Current Date

Search
Close this search box.
Search
Close this search box.

അനുഗ്രഹമാണ് ആരോഗ്യം

‘ലാഭങ്ങളിൽവെച്ച് ഉൽകൃഷ്ടമായത് ആരോഗ്യമാകുന്നു’ -ശ്രീബുദ്ധൻ

ദൈവികമായ അനുഗ്രഹമാണ് ആരോഗ്യം. ആരോഗ്യം ഒരാൾക്ക് ലഭിക്കുന്ന ഐശ്വര്യമത്ര. ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവപോലെ ജീവിതത്തിൽ പ്രധാനമാണ് ആരോഗ്യവും. ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള പ്രജ്ഞയും ചിന്തയും ഉയിരെടുക്കുന്നത്. ആരോഗ്യം ദൈവഭക്തർക്ക് സമ്പത്തിനേക്കാൾ വലിയ അനുഗ്രഹമാണെന്ന് തിരുചര്യയിൽ പ്രവാചകൻ മൊഴിഞ്ഞിട്ടുണ്ട്. ബലിഷ്ഠ ശരീരം അളവറ്റ സ്വത്തിനേക്കാൾ ഉത്തമമാണെന്ന് ഉത്തരകാനോനിക ഗ്രന്ഥവും പറയുന്നുണ്ട്. അതിനാൽ, ആരോഗ്യത്തിന്റെ പരിപാലനം വിവേകമതികൾ ശ്രദ്ധയോടെ ഉറപ്പുവരുത്തുന്നു.

രോഗങ്ങളുടെ നടുവിലാണ് ഇന്ന് ജീവിതം. എത്രയെത്ര രോഗങ്ങളാണ് നമുക്ക് ചുറ്റും. പേരറിയുന്നതും പേരറിയാത്തതുമായ, ചെറുതും വലുതുമായ നിരവധി രോഗങ്ങൾ. സമ്പത്തിന്റെ വലിയൊരു ശതമാനം പലരും നീക്കിവെക്കുന്നത് ചികിൽസക്കാണ്. എന്നാൽ, രോഗ പ്രതിരോധമാണ് ചികിൽസയേക്കാൾ ഉത്തമമെന്ന കാര്യം വിസ്മരിക്കുന്നു. ശുചിത്വം, ഭക്ഷണം, വ്യായാമം എന്നിവയോട് അടുക്കും ചിട്ടയുമില്ലാത്ത സമീപനമാണ് രോഗവ്യാപനത്തിന്റെ പ്രധാന കാരണം.

ആരോഗ്യവും ആത്മീയതയും തമ്മിൽ ബന്ധമുണ്ട്. ആരോഗ്യം ആത്മീയതയെയും ആത്മീയത ആരോഗ്യത്തെയും പരസ്പരം സ്വാധീനിക്കുന്നു. മനുഷ്യൻ ഭൂമിയിൽ ദൈവത്തിന്റെ പ്രതിനിയാണെന്നാണ് ഇസ്‌ലാം പറഞ്ഞുവെക്കുന്നത്. ദൈവം മനുഷ്യനെ ഏൽപ്പിച്ച ചുമതലകൾ ഭംഗിയോടെ നിർവഹിക്കാൻ ആരോഗ്യം നിർബന്ധമാണ്. അതിനാൽ, ആരോഗ്യത്തിന് ഇസ്‌ലാം പ്രാധാന്യം നൽകുന്നു. പുണ്യപുരുഷന്മാർ എന്നതിനൊപ്പം ആരോഗ്യമുള്ളവർ കൂടിയായിരുന്നു പ്രവാചകന്മാർ. മോസസിനെ വിശുദ്ധവേദത്തിൽ ഒരിടത്ത് വിശേഷിപ്പിക്കുന്നത് വിശ്വസ്തനായ ശക്തിമാൻ എന്നാണ്. അമ്പെയ്ത്തും കുതിരസവാരിയും മറ്റും അഭ്യസിക്കുന്ന ആരോഗ്യമുള്ള വ്യക്തിയായിരുന്നു പ്രവാചകൻ.

ആരോഗ്യ സംരക്ഷണത്തിന് അനുശീലിക്കേണ്ട ഒന്നാമത്തെ തത്വം ശുചിത്വമാണ്. ശുചിത്വം വിശ്വാസത്തിന്റെ ഭാഗമാണെന്ന് തിരുചര്യ പഠിപ്പിക്കുന്നുണ്ട്. ശുചിത്വമുള്ളവരെ ദൈവം സ്‌നേഹിക്കുന്നുവെന്ന് വിശുദ്ധവേദവും പറഞ്ഞിട്ടുണ്ട്. വ്യക്തിയും കുടുംബവും സമൂഹവും ശുചിത്വബോധം ഉറപ്പാക്കണം. ശരീരം, വസ്ത്രം, പാർപ്പിടം, പരിസരം തുടങ്ങി മുഴുവൻ രംഗങ്ങളിലും വൃത്തിയും വെടിപ്പും ഉണ്ടായേ പറ്റൂ. മലിനതയാണ് ശുചിത്വമില്ലായ്മയുടെ ഫലം. മലിനമായ അന്തരീക്ഷം രോഗാണുക്കളുടെ കൂമ്പാരമായിരിക്കും. രോഗാണുക്കളുടെ സാന്നിധ്യം വ്യത്യസ്തമായ രോഗങ്ങൾക്കാണ് നിമിത്തമാവുന്നത്.

ആരോഗ്യ സംരക്ഷണത്തിന് അനുശീലിക്കേണ്ട രണ്ടാമത്തെ തത്വം ഭക്ഷണക്രമമാണ്. ഭക്ഷണവുമായി ബന്ധപ്പെട്ട് അനേകം ദൈവിക നിർദേശങ്ങളുണ്ട്. അനുവദനീയ ഭക്ഷണമേ കഴിക്കാൻ പാടുള്ളൂ. നിഷിദ്ധമായവ ഒരുനിലക്കും ഭക്ഷിക്കരുത്. നിഷിദ്ധമായ ഭക്ഷണത്തിന്റെ ഉപയോഗം ആരോഗ്യത്തെയും ധാർമികതയെയും പ്രതികൂലമായി ബാധിക്കും. മദ്യം ഉദാഹരണം. തിന്മകളുടെ മാതാവാണത്. മദ്യം മനുഷ്യന്റെ പ്രജ്ഞയും ചിന്താശേഷിയും നശിപ്പിക്കുന്നു. മദ്യപന്റെ ജീവിതമാകട്ടെ, കുത്തഴിഞ്ഞതുമായിരിക്കും. നിശ്ചിത സമയങ്ങളിലേ ഭക്ഷണം പാടുള്ളൂ. തീരെ ഭക്ഷിക്കാതിരിക്കാനും അമിതമായി ഭക്ഷിക്കാനും പാടില്ല. മിതാഹാരമാണ് ഉത്തമം. അത് ഒട്ടേറെ രോഗങ്ങളെ തടഞ്ഞുനിർത്തുന്നു. ബുദ്ധിവികാസം, ഓർമശക്തി, സുഖകരമായ ദഹനപ്രക്രിയ എന്നിവക്ക് മിതാഹാരം അനിവാര്യമാണ്. തിന്നുമ്പോൾ, ചവച്ചരച്ച് ആസ്വദിച്ച് തിന്നാൻ ശ്രമിക്കുക. ആഹാരം പഥ്യമുള്ളതെങ്കിൽ, ഔഷധം വേണ്ടെന്നും ആഹാരം പഥ്യമുള്ളതല്ലെങ്കിൽ, ഔഷധംകൊണ്ട് പ്രയോജനമില്ലെന്നുമുള്ള തത്വം ഹിന്ദുമതത്തിന്റെ ആരോഗ്യദർശനമായ ആയുർവേദത്തിന്റെ അടിസ്ഥാനമാണ്.

ആരോഗ്യ സംരക്ഷണത്തിന് അനുശീലിക്കേണ്ട മൂന്നാമത്തെ തത്വം വ്യായാമമാണ്. വ്യായാമം നിത്യയൗവനം പ്രദാനംചെയ്യുന്നു. ആരോഗ്യത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ഇഷ്ടമുള്ള ഏത് വ്യായാമവും തെരഞ്ഞടുക്കാം. വ്യായാമത്തിന് പകരം ശരീരത്തെ മൊത്തത്തിൽ ചലിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്ന കളികളും ആകാവുന്നതാണ്. കാൽപ്പന്തുകളി നല്ലൊരു തെരഞ്ഞെടുപ്പാണ്. വ്യായാമത്തിലൂടെയും കളികളിലൂടെയും ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പുകൾ പുറത്തുപോകുന്ന സാഹചര്യം ഉണ്ടാവുന്നു. ഫലമെന്നോണം ശാരീരിക ക്ഷമതയും ഉള്ളകത്തിന്റെ ഉണർവും നിലനിർത്താനാവുന്നു.

Related Articles