിക്കലും വെറുക്കരുത്”

ഒരു മഹാ ഗുരു തന്റെ ശിഷ്യന് ഗൃഹസന്ദർശനം നടത്തി നല്കിയ ചരിത്ര പ്രസിദ്ധമായ ഉപദേശമാണിത്. ഈജിപ്തിലാണ് സംഭവം നടക്കുന്നത്. ഹിജ്റ രണ്ടാം നൂറ്റാണ്ടിലെ അവസാന പാദം. കർമ / ദൈവ ശാസ്ത്ര വ്യവഹാരങ്ങളുടേയും സംവാദങ്ങളുടേയും സുവർണകാലവും പ്രദേശവും .

ഈജിപ്തിലെ ഒരു വലിയ പള്ളിയിൽ പാഠം പഠിപ്പിക്കുന്നതിനിടയിൽ ഒരു വൈജ്ഞാനിക ചർച്ചയിൽ ഏതോ ഒരു വിഷയത്തിൽ ശിഷ്യൻ തന്റെ അധ്യാപകനോട് വിയോജിച്ചു .. പൊട്ടിത്തെറിക്കുന്ന കൗമാരപ്രായത്തിലുള്ള അതി ബുദ്ധിമാനായ ശിഷ്യൻ … പ്രായത്തിൽ വലിയ വ്യത്യാസമില്ലാത്ത അധ്യാപകൻ.ദേഷ്യം വന്ന ശിഷ്യൻ ക്ലാസിൽ നിന്ന് ഇറങ്ങി ഒറ്റപ്പോക്ക് . കണ്ട് നിന്ന ഗുരുവിനും സഹപാഠികൾക്കും വിഷമമായി.
നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള വീട്ടിലെത്തി സന്ധ്യക്ക് ദുഃഖിച്ചിരിക്കുമ്പോഴാണ് വീടിന്റെ വാതിലിൽ മുട്ടുകേൾക്കുന്നത്.
വിദ്യാർഥി വിളിച്ച് ചോദിച്ചു:
ആരാ അവിടെ ?
ആഗതൻ :മുഹമ്മദ് ബിൻ ഇദ്രീസ്
ശിഷ്യൻ തന്റെ സൗഹൃദ ലിസ്റ്റിലുള്ള ആ നാട്ടുകാരായ എല്ലാ മുഹമ്മദ് ബിൻ ഇദ്രീസ്മാരെയും ആലോചിച്ചു. ഇല്ല , അവരാരും ഈ കുഗ്രാമത്തിലേക്ക് സന്ധ്യക്കെത്താൻ ഒരു സാധ്യതയുമില്ല. ലേശം പകച്ചു നിന്ന ശിഷ്യൻ പതുക്കെ എഴുന്നേറ്റ് വാതിൽ തുറന്നു .
അപ്പോഴതാ തന്റെ ഇഷ്ട ഗുരു, എല്ലാവരും സ്നേഹത്തോടെ അബൂ അബ്ദില്ലാഹ് എന്ന് വിളിക്കുന്ന സാക്ഷാൽ ഇമാം ശാഫിഈ .
അതേ പിണങ്ങി ഇറങ്ങിപ്പോന്ന അരുമ ശിഷ്യനായ യൂനുസിനെ കാണാനായി മാത്രം കാതങ്ങൾ താണ്ടി നടന്നുവന്നിരിക്കുകയാണ് ഗുരു.

