Current Date

Search
Close this search box.
Search
Close this search box.

Vazhivilakk, Youth

ജീവിത പരീക്ഷണങ്ങള്‍

പരീക്ഷണങ്ങള്‍ ജീവിതത്തിന്‍റെ അഭിവാജ്യ ഘടകങ്ങളാണ്. ജീവിതത്തോട് വിരക്തി തോന്നിപ്പിക്കുന്ന വിധം ഒന്നിന് പിറകെ മറ്റൊന്നായി നേരിടേണ്ടിവരുന്ന തീഷ്ണമായ പരീക്ഷണങ്ങള്‍! എന്തിനാണിത്രയും കഠിനമായ പരീക്ഷണങ്ങള്‍ എന്ന് സ്വയം ആലോചിച്ച് പോവുന്ന നിമിഷങ്ങള്‍!! ഒരാളും ദൈവിക പരീക്ഷണങ്ങളില്‍ നിന്നും മുക്തരല്ല. ഒരുപക്ഷെ പരീക്ഷണങ്ങളുടെ രൂപ ഭാവത്തില്‍ വിത്യാസം ഉണ്ടാവാം എന്ന് മാത്രം. ഉള്ളവന് ഉള്ളത് കൊണ്ട് പരീക്ഷണം. ഇല്ലാത്തവന് ഇല്ലാത്തത് കൊണ്ടും. അങ്ങനെ തരാതരം മനുഷ്യരെ പോലെ തരാതരം പരീക്ഷണങ്ങളും നേരിടേണ്ടി വരുന്നു.

മനുഷ്യരില്‍ ദൈവത്തോട് ഏറ്റവും കൂടുതല്‍ അടുത്തവര്‍ പ്രവാചകന്മാരാണ്. അവരില്‍ സര്‍വ്വ മതക്കാരാലും അംഗീകരിക്കപ്പെട്ട പ്രവാചകനായിരുന്നു ഇബ്റാഹീം നബി. ആ പ്രവാചകന്‍ പോലും അഗ്നി പരീക്ഷണം,ദേശ ത്യാഗം,പുത്രബലി തുടങ്ങിയ നിരവധി കടുത്ത പരീക്ഷണങ്ങളെ നേരിട്ടു. (2:124) അപ്പോള്‍ നാം നേരിടുന്ന പരീക്ഷണങ്ങള്‍ക്ക് കേവലം പുല്‍കൊടിയുടെ വിലമാത്രം. പരീക്ഷണങ്ങളെ വിജയകരമായി തരണം ചെയ്യുന്നവര്‍ ഇഹത്തിലും പരത്തിലും വിജയിക്കും. അത്കൊണ്ട് ജീവിതത്തില്‍ നേരിടുന്ന പരീക്ഷണത്തില്‍ അല്‍ഭുതം കൂറേണ്ട കാര്യമൊന്നുമില്ല. ഒരു സ്വാഭാവിക പ്രക്രിയയുടെ പരിണിതി മാത്രം. ഉദ്യാനപാലകന്‍ ചെടികള്‍ മുറിച്ച് വെടിപ്പാക്കിവെക്കുന്നത് പോലെയുള്ള അവസ്ഥയാണിതെന്ന സയ്യിദ് അബുല്‍ അഅ്ല മൗദൂദിയുടെ നിരീക്ഷണം അന്വര്‍ത്ഥമാണ്.

പരീക്ഷണം വരുന്ന വഴികള്‍
ഏതെല്ലാം രൂപത്തിലായിരിക്കും പരീക്ഷണങ്ങള്‍ ഉണ്ടാവുക എന്നതിനെ കുറിച്ച് ഖുര്‍ആന്‍ വ്യക്തമാക്കീട്ടുണ്ട്: “ഭയം, പട്ടിണി, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവരെ ശുഭവാര്‍ത്ത അറിയിക്കുക. (ഖുര്‍ആന്‍ 2:155) ഇതേ ആശയം ഖുര്‍ആനില്‍ മറ്റൊരു സ്ഥലത്ത് ഇങ്ങനെ:
നിങ്ങളുടെ സമ്പത്തും സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാണ്. അല്ലാഹുവിങ്കലത്രെ അതിമഹത്തായ പ്രതിഫലം. 64:15

നബി (സ) പറഞ്ഞു: ഒരു സത്യവിശ്വാസി സ്വന്തത്തെ കൊണ്ടും സന്താനത്തേയും സമ്പത്തിനേയും കൊണ്ടും പരീക്ഷിക്കപ്പെട്ട്കൊണ്ടിരിക്കും. ഒരു പാപവുമില്ലാതെ അല്ലാഹുവിനെ കണ്ട്മുട്ടുന്നത് വരെ. വ്യാഖ്യാത പണ്ഡിതന്‍ ഇബ്നു ഖയ്യിം പറഞ്ഞു: ഒരു അടിമക്ക് ഏല്‍ക്കേണ്ടി വരുന്ന പരീക്ഷണങ്ങള്‍ നാല് വിധം: സ്വന്തത്തിലൊ, സമ്പത്തിലൊ, അഭിമാനത്തിലൊ, അവന്‍ ഇഷ്ടപ്പെടുന്ന കുടുംബത്തിലൊ ആയിരിക്കും ഈ പരീക്ഷണങ്ങള്‍.

നബി (സ) പറഞ്ഞു: “സത്യവിശ്വാസികളുടെ കാര്യം അല്‍ഭുതകരം തന്നെ. അവന്‍റെ കാര്യമെല്ലാം അവന് ഗുണകരമായിതീരുന്നു. ഇത് സത്യവിശ്വാസികള്‍ക്കല്ലാതെ മറ്റാര്‍ക്കും ലഭ്യമല്ല. അവന്‍ സന്തോഷാവസ്ഥ പ്രാപിച്ചാല്‍ നന്ദികാണിക്കുന്നു. അങ്ങനെ അത് അവന് ഗുണകരമാവുന്നു. ഇനി ദുരിതാവസ്ഥ ബാധിച്ചാലോ അവന്‍ ക്ഷമ കൈകൊള്ളുന്നു. അതും അവന് ഗുണകരം തന്നെ.”

രണ്ട് തരം പരീക്ഷണങ്ങള്‍
1. അതിക്രമകാരികളായ പൈശാചിക ശക്തികളില്‍ നിന്നും സത്യവിശ്വാസികള്‍ നേരിടാറുള്ള പരീക്ഷണങ്ങള്‍. ഖുര്‍ആന്‍ പറയുന്നു: “വിശ്വാസികളേയും വിശ്വാസിനികളേയും ദ്രോഹിക്കുകയും എന്നിട്ടതില്‍ പാശ്ചാതപിക്കാതിരിക്കുകയും ചെയ്യുന്നവരുണ്ടല്ലോ, അവര്‍ക്കുള്ളതാകുന്നു നരകയാതന. അവര്‍ക്കുള്ളതാകുന്നു കരിച്ച് കളയുന്ന ശിക്ഷ.” 85:10 കൂട്ടക്കൊല, സ്ഥാനഭ്രംശം, ധനാപഹരണം, മാനസികമായ പീഠനം തുടങ്ങിയവ ഇതിന് ഉദാഹരിക്കാം. ഏകാധിപത്യ ഭരണാധികാരികളില്‍ നിന്നും ഇസ്ലാമിക പ്രവര്‍ത്തകര്‍ നേരിടുന്ന പരീക്ഷണങ്ങള്‍ ഈ ഗണത്തില്‍പ്പെടുത്താം.

2. മനുഷ്യന്‍ നിത്യ ജീവിതത്തില്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍. ഖുര്‍ആന്‍ പറയുന്നു: ” മുസ്ലിംങ്ങളെ, നിങ്ങള്‍ ജീവധനാദികളാല്‍ പരീക്ഷിക്കപ്പെടുകതന്നെ ചെയ്യും. വേദവിശ്വാസികളില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും അനേകം ദ്രോഹകരമായ വര്‍ത്തമാനങ്ങള്‍ നിങ്ങള്‍ കേള്‍ക്കുകയും ചെയ്യും. ഈ അവസരങ്ങളിലെല്ലാം നിങ്ങള്‍ സഹനത്തിന്‍റെയും ദൈവഭക്തിയുടേയും പാതയില്‍ ഉറച്ച് നില്‍ക്കുന്നുവെങ്കില്‍ അത് മഹത്തായ സാഹസമത്രെ” 3:186. ഗുരുതരമായ രോഗങ്ങള്‍, ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെടല്‍, സാമ്പത്തിക നഷ്ടം എന്നിവയെ ഈ ഗണത്തിന് ഉദാഹരിക്കാം.

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles