Current Date

Search
Close this search box.
Search
Close this search box.

വെളിച്ചത്തിനെന്തൊരു വെളിച്ചം

പ്രകൃതിയിലെ രണ്ട് പ്രതിഭാസങ്ങളാണ് വെളിച്ചവും ഇരുട്ടും. വെളിച്ചത്തിന് വ്യത്യസ്തമായ രൂപങ്ങളുണ്ട്. കത്തിജ്വലിക്കുന്നതാണ് സൂര്യന്റെ വെളിച്ചം. തനതായ ഒരിനമാണ് പകലിന്റെ വെളിച്ചം. നിലാവ് പൊഴിയുമ്പോള്‍, ഒഴുകുന്ന വെളിച്ചം എല്ലാറ്റിനുമപ്പുറമാണ്. അനുഭൂതിദായകമാണ് നിലാവിന്റെ വെളിച്ചം. ഇരുട്ടിനുമുണ്ട് വ്യത്യസ്തമായ രൂപങ്ങള്‍. ഇരുട്ടിന്റെ ഒരിനമാണ് രാവിന്റെ ഇരുട്ട്. അര്‍ദ്ധരാത്രിയിലെ ഇരുട്ട് മറ്റൊന്നാണ്. ആഴക്കടലിലെ ഇരുട്ട് അഗാധമാണ്. കൂരാകൂരിരുട്ടിന്റെ ലോകമാണ്. ദൈവമാണ് വെളിച്ചവും ഇരുട്ടും സൃഷ്ടിച്ചത്. വെളിച്ചത്തിന് പകലെന്നും ഇരുട്ടിന് രാവെന്നും ദൈവം പേരിട്ടുവെന്ന് ബൈബിള്‍ പുതിയനിയമം പരാമര്‍ശിക്കുന്നുണ്ട്. വെളിച്ചത്തിനും ഇരുട്ടിനും പ്രകൃതിയില്‍ അവയുടെ ധര്‍മങ്ങളുണ്ട്. മനുഷ്യന് അവ അനിവാര്യമാണ്. എങ്കിലും, മനുഷ്യന് പൊതുവെ വെളിച്ചത്തോടാണ് ഇഷ്ടം.

പ്രകൃതിയുടെ വെളിച്ചവും ഇരുട്ടുംപോലെ, ആത്മീയതയുടെ വെളിച്ചവും ഇരുട്ടുമുണ്ട്. മുഴുവന്‍ നന്മകളും വെളിച്ചമാണ്. വിജ്ഞാനം വെളിച്ചമാണ്; സംസ്‌കാരം വെളിച്ചമാണ്; നീതി വെളിച്ചമാണ്. വിജ്ഞാനത്തിന്റെ വെളിച്ചംകൊണ്ട് കാമി നിര്‍ഭയനാകുന്നുവെന്ന് ഭക്ത കവി കബീര്‍ പാടുന്നുണ്ട്. മുഴുവന്‍ തിന്മകളും ഇരുട്ടാണ്. അജ്ഞത ഇരുട്ടാണ്; കാടത്തം ഇരുട്ടാണ്; അനീതി ഇരുട്ടാണ്. നന്മകളാകുന്ന വെളിച്ചത്തെ സ്വാംശീകരിച്ച് ജീവിതത്തെ ധന്യമാക്കാനാണ് സാത്വികനായ മനുഷ്യന്‍ ശ്രമിക്കേണ്ടത്. നീ നിനക്ക് വെളിച്ചമാകുകയെന്ന് ശ്രീബുദ്ധന്‍ ഉപദേശിക്കുന്നു.

നന്മകളാകുന്ന വെളിച്ചത്തെ ധ്യാനിച്ച് ഉള്ളകം ത്രസിക്കണം. ആത്മാവും പ്രജ്ഞയും പ്രകാശിക്കണം. നന്മകള്‍ ഒത്തിരിയുണ്ട്. സത്യം, ധര്‍മം, കാരുണ്യം, ഉദാരത, സാഹോദര്യം, സ്‌നേഹം, സംയമനം തുടങ്ങി നന്മകളുടെ പട്ടിക അല്‍പം നീണ്ടതാണ്. ജീവിതത്തിന്റെ മുഴുവന്‍ രംഗങ്ങളും നന്മകള്‍കൊണ്ട് നിറയണം. വ്യക്തി ജീവിതം, കുടുംബ ജീവിതം, സാമൂഹ്യ ജീവിതം തുടങ്ങി ഓരോ രംഗവും നന്മയുടെ വെട്ടത്താവണം. ജനനം മുതല്‍ മരണം വരെ നന്മകളായിരിക്കണം ജീവിതത്തെ വഴിനടത്തേണ്ടത്. അങ്ങനെ, നന്മയില്‍ പ്രകാശിച്ച് നന്മയില്‍ ഒടുങ്ങുന്നതാവണം ജീവിതം.