തനിക്കിഷ്ടപ്പെടാഞ്ഞത് കേൾക്കുമ്പോഴേക്കും മാതൃസ്ഥാപനത്തേയും ഗുരുക്കന്മാരേയും വെറുപ്പിച്ച് , സംഘടന പിളർത്തി വിഘടിച്ചു നില്ക്കുന്ന യുവതുർക്കികളുടെ കണ്ണു തുറപ്പിക്കുന്ന സംഭവമാണിത്. തന്റെ ശിഷ്യനെ അവന്റെ വാസസ്ഥലത്ത് പോയി സന്ദർശിക്കുക, അവന് സാന്ത്വനമേകുക, അവനെ ചേർത്ത് നിർത്തി വേണ്ട കാര്യങ്ങൾ ഹൃദയം തുറക്കുന്ന രീതിയിൽ പങ്കുവെക്കുക എന്നിവ നല്ല ഒരു മെന്ററുടെ യോഗ്യതകളായി ആധുനിക വിദ്യാഭ്യാസ ഗ്രന്ഥങ്ങൾ പറയുന്നുവെങ്കിൽ അത് പ്രവർത്തി പഥത്തിൽ കൊണ്ടുവന്ന ഒരു ഗുരുവിനേയും ശിഷ്യനേയുമാണ് നാമീ കുറിപ്പിൽ അനുസ്മരിച്ചത്. ഗുരുവിന്റെ ആ ചേർത്തു നിർത്തലും തലോടലും മാത്രമാണ് ഒരു പക്ഷേ യൂനുസുബ്നു അബ്ദിൽ അഅ്ലാ എന്ന ഈ ബുദ്ധിമാനായ ഈ ശിഷ്യനെ ആ വൈജ്ഞാനിക ധാരക്ക് നഷ്ടപ്പെടുത്താതിരുന്നത്.
അഭിപ്രായ വ്യത്യാസമുള്ളവരെയെല്ലാം പടിയടച്ചു പിണ്ഡം വെയ്ക്കുന്ന സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും ഗൗരവത്തിൽ തന്നെ പരിഗണിക്കേണ്ടതാണ് പരാമൃഷ്ട ഉപദേശം.

വാദങ്ങളെ വിമർശിക്കുന്നത് മനസ്സിലാക്കാം; അതോടെ വാദിയെ പൊതുവിടങ്ങളിൽ കൊന്നു കൊലവിളിക്കുന്ന ഇക്കാലത്തെ
ട്രോളർമാരോടു കൂടിയാണ് ഇമാം ശാഫിഈ (റഹ്) യുടെ ഈ വർത്തമാനം.ഈ ഗൃഹസന്ദർശനവും ഉപദേശവുമില്ലായിരുന്നുവെങ്കിൽ തനി റിബലായി മാറുമായിരുന്ന അതിബുദ്ധിമാനായ ശിഷ്യനെ എത്ര ഹൃദ്യമായാണ് തന്റെ ശിഷ്യവൃന്ദത്തിലേക്ക് ഇമാം ശാഫിഈ (റഹ്) ചേർത്ത് നിർത്തിയത്.

ഹദീസ് പഠനത്തിനും ഫിഖ്ഹ് ക്രോഡീകരണത്തിലും ശാഫിഈ ചിന്തധാരക്ക് ഒട്ടേറെ സംഭാവനകൾ നൽകിയ ശൈഖ് യൂനുസ് ബ്ൻ അബ്ദിൽ അഅ്ലാ ( AH170 – 264) എന്ന തലയെടുപ്പുള്ള ഒരു മഹാ പണ്ഡിതനെ യഥാർഥ ഗുരുവിന്റെ യാഥാർഥ്യത്തിലേക്കുള്ള ഇറങ്ങിവരൽ കൊണ്ടാണ് ശാഫിഈ ചിന്താധാരക്കും ഇസ്ലാമിനു തന്നെയും മുതൽ കൂട്ടായത്. ഈജിപ്തിൽ ശാഫിഈ മദ്ഹബിന്റെ അമ്പാസിഡറും ഹദീസ് പഠനത്തിന്റെ മുഖ്യ അവലംബവുമായാണ് ഇമാം യൂനുസ് ചരിത്രത്തിൽ അറിയപ്പെടുന്നത്.

റഫറൻസ് :
سير أعلام النبلاء للإمام الذهبي (10/ 53).
വിക്കിപ്പീഡിയ

Related Articles