Current Date

Search
Close this search box.
Search
Close this search box.

വെറുംവാക്കല്ല സേവനം

‘സേവനത്തിന് മുഴുസമയവും വിനിയോഗിക്കുന്ന വ്യക്തിയുടെ ജീവിതം
പ്രാർഥനയുടെ പൊട്ടാത്ത ഒരു വൃത്തമാണ്’-മഹാത്മാ ഗാന്ധി

ഒരു വെറുംവാക്കോ, പാഴ്‌വേലയോ അല്ല സേവനം. പകരം പ്രതീക്ഷിച്ചും പകരത്തിനുപകരം നൽകലുമല്ല അത്. അങ്ങനെയുള്ള കൃത്യങ്ങൾ സേവനത്തിന്റെ കോളത്തിൽ വരില്ല. ലാഭത്തിലധിഷ്ഠിതമായ ക്രയവിക്രയങ്ങൾ മാത്രമാണവ. പകരം ലഭിച്ചില്ലെങ്കിലും, സഹജരിലേക്ക് നിരന്തരം ഒഴുകുന്ന സഹാനുഭൂതിയുടെ അരുവിയാണ് സേവനം. അഥവാ, വിയർപ്പുകൊണ്ട് സഹോദരനുവേണ്ടി വിരചിതമാവുന്ന ലക്ഷണമൊത്ത കവിതയാണത്. പല അർഥങ്ങളിൽ സേവനം അനുഗ്രഹങ്ങളുടെ കേദാരമാണ്. സേവനത്തിലൂടെ ആത്മീയമായ നിർവൃതി സ്വാംശീകരിക്കാം; സാമൂഹികമായ ഉയർച്ച സാധ്യമാക്കാം; സർവോപരി ദൈവികമായ പ്രീതി സ്വായത്തമാക്കാം.

സുഖത്തിന്റെയെന്നപോലെ, ദുഖത്തിന്റെയും കഷ്ടപ്പാടിന്റെയും താഴ്‌വര കൂടിയാണ് ലോകം. വ്യത്യസ്ത സഹായങ്ങളും തലോടലുകളും തേടുന്ന നിരാലംബ ഹൃദയങ്ങൾ ഒത്തിരിയുണ്ട് ഇവിടെ. ചെവിയോർത്താൽ, അവരുടെ നിലച്ചുപോയ നിലവിളികൾ കേൾക്കാം; കണ്ണുയർത്തിയാൽ, അവരുടെ ചുളിവുവീണ രൂപങ്ങൾ കാണാം. നിത്യരോഗങ്ങളുടെ മരവിപ്പിലേക്ക് നിനക്കാതെ ഇറങ്ങിപ്പോയവരുണ്ട്; ഓർക്കാപ്പുറത്ത് വന്നുചേർന്ന അത്യാഹിതങ്ങളുടെ ഗർത്തങ്ങളിൽ തളക്കപ്പെട്ടവരുണ്ട്; സാമ്പത്തികമായ ഞെരുക്കത്താൽ ദാരിദ്ര്യത്തിന്റെ കയ്പുനീർ കുടിക്കുന്നവരുണ്ട്; മുഷിപ്പും മടുപ്പും വിട്ടുമാറാത്തതിനാൽ, പുറമ്പോക്കുകളിലേക്ക് വഴിമാറി നടന്നവരുണ്ട്……. അങ്ങനെ എത്രായിരം നിസ്സഹായരാണ് ജീവിതത്തിന്റെ പൊലിമ നഷ്ടപ്പെട്ട് നമുക്ക് ചുറ്റും ജീവിച്ചുകൊണ്ടിരിക്കുന്നത്.

വേദനകളുടെ ചുഴലിയിൽ അകപ്പെട്ടവർക്ക് സേവനത്തിന്റെ തൂവൽസ്പർശങ്ങൾ സാധ്യമാക്കണം. സേവനത്തോട് അവർ എങ്ങനെ പ്രതികരിക്കുന്നുവെന്നത് വിഷയമേ ആവരുത്. അവരിൽ ചിലർ സേവനത്തോട് നന്ദി പ്രകാശിപ്പിച്ചേക്കാം; മറ്റു ചിലർ അതിനോട് നന്ദികേട് കാണിച്ചേക്കാം; വേറെ ചിലർ നിസംഗത പ്രകടിപ്പിച്ചേക്കാം; അപൂർവം ചിലർ അഭിമാനത്താൽ നമ്രശിരസ്‌കരായേക്കാം. സേവനത്തോട് ആ മനുഷ്യർ എങ്ങനെയൊക്കെ പ്രതികരിച്ചാലും, സേവനത്തിന്റെ നീർച്ചാലുകൾ അവരിലേക്ക് എത്തികൊണ്ടേയിരിക്കണം. നിസഹായതയെന്ന ഒറ്റ കാരണത്താൽ മാത്രം ഏതുതരം സേവനത്തിനും അർഹരാണവർ. അപരനുവേണ്ടി യഹർന്നിശം പ്രയത്‌നം, കൃപണത വിട്ടു കൃപാലു ചെയ്തിടുന്നുവെന്ന് ആത്മോപദേശ ശതകത്തിൽ ശ്രീ നാരായണ ഗുരു പറഞ്ഞിട്ടുണ്ട്.

കഷ്ടപ്പാടുകളുടെ താഴ്‌വരകളിൽ നങ്കൂരം നഷ്ടപ്പെട്ട മനുഷ്യപുത്രർക്കുള്ള പ്രത്യാശയുടെ മഞ്ഞിൻ കണങ്ങളായിരുന്നു പ്രവാചകന്മാർ. അവരാണ് സേവനത്തിന്റെ മഹത്തായ മാതൃകകൾ. ഒട്ടകങ്ങൾക്കാവശ്യമായ വെള്ളം പുരുഷന്മാർ എടുത്തുത്തീരുന്നതുവരെ, ഒഴിഞ്ഞ ഇടത്തിലേക്ക് മാറിനിന്ന പെൺകുട്ടികൾക്ക്, സധൈര്യം മുന്നോട്ടുചെന്ന് തൊട്ടിയിൽ ആവശ്യമായ വെള്ളം ഒഴിച്ചുകൊടുത്ത മോസസിന്റെ ചിത്രം എത്ര സുന്ദരമാണ്. സമൂഹം എന്നും നിന്ദ്യതയോടെ കാണുന്ന ചുങ്കംപിരിവുകാരുടെയും വ്യഭിചാരികളുടെയും മുക്കുവന്മാരുടെയും വിമോചനത്തിന് നിയോഗിതനായ പ്രവാചകനായിരുന്നു യേശു. സേവിക്കപ്പെടാനല്ല, സേവിക്കാനാണ് യേശു നിയോഗിതനായത്. ഇന്നത്തെ കപട പുരോഹിതർക്കുള്ള താക്കീതാണ് യേശു. വിശുദ്ധവേദത്തിലെ കഥകളിൽ ഏറ്റവും സുന്ദരമായ കഥ പ്രവാചകൻ യൂസുഫിന്റെതാണ്. തുടർച്ചയായി ഏഴു വർഷം നീണ്ടുനിൽക്കുന്ന കൊടുംപട്ടിണിയുടെ നാളുകൾ മുൻകൂട്ടികണ്ട്, തന്റെ പൗരന്മാർക്ക് സുഭിക്ഷതയുടെ നിമിഷങ്ങൾ ഉറപ്പുവരുത്തിയ മഹദ്‌വ്യക്തിയാണ് യൂസുഫ്.

അനശ്വരലോകത്തേക്കുള്ള കരുതിവെപ്പാണ് ഇസ്‌ലാമിൽ സേവനം. സേവനത്തെ ദൈവാരാധാനക്ക് തുല്ല്യമായാണ് അത് കാണുന്നത്. വിശ്വാസം, ആരാധന, പ്രാർഥന പോലുള്ള ആത്മീയ സാധനകൾപോലെ പ്രധാനമാണ് സേവനവും. മനുഷ്യർ ദൈവത്തിന്റെ കുടുംബമാണ്. അവർക്ക് പ്രയോജനം ചെയ്തുകൊടുക്കുന്നവരെയാണ് ദൈവത്തിന് ഏറ്റവും പ്രിയം. അഥവാ മാനവസേവയിലൂടെയാണ് ഈശ്വരസേവ സാധ്യമാവുന്നത്. ദൈവപ്രീതി കാംക്ഷിച്ച് അഗതിക്കും അനാഥക്കും തടവുകാരനും അന്നപാനീയങ്ങൾ ഉറപ്പുവരുത്തുന്നവരാണ് വിശ്വാസികളെന്ന് വിശുദ്ധവേദം പ്രസ്താവിക്കുന്നുണ്ട്. ആവശ്യക്കാർക്ക് ഭക്ഷണം നൽകലാണ് ഉൽകൃഷ്ടമായ ഇസ്‌ലാമികസ്വഭാവമെന്ന് തിരുചര്യയും പ്രസ്താവിക്കുന്നുണ്ട്. വരിഞ്ഞുമുറുക്കിയ പാരതന്ത്ര്യത്തിന്റെ ചങ്ങളകളിൽനിന്ന് സ്വാതന്ത്ര്യത്തിന്റെ വിഹായസിലേക്ക് ജനങ്ങളെ ചിറകടിപ്പിക്കാൻ പ്രയത്‌നിച്ച ആത്മാവായിരുന്നു പ്രവാചകൻ മുഹമ്മദ്.

Related Articles