തിന്മകളാകുന്ന ഇരുട്ട് ജീവിതത്തിലേക്ക് പ്രവേശിക്കാതിരിക്കാന്‍ നല്ല ശ്രദ്ധവേണം. നന്മ സ്വീകരിക്കുമ്പോള്‍ തിന്മ അകലുകയാണോ, അതല്ല തിന്മയെ അകറ്റുമ്പോള്‍ നന്മ വരികയാണോ ചെയ്യുകയെന്ന ദാര്‍ശനിക ചര്‍ച്ചയൊക്കെ ഈ വിഷയത്തിലുണ്ട്. രണ്ടും ഒരേസമയം നടക്കേണ്ട കാര്യങ്ങളാണെന്നതാണ് യാഥാര്‍ഥ്യം. അതായത് നന്മയെ ഒരുഭാഗത്ത് സ്വാംശീകരിക്കണം. മറുഭാഗത്ത് തിന്മയെ അകറ്റുകയും വേണം. നന്മകള്‍പോലെ തിന്മകളും ഒത്തിരിയുണ്ട്. അസത്യം, അധര്‍മം, ക്രൂരത, പിശുക്ക്, വിദ്വേഷം, വെറുപ്പ്, കളവ് തുടങ്ങി തിന്മകളുടെ പട്ടികയും നീണ്ടതാണ്. ജീവിതത്തിലേക്ക് തിന്മകളെ പ്രവേശിപ്പിക്കുകയേ ചെയ്യരുത്. വ്യക്തി ജീവിതം, കുടുംബ ജീവിതം, സാമൂഹ്യ ജീവിതം തുടങ്ങി ഒരു രംഗവും തിന്മകൊണ്ട് മലിനമാവരുത്. ജീവിത വിശുദ്ധിക്ക് തിന്മയുടെ വിപാടനം അനിവാര്യമാണ്. ശരീരത്തിന്റെ മൗഢ്യങ്ങളില്‍നിന്ന് മോചിതമാവുമ്പോള്‍ വിശുദ്ധി പ്രാപിക്കുന്നുവെന്ന് സോക്രട്ടീസ് ഓര്‍മപ്പെടുത്തുന്നു. ആകാംക്ഷ വര്‍ധിക്കുമ്പോള്‍, ഉള്ളകങ്ങള്‍ ഇരുട്ടില്‍ ആണ്ടുപോവുന്നുവെന്ന് ജലാലുദ്ദീന്‍ റൂമി രേഖപ്പെടുത്തുന്നു.

ഓരോ മനുഷ്യന്റെ ഉള്ളിലും നന്മയാകുന്ന വെളിച്ചമുണ്ട്; തിന്മയാകുന്ന ഇരുട്ടുമുണ്ട്. ദൈവം മനുഷ്യനില്‍ ബോധനം നല്‍കിയതിന്റെ ഫലമാണവ. ഇരുട്ടിനെ അകറ്റി ഹൃദയത്തിന്റെ വെളിച്ചത്തെ കൂടുതല്‍ തിളക്കമുള്ളതാക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. വെളിച്ചങ്ങളുടെ വെളിച്ചമാണ് ഇസ്‌ലാം. അഥവാ നന്മകളുടെ നന്മയാണത്. അതിന്റെ വേരുകളും കാണ്ഡങ്ങളും ശിഖരങ്ങളുമൊക്കെ വെളിച്ചമാണ്. ദൈവം വെളിച്ചമാണ്. വെളിച്ചത്തിന്റെ സ്രോതസ്സാണ് അവന്‍. അവന്റെ വെളിച്ചത്തിന്റെ വ്യത്യസ്ത പ്രകാശനങ്ങളാണ് പ്രകൃതിയിലെ മുഴുവന്‍ വെളിച്ചങ്ങളും ഓരോ നന്മയും. ഇരുട്ടുകളാകുന്ന തിന്മകളില്‍നിന്ന് വെളിച്ചമാകുന്ന നന്മയിലേക്ക് മനുഷ്യനെ അവന്‍ നയിക്കുന്നു. പ്രവാചകന്‍ വെളിച്ചമാണ്. വെട്ടിത്തിളങ്ങുന്ന വിളക്കാണ് അവിടുന്ന്. ലോകത്തെ പ്രകാശിപ്പിക്കാനായിരുന്നു അവിടുത്തെ നിയോഗം. താഴെയും മീതെയും, വലതും ഇടത്തും, ആത്മാവിലും ശരീരത്തിലും വെളിച്ചം നിറക്കാന്‍ ദൈവത്തോട് പ്രവാചകന്‍ നിരന്തരം പ്രാര്‍ഥിക്കാറുണ്ടായിരുന്നു. വിശുദ്ധവേദം വെളിച്ചമാണ്. തിരുചര്യ വെളിച്ചമാണ്. ഈ വെളിച്ചങ്ങളൊക്കെ ഒരാളിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍, മനുഷ്യനില്‍ ദൈവം നേരത്തേ നിക്ഷേപിച്ച വെളിച്ചം കൂടുതല്‍ പ്രശോഭിതമാവുന്നു. ഇരുട്ട് ദൂരേക്ക് മാറുന്നു. അങ്ങനെ, വെളിച്ചത്തിന്മേല്‍ വെളിച്ചത്താല്‍ ജീവിതം വെട്ടിത്തിളങ്ങുന്നു.

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles