‘സാഹിത്യമില്ലാത്ത ജീവിതം നരകമാകുന്നു’ -ചാൾസ് ബുകോവ്സ്കി
ഭാഷ, ഭാവന, പ്രമേയം, പ്രതീതി, സൗന്ദര്യം എന്നിവയുടെ ചമൽക്കാരത്തോടെ വസ്തുതകൾക്ക് കാൽപ്പനികഭാവം നൽകുന്ന പ്രക്രിയയാണ് സാഹിത്യം. മനുഷ്യസ്വഭാവങ്ങൾ, സമൂഹം, പ്രകൃതി തുടങ്ങി ഒത്തിരി വിഷയങ്ങൾ സാഹിത്യത്തിന്റെ വിഷയങ്ങളായി കടന്നുവരുന്നു. ഒന്നുകൂടി തെളിയിച്ചു പറഞ്ഞാൽ, ജീവിതവുമായി ഒട്ടിനിൽക്കുന്നു സാഹിത്യം. പച്ച മനുഷ്യരുടെ കഥകളാണ് ഒട്ടുമിക്ക സാഹിത്യകൃതികളുടെയും പ്രമേയങ്ങൾ. ജീവിതത്തിന്റെ ഭാഗമല്ല, ജീവിതംതന്നെയാണ് സാഹിത്യമെന്ന് പേറ്റർ നിരീക്ഷിക്കുന്നു. ജീവത്തായ റിയലിസ്റ്റ് സാഹിത്യം മുഴുവൻ, മനുഷ്യനെ ഒരു സാമൂഹ്യജീവിയായി അവതരിപ്പിക്കുന്നുവെന്നും രാമനും കർണനും ആന്റിഗണിയും ഒഥല്ലോയും വെർതറും അന്നാകരിനീനയും ഫോസ്റ്റസും അതിനുദാഹരണങ്ങളാണെന്നും സച്ചിദാനന്ദൻ എഴുതിയിട്ടുണ്ട്.
സംസ്കൃത പദമാണ് സാഹിത്യം. സഹിതമായിരിക്കുന്ന അവസ്ഥയെന്നാണ് സാഹിത്യത്തിന് ശബ്ദതാരാവലി നൽകിയിരിക്കുന്ന അർഥം. അതായത്, ഒരു കാര്യത്തെ സാഹിത്യമാക്കി തീർക്കുന്ന ഭാഷ, ഭാവന, പ്രമേയം, പ്രതീതി, സൗന്ദര്യം തുടങ്ങിയ ചേരുവകളുടെ കാൽപ്പനികമായ അവസ്ഥയാണ് സാഹിത്യം. പണ്ടുകാലം മുതലേ സാഹിത്യമുണ്ട്. എന്നാൽ, സാഹിത്യമെന്ന പദത്തിന് പ്രചാരം ലഭിച്ചത് പതിനാലാം നൂറ്റാണ്ടിൽ വിശ്വനാഥന്റെ ‘സാഹിത്യദർപ്പണം’ എന്ന ഗ്രന്ഥത്തിലൂടെയാണ്. ബൈബിൾ, ഗീത, ഖുർആൻ പോലുള്ള വേദങ്ങളും രാമായണം, ഒഡീസി, ഗിൽഗമേഷ് പോലുള്ള ഇതിഹാസങ്ങളുമാണ് സാഹിത്യത്തിന്റെ പ്രാഗ്രൂപങ്ങൾ.
ജനസമ്മതി വളരെയേറെയുള്ള വിജ്ഞാനശാഖയാണ് ഇന്ന് സാഹിത്യം. ലോകത്തിന്റെ ഓരോ ഭാഗത്തും അതത് ദേശത്തിന്റെയും കാലത്തിന്റെയും സാഹിത്യങ്ങളുണ്ട്. അറബ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, പേർഷ്യൻ സാഹിത്യങ്ങൾക്ക് പ്രചുരപ്രചാരമുണ്ട്. സാഹിത്യത്തിന്റെ അടരുകളാണ് ഗദ്യസാഹിത്യവും പദ്യസാഹിത്യവും. കഥ, ചെറുകഥ, ആത്മകഥ, നാടോടികഥ, നോവൽ പോലുള്ളവ ഗദ്യസാഹിത്യത്തിലും കവിത, ഗാനം പോലുള്ളവ പദ്യസാഹിത്യത്തിലും ഉൾപ്പെടുന്നു. സർഗാത്മക സാഹിത്യങ്ങളായി എണ്ണപ്പെടുന്നത് കഥയും കവിതയും നോവലുമാണ്. സർഗപ്രതിഭ വെളിപാടായി ഉതിരുമ്പോഴാണ് സർഗാത്മക സാഹിത്യം പിറക്കുന്നത്.
