Current Date

Search
Close this search box.
Search
Close this search box.

പരിസ്ഥിതി സംരക്ഷണം

‘സന്തോഷത്തിന്റെ ആദ്യ വ്യവസ്ഥകളിലൊന്നാണ് മനുഷ്യനും പ്രകൃതിയും
തമ്മിലുള്ള ബന്ധം തകര്‍ക്കപ്പെടാന്‍ പാടില്ലെന്നത്’ -ലിയോ ടോള്‍സ്റ്റോയ്

മനോഹരമാണ് നമ്മുടെ പ്രപഞ്ചം. അതിലെ ഓരോന്നിനും വശ്യതയുണ്ട്. മഴ നോക്കൂ. പ്രകൃതിക്ക് പ്രത്യാശയുടെ കുളിരൊരുക്കി അത് കടന്നുവരുന്നു. ആകാശത്തിന്റെ അനന്തതയും കടലിന്റെ നീലിമയും കണ്ണുകള്‍ക്ക് കൗതുകരമാണ്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പ്രജ്ഞയെ ചിന്തയുടെ ചക്രവാളങ്ങളിലേക്ക് കൊണ്ടുപോകുന്നു. പക്ഷികളുടെ കളകളാരവത്തിനും കാറ്റിന്റെ സീല്‍ക്കാരത്തിനും താളവും ഈണവുമുണ്ട്. അവ കാതുകള്‍ക്ക് ആനന്ദം പകരുന്നു. പരിസ്ഥിതിയില്‍ എല്ലാം ജൈവികതയിലാണ് നടക്കുന്നത്. പ്രകൃതി ഒരുക്കിയ നിയമങ്ങളുടെ തണലിലാണവ. വിശക്കുമ്പോള്‍ മാത്രമേ മൃഗങ്ങള്‍ വേട്ടയാടുന്നുള്ളൂ. ഇണചേരുമ്പോള്‍ ആരെ പ്രാപിക്കണം, പ്രാപിക്കരുത് എന്നതിലൊക്കെ അവക്ക് കൃത്യമായ ധാരണയുണ്ട്. പൂവിരിയുമ്പോള്‍ പൂമ്പാറ്റകള്‍ക്ക് ക്ഷണത്തിന്റെ ആവശ്യമില്ലെന്ന് ശ്രീരാമകൃഷ്ണ പരമഹംസര്‍ കുറിച്ചിട്ടുണ്ട്.

പരിസ്ഥിതിയെ തനിമയില്‍ നിലനിര്‍ത്തല്‍ മനുഷ്യന്റെ ധര്‍മമാണ്. വായു, വെള്ളം, വെളിച്ചം തുടങ്ങി ഒന്നും മലിനമാവാവതല്ല. സസ്യങ്ങള്‍, ജന്തുക്കള്‍, മൃഗങ്ങള്‍, പക്ഷികള്‍, ഉരഗങ്ങള്‍, അവയുടെ വിവിധ സ്പീഷ്യസുകള്‍ എന്നിങ്ങനെ എല്ലാറ്റിനും അവകാശപ്പെട്ടതാണ് പരിസ്ഥിതി. ഇതര ജീവജാലങ്ങളുടെ സാന്നിധ്യത്തിലാണ് മനുഷ്യജീവിതംപോലും സുന്ദരമാവുന്നത്. ഉദാഹരണത്തിന്, സസ്യങ്ങളുള്ളതിനാല്‍, മനുഷ്യന്റെ ശ്വാസോഛ്വാസം സുഖകരമായി നടക്കുന്നു. അവ പുറത്തുവിടുന്ന ഓക്‌സിജന്‍ മനുഷ്യന്‍ സ്വീകരിക്കുന്നു. മനുഷ്യന്‍ പുറത്തുവിടുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് സസ്യങ്ങള്‍ തിരികെ സ്വീകരിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള ആദാനപ്രദാനത്തിന്റെ ഒത്തിരി ചക്രങ്ങള്‍ പരിസ്ഥിയില്‍ കണ്ടെത്താനാവും. ഏറ്റവും രസകരമായ കാര്യം, മനുഷ്യനില്ലാതെ മറ്റു ജീവജാലങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കുമെങ്കിലും, അവയില്ലാതെ മനുഷ്യജീവിതം അസാധ്യമാണെന്നതാണ്.

എന്നാല്‍, വിവിധ തലങ്ങളില്‍ മനുഷ്യന്‍ പരിസ്ഥിതിയെ ചൂഷണം ചെയ്യുകയാണ്. ഉദാഹരണത്തിന് പ്ലാസ്റ്റിക്കിന്റെ വര്‍ധിച്ച ഉപയോഗമെടുക്കാം. ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് ഒന്നുകില്‍ കത്തിക്കും; അല്ലെങ്കില്‍, മണ്ണിലേക്ക് വലിച്ചെറിയും. രണ്ടായാലും പരിസ്ഥിക്ക് ഹാനികരമാണ്. പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ വായു മലിനമാവും. വലിച്ചെറിയുമ്പോള്‍, മണ്ണിന്റെ ജൈവികതക്ക് കോട്ടം സംഭവിക്കുന്നു. പ്ലാസ്റ്റിക്കുള്ള മണ്ണില്‍ വായുസഞ്ചാരം നടക്കില്ല. മണ്ണിന്റെ പോഷകമൂല്യം ഉറപ്പാക്കുന്ന മണ്ണിരയുടെ നാശത്തിന് പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം നിമിത്തമാവും. കടലിലെത്തുന്ന പ്ലാസ്റ്റിക്കുകള്‍ മത്സ്യങ്ങള്‍ക്കും ഭീഷണിയാണ്. പ്ലാസ്റ്റിക്കിലെ വിഷാംശങ്ങള്‍ സൂക്ഷമജീവികളുടെയും സ്ഥൂലജീവികളുടെയും നാശത്തിന് വഴിവെക്കുന്നു. പ്രകൃതി വിഭവങ്ങളെ ശരിയായ വിധത്തില്‍ സംരക്ഷിക്കാനായില്ലെങ്കില്‍, മറ്റൊന്നും ശരിയാകാന്‍ പോകുന്നില്ലെന്ന എം.എസ് സ്വാമിനാഥന്റെ മുന്നറിയിപ്പ് ഈ സന്ദര്‍ഭത്തില്‍ ഏറെ ചിന്തനീയമാണ്.

ആകാശവും ഭൂമിയുമടങ്ങുന്ന പ്രപഞ്ചം ദൈവത്തിന്റെ വരദാനമാണ്. ദൈവിക വിസ്മയങ്ങളും കലകളുമാണ് അതില്‍ പ്രതിഫലിക്കുന്നുത്. അവ ദൈവത്തിന്റെ അസ്തിത്വത്തെ അടയാളപ്പെടുത്തുന്നു. പരിസ്ഥിതിയും അതിലെ വിഭവങ്ങളും മനുഷ്യനുവേണ്ടിയാണ് ദൈവം ഒരുക്കിയത്. മനുഷ്യന് അവ ആവശ്യാനുസാരം ഉപയോഗിക്കാം. എന്നാല്‍, അക്കാര്യത്തില്‍ ധൂര്‍ത്തോ, ചൂഷണമോ പാടില്ല. എല്ലാവരുടെയും ആവശ്യത്തിനുള്ളത് പ്രകൃതിയിലുണ്ടെന്നും ആരുടെയും അത്യാഗ്രഹം ശമിപ്പിക്കാനുള്ളത് അതിലില്ലെന്നും ഗാന്ധിജി പറഞ്ഞിട്ടുണ്ട്. മനുഷ്യന്റെ ദുരാഗ്രഹങ്ങളാണ് ആവാസവ്യവസ്ഥയെ തകരാറിലാക്കുന്നത്. മനുഷ്യകരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് കരയിലും കടലിലും കുഴപ്പങ്ങള്‍ ഉണ്ടാവുന്നതെന്ന തത്വം വിശുദ്ധവേദത്തിന്റെ പാഠമാണ്.

പരിസ്ഥിതിയെയും അതിലുള്ളവയെയും സ്‌നേഹിക്കാനും പരിപാലിക്കാനുമാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. പ്രപഞ്ചത്തിലെ സര്‍വ ചരാചരങ്ങളും ദൈവത്തിന്റെ സൃഷ്ടികളാണ്. അവ ദൈവത്തിന് വിധേയപ്പെട്ടാണ് കഴിഞ്ഞുകൊണ്ടിരിക്കുന്നത്. ഭൂമിയില്‍ ചരിക്കുന്ന ഏതു ജീവിയും ഇരുചിറകുകളില്‍ പറക്കുന്ന ഏതു പറവയും മനുഷ്യരെപ്പോലുള്ള സമൂഹങ്ങളാണെന്ന് വിശുദ്ധവേദം പഠിപ്പിക്കുന്നു. ഒരിക്കല്‍ ഉഹുദ് പര്‍വതത്തിന്റെ നേര്‍ക്ക് തിരിഞ്ഞ് പ്രവാചകന്‍ മുഹമ്മദ് ഇപ്രകാരം മൊഴിയുകയുണ്ടായി: ”ഇതാ ഉഹുദ്, നാം സ്‌നേഹിക്കുകയും നമ്മെ സ്‌നേഹിക്കുകയും ചെയ്യുന്ന പര്‍വതം.” പര്‍വതത്തോടുള്ള പ്രവാചകന്റെ വൈകാരികമായ ബന്ധമാണ് ഇവിടെ അനാവൃതമാവുന്നത്.

Related Articles