Current Date

Search
Close this search box.
Search
Close this search box.

സ്വത്വത്തിന്റെ വിശുദ്ധി

‘ഓരോ മനുഷ്യനും രണ്ട് സ്വത്വങ്ങളുണ്ട്.
വിവേചനശക്തിയാകുന്ന പ്രജ്ഞയെന്ന സ്വത്വമാണ് ഒന്ന്.
ചേതനാശക്തിയാകുന്ന ആത്മാവെന്ന സ്വത്വമാണ് മറ്റൊന്ന്’ -ഇബ്‌നുഅബ്ബാസ്

മനുഷ്യനെ മനുഷ്യനാക്കുന്ന പ്രതിഭാസമാണ് സ്വത്വം. സ്വത്വത്തിന് ഇസ്‌ലാം പ്രയോഗിച്ച ശബ്ദം നഫ്‌സെന്നാണ്. ബോധം, മനസ്സ് എന്നിങ്ങനെയും നഫ്‌സിന് അർഥം പറയാറുണ്ട്. ഏറ്റവും അമൂല്യമായതെന്നാണ് നഫ്‌സിന് അർഥം. സ്വത്വം മനുഷ്യന്റെ സ്വയംസത്തയാണ്. അത് ശരീരമല്ല, അവയവങ്ങളല്ല, ബാഹ്യരൂപവുമല്ല. മറിച്ച്, അവക്കപ്പുറമുള്ള അനിർവചനീയമായ മറ്റെന്തോ ഒന്നാണ്.

ഖൽബ്, സ്വദ്ർ, ഫുആദ് തുടങ്ങിയ പദങ്ങൾ നഫ്‌സിന്റെ പര്യായങ്ങളാണ്. സ്വത്വത്തിന്റെ മൂന്ന് പ്രകൃതങ്ങളെയാണ് അവ അടയാളപ്പെടുത്തുന്നത്. സ്വയം മാറിമറിയുന്നതും ജീവിതത്തിന്റെ ഗതിയെ നിർണയിക്കുന്നതുമായ സ്വത്വത്തിന്റെ സ്വഭാവത്തെ അടയാളപ്പെടുത്താനാണ് ഖൽബെന്ന പദം പ്രയോഗിച്ചത്. ചിന്ത, സ്വഭാവം, പെരുമാറ്റം തുടങ്ങി എല്ലാറ്റിന്റെയും ഉറവിടത്തെ കുറിക്കാനാണ് സ്വദ്‌റെന്ന പദം പ്രയോഗിച്ചത്. വികാരവിചാരങ്ങൾ തീക്ഷണമാവുന്ന ഇടമെന്ന അർഥത്തിലാണ് ഫുആദെന്ന പദം പ്രയോഗിച്ചത്.

സ്വത്വത്തിന്റെ രണ്ട് തലങ്ങളാണ് ആത്മാവും പ്രജ്ഞയും. ജീവിതത്തിന് സൗന്ദര്യവും അനുഭൂതിയും ലഭിക്കുന്നത് അവയെ സംതുലിതഭാവത്തോടെ ക്രമീകരിക്കുമ്പോഴാണ്. എന്റെ ആത്മാവിനെ മനുഷ്യനിൽ സന്നിവിശേഷിപ്പിച്ചിരിക്കുന്നുവെന്ന് ദൈവം വെളിപ്പെടുത്തുന്നുണ്ട്. അധ്യാത്മികമായി ആലോചിക്കാൻ മനുഷ്യനെ പ്രാപ്തനാക്കുന്നത് ആത്മാവാണ്. പ്രജ്ഞയാണ് യുക്തിയുക്തം കാര്യങ്ങളെ നോക്കികാണാൻ സഹായിക്കുന്നത്. ആത്മാവും പ്രജ്ഞയും മനുഷ്യന്റെ സാധ്യതകളെയാണ് അടയാളപ്പെടുത്തുന്നത്. അനശ്വരതയുടെ ചക്രവാളങ്ങളിലേക്ക് മനുഷ്യനെ നയിക്കുന്നത് ആത്മാവാണെങ്കിൽ, വിവേചനബോധത്തോടെ ധർമത്തിന്റെപാത തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത് പ്രജ്ഞയാണ്.

ഇപ്രകാരമൊന്നുമല്ല മനുഷ്യനെങ്കിൽ, അവൻ ചില ഭൗതികപദാർങ്ങളായി പരിണമിച്ചേനേ. ഭൗതികശാസ്ത്രത്തിന്റെ നോട്ടപ്പാടിൽ ഏഴു കഷ്ണം സോപ്പിനുള്ള എണ്ണ, ഏഴു പെൻസിലിനുള്ള കാർബൺ, നൂറ്റിരുപത് തീപ്പെട്ടിക്കോലിനുള്ള ഫോസ്ഫറസ്, ഒരു കവിൾ വിരേചനൗഷധത്തിനുള്ള മെഗ്നീഷ്യം സാൾട്ട്, ഒരിടത്തരം ആണിക്കുള്ള ഇരുമ്പ്, ഒരു കോഴിക്കൂട് വെള്ള പൂശാനുള്ള ചുണ്ണാമ്പ്, ഒരു നായയുടെ തോൽ വൃത്തിയാക്കാനുള്ള ഗന്ധകം, പത്ത് ഗ്യാലൻ ജലം എന്നിവയാണ് മനുഷ്യൻ. ഇവ ശരിയായ അനുപാതത്തിൽ കൂട്ടിക്കുഴച്ചാൽ മനുഷ്യരൂപമായി. കൂടാതെ, മുട്ടിയാൽ മുഴക്കവും ഗന്ധവുമുള്ള കറുത്ത കളിമണ്ണമണ്ണിൽ നിന്നാണ് മനുഷ്യന്റെ ഉത്ഭവം. മണ്ണ് അഴുകിയിഴുകി മിശ്രിതമാവുമ്പോഴാണ് കളിമണ്ണ് രൂപപ്പെടുന്നത്. കളിമണ്ണിൽനിന്നുതന്നെയാണ് കീടങ്ങളും പുഴുക്കളും മറ്റും സൃഷ്ടിക്കപ്പെടുന്നത്.

സ്വത്വത്തെ സംസ്‌കരിച്ച് പൂർണതയിലേക്ക് ചിറകടിക്കണമെന്നാണ് മുഴുവൻ മതങ്ങളും മനുഷ്യനോട് ആവശ്യപ്പെടുന്നത്. ചില ഉദ്ധരണികളിതാ: ‘സ്വത്വത്തെ കീഴടക്കിയവൻ ശാന്തിയെ പ്രാപിക്കുന്നു'(ഗീത, ഹിന്ദുമതം). ‘സ്വത്വത്തിന്റെ പദ്ധതികൾ മനുഷ്യന്റേതാണ്. നാവിന്റെ പ്രത്യുത്തരമോ കർത്താവിൽ നിന്നുള്ളതും'(തോറ, ജൂതമതം). ‘ധർമിഷ്ഠരുടെ സ്വത്വം നിത്യജീവിതം തേടുന്നു. അധർമികളുടേതോ നിത്യനരകത്തെയും'(യാസ്‌ന, സൗരാഷ്ട്രമതം). ‘സ്വത്വത്തെ ഉപയോഗിച്ചുകൊള്ളൂ. എന്നാൽ, പ്രകാശത്തോട് ചേർന്ന് വർത്തിക്കൂ. അപ്പോഴതിന്റെ വെളിച്ചം നിന്റെ ജീവിതത്തെ മൊത്തം പ്രകാശഭരിതമാക്കും'(ലാവോസെ, താവോമതം).’സ്വത്വത്തിൽ നന്മയുണ്ടെങ്കിൽ സ്വഭാവത്തിന് വശ്യതയുണ്ടാകും'(കങ്ഫ്യൂചിസ്, കൺഫ്യൂഷസ്മതം). ‘സ്വത്വവിശുദ്ധിയുള്ളവർ സൗഭാഗ്യവാന്മാർ. അവർ ദൈവത്തെ കാണും'(ഗോസ്പൽ, ക്രിസ്തുമതം).

സ്വത്വത്തെ പൂർണമായും ശുദ്ധീകരിക്കണമെന്നാണ് ഇസ്‌ലാമും ആവശ്യപ്പെടുന്നത്. സ്വത്വത്തെ വിമലീകരിച്ചാൽ വിജയം സുനിശ്ചിതം. മലിനമാക്കിയാലോ പരാജയം തീർച്ച. വിശുദ്ധവേദം പറയുന്നു: ”സ്വത്വവും അതിനെ ക്രമപ്പെടുത്തിയതും സാക്ഷി. അങ്ങനെ ദൈവം അതിന് ധർമാധർമബോധം നൽകി. നിശ്ചയം, അതിനെ സംസ്‌കരിച്ചവൻ വിജയിച്ചു. മലിനമാക്കിയവൻ പരാജയപ്പെട്ടു”(അശ്ശംസ്: 710). തിരുചര്യ അരുളുന്നു: ”അറിയുക: നിശ്ചയം, ശരീരത്തിൽ ഒരു സത്തയുണ്ട്. ആ സത്ത നന്നായാൽ ജീവിതം മുഴുവൻ നന്നാവും. അത് ചീത്തയായാലോ ജീവിതം മുഴുവനും ചീത്തയാവും. അറിയുക: അതത്രെ സ്വത്വം”(ബുഖാരി, മുസ്‌ലിം).

Related Articles