Current Date

Search
Close this search box.
Search
Close this search box.

ധ്യാനം പകരുന്ന ഊർജം

‘ദൈവം സ്വത്വത്തെ തുറസാക്കാനും വിജ്ഞാനം നൽകാനും ഒരാൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവൻ ധ്യാനത്തിലേർപ്പെട്