Current Date

Search
Close this search box.
Search
Close this search box.

നന്മകളിൽ തീർക്കാം പുതുവർഷ ജീവിതം

മനുഷ്യന്റെ ഘടികാരമനുസരിച്ച് കാലം ഒരു വർഷംകൂടി പിന്നിട്ടിരിക്കുന്നു. അനന്തതയിലേക്കുള്ള സഞ്ചാരത്തിലാണ് കാലം. ആർക്കും അതിനെ തടയാനാവില്ല. ഭൗതികമായി കാലത്തിന് തുടക്കമുള്ളതുപോലെ അതിന് ഒടുക്കവുമുണ്ട്. തുടക്കത്തിന്റെയും ഒടുക്കത്തിന്റെയും യാഥാർഥ്യം ദൈവത്തിന് മാത്രമേ അറിയുള്ളൂ. എന്നാൽ, കാലത്തിന്റെ തുടക്കത്തിനുമുമ്പും സമയമുണ്ടായിരുന്നു. അതിന്റെ ഒടുക്കത്തിനുശേഷവും സമയം ഉണ്ടായിരിക്കും. അതിന്റെ സ്വഭാവം മനുഷ്യന് അജ്ഞാതമാണ്. ദൈവത്തിന്റെ ഖജനാവിൽ അനന്തമാണ് സമയം. മനുഷ്യൻ കാലത്തെ വിഭജിക്കാറുണ്ട്; ഭൂതം, വർത്തമാനം, ഭാവി എന്നിങ്ങനെ. കഴിഞ്ഞുപോയതാണ് ഭൂതം. ഭവിക്കാനുള്ളതാണ് ഭാവി. നിലനിൽക്കുന്ന കാലമാണ് വർത്തമാനം. സൂക്ഷമാർഥത്തിൽ വർത്തമാനം എന്നൊന്നില്ല. കാരണം, നിമിഷങ്ങൾ നിശ്ചലമായി നിൽക്കാതെ മനുഷ്യനെ കടന്നുമുറിച്ച് ഭൂതത്തിന്റെ ഭാഗമാവുകയാണ്. ഭാവി ഭൂതത്തിന് ദ്രുധഗതിയിൽ വഴിമാറുന്നുവെന്നർഥം.

കാലത്തിൽ ഒത്തിരി പ്രതിഭാസങ്ങളുണ്ട്. അവയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു മനുഷ്യൻ. ഇതര അസ്തിത്വങ്ങളേക്കാൾ സവിശേഷമായ മൂല്യമുണ്ട് മനുഷ്യന്. ആത്മാവുള്ളതിനാലാണ് മനുഷ്യൻ വ്യതിരിക്തനാവുന്നത്. അതിനാൽതന്നെ, അവൻ ദൈവത്താൽ ആദരണീയനാണ്. ദൈവം മനുഷ്യനെ ആദരിച്ച കാര്യം വിശുദ്ധവേദം പ്രദിപാദിക്കുന്നുണ്ട്. മനുഷ്യൻ നല്ല സൃഷ്ടി തന്നെയെന്ന് ഉപനിഷത്ത് ഉദ്‌ഘോഷിക്കുന്നു. എല്ലാ സൃഷ്ടികളുടെയും കിരീടമാണ് മനുഷ്യനെന്ന് പാശ്ചാത്യ ചിന്തയിലുണ്ട്.

കാലത്തെയും മനുഷ്യനെയും വിചിന്തനത്തിന് വിധേയമാക്കുമ്പോൾ, സ്വാഭാവികമായും കയറിവരുന്ന വിഷയമാണ് നന്മ-തിന്മകൾ. എന്താണ് നന്മ?, എന്താണ് തിന്മ?, നന്മയുടെ ഉറവിടം എവിടെയാണ്?…….എന്നിങ്ങനെ ഒട്ടനവധി ദാർശനിക കാര്യങ്ങൾ കയറിവരും. ഇസ്‌ലാമിന്റെ നോട്ടപ്പാടിൽ നന്മയുടെ ഉറവിടം ദൈവമാണ്. മുഴുവൻ നന്മകളും ദൈവത്തിലാണെന്ന് പ്രവാചകൻ മുഹമ്മദ് പ്രാർഥിക്കുമ്പോൾ, ഉരുവിടാറുണ്ടായിരുന്നു. നന്മകൾ പഠിപ്പിക്കുന്നതിനാണ് ദൈവം വിശുദ്ധവേദവും തിരുചര്യയും അയച്ചത്. മുഴുവൻ നന്മകളും അവയിൽ നിക്ഷിപ്തമാണ്. അതോടൊപ്പം, നന്മ-തിന്മകളെ സംബന്ധിച്ച ബോധം ഓരോ മനുഷ്യന്റെയും ഉള്ളകത്തിൽ ദൈവം നിക്ഷേപിച്ചിട്ടുണ്ട്. നന്മയോടും തിന്മയോടും മനുഷ്യൻ സ്വീകരിക്കുന്ന സമീപനമാണ് അവന്റെ ഭാഗധേയം നിർണയിക്കുന്നത്. നന്മയിലധിഷ്ഠിതമായി ജീവിതം ക്രമപ്പെടുത്തിയാൽ വിജയിക്കാം. തിന്മയിലധിഷ്ഠിതമായി ജീവിതം നയിച്ചാൽ പരാജയപ്പെടാം. പാരത്രിക ജീവിതത്തിൽ ദൈവം മുഴുവൻ മനുഷ്യരുടെയും നന്മകളെയും തിന്മകളെയും അളന്നുനോക്കും. നന്മയുടെ ത്രാസിന് കനമുണ്ടായാൽ, സ്വർഗത്തിൽ പ്രവേശിക്കാം. തിന്മയുടെ ത്രാസിന് കനമുണ്ടായാലോ, നരകത്തിൽ പ്രവേശിക്കുകയും ചെയ്യാം.

കാലത്തിലെ വിസ്മയമായ മനുഷ്യന് വിജയിക്കണമെങ്കിൽ, നന്മ അനുഷ്ഠിക്കുകയേ നിർവാഹമുള്ളൂ. തിന്മ വിട്ടൊഴിഞ്ഞ് നന്മ ചെയ്യുകയെന്ന് സങ്കീർത്തനം കൽപ്പിക്കുന്നു. കാലം മൊത്തത്തിൽ വിശാലവും വിപുലവുമാണെങ്കിലും, മനുഷ്യനോട് അതിനെ തട്ടിക്കുമ്പോൾ, അവനത് ഹ്രസ്വമാണ്. ഇഹലോക ജീവിതം മൊത്തം പരിമിതമാണ്; അതിൽനിന്ന് ഇനി അവശേഷിക്കുന്നതാകട്ടെ അതിനേക്കാൾ പരിമിതവും; അവശേഷിക്കുന്നതിൽ മനുഷ്യനുള്ളതാകട്ടെ അതിനേക്കാളും പരിമിതവുമാണെന്ന് ഇബ്‌നു സമ്മാഖ് എന്ന ജ്ഞാനി ഓർമിപ്പിക്കുന്നുണ്ട്. ഈ ദിനം ആവർത്തിച്ച് വരില്ലെന്നും ഓരോ നിമിഷവും അമൂല്യ രത്‌നമാണെന്നും തകുവാനെന്ന ചൈനീസ് ഗുരു പഠിപ്പിക്കുന്നുണ്ട്. കഴിഞ്ഞുപോയ ആയിരം വർഷങ്ങൾ 3,60,000 ദിവസങ്ങൾ ഉൾക്കൊള്ളുന്നുണ്ടെങ്കിലും, വർത്തമാന മനുഷ്യനിൽ ചരിത്രത്തിന്റെ മൂല്യം മാത്രമേ അവക്കുള്ളൂ.

നന്മയോടൊപ്പമാവട്ടെ മനുഷ്യന്റെ ഇനിയുള്ള ഓരോ നിമിഷവും. ഇന്നല്ലെങ്കിൽ, നാളെ മരണം ഉറപ്പാണ്. മനുഷ്യൻ പൊടിയാണെന്നും അവൻ അതിലേക്ക് മടങ്ങുമെന്നും പഴയനിയമത്തിൽ കാണാം. മരണത്തിനുമുമ്പ് നന്മ ജീവിതത്തിൽ അനുശീലിക്കാൻ നല്ല ജാഗ്രതയുണ്ടാവണം. കാലം കഴിഞ്ഞാൽ അതിനെ വീണ്ടെടുക്കാനാവില്ല. കാലത്തെ ബന്ധിക്കാനോ, കാറ്റിന്റെ ഗതിയെ തിരിച്ചുവിടാനോ ആർക്കും സാധ്യമല്ല. ഇന്ന് ഇന്നലെയേക്കാൾ യാഥാർഥ്യമാണ്. ഇന്നിനെ മുൻനിർത്തിയാവണം നാളെയെ സംബന്ധിച്ച് ആലോചിക്കേണ്ടത്. ഇന്നലെ കഴിഞ്ഞുപോയെന്നും നാളെയെ നിനക്ക് പ്രാപിക്കാൻ സാധിച്ചേക്കില്ലെന്നും ഇന്നിൽ നീ കർമനിരതനാവണമെന്നും അഹ്മദുബ്‌നു ഹമ്പൽ ഉപദേശിക്കുന്നുണ്ട്. ഐഹിക ജീവിതം കർമത്തിന്റെ വീടാണ്. പാരത്രിക ജീവിതം പ്രതിഫലത്തിന്റെ വീടും. ഇവിടെ ഒരാൾ കർമനിരതനാവുന്നില്ലെങ്കിൽ, അവിടെ ശാശ്വതമായ ഖേദത്തിൽ കഴിഞ്ഞുകൂടേണ്ട ഗതികേടായിരിക്കും ഉണ്ടാവുക.

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles