Current Date

Search
Close this search box.
Search
Close this search box.

കാലം ആവശ്യപ്പെടുന്ന പ്രബോധന രീതി

വിശ്വാസവും കർമ്മാനുഷ്ടാനങ്ങളും ചേർന്നതാണ് ഇസ്ലാം. ഇസ്ലാമിലെ കർമ്മാനുഷ്ടാനങ്ങളിൽ പ്രഥമമായി എണ്ണുന്നത് സത്യസാക്ഷ്യമാണ്. അഥവാ സത്യത്തിൻറെ ജീവിക്കുന്ന മാതൃകകളാവുക. ഇസ്ലാമിക ആദർശം വിളംബരം ചെയ്യുന്ന സാക്ഷികളാവുക. നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നീ അനുഷ്ടാനങ്ങളോടൊപ്പം സത്യസാക്ഷ്യ നിർവ്വഹണവും സ്വർഗ്ഗ പ്രവേശനത്തിന് അനിവാര്യമാണ്.

സത്യസാക്ഷ്യം നിർവ്വഹിക്കുക എന്നത് ഇസ്ലാമിലെ മറ്റ് ആരാധനാ കർമ്മങ്ങൾ പോലെ മൂർത്തമായ ഒരു രൂപമില്ലങ്കിലും അതിന് കൃത്യമായ മൂന്ന് ഘടകങ്ങളുണ്ട്. 1. പ്രബോധനം ചെയ്യുന്ന സന്ദേശം അഥവാ അല്ലാഹുവിൻറെ ദീനിലേക്ക് ജനങ്ങളെ ക്ഷണിക്കൽ. 2. പ്രബോധകൻ 3. പ്രബോധിതൻ. ഈ മൂന്ന് ഘടകങ്ങളെ സംയോജിപ്പിച്ച് എങ്ങനെ പ്രബോധന കർത്തവ്യം നിർവ്വഹിക്കണമെന്നത് സാഹചര്യവും സന്ദർഭവും നോക്കി സ്വീകരിക്കേണ്ട നയപരമായ തീരുമാനമാണ്. അത്കൊണ്ടാണ് ഖുർആൻ ഇങ്ങനെ പറഞ്ഞത്:

“യുക്തികൊണ്ടും സദുപദേശം കൊണ്ടും നീ ജനത്തെ നിൻറെ നാഥൻറെ മാർഗത്തിലേക്ക് ക്ഷണിക്കുക. ഏറ്റം നല്ല നിലയിൽ അവരുമായി സംവാദം നടത്തുക.” 16:125. ഇസ്ലാമിലേക്ക് ജനങ്ങളെ ക്ഷണിക്കൽ വലിയ പുണ്യമുള്ള കാര്യമാണെന്ന് നബി അരുളി: നീ മുഖാന്തരം ഒരാൾ സന്മാഗ്ഗം പ്രാപിക്കുന്നത്, നിനക്ക് ഒരു ചുവന്ന ഒട്ടകം ലഭിക്കുന്നതിനെക്കാൾ നല്ലതാണത്. ഈ പ്രതിഫലത്തിനർഹനായിത്തീരാൻ ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷം മുസ്ലിംങ്ങളും.

ആധുനിക കാലഘട്ടത്തിൽ ഇസ്ലാമിക പ്രബോധനം നിർച്ചഹിക്കാൻ സാങ്കേതികവും അല്ലാത്തതുമായ അനേകം മാർഗ്ഗങ്ങൾ നമ്മുടെ മുന്നിലുണ്ട്. ഇൻറർനെറ്റിൻറെ വെളിച്ചം എത്തുന്നേടെത്തെല്ലാം ഇസ്ലാമിൻറെ സന്ദേശവും നമുക്ക് എത്തിക്കാൻ കഴിയും. സർഗ്ഗാത്മക രീതി ഉപയോഗിച്ച് കലാ സാഹിത്യ ആവിഷ്കാരങ്ങളിലൂടെ ഇസ്ലാമിൻറെ സന്ദേശം എത്തിക്കാൻ ഇന്ന് പ്രയാസമില്ല. ഒരു ചെറിയ മൊബൈൽ ഉണ്ടെങ്കിൽ, ഒരു ഷോർട്ട് ഫിലിം എടുത്ത് ആ ദൗത്യം നിർവ്വഹിക്കാവുന്നതേയുള്ളൂ. വേറേയും പല രീതികളും നമുക്ക് കണ്ടത്തൊൻ കഴിയും.

എന്നാൽ ഏറെ ഫലപ്രദവും അല്ലാഹുവിങ്കൽ ഏറ്റവും പ്രതിഫലമുള്ളതുമായ പ്രബോധന രീതിയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ. ഒരുവശത്ത് അല്ലാഹുവിനെ തൃപ്തിപ്പെടുത്തുക; മറുവശത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അവൻറെ അടിമകളേയും തൃപ്തപ്പെടുത്തുക. ഈ രണ്ട് കാര്യങ്ങളും പരിഗണിച്ചായിരിക്കും ഒരാൾ ഇസ്ലാമിക കാഴ്ചപ്പാടിൽ സ്വർഗ്ഗം ലഭിക്കാൻ അർഹനാവുക. അഥവാ രണ്ടും സമജഞസമായി ഒരുമിക്കുന്ന ഒരു പ്രത്യയാശാസ്ത്രമാണ് ഇസ്ലാം. ഖുർആൻ പറയുന്നു:

വിശ്വസിച്ചവരേ, നിങ്ങൾ നമസ്കരിക്കുക. സാഷ്ടാംഗം പ്രണമിക്കുക. നിങ്ങളുടെ നാഥന്ന് വഴിപ്പെടുക. നന്മ ചെയ്യക. നിങ്ങൾ വിജയം വരിച്ചക്കോം. 22:77 ഇവിടെ നന്മ ചെയ്യുക എന്ന് പറഞ്ഞത് ജീവകാരണ്യ പ്രവർത്തനങ്ങൾക്കാണെന്ന കാര്യം ഉറപ്പാണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. പ്രവാചകൻറെ ജീവിതം പരിശോധിച്ച് നോക്കിയാലും വിശ്വാസത്തോടും ആരാധനകളോടുമൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകിയതായി കാണാം. സാമൂഹ്യ ഇടപെടലുകൾ നടത്താത്ത ഏത് പ്രവാചകനാണ് ചരിത്രത്തിൽ ഉണ്ടായിട്ടുള്ളത്?

വഴിയോരത്ത് പ്രവാചകനെ ഉപദ്രവിച്ചിരുന്ന ഒരു പെൺകുട്ടിയെ പതിവ് പോലെ കാണാതിരുന്നപ്പോൾ, രോഗിണിയായ അവളെ അന്വേഷിച്ച് അവിടുന്ന് ആ പെൺകൊടിയുടെ വീട് സന്ദർശിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്തത് അവളെ ഇസ്ലാം സ്വീകരിക്കാൻ പ്രേരിപ്പിച്ച സംഭവം ചരിത്രത്തിൽ പ്രസിദ്ധമാണ്. ഒരിക്കൽ ഒരു ഗ്രാമീണൻ തൻറെ പണം അബുൽ ഹക്കം തരുന്നില്ല എന്ന പരാതിയുമായി കഅ്ബയിലേക്ക് വന്നു. ശത്രുക്കൾ പ്രവാചകനെ ചൂണ്ടി അയാളെ സമീപിച്ചാൽ പണം തിരിച്ച് കിട്ടും എന്ന് പരിഹാസ രൂപേണ പറഞ്ഞു. നബി (സ) ആർക്കും വഴങ്ങാത്ത ആ ധിക്കാരിയുടെ അടുത്തേക്ക് പോവുകയും ഗ്രാമീണൻറെ പണം വാങ്ങിച്ച് കൊടുക്കുകയും ചെയ്തു.

പരസ്പരം ആശ്രയിച്ചും സഹകരിച്ചും ജീവിക്കുന്നതിന് വേണ്ടിയാണ് അല്ലാഹു പല തരത്തിലുള്ള മനുഷ്യരെ സൃഷ്ടിച്ചിട്ടുള്ളത്. എല്ലാവരും തുല്യകഴിവുള്ളവരും ഒരേ പോലെയുള്ള വ്യക്തികളുമായിരുന്നുവെങ്കിൽ, നമ്മുടെ ജീവിതത്തിന് വിരസത ഉണ്ടാവുമെന്ന് മാത്രമല്ല, ആർക്കും ആരുടേയും സഹകരണം ആവശ്യമില്ലാത്ത അവനവൻറെ ഓർബിറ്റിൽ മാത്രം ജീവിതം പരിമിതമാവുകയും ചെയ്യുമായിരുന്നു. ഇതിന് ഒരു പരിഹാരം കൂടിയാണ് പരസ്പരമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ.

ഇസ്ലാമിക കലാലയങ്ങളിൽ പ്രബോധന പ്രവർത്തനങ്ങൾ പാഠ്യപദ്ധതിയിലെ സുപ്രധാന വിഷയമാണെങ്കിലും ജീവകാരുണ്യവും പ്രബോധന കർത്തവ്യവും തമ്മിൽ ബന്ധിപ്പിച്ച് കൊണ്ടുള്ള ഒരു പഠന രീതി ഇനിയും വികസിപ്പിക്കേണ്ടിയിരിക്കുന്നു. ഇഗ്നൊ പോലുള്ള സർവ്വകലാശാലകളുടെ സോഷ്യൽ വർക്കിലുള്ള സിലബസ്സും ഉപയോഗപ്പെടുത്താം. അനേകം തലങ്ങളെ സ്പർഷിക്കുന്നതാണ് ജീവകാരുണ്യ മേഖലകൾ. അതിൽ ദാരിദ്യ നിർമ്മാർജ്ജനം, സാമ്പത്തിക സഹായങ്ങൾ, പാലിയേറ്റിവ് കെയർ സേവനങ്ങൾ, പ്രദേശത്തെ ശ്രമദാന കർമ്മങ്ങൾ, കുടിവെള്ളം,പാർശ്വവൽകരിക്കപ്പെട്ടവരുടെ രോദനം തുടങ്ങി അതിവിപുലമാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ.

സുസ്ഥിര വികസനത്തിൻറെ അനൗപചാരിക മാർഗ്ഗമെന്ന നിലയിൽ ലോകത്തുള്ള വിവിധ എൻ.ജി.ഒ. ജീവകാരുണ്യ മേഖലകളിൽ ഇന്ന് സജീവമായി പ്രവർത്തിച്ച്കൊണ്ടിരിക്കുന്നു. ആശയ പ്രബോധനവും വോട്ട്പിടുത്തവും മതം മാറ്റവുമൊക്കെ ഇന്ത്യൻ ഭരണഘടന നമുക്ക് നൽകുന്ന മൗലികമായ സ്വാതന്ത്ര്യമാണെന്ന കാര്യത്തിൽ സംശയമില്ല. പക്ഷെ മതത്തെ കുറിച്ച സംസാരവും സംവാദവും ഇന്ന് ഇന്ത്യയിൽ സ്ഫോടകാത്മകമായ സ്ഥിതി വിശേഷമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇത്തരമൊരു സാഹചര്യത്തിൽ ഇസ്ലാമിൻറെ സന്ദേശം ലോകജനതക്ക് എത്തിക്കുവാൻ അനേകം മാർഗ്ഗങ്ങളിൽ ഏറ്റവും ഫലപ്രദവും അഭികാമ്യവുമായ രീതിയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ.

സമകാലീന ആഗോള വ്യവസ്ഥയിൽ സർക്കാറുകൾ ജനക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് അചിരേണ പിൻവാങ്ങികൊണ്ടിരിക്കുകയും ജനങ്ങൾ കൂടുതൽ പ്രയാസപ്പെടുകയും ചെയ്യുന്ന ഒരു സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്. ലോകം മുഴുവൻ കോവിഡ് 19 വൈറസ് പിടിയിലമർന്നതോടെ, എല്ലാ പ്രതീക്ഷകളും അസ്ഥമിച്ചിരിക്കുകയാണ്. പട്ടിണിയുടെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം 117 രാജ്യങ്ങളിൽ 102 ാം സ്ഥാനത്താണ്. എന്നാൽ ബംഗ്ളാദേശ് 75 ാം സ്ഥാനത്താണെന്നത് നമ്മെ ലജ്ജിപ്പിക്കേണ്ടതാണ്. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലില്ലായ്മ തുടങ്ങിയവയിലും ഇന്ത്യയുടെ അവസ്ഥ പരമ ശോചനീയമാണ്.

ഇത്തരമൊരു സാഹചര്യത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാകുന്നത് ഇസ്ലാമിൻറെ പ്രതിഛായ വർധിപ്പിക്കുമെന്നു മാത്രമല്ല, മനുഷ്യാവസ്ഥയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനും സമൂഹത്തിൽ അഭിവൃദ്ധിയും ദൂർബല ജന വിഭാഗങ്ങളെ ഉയർത്തികൊണ്ട്വരാനും സാധിക്കുന്നതാണ്. ഇസ്ലാമിനെ കുറിച്ച എല്ലാ ആരോപണങ്ങളേയും ജനം പുഛിച്ച് തള്ളുകയും അങ്ങനെ ഇസ്ലാമിന് ത്സടുതിയിൽ ആ പ്രദേശത്ത് അജയ്യ ശക്തിയയായി മാറാം. കൂടാതെ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ലഭിക്കുന്ന മന:സ്സമാധാനം പറഞ്ഞറിയിക്കുക സാധ്യമല്ല.

മനുഷ്യർക്ക് എല്ലാവർക്കും ഏതെങ്കിലും തരത്തിലുള്ള ജീവകാരുണ്യ സഹായം ആവശ്യമാണ്. അത് സേ്നേഹത്തിൻറെ ഒരു സ്പർഷമാവാം. ഒരു പുഞ്ചിരിയാവാം. കാരുണ്യത്തിൻറെ തലോടലാവാം. അങ്ങനെ ഓരോരുത്തരുടേയും മാനസികവും വൈകാരികവും ആത്മീയവും ഭൗതികവുമായ ആവശ്യങ്ങൾ പരിഹരിക്കലാണത്. സന്നിഗ്ധ ഘട്ടത്തിൽ താങ്ങായവർക്ക് പകരം എന്ത് നൽകാനും അയാൾ തയ്യാറാവും. സർവ്വോപരി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വലിയ പ്രതിഫലമാണ് അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്. ചുരുക്കത്തിൽ, ഒരേ സമയം അനേകം പക്ഷികളെ ഉന്നംവെക്കുന്ന ഒരു അൽഭുത അസ്ത്രമാണ് ജീവകാരുണ്യ പ്രവർത്തനം.

Related Articles