Current Date

Search
Close this search box.
Search
Close this search box.

ജീവിതലക്ഷ്യങ്ങൾ

‘മനുഷ്യാസ്തിത്വത്തിന്റെ നിഗൂഢത കേവലം ജീവനോടെ കഴിയുന്നതിലല്ല, ജീവിക്കാനായി വല്ലതിനെയും കണ്ടെത്തുന്നതിലാണ്’ -ദസ്തയേവ്‌സ്‌കി

പ്രപഞ്ചത്തിലെ ചെറുതും വലുതുമായ ഓരോ അസ്തിത്വത്തിനും അവയുടേതായ തനദ് ലക്ഷ്യങ്ങളുണ്ട്. സൂര്യൻ വെളിച്ചം പ്രസരിപ്പിക്കുന്നു; വായു ശ്വാസോഛ്വാസത്തിന് വഴിയൊരുക്കുകയും ജീവൻ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു; വെള്ളം ജീവന്റെ ഉറവയായി വർത്തിക്കുന്നു. ഇപ്പറഞ്ഞവ ഒരേയൊരു ധർമമല്ല, വിഭിന്നങ്ങളായ ധർമങ്ങളാണ് നിർവഹിച്ചുകൊണ്ടിരിക്കുന്നത്. ധർമനിർവഹണ കാര്യത്തിലാവട്ടെ, അവ ഒട്ടും വീഴ്ച വരുത്തുന്നുമില്ല.

അങ്ങനെയെങ്കിൽ, മനുഷ്യന് പ്രപഞ്ചത്തിൽ വല്ല ലക്ഷ്യങ്ങളുമുണ്ടോ? ഇല്ലെങ്കിൽ, അത് എന്തുകൊണ്ടായിരിക്കും? ഉണ്ടെങ്കിൽ, മനുഷ്യന്റെ ലക്ഷ്യങ്ങൾ എന്തായിരിക്കും? മനുഷ്യന് പ്രപഞ്ചത്തിൽ ഒത്തിരി ലക്ഷ്യങ്ങളുണ്ടെന്നാണ് ആഴത്തിൽ ആലോചിക്കുമ്പോൾ കണ്ടെത്താവുന്ന യാഥാർഥ്യം. മനുഷ്യൻ ആ സത്യം തിരിച്ചറിയുന്നില്ലെങ്കിൽ, അത് മറ്റൊരു കാര്യം.

ലക്ഷ്യാധിഷ്ഠിതമായിരിക്കണം മനുഷ്യജീവിതം. പലരും ലക്ഷ്യരഹിതമായാണ് ജീവിച്ചുകൊണ്ടിരിക്കുന്നത്. തന്നെയുമല്ല, തനിക്കൊന്നിനും സാധിക്കില്ലെന്ന മനോഭാവത്തോടെയാണ് അവർ കാലം കഴിക്കുന്നത്. നിഷേധാത്മകമായ ചിന്തകൾ ദൂരെ കളഞ്ഞ് സവിശേഷമായ ചില കാര്യങ്ങൾ ഭൂമിയിൽ നിർവഹിക്കാൻ സാധിക്കുമെന്ന വിചാരണമാണ് വികസിപ്പിക്കേണ്ടത്.

സത്യം, നീതി, സ്വാതന്ത്ര്യം……. പോലുള്ള മാനവികമൂല്യങ്ങൾ പ്രസരിപ്പിക്കുന്ന പ്രകാശഗോപുരമായി തീരുകയെന്നതാണ് ജീവിതത്തിന്റെ ലക്ഷ്യമായി മാറേണ്ടത്. അഥവാ, ധർമസംസ്ഥാപനമാണ് ഭൂമിയിലെ മനുഷ്യജീവിതത്തിന്റെ മുഖ്യലക്ഷ്യം. മുഴുവൻ വേദങ്ങളും പ്രവാചകന്മാരും മാതൃകാപുരുഷന്മാരും മനുഷ്യനോട് ആഹ്വാനം ചെയ്തിട്ടുണ്ടായിരുന്നത് ധർമസംസ്ഥാപനമായിരുന്നു. ഭഗവാൻ ശ്രീകൃഷ്ണൻ അർജുനനെ ഉപദേശിക്കുന്നത് നോക്കൂ: ‘എപ്പോഴെപ്പോൾ ധർമത്തിന് ക്ഷതവും അധർമത്തിന് അഭ്യുന്നതിയും സംഭവിക്കുന്നുവോ, അപ്പോഴെല്ലാം ഞാൻ ആവിർഭവിക്കുന്നു. ശിഷ്ടജനത്തെ പരിരക്ഷിക്കാനും ദുഷ്ടജനത്തെ നശിപ്പിക്കാനും അങ്ങനെ ധർമം സ്ഥാപിക്കാനും യുഗംതോറും ഞാൻ അവതരിക്കുന്നു’. ശ്രീബുദ്ധൻ തന്റെ ധർമപ്രബോധനം ആരംഭിക്കുന്നത് ഇപ്രകാരം പറഞ്ഞുകൊണ്ടാണ്: ‘ധർമം ഉപദേശിക്കുക തന്നെ വേണം. ജനങ്ങളെ വിനാശങ്ങളിൽനിന്ന് മോചിപ്പിക്കാൻ അതൊരു മാർഗമേയുള്ളൂ’. ധർമസംസ്ഥാപനത്തിനുവേണ്ടിയാണ് ദൈവം പ്രവാചകന്മാരെ നിയോഗിച്ചതെന്ന് വിശുദ്ധവേദവും വെളിപ്പെടുത്തുന്നുണ്ട്.

ധർമത്തിന്റെ പ്രസരണമെന്ന മുഖ്യലക്ഷ്യത്തോടൊപ്പം മറ്റു ലക്ഷ്യങ്ങളും ജീവിതത്തിൽ ആകാവുന്നതാണ്. ഓരോരുത്തരുടെയും അഭിരുചിയും താൽപര്യവും മുൻനിർത്തി അവ തെരഞ്ഞെടുക്കാവുന്നതേയുള്ളൂ. ഉദാഹരണത്തിന് ചിത്രകലയിൽ അഭിരുചിയുള്ള ഒരു വ്യക്തിക്ക് ചിത്രകലയിൽ പ്രാവീണ്യം നേടണമെന്ന് ലക്ഷ്യം വെക്കാവുന്നതാണ്. തുടർന്ന്, നന്മയുടെയും ധർമത്തിന്റെയും മാർഗത്തിൽ അതിനെ വിനിയോഗിക്കുകയും വേണം. എന്നല്ല, അഭിരുചികളുടെ സാക്ഷാൽക്കാരത്തിന് പ്രത്യാശയോടെയും ത്യാഗബോധത്തോടെയുമുള്ള സമർപ്പണം തീർച്ചയായും ഉണ്ടാവണം. അല്ലാമാ ഇഖ്ബാലിന്റെ ഉപമ കടമെടുത്ത് പറഞ്ഞാൽ, രാജാളിപക്ഷിയെപ്പോലെ അഭിമാനത്തോടെ ഉന്നതങ്ങളിലേക്ക് പാറിപ്പറന്ന് ഔന്നിത്യം നേടാനാണ് മനുഷ്യൻ ശ്രമിക്കേണ്ടത്.

എന്നാൽ, ആത്യന്തികമായി മറ്റൊരു ലക്ഷ്യമുണ്ട്. ഇരുലോകത്തും ദൈവത്തിന്റെ പ്രീതി നേടലാണത്. ലക്ഷ്യങ്ങളുടെ ലക്ഷ്യമാണ് ദൈവപ്രീതി. പരമവും സ്വർഗപ്രവേശത്തിന് നിമിത്തവുമാവുന്ന ലക്ഷ്യമാണത്. വിശ്വാസം, കർമം, ആരാധന, സമർപ്പണം, ധർമസംസ്ഥാപനം, കഴിവുകളുടെ പരിപോഷണം തുടങ്ങി ഏതു കാര്യത്തിന്റെയും സത്തയായി വർത്തിക്കേണ്ടത് ദൈവപ്രീതിയാണ്. അവ മൂല്യവത്തായി മാറുന്നത് ദൈവപ്രീതി ഉണ്ടാവുമ്പോഴാണ്. ദൈവപ്രീതി ലക്ഷ്യം വെക്കുന്നില്ലെങ്കിൽ, എല്ലാം നിശ്ഫലമായിത്തീരും. ”വിധേയത്വം ദൈവത്തിനു മാത്രമാക്കി അവനുമാത്രം വഴിപ്പെട്ട് നേർവഴിയിൽ ജീവിക്കാനല്ലാതെ അവരോട് കൽപ്പിച്ചിട്ടില്ലെന്ന്” വിശുദ്ധവേദം പറയുന്നുണ്ട്. മുൻഗാമികളായ ദൈവാനുരാഗികളുടെ മൗനമന്ത്രംതന്നെ ഇപ്രകാരമായിരുന്നു: ‘ദൈവമേ, നീയാണ് ഞങ്ങളുടെ ലക്ഷ്യം. നിന്റെ തൃപ്തിയാണ് ഞങ്ങളുടെ തേട്ടം’.

Related Articles