ജനങ്ങൾക്ക് തോൽവിയെ പേടിയാണ്. തോൽവി പേടിച്ച് അവർ പുതിയ സംരംഭങ്ങൾ തുടങ്ങുകയില്ല. താൽപര്യമുണ്ടെങ്കിലും സാഹസികതയുള്ള ഒന്നിലേക്കും എത്തിനോക്കില്ല. അതിനൊക്കെ അവർക്ക് പല പല ഒഴികഴിവുകൾ പറയാനുണ്ടാകും. എന്നിട്ട് അനങ്ങാതിരിക്കും. അങ്ങനെ ജീവിതം കറങ്ങിയതിലൂടെ തന്നെ കറങ്ങി സ്തംഭനാവസ്ഥയിലാകും. ഇതാണല്ലോ യഥാർഥ പരാജയം.
ഓർക്കുക, ജീവിതം ഒരു യുദ്ധപരമ്പരയാണ്. ഒരു യുദ്ധം കഴിഞ്ഞാൽ അടുത്ത യുദ്ധത്തിലേക്ക് കടക്കേണ്ടിവരും. ജീവിതം ഒടുങ്ങുന്നത് വരെ ഇത് തന്നെ സ്ഥിതി. ഇത് എത്രയും നേരത്തെ തിരിച്ചറിയുന്നോ, അത്രയും മെനക്കേട് ഒഴിവാക്കാം. വീഴ്ചകളുടെ എണ്ണം കുറക്കാം. അങ്ങനെ ജീവിതത്തിന്റെ പ്രകൃതത്തെ ഉൾക്കൊള്ളാൻ സ്വയം സന്നദ്ധരാകാം.
യുദ്ധങ്ങളിൽ ആരും എല്ലായ്പ്പോഴും ജയിക്കാറില്ല. അയാൾ സത്യത്തിന്റെ വക്താവാണെങ്കിലും ശരി. ഏറെ ശക്തിമാനാണെങ്കിലും ശരി. ഇതാണ് ജീവിതത്തിന്റെ നടപടിക്രമം. അതിനാൽ തോറ്റു പോയാൽ ഒരിക്കലും നിരാശപ്പെടരുത്.
നീ വിദ്യാഭ്യാസം ചെയ്യാനൊരുങ്ങുന്നു. അതൊരു സമരഭൂമിയാണ്. അത് കഴിഞ്ഞ് തൊഴിൽ തേടി മറ്റൊരു സമരഭൂമിയിലേക്ക് കടക്കുന്നു. കുടുംബം എന്ന പോരാട്ട ഭൂമി പിറകെ വരുന്നു. അതിനിടക്ക് വരുന്ന പലവിധ സംഘർഷങ്ങൾ. ഒടുവിൽ വാർധക്യത്തോട് പൊരുതാനുള്ള ഒരുക്കമായി.
ചില സംഘർഷ ഭൂമികളുണ്ട്; ഒരു നിലക്കും നമുക്ക് ഒഴിവാക്കാൻ പറ്റാത്തതായി. അവയെ അഭിമുഖികരിച്ചേ പറ്റൂ, വിവേകത്തോടെ, ധീരതയോടെ.
നമ്മുടെ പോരാട്ട ഭൂമികൾ നാം വളരെ കരുതലോടെ തെരഞ്ഞെടുക്കണം. ഈ ലോകത്ത് ഒരൊറ്റ ജീവിതമാണുള്ളത്. കാലം ഒഴുകുകയാണ്. പ്രായം മുപ്പതിലെത്തുമ്പോൾ നാം അസ്വസ്ഥരാവാൻ തുടങ്ങുന്നു. നാൽപ്പതിലെത്തുമ്പോൾ ഇത്ര കാലം നാം ഭൂമിയിൽ ജീവിച്ചോ എന്ന് സ്വയം ചോദിക്കുകയായി. ഇക്കാലത്തിനിടയിൽ ഞാൻ എന്ത് ചെയ്തു? പിന്നെ അമ്പത്, അറുപത് … അങ്ങനെ ഓരോ ജീവിത ഘടത്തിലും ഒട്ടുവളരെ യാദൃഛികതകൾ.
നമ്മൾക്കിങ്ങനെ പ്രായമായി വരുമ്പോൾ മുമ്പേ കടന്നുപോയവരുടെ യുദ്ധഭൂമികളിലെ പൊടിപടലങ്ങൾ നാം കാണുന്നു. അവരുടെ യുദ്ധങ്ങൾ തന്നെ നമ്മുടെയും യുദ്ധങ്ങൾ എന്ന് നമുക്ക് തോന്നിപ്പോകുന്നു. യഥാർത്ഥത്തിൽ അങ്ങനെയല്ല. രണ്ടും രണ്ട് യുദ്ധങ്ങളാണ്. ഓരോ കാലത്തിനും അതിന്റെതായ പ്രത്യേകതകളുണ്ട്. ഓരോരുത്തനും നടത്തേണ്ടത് അവന് ചേർന്ന യുദ്ധമാണ്. അതിനാൽ മുമ്പേ പോയവരെ നോക്കി നാം അവരെ അനുകരിക്കരുത്. ഇടത്തും വലത്തുമുള്ളവരെ നോക്കി അവർ ചെയ്യും പോലെ ചെയ്യരുത്.
അതെ, വളരെ കരുതലോടെത്തന്നെയാണ് പോരാട്ട ഭൂമികൾ തെരഞ്ഞെടുക്കേണ്ടത്. നാം ഭാഗഭാക്കാകാൻ അർഹതയുള്ളതല്ല എല്ലാ യുദ്ധങ്ങളും. രക്ത സാക്ഷ്യങ്ങൾ വരെ ചിലപ്പോൾ പ്രതീക്ഷിച്ച ഫലങ്ങൾ നൽകാതെപ്പോകും. നമുക്ക് ചേർന്ന യുദ്ധങ്ങളാണ് തെരഞ്ഞെടുക്കേണ്ടത്. അതൊട്ടും എളുപ്പമല്ല. ദൂരെക്കാണുന്ന മുതലുകൾ നമ്മെ യുദ്ധത്തിലേക്കിറങ്ങാൻ പ്രലോഭിപ്പിക്കുന്നുണ്ടാകാം. ആ മുതലുകളുടെ അടുത്ത് ചെല്ലുമ്പോഴാണ് അവ നാം ഭാവനയിൽ കണ്ട പോലെ അത്രയൊന്നും വിലപിടിപ്പുള്ളതല്ല എന്ന് വ്യക്തമാവുക.
ജീവിത യാത്രയിൽ ഒരു തവണ പരാജയപ്പെടുക, പലതവണ പരാജയപ്പെടുക. എല്ലാം സ്വാഭാവികം. നാമിറങ്ങാൻ പോകുന്ന യുദ്ധമേതെന്ന് വളരെ കരുതലോടെ തെരഞ്ഞെടുത്തില്ലെങ്കിൽ, വഴിയരികിൽ നടക്കുന്ന മറ്റു യുദ്ധങ്ങളിൽ നാം തലയിടുകയാണെങ്കിൽ അത് കൊണ്ട് വിശപ്പും മാറില്ല; തടിയും പുഷ്ടിപ്പെടില്ല.
തന്റെ ലക്ഷ്യ സാക്ഷാത്കാരത്തിന് ഉതകാത്ത യുദ്ധത്തിലാണ് ഏർപ്പെട്ടതെങ്കിൽ, അതിൽ വിജയിച്ചാൽ തന്നെ, ഉദ്ദേശിച്ച സ്ഥാനത്ത് ഒരിക്കലും എത്തിച്ചേരാനാകില്ല. ഏർപ്പെടുന്ന യുദ്ധത്തിന് ചേരാത്ത ആയുധമാണ് കൈവശമുള്ളതെങ്കിൽ പരാജയം ഉറപ്പ്. നന്നായി പ്രയോഗിക്കാനാവുന്നതേത്, പ്രയോഗിക്കാനാവാത്തതേത് എന്ന് തിരിച്ചറിയാനാകണം.
പ്രവാചകൻ മുഹമ്മദ് നബി (സ) യെ കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും സന്ദർശിക്കുക
കണക്കുകൂട്ടലുകൾ തെറ്റിയാലും പരാജയമായിരിക്കും. കാര്യങ്ങളുടെ കിടപ്പറിയാൻ ഇടത്തും വലത്തും താഴെയും മീതെയുമൊക്കെ നോക്കണം. ഓരോ സന്ദർഭത്തിന്റെയും ‘സെനാറിയോ’ മുമ്പിലുണ്ടാവണം. അനിവാര്യമെന്ന് കണ്ടാൽ ഒന്ന് പിൻവലിഞ്ഞാലും കുഴപ്പമില്ല.
ചിലർ അതിദയനീയമായി പരാജയപ്പെടുന്നത് കണ്ടിട്ടില്ലേ ? എന്താ കാരണം ? ആദർശ പ്രചോദിതരായല്ല അവർ യുദ്ധത്തിനിറങ്ങിയത് എന്നത് കൊണ്ട്. തങ്ങളുടെ പോരാട്ടത്തിൽ അവർക്കത്ര വിശ്വാസം പോരാ; വിജയ പ്രതീക്ഷയും കുറവാണ്. ഭയന്ന, ചാഞ്ചാടുന്ന, പരാജിത മനസ്സോടെയാണ് പടക്കിറങ്ങുന്നതെങ്കിൽ തോറ്റല്ലേ മതിയാവൂ.
പരാജയം പരാജയം തന്നെയാണ്. ഏറെ അസ്വസ്ഥപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതുമാണ്. പരാജയത്തെ ഒരിക്കലും മഹത്വവൽക്കരിക്കുകയല്ല. നമുക്ക് വെളിപ്പെടുന്നത് പോലെയല്ല കാര്യങ്ങളുടെ നിജസ്ഥിതി എന്ന് മനസ്സിലാക്കണം. പരാജയം നീ ആരാണ്, നീന്റെ കഴിവുകൾ എന്തൊക്കെയാണ് എന്ന് നിനക്ക് വെളിപ്പെടുത്തി തരുന്ന അസുലഭ മുഹൂർത്തമാണ്. പ്രതിസന്ധികളിൽ കാലുറച്ച് നിൽക്കാനാവുമോ എന്നും മനസ്സിലാക്കാം. തോൽക്കുമ്പോഴാണ് നിന്റെ ഒപ്പമുള്ളതാര്, ശത്രുവാര്, ആത്മാർഥതയുള്ളവനാര്, വഞ്ചകനാര് എന്ന് തിരിച്ചറിയാനാവുക.
നമ്മളെപ്പോഴെങ്കിലും ഇടറി വീഴുന്നതിനെയല്ല പരാജയം എന്നു പറയുക. യഥാർഥ പരാജയം വിധേയത്വമാണ്, കീഴടങ്ങലാണ്. നാം ചെറുത്തുനിൽക്കുന്ന കാലത്തോളം കാര്യങ്ങൾ തീരുമാനമായിട്ടില്ല എന്ന് മനസ്സിലാക്കുക.
ദുൻയാവിൽ ഇടപെടുമ്പോൾ കളി മൈതാനങ്ങളിലെ സ്പോർട്ട്സ്മാൻ സ്പിരിറ്റ് നാം കൈവിടരുത്. കളി തോൽക്കുമ്പോൾ ടീമിന് ദു:ഖമുണ്ടാകും. പക്ഷെ ജയിച്ച ടീമിനെ അവർ അഭിനന്ദിക്കാനും മറക്കില്ല. അതാണ് ഉയർന്ന സ്പോർട്സ്മാൻ സ്പിരിറ്റ്. അടുത്ത കളി ജയിക്കുമെന്ന നിശ്ചയദാർഢ്യത്തോടെയാണ് അവർ ഗ്രൗണ്ട് വിട്ട് പോവുക.
നമുക്ക് ചുറ്റും വിജയികളായി നിൽക്കുന്നവരുണ്ടല്ലോ, അവരെക്കുറിച്ച് ആലോചിക്കുക. മുമ്പൊരിക്കൽ അവർ പരാജയപ്പെട്ടതാണ്. അതിന് ശേഷമാണ് വിജയരഥത്തിലേറിയുള്ള ഈ പ്രയാണം. സംശയമുണ്ടെങ്കിൽ ഗൂഗിൾ അമ്മാവനോട് ചോദിക്കൂ. ലോക പ്രശസ്തരായ ബിസിനസുകാർ, കളിക്കാർ, സമ്പന്നർ, കലാകാരൻമാർ, ശാസ്ത്രജ്ഞൻമാർ, സാഹിത്യകാരൻമാർ … എത്ര തവണയാണ് ലക്ഷ്യ സ്ഥാനത്തേക്കുള്ള യാത്രയിൽ അവർ ഇടറി വീണിട്ടുള്ളത്!
അതിനാൽ ഒന്ന് കാലിടറി വീണു പോയെങ്കിൽ സ്വന്തത്തെ ചാട്ടവാറടിക്കാതിരിക്കൂ, ആക്ഷേപിക്കാതിരിക്കൂ. നമുക്കെല്ലാവർക്കും തെറ്റുകൾ പറ്റും. ഇടറി വീഴാത്തവരായി ആരുണ്ട് ഈ ഭൂമുഖത്ത്! വീണു പോയെങ്കിൽ വീണ്ടും എഴുന്നേൽക്കുകയാണ് വേണ്ടത്. പുതിയൊരു പോരാട്ട ഭൂമിയെ അഭിമുഖീകരിക്കുന്നതിന് വേണ്ടി.
വീഴ്ചയുടെ കാരണങ്ങൾ കൃത്യമായി നിർണ്ണയിക്കണം. അതിൽ വീഴ്ച പാടില്ല. തീരുമാനങ്ങൾ തെറ്റിയതാകാം ചിലപ്പോൾ കാരണം. നിങ്ങൾ ഒരിക്കലും കണക്ക് കൂട്ടിയിട്ടില്ലാത്ത ഒരു സ്ഥിതിവിശേഷം പൊടുന്നനെ വന്നു ചേർന്നതുമാകാം കാരണം. അതിനാൽ ആദ്യ സംരംഭം തുടങ്ങിയത് പോലെ പുതിയത് തുടങ്ങാനാവില്ല. അങ്ങനെ ചെയ്താൽ മറ്റൊരു ഫലം പ്രതീക്ഷിച്ചിട്ടും കാര്യമില്ല.
നമ്മിലൊരാൾ ജീവിതത്തിനും മരണത്തിനുമിടയിൽ ചാഞ്ചാടിയ ഒരു ഘട്ടത്തിലുടെ കടന്നുപോയെന്ന് കരുതുക. ഒരു വാഹനാപകടം, തീപിടിത്തം, വെള്ളത്തിൽ മുങ്ങിത്താഴൽ അല്ലെങ്കിൽ അത് പോലുള്ള മറ്റൊന്ന്. ആ അപകടത്തിൽ നിന്ന് രക്ഷപെടാൻ ആ വ്യക്തി തന്റെ മുഴുവൻ കഴിവുകളും ശക്തിയും പുറത്തെടുക്കും. രക്ഷപ്പെട്ട് കഴിഞ്ഞാൽ തനിക്കിതെങ്ങനെ സാധ്യമായി എന്ന് അയാൾ അന്തംവിടും. സാധാരണ അവസ്ഥയിൽ ഈ മതിൽ ചാടിക്കടക്കാമോ എന്ന് ചോദിച്ചാൽ പറ്റില്ല എന്നായിരിക്കും നമ്മുടെ മറുപടി. പക്ഷെ പ്രതിസന്ധി ഘട്ടങ്ങളിൽ ഈ മതിലും അതിലപ്പുറവും അയാൾ ചാടിക്കടക്കും. നമ്മിൽ ഒളിഞ്ഞ് കിടക്കുന്ന ശേഷികൾ പുറത്തെടുക്കുന്നത് കൊണ്ടാണ് ഇത് സാധ്യമാവുന്നത്. വളരെ കൃത്യമായും ഇതാണ് നാം തിരിച്ചറിയേണ്ടത്. നമ്മിൽ ഒളിഞ്ഞും ഉറങ്ങിയും കിടക്കുന്ന കഴിവുകൾ തിരിച്ചു പിടിക്കുക. അതാണ് വീണു പോയ നിങ്ങളെ വിജയസിംഹാസനത്തിലെത്തിക്കുക.
ഒരു ചൊല്ലുണ്ട്. നടക്കുന്നവനേ വീഴുന്നുള്ളൂ.
വീണവന് പുതിയ ദിശയിൽ എഴുന്നേറ്റ് നടക്കാനുമാകും.
വിവ : അശ്റഫ് കീഴുപറമ്പ്
( അറബി കോളമിസ്റ്റും ഡോക്യുമെന്ററി സംവിധായകനുമാണ് ലേഖകൻ.)
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp