Current Date

Search
Close this search box.
Search
Close this search box.

നമസ്കാരത്തിലേക്ക് വിജയത്തിലേക്ക്

അല്ലാഹുവിന് ഇബാദത്ത് ചെയ്യാൻ വേണ്ടിയാണ് മനുഷ്യനെ അവൻ സൃഷ്ടിച്ചിട്ടുള്ളത്. ജീവിതത്തെ മുഴുവൻ അല്ലാഹുവിനുള്ള ഇബാദത്താക്കിത്തീർക്കുക എന്ന ഉൽകൃഷ്ടമായ ദൗത്യം നിർവഹിക്കുന്നതിന് അത്യാവശ്യമായ കാര്യങ്ങളെല്ലാം നമ്മിൽ ഉൽഭൂതമാക്കുന്ന കാര്യമാണ് നമസ്കാരം. അതിനാൽ, ഇസ്‌ലാം കാര്യങ്ങളിൽ പ്രഥമവും പ്രധാനവും നമസ്കാരമാണ്.

ദിനംപ്രതി അഞ്ചു നേരം മനസാ – വാചാ – കർമണാ വിശ്വാസം ആവർത്തിക്കുകയാണതിലൂടെ. ദൈവസ്മരണയാൽ നിർഭരമായ ജീവിതമാണ് നമസ്കാരത്തിൻറെ പൊരുൾ. ആത്മശുദ്ധിയും ജീവിത വിശുദ്ധിയും ആത്മീയ വളർച്ചയും സ്വഭാവകർമങ്ങളുടെ സംസ്കരണവും സജീവമായി നിലനിർത്തിത്തരുന്നു നമസ്കാരം. ”അന്ത്യ നാളിൽ ദൈവദാസൻ ആദ്യമായി വിചാരണ ചെയ്യപ്പെടുന്നത് നമസ്കാരത്തെ കുറിച്ചായിരിക്കും. അതു ശരിയായാൽ മറ്റെല്ലാ കർമങ്ങളും ശരിയായി. അതു മോശമായാൽ മറ്റെല്ലാ കർമങ്ങളും മോശമായി.”

കൽപനകൾ ഉത്തരവാദിത്തബോധത്തോടെ നിർവഹി ക്കുന്നതിൻറെ ഗൗരവം നബി പഠിപ്പിക്കുന്നു: ‘ബാങ്കു കേട്ടിട്ടും വീടുകളിൽനിന്നു നമസ്കാരത്തിനായി പുറപ്പെടാത്തവരുടെ വീടുകൾ അവരോടൊപ്പം അഗ്നിക്കിരയാക്കണമെന്നു ഞാൻ കരുതുന്നു’. ഇസ്‌ലാമും കുഫ്റും തമ്മിൽ വേർതിരിച്ചറിയാനുള്ള ഒരു കർമമാണ് നമസ്കാരം എന്ന് നബി(സ) തീർച്ചപ്പെടുത്തി. നമസ്കരിക്കാത്ത വ്യക്തിയെ സംബന്ധിച്ച് മുസ്‌ലിമെന്ന് കരുതുവാൻ ഇസ്‌ലാമിൽ യാതൊരു പഴുതുമില്ല. നമസ്കാരം ഭാരമായിത്തീരുന്നവർ അല്ലാ ഹുവിനെ അനുസരിക്കുവാനും അവൻറെ അടിമകളായി വർത്തിക്കാനും സന്നദ്ധരാവില്ല.

എല്ലാ പ്രവാചക സമൂഹങ്ങളും കൽപിക്കപ്പെട്ടതായിരുന്നു നമസ്കാരം. ദീനിൽ പ്രഥമമായി നിർബന്ധമാക്കിയ കർമമാണത്. ഏറ്റവും ശ്രേഷ്ഠമായ കർമവും വിശ്വാസി സമൂഹത്തിൽ അവസാനം വരെ ബാക്കിയാവുന്ന കർമവും നമസ്കാരമായിരിക്കും. ഇഹപര ജീവിതത്തിൻറെ വിജയോപാധിയാകയാൽ നമസ്കാരം ഒരു കാരണവശാലും ഉപേക്ഷിക്കാതെ നിഷ്ഠയോടെ പാലിക്കണമെന്നും സൂക്ഷിച്ച് പാലിക്കാത്തവർ പരലോകത്തിൽ അല്ലാഹുവിൻറെ കൊടിയ ശത്രുക്കളുടെ കൂട്ടത്തിലായിരിക്കും എത്തപ്പെടുകയെന്നും നബി തിരുമേനി താക്കീത് ചെയ്തു. നിർബന്ധ നമസ്കാരം നിർവഹിക്കാൻ കൂട്ടാക്കാതെ അലസത കാണിച്ചവരുടെ തലകൾ മലക്കുകൾ വലിയ പാറക്കല്ലുകൾ കൊണ്ട് എറിഞ്ഞു ടച്ചുകൊണ്ടേയിരിക്കുന്നതായി മിഅറാജ് വേളയിൽ നബി(സ) കാണുകയുണ്ടായി.

നമസ്കാരത്തിൻറെ വിഷയത്തിൽ നമുക്ക് സംഭവിക്കാവുന്ന ജാഗ്രതക്കുറവ് പ്രവാചകനെ കുറച്ചൊന്നുമല്ല അസ്വസ്ഥപ്പെടുത്തിയത്. അനസ്(റ) പറയുന്നു: മരണ സമയത്ത് പ്രവാചകൻറെ സമീപത്ത് ഞങ്ങളുണ്ടായിരുന്നു. അവിടുന്ന് ഞങ്ങളോട് പറഞ്ഞു: ‘നമസ്കാരത്തിൻറെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക! ‘നമസ്കാരത്തിൻറെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക! ഇപ്രകാരം മൂന്നു പ്രാവശ്യം ആവർത്തിച്ചു പറഞ്ഞു. ശേഷം തുടർന്നു. ‘നിങ്ങളുടെ കീഴിലുള്ള ഭൃത്യ ജനങ്ങളുടെയും ദുർബലരായ രണ്ടു വിഭാഗങ്ങളുടെയും – വിധവകളുടെയും അനാഥക്കുട്ടികളുടെയും – കാര്യത്തിലും നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. നമസ്കാരത്തിൻറെ കാര്യത്തിൽ പ്രത്യേകം അല്ലാഹുവിനെ സൂക്ഷിക്കുക. അനസ്(റ) പറയുന്നു: “പ്രവാചകൻ(സ) ‘നമസ്കാരം’ ‘നമസ്കാരം’ എന്ന് ആവർത്തിച്ചുകൊണ്ടേയിരുന്നു., മരണം തൊണ്ടക്കുഴിയിലെത്തുകയും ഒടുവിൽ ജീവൻ വെടിയുകയും ചെയ്യുന്നതുവരെ! ”

നമസ്കാരം അടിമ അല്ലാഹുവുമായി നടത്തുന്ന സ്വകാര്യ സംഭാഷണമാണ്. കൃത്യമായ നിഷ്ഠയോടും പൂർണതയോടും കൂടി വേണം അത് നിർവഹിക്കാൻ. അശ്രദ്ധമായ ശരീരചേഷ്ടകളോടും അലസമനസ്സോടും കൂടിയുള്ള നമസ്കാരം അത് നിർവഹിക്കുന്ന വ്യക്തികൾക്കു തന്നെ ദോഷമാണ് വരുത്തിവെക്കുക. അല്ലാഹുവിൻറെ അനുഗ്രഹത്തിനു പകരം അവൻറെ കോപവും അപ്രീതിയുമായിരിക്കും അപ്പോൾ നമസ്കാരക്കാരന് ലഭിക്കുക.

നമസ്കാരം ഭക്തിനിർഭരവും പൂർണാർഥത്തിൽ പ്രതിഫലാർഹവുമായിത്തീരാൻ പ്രവാചകൻ (സ) നൽകിയ ഒരു ഉപദേശം ഇങ്ങനെയാണ്: ” നിങ്ങളിൽ ഒരാൾ നമസ്കാരത്തിനായി നിന്നാൽ ഐഹിക ലോകത്തു നിന്നും പിരിഞ്ഞു പോവുന്നവനെപ്പോലെ നമസ്കരിക്കുക; ഇതിനു ശേഷം ഇനിയൊരിക്കലും തനിക്ക് നമസ്കരിക്കാൻ അവസരം ലഭിക്കുകയില്ലെന്ന് അവൻ ഉറച്ചു വിശ്വസിക്കുകയും ചെയ്യുക.”

നമസ്കാരം സംഘടിതമായി നിർവഹിക്കണമെന്ന് കൽപിക്കപ്പെട്ടതിനർഥം വിശ്വാസിയുടെ ജീവിതം മുഴുവൻ സംഘടിത സ്വഭാവത്തിലുള്ളതാവണം എന്നാണ്. അഥവാ, നമസ്ക്കാരം സംഘടിതമായി നിർവഹിക്കാൻ കൂട്ടാക്കാത്തവൻ, ദീൻ അംഗീകരിച്ച ശേഷം അതിനുള്ളിലേക്ക് കടന്നുവരാൻ മടി കാണിക്കുന്നവനെപ്പോലെയാണ്. നബിയുടെയും സ്വഹാബത്തിൻറെയും കാലത്ത് ജമാഅത്ത് നമസ്കാരങ്ങളിൽ പങ്കെടുക്കാത്തവരെ മുസ്‌ലിംകളാണെന്ന് കരുതിയിരുന്നില്ല. തങ്ങൾ മുസ്‌ലിംകളാണെന്ന് മറ്റുള്ളവരെ ധരിപ്പിക്കാൻ വിചാരിച്ച കപടന്മാർ പോലും ജമാഅത്തിന് പള്ളിയിലെത്തിയിരുന്നു. നബി(സ) പറഞ്ഞു: “ജോലിത്തിരക്കുകളൊന്നുമില്ലാതെ ആരോഗ്യവാനായി കഴിയുന്ന ഒരാൾ ബാങ്ക്‌വിളി കേട്ടിട്ട് അതിന് ഉത്തരം നൽകുന്നില്ലെങ്കിൽ പിന്നീടവന് നമസ്കാരമുണ്ടായിരിക്കുകയില്ല.” ‘ഇശാ നമസ്കാരം സംഘടിതമായി നമസ്കരിച്ചവൻ രാത്രി പകുതിനേരം നിന്നു നമസ്കരിച്ചവനെപോലെയാണ്. സുബ്ഹി ജമാഅ ത്തായി നമസ്കരിച്ചവനാവട്ടെ രാത്രി മുഴുവൻ നിന്ന് നമസ്കരിച്ചവനെപോലെയും’എന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്.

ആദ്യ സ്വഫ്ഫിൻറെ പ്രാധാന്യവും വിസ്മരിക്കരുത്. ജനങ്ങൾ അത് തിരിച്ചറിഞ്ഞിരുന്നെങ്കിൽ അതിനുവേണ്ടി നറുക്കെടുപ്പ് നടത്തേണ്ടിവരുമായിരുന്നു എന്നും, ആദ്യ സ്വഫ്ഫ് അല്ലാഹുവിൻറെ ചാരത്തുള്ള മലക്കുകളുടെ സ്ഥാനമാണെന്നും റസൂലുല്ലാഹ് ഓർമപ്പെടുത്തി. ഫർദു നമസ്കാരത്തിലെ കോട്ടങ്ങളും കുറവുകളും പരിഹരിക്കുവാനും മറ്റു ആരാധനകൾക്കില്ലാത്ത സവിശേഷപുണ്യം നമസ്കാരത്തിനുള്ളതുകൊണ്ടുമാണ് സുന്നത്ത് നമസ്കാരം ശരീഅത്തിൽ നിശ്ചയിച്ചിരിക്കുന്നത്. വലിയ പ്രതിഫലവും മഹത്വവുമാണ് സുന്നത്ത് നമസ്കാരങ്ങൾക്കുള്ളത്.

Related Articles