മനുഷ്യനെ അഗാധമായി സ്വാധീനിക്കാനും സംസ്കരിക്കാനും കഥക്കും കവിതക്കും നോവലിനും സാധിക്കുന്നു. കഥകൾ പറഞ്ഞുകൊടുക്കുക, അവർ ചിന്തിക്കട്ടെയെന്ന് വിശുദ്ധവേദം പറയുന്നത് കാണാം. വിശുദ്ധവേദത്തിലും തിരുചര്യയിലും ഒത്തിരി കഥകൾ വന്നിട്ടുണ്ട്. ആനക്കാരുടെ കഥ, ഗുഹാവാസികളുടെ കഥ, ഗുഹാമുഖത്ത് പാറ വന്നടഞ്ഞപ്പോൾ പ്രാർഥിച്ചവരുടെ കഥ തുടങ്ങി ഒട്ടേറെ കഥകൾ. ഇത്തരം കഥകൾ മനുഷ്യന്റെ സ്വഭാവത്തെയും ദൈവബോധത്തെയും ഉദ്ദീപിപ്പിക്കാൻ പോന്ന കഥകളാണ്. ഇബ്നുമുഖഫഅിന്റെ ‘കലീലയും ദിംനയും’ എന്ന കഥാഖ്യായിക കഥകൾക്കുള്ളിലെ സാരോപദേശങ്ങളിലൂടെ ജീവിതത്തെയും അതിന്റെ തത്വശാസ്ത്രത്തെയുമാണ് പഠിപ്പിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘തേന്മാവെ’ന്ന കഥ പ്രകൃതിയോടും ചുറ്റും കാണുന്ന മാവുകളോടും മറ്റു വൃക്ഷങ്ങളോടുമുള്ള സ്നേഹത്തിന്റെ വിത്തുകൾ ആത്മാവിൽ പാകുന്നു.
പ്രവാചകൻ കവിതകളെ ഏറെ പ്രോത്സാഹിപ്പിക്കുകയുണ്ടായി. ഉമയ്യത്തുബ്നു അബീസ്വലത്തിന്റെ കവിത ആസ്വദിച്ച പ്രവാചകന്റെ പ്രതികരണം ഇപ്രകാരമായിരുന്നു: ”അദ്ദേഹത്തിന്റെ കവിത ഇസ്ലാം സ്വീകരിച്ചതുപോലെ തോന്നുന്നു”. കവികളായ ഹസ്സാനുബ്നു സാബിത്തിനുവേണ്ടി പ്രവാചകൻ പ്രാർഥിച്ചതും കഅബ്ബ്നു സുഹൈറിന് തന്റെ ഉത്തരീയം നൽകിയതും ചരിത്രത്തിന്റെ തങ്കലിപികളിൽ രേഖപ്പെടുത്തപ്പെട്ട കാര്യങ്ങളാണ്. പൊടുന്നനെ ഇരമ്പിയെത്തുന്ന ഉൾബോധമാണ് കവിത. നീതി, സമത്വം, സാഹോദര്യം തുടങ്ങിയ മൂല്യങ്ങൾ പ്രസരിപ്പിക്കാനും സാമൂഹിക തിന്മകൾക്കെതിരെ ചാട്ടുളിയായി വർത്തിക്കാനും കവിതക്ക് സാധിക്കുന്നു. നിലനിന്ന അരുതായ്മകൾക്കെതിരെയുള്ള സ്വരമായിട്ടായിരുന്നു അക്കിത്തത്തിന്റെ ‘വെളിച്ചം ദുഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം’ എന്ന വരികളുടെ പിറവി. ‘തിരിച്ചറിയൽ കാർഡ്’ എന്ന ശീർഷകത്തിലുള്ള കവിതയിൽ, ‘ഞാൻ മനുഷ്യരെ വെറുക്കുന്നില്ല/ ആരുടെയും ഭൂമിയിൽ അതിക്രമിച്ച് കടക്കുന്നില്ല/ എന്നിട്ടും എന്നിൽ വിശപ്പ് അവശേഷിക്കുന്നുവെങ്കിൽ/ ഞാൻ ഭക്ഷിക്കും ഞങ്ങൾക്കുള്ളതെല്ലാം അപഹരിച്ചവരെതന്നെ/ കരുതിയിരിക്കുക കരുതിയിരിക്കുക/ എന്റെ വിശപ്പിനെ എന്റെ വിശപ്പിനെ’ എന്നെഴുതാൻ മഹ്മൂദ് ദർവീഷിനെ പ്രേരിപ്പിച്ചത് പിറന്ന മണ്ണായ ഫലസ്തീനോടുള്ള സ്നേഹവും സയണിസത്തോടുള്ള ഒടുങ്ങാത്ത രോഷവുമല്ലാതെ മറ്റെന്താണ്.
📲വാട്സാപ് ഗ്രൂപ്പില് അംഗമാകാന്👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp