Current Date

Search
Close this search box.
Search
Close this search box.

സത്യത്തോടൊപ്പമുള്ള പ്രയാണം

‘സത്യം പറഞ്ഞാല്‍ ബുദ്ധിമോശം വരില്ല’ -മാലികുബ്‌നു അനസ്

ജീവിതത്തെ സാത്വികവും മനോഹരവുമാക്കുന്ന തത്വരത്‌നമാണ് സത്യം. നേരായത്, വാസ്തവമായത്, ഉണ്മയുള്ളത് എന്നൊക്കെയാണ് സത്യത്തിന്റെ അര്‍ഥങ്ങള്‍. സത്യത്തിന്റെ വിപരീതം കളവാണ്, മിഥ്യയാണ്. തെറ്റായത്, മായയായത്, ഇല്ലാത്തത് എന്നൊക്കെയാണ് കളവിന്റെ അര്‍ഥങ്ങള്‍. സത്യം വിശ്വസ്തതയാണ്. അഥവാ സത്യത്തിന്റെ അനുശീലനം ജനങ്ങള്‍ക്കിടയില്‍ മതിപ്പും ദൈവത്തിനരികില്‍ സംതൃപ്തിയും ഉറപ്പാക്കുന്നു. കളവ് വഞ്ചനയാണ്. അഥവാ കളവിന്റെ പ്രയോഗം ജനങ്ങള്‍ക്കിടയില്‍ വെറുപ്പും ദൈവത്തിനരികില്‍ കോപവും വരുത്തിവെക്കുന്നു.

ദൈവമാണ് പരമമായ സത്യവും അതിന്റെ ഉറവിടവും. എല്ലാ സത്യങ്ങള്‍ക്കും മീതെയുള്ള സത്യം. അവനപ്പുറം മറ്റൊരു സത്യമേയില്ല. സ്വഭാവം, കര്‍മം, ഉദേശ്യം, തീരുമാനം, വിജ്ഞാനം, ചലനം തുടങ്ങി എല്ലാറ്റിലും, ശരിയുടെയും നേരിന്റെയും ചേരുവകള്‍ മാത്രമുള്ള ഉണ്‍മയാണ് ദൈവം. അവനില്‍ കളവിന്റെ നേരിയ ലാജ്ഞനപോലും കലരുന്നില്ല. വാഗ്ദാനം ചെയ്താല്‍, അവന്‍ തനദ്‌രൂപത്തില്‍ അത് നിറവേറ്റുന്നു. ഒരു കാര്യം ഉദേശിച്ചാല്‍, പൂര്‍ണരൂപത്തില്‍ നടപ്പാക്കുന്നു. ദൈവത്തിന്റെ നടപടിക്രമങ്ങളില്‍ മാറ്റമോ പരിവര്‍ത്തനമോ ഇല്ല. ദൈവത്തെ സത്യത്തിന്റെ മാപിനിയാക്കികൊണ്ടായിരിക്കണം ജീവിതം. ഇന്ദ്രിയങ്ങള്‍ക്കും സ്വത്വത്തിനും അപ്പുറമുള്ള പരമസത്യത്തെ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്ന് കേനോപനിഷത്ത് ഉപദേശിക്കുന്നു.

ദൈവത്തിന്റെ ദൂതനായ മുഹമ്മദാണ് മറ്റൊരു സത്യം. സത്യത്തിന്റെ പ്രതീകമാണ് ദൂതന്‍. തമാശയില്‍പോലും കളവ് അവിടുന്ന് ഉരുവിട്ടിട്ടില്ല. സംസാരത്തിലും പ്രവര്‍ത്തനത്തിലും ഉണര്‍വിലും ഉറക്കത്തിലും നോട്ടത്തിലും കേള്‍വിയിലുമൊക്കെ ദൂതന്‍ സത്യത്തിന്റെ ഉയര്‍ന്ന മാതൃകയായി. വലതുകൈയില്‍ സൂര്യനെയും ഇടതുകൈയില്‍ ചന്ദ്രനെയും വെച്ചുതന്നാല്‍പോലും, തിരിച്ചറിഞ്ഞ സത്യത്തില്‍നിന്ന് ഒരടിപോലും പിന്നോട്ട് പോവുകയില്ലെന്ന് പ്രഖ്യാപിക്കുകയയുണ്ടായി ദൂതന്‍. ദൈവത്തിനും ദൂതനും ശേഷമുള്ള മറ്റു രണ്ട് സത്യങ്ങളാണ് വിശുദ്ധവേദവും തിരുചര്യയും. അവ രണ്ടും സത്യങ്ങളാവാതെ തരമില്ലല്ലോ. കാരണം, വിശുദ്ധവേദം ദൈവത്തിന്റെ സംസാരമാണ്. തിരുചര്യ ദൂതന്റെ സംസാരത്തിന്റെയും കര്‍മത്തിന്റെയും മൗനാനുവാദത്തിന്റെയും സമാഹാരവും. വിശുദ്ധവേദത്തിലും തിരുചര്യയിലും മിഥ്യകളുടെ സംസാരങ്ങളില്ല; പൊളിവാക്കുകളോ പാഴ്‌വാക്കുകളോ ഇല്ല. സത്യത്തിന്റെ ഉടയാത്ത ആധാരത്തിലാണ് അവയുടെ ശില്‍പഭംഗി നിലകൊള്ളുന്നത്. അതിനാലവ, സത്യത്തിന്റെ സുഗന്ധം എവിടെയും പരത്തുന്നു.

വിശുദ്ധവേദത്തിന്റെയും തിരുചര്യയുടെയും വഴിത്താരയില്‍ സത്യത്തിന്റെ നിത്യവൃക്ഷങ്ങളായി വളര്‍ന്നു പരിലസിക്കാന്‍ ഓരോ വ്യക്തിക്കും സാധിക്കേണ്ടിയിരിക്കുന്നു. സത്യത്തിന്റെ ഉടയാടക്കുള്ളില്‍ കോട്ടപോലെ ഭദ്രമാവട്ടെ ജീവിതം. സത്യമാവട്ടെ പരമലക്ഷ്യവും ആത്യന്തികനിലപാടും. വിശ്വാസം, സംസാരം, കര്‍മം, സ്വഭാവം എല്ലാം പടുത്തുയര്‍ത്തപ്പെടേണ്ടത് സത്യമെന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാവണം. അനുകൂലമാവട്ടെ, പ്രതികൂലമാവട്ടെ, ഏതു സാഹചര്യത്തിലും സത്യത്തോടായിരിക്കണം പ്രതിബദ്ധത. സത്യം ഒരിക്കലും അസത്യത്തോട് സന്ധിയാവില്ല. സത്യത്തോട് നാം സന്ധിയാവുക. സത്യത്തോടുള്ള സന്ധിയാണ് സത്യസന്ധത. സത്യത്തെ നിരാകരിച്ചാല്‍, ഈലോകത്ത് സമ്പൂര്‍ണമായ നിന്ദ്യതയായിരിക്കും ഫലം. നാളെ പരലോകത്താവട്ടെ നിത്യനരകവും.

വിശുദ്ധവേദവും തിരുചര്യയും സത്യത്തെയാണ് പ്രോല്‍സാഹിപ്പിക്കുന്നത്. സത്യമിതാ വന്നിരിക്കുന്നു, മിഥ്യ തകര്‍ന്നിരിക്കുന്നു, തീര്‍ച്ചയായും അത് തകരാനുള്ളതാണെന്ന് വിശുദ്ധവേദം ഒരിടത്ത് പ്രഖ്യാപിക്കുന്നുണ്ട്. ഇത് നിങ്ങളുടെ നാഥനില്‍നിന്നുള്ള സത്യമാണ്, വിശ്വസിക്കാനുദേശിക്കുന്നവര്‍ക്ക് വിശ്വസിക്കാം, നിഷേധിക്കാനുദേശിക്കുന്നവര്‍ക്ക് നിഷേധിക്കുകയും ചെയ്യാമെന്ന് മറ്റൊരിടത്ത് പറയുന്നു. എത്ര കയ്പുണ്ടെങ്കിലും ശരി, സത്യം മാത്രമേ പറയാവൂവെന്ന് തിരുചര്യ പഠിപ്പിക്കുന്നു. സത്യം എല്ലാറ്റിനും മീതെയെന്നും സത്യനിഷ്ഠ അതിനും മീതെയെന്നും ഗുരു നാനാക്ക്. അന്യോന്യം സത്യം പറയണമെന്ന് സകരിയാ പ്രവാചകന്‍. അസത്യം പറയാതിരിക്കല്‍ പതജ്ഞലി മഹര്‍ഷിയുടെ യോഗദര്‍ശനത്തിലെ പഞ്ചതത്വങ്ങളിലൊന്നാണ്. ഏതൊരുവനില്‍ സത്യവും ധര്‍മവും ഭവിക്കുന്നുവോ, അവനാകുന്നു പരിശുദ്ധനെന്ന് ശ്രീബുദ്ധന്‍ ഉദ്‌ബോധിപ്പിക്കുന്നു. സത്യം മാത്രം ജയിക്കുന്നുവെന്ന മൊഴിമുത്ത് മുണ്ഡകോപനിഷത്തിലെ മഹാവാക്യമാണ്.

Related Articles