Current Date

Search
Close this search box.
Search
Close this search box.

ആ ബഹളങ്ങൾ നമുക്കുള്ളതല്ല

കയ്യിലേക്ക്‌ ഒരു പേനയും പേപ്പറും തരുന്നു. പേന കൊണ്ട്‌ പേപ്പറിൽ നിറയേ കുത്തുകളിടണം.‌ ചെറിയ നിബന്ധനയുണ്ട്‌‌; യാതൊരു ക്രമവും ചിട്ടയുമില്ലാതെ കുത്തുകളിടണം. ഒരു കുത്ത്‌ മറ്റൊരു കുത്തിനോട്‌ ഒട്ടും ക്രമത്തിലാവാൻ പാടില്ല. എളുപ്പമാണെന്ന് തോന്നുന്നില്ലേ? എന്നാൽ സംഗതി എളുപ്പമല്ല. ഏതെങ്കിലുമൊരു ക്രമത്തിലല്ലാതെ നമ്മുടെ പേന ചലിക്കില്ല; ജീവിതം പൊലെത്തന്നെ. ഏതൊരു ക്രമത്തിലാണ്‌ ആയുസ്സുമായി പാഞ്ഞുപോകേണ്ടതെന്ന ചിന്ത പഠിപ്പിക്കാൻ ജപ്പാനിലെ ഒരു പണ്ഡിതൻ ചെയ്യാറുള്ള കാര്യമാണിത്‌.

മുന്തിരി എത്ര നല്ലതാണെങ്കിലും ഒന്നോ രണ്ടോ ദിവസങ്ങൾ വെച്ചാൽ കേടായിപ്പോകില്ലേ. പക്ഷേ, മുന്തിരിയിൽനിന്ന് പിഴിഞ്ഞുണ്ടാക്കുന്ന വീഞ്ഞിന്റെ കാര്യം അങ്ങനെയല്ലെന്ന് പറഞ്ഞുതന്നൊരു ഗുരുനാഥനുണ്ട്‌, ആയുസ്സിന്റെ അർത്ഥം പഠിപ്പിക്കാൻ.

നിമിഷങ്ങളായും ദിവസങ്ങളായും കടന്നുപോകുന്ന ആയുസ്സിനെ വെറുതേ വെച്ചാൽ എന്താണ്‌ സംഭവിക്കുക? ഒന്നും സംഭവിക്കില്ല, വാർധക്യമെത്തും. മനസ്‌ ആഗ്രഹിക്കുന്നതൊന്നും ശരീരത്തിന്‌ ചെയ്യാനാവാതെ സങ്കടപ്പെടുന്ന വാർധക്യം. ശരീരം ഊർജ്ജസ്വലമായി നിൽക്കുന്ന നേരങ്ങളിൽ പിഴിഞ്ഞെടുത്ത്‌ വീഞ്ഞുണ്ടാക്കണം. പഴകുംതോറും വീര്യം കൂടിവരുന്ന ഓർമ്മകളും കർമ്മങ്ങളും കൊണ്ട്‌ ആയുസിന്റെ അവസാനത്തെ നിമിഷവും അപ്പോൾ ആഹ്ലാദമാകും.

കഴുകൻ ആകാശത്തിലൂടെ ചുറ്റിക്കറങ്ങുമ്പോളാണ്‌ ആ കാഴ്ച കണ്ടത്‌. താഴെ ഒരു വെള്ളച്ചാട്ടത്തിൽ നല്ല പരൽമീനുകൾ! പതുക്കെ താഴേക്ക്‌ കുതിച്ചു. ആർത്തിയോടെ പരൽമീനുകളെ കൊത്തിയെടുക്കാൻ ഒരുങ്ങുമ്പോളാണ്‌ മറ്റൊന്ന്‌ സംഭവിച്ചത്‌; ഇരമ്പിവന്ന വെള്ളച്ചാട്ടത്തിൽപ്പെട്ട‌ കഴുകൻ ചിതറിത്തെറിച്ച്‌ ഛിന്നഭിന്നമായി. ആകാശത്തിലൂടെ പറക്കേണ്ടയാൾക്ക്‌ ഇത്തിരിപ്പോന്ന പരൽമീനിൽ കൊതിമൂത്താലുള്ള സ്ഥിതിയാണത്‌. നമ്മുടെ കാര്യം നോക്കൂ, പ്രത്യേകിച്ചൊരു പ്രകാശവും തരാത്ത എന്തെല്ലാം കാര്യങ്ങളിലേക്കാണ്‌ മനസിനേയും കൊണ്ട്‌ പാഞ്ഞുപോകുന്നതല്ലേ. ആളിക്കത്തുന്ന ചൂള പോലെയാണ്‌ മനസ്‌. എന്തുകൊണ്ടിട്ടാലും കത്തിപ്പടരും. എന്താണ്‌ കൊണ്ടിടേണ്ടത്‌ എന്നത്‌ നമ്മുടെ തീരുമാനമാണ്‌. എല്ലാ വാർത്തകളും നമുക്കാവശ്യമുള്ളതാണോ, എല്ലാ വീഡിയോസും കാണേണ്ടതുണ്ടോ, എല്ലാ പോസ്റ്റുകളും വായിക്കേണ്ടതുണ്ടോ, അതിനടിയിലെ ചർച്ചകളിലേക്കും ചർച്ചകൾക്കുള്ളിലെ ബഹളങ്ങളിലേക്കും പോയിനോക്കേണ്ടതുണ്ടോ?

കയ്യിലെ ഒറ്റനാണയം പോലെയാണീ ആയുസ്‌. നാണയം നമ്മുടേതാണ്‌. എങ്ങനെ വേണമെങ്കിലും ചെലവഴിക്കാനുള്ള അധികാരമോ അവകാശമോ ഒക്കെയുണ്ട്‌‌. പക്ഷേ, ഒരു കുഞ്ഞുപ്രശ്നമുണ്ട്‌. എന്താന്നറിയോ, ഒരേയൊരു പ്രാവശ്യമേ ചെലവഴിക്കാൻ കഴിയൂ. പിന്നൊരിക്കലും കയ്യിലേക്ക്‌ തിരിച്ചുവരാത്ത പൊൻനാണയമാണ്‌. ഗുണമുള്ളതിന്‌ ചെലവഴിക്കുമോ എന്നറിയാനാണ് ഈ പൊൻനാണയം ‌തന്നതെന്ന്, ആയുസിന്റേയും നിമിഷങ്ങളുടേയും ഉടയോൻ താക്കീത്‌ ചെയ്തിട്ടുണ്ട്‌. പ്രയോജനമില്ലാത്ത കാഴ്ചകളും വെളിച്ചം തരാത്ത ചർച്ചകളും എത്ര വേണമെങ്കിലുമുണ്ട്‌. പക്ഷേ, കയ്യിലെ ആ ഒറ്റനാണയത്തെക്കുറിച്ച്‌ പിന്നെയും പിന്നെയും ചിന്തിക്കണം.

കേട്ടപ്പോൾ മനസ്‌ പിടഞ്ഞൊരു വാക്കുണ്ട്‌; ജനിച്ചുകിടന്ന ദിവസവും മരിച്ചുകിടക്കുന്ന ദിവസവും എല്ലാരും നിങ്ങളേക്കുറിച്ച്‌‌ നല്ലതേ പറയൂ. പക്ഷേ, ആ രണ്ടു ദിവസങ്ങളുടെയും ഇടയിലുള്ള കുറേ ദിവസങ്ങളുണ്ടല്ലോ, ആ ദിവസങ്ങളിൽ നിങ്ങളെക്കുറിച്ച്‌ എന്തുപറയണമെന്നും നിങ്ങളെങ്ങനെ ഓർമിക്കപ്പെടണമെന്നും നിങ്ങൾ തീരുമാനിക്കണം. അത്‌ നിങ്ങളുടെ മാത്രം ചോയ്സാണ്‌.

Related Articles