ജീവിതത്തെ അല്‍പം പ്രാധാന്യത്തോടെ സമീപിക്കലാണ് വിവേകം. എങ്കിലേ, സര്‍ഗാത്മകമായി അതിനെ ആവിഷ്‌കരിക്കാന്‍ സാധിക്കുകയുള്ളൂ. മനുഷ്യനായി ജനിച്ചുവെന്നത് വലിയ അനുഗ്രഹമാണ്. വല്ല എലിയോ, പൂച്ചയോ, പട്ടിയോ ആയിട്ടാണ് ജന്മമെങ്കില്‍, എന്തായിരിക്കും അവസ്ഥ. ഇത്തരം ജീവികള്‍ക്ക് പ്രകൃതിയില്‍ അവയുടേതായ സ്ഥാനമുണ്ടെന്നത് ശരിയാണ്. എന്നാല്‍, മനുഷ്യന്റെ മൂല്യമോ, വിലയോ അവക്കില്ലെന്നതും യാഥാര്‍ഥ്യമാണ്. നന്മയും തിന്മയും വേര്‍ത്തിരിച്ച് ഉള്‍ക്കൊള്ളാന്‍ മനുഷ്യന് സാധിക്കുന്നുവെന്നത് മറ്റൊരു അനുഗ്രഹമാണ്. ധര്‍മാധര്‍മ ബോധം ഇല്ലായിരുന്നുവെങ്കില്‍, മനുഷ്യന്‍ അനേകം ഇരുളുകളില്‍ അകപ്പെട്ടുപോയേനേ. വിശുദ്ധവേദം അത്തരം സാഹചര്യത്തെ ഉപമിക്കുന്നത് ആഴക്കടലിലെ ഇരുട്ടിനോടാണ്. പുറത്തേക്ക് നീട്ടുന്ന കൈപോലും കാണാന്‍ കഴിയാത്തത്ര കൂരിരുട്ടാണ് ആഴക്കടലിന് കൂട്ടായുണ്ടാവുക.
ജീവിതവുമായി ബന്ധപ്പെട്ട് നാല് കാര്യങ്ങള്‍ പ്രധാനമായും ഉണ്ടാവണം. ഒന്ന്, ബോധം. ശ്രദ്ധാപൂര്‍വമായിരിക്കണം ജീവിതം. ഉണര്‍ച്ച മുതല്‍ ഉറക്കം വരെയുള്ള ഓരോ കാര്യവും നിര്‍വഹിക്കേണ്ടത് കൃത്യമായ അവബോധത്തോടെയാവണം. കാണുന്നത്, ശ്രവിക്കുന്നത്, അനുഭവിക്കുന്നത് അങ്ങനെ എത്ര കാര്യങ്ങള്‍ക്കാണ് ഓരോ ദിവസവും മനുഷ്യന്‍ സാക്ഷിയാവുന്നത്. എന്നാല്‍, ഈ വക കാര്യങ്ങളൊക്കെ അലക്ഷ്യമായി ജീവിതത്തിലൂടെ കയറിയിറങ്ങുകയാണ് മിക്ക മനുഷ്യരുടെ ജീവിതത്തിലും സംഭവിക്കുന്നത്. ഓരോ കാര്യത്തെയും ബോധപൂര്‍വം സമീപിക്കുകയാണെങ്കില്‍, ജീവിതം ആസ്വാദ്യകരമായി മാറുന്നതായിരിക്കും.
രണ്ട്, ലക്ഷ്യം. ലക്ഷ്യത്തില്‍ കേന്ദ്രീകൃതമായിരിക്കണം ജീവിതം. ജീവിത ലക്ഷ്യം എന്തായിരിക്കണം?. ജീവിതത്തിന്റെ ലക്ഷ്യം ധര്‍മത്തിന്റെ സംസ്ഥാപനമായിരിക്കണം. ചുറ്റും നന്മകള്‍ പ്രകാശിപ്പിക്കാന്‍ കഴിയുകയെന്നത് വലിയ കാര്യമാണ്. പ്രവാചകന്മാരും ആത്മജ്ഞാനികളും മറ്റും ലോകത്ത് ആഗതമായത് ഈ ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിനായിരുന്നു. അര്‍ജുനന്റെ ഉത്തരവാദിത്തം ധര്‍മത്തിന്റെ വീണ്ടെടുപ്പായിരുന്നുവെന്ന് ഗീത പഠിപ്പിക്കുന്നുണ്ടല്ലോ. വലിയ ഒരു ലക്ഷ്യത്തോടൊപ്പം, ജീവിതത്തില്‍ ഉപലക്ഷ്യങ്ങളുമാവാം. ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച് അവ നിര്‍ണയിക്കാവുന്നതേയുള്ളൂ.
മൂന്ന്, കര്‍മം. കര്‍മനിരതമാവണം ഓരോ നിമിഷത്തെയും ജീവിതം. ഉദാത്തമായ ലക്ഷ്യത്തോടൊപ്പമുള്ള നിരന്തരമായ അധ്വാനം ജീവിതത്തിന് കൂടുതല്‍ അഴക് നല്‍കുന്നു. ലക്ഷ്യം ഉന്നതമായതുകൊണ്ട് മാത്രം കാര്യമായില്ല. ലക്ഷ്യത്തെ ധ്യാനിച്ച് നിസംഗരായി ജീവിച്ചാല്‍, നിരാശയായിരിക്കും ഫലം. പറമ്പില്‍ ഇറങ്ങി പണിയെടുത്താലേ, മേത്തരം വിളകള്‍ ലഭിക്കുള്ളൂ. നന്മ ചെയ്താലേ, ധര്‍മം പ്രചരിപ്പിച്ചാലേ, ജീവിതം ധന്യമാവുള്ളൂ.
നാല്, ഉദേശ്യം. ദൈവത്തിന്റെ തൃപ്തിയായിരിക്കണം ജീവിതത്തിന്റെ ഉദേശ്യം. ദൈവത്തിന്റെ തൃപ്തിയാണ് വലിയ ധനം. അതിനപ്പുറം മറ്റൊരു ധനമില്ല. ദൈവത്തിന്റെ തൃപ്തി ലഭിച്ചില്ലെങ്കില്‍, കര്‍മങ്ങള്‍ മുഴുവന്‍ നിശ്ഫലമായിപ്പോവും. പരീക്ഷയില്‍ ജയിക്കണമെന്ന ഉദേശ്യമില്ലാതെ കേവല പഠനംകൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ലല്ലോ. അതിനാല്‍, ഉദേശ്യത്തിന്റെ അടിസ്ഥാനത്തില്‍ സംവിധാനിച്ചതായിരിക്കണം ജീവിതം. ഉദേശ്യത്തിലധിഷ്ഠിതമായ ജീവിതം നയിച്ചാല്‍, അതിന്റെ സമ്മാനം മരണാനന്തരം ലഭിക്കുന്ന ദൈവം നല്‍കുന്ന സ്വര്‍ഗമാണ്.
ഗൗരവം നിറഞ്ഞ ജീവിതം നയിക്കുകയെന്നത് അത്ര എളുപ്പമല്ല. ബോധപൂര്‍വമായ ശ്രമത്തിലൂടെ മാത്രമേ അത് സ്വായത്തമാക്കാനാവുള്ളൂ. ജീവിക്കുകയെന്നത് ഒരു പറമ്പ് മുറിച്ചുകടക്കുന്നതുപോലെ എളുപ്പമല്ലെന്ന് ബോറിസ് പാസ്റ്റര്‍നാക്ക് പറയുന്നുണ്ട്. മേല്‍പ്പറഞ്ഞ നാല് തത്ത്വങ്ങള്‍ ശീലിക്കുമ്പോഴാണ് ജീവിതം സമ്പന്നമാവുന്നത്. ജീവിതത്തിന് ഗൗരവം ഉണ്ടാവണമെന്ന് പറയുന്നതിന്റെ മറുവശം, ജീവിതത്തെ നശിപ്പിക്കുന്ന മുഴുവന്‍ പ്രതിലോമ ചിന്തകളെയും മാറ്റിനിര്‍ത്തണമെന്ന് കൂടിയാണ്. അലസത വെടിയണം; അലംഭാവം കളയണം; നിസംഗത ഉപേക്ഷിക്കണം; അഹന്ത മാറ്റിനിര്‍ത്തണം; നിരാശ അകറ്റണം; ……. അങ്ങനെ ഒട്ടേറെയുണ്ട് ജീവിതത്തെ ദുര്‍ബലമാക്കി കളയുന്ന പ്രതിലോമ ചിന്തകള്‍. പ്രതിലോമ ചിന്തകള്‍ക്ക് പകരം, ധനാത്മക ചിന്തകളാല്‍ ഉള്ളകം ത്രസിക്കുമ്പോഴേ ജീവിതത്തിന് അര്‍ഹിച്ച പരിഗണന ലഭിക്കുകയുള്ളൂ.
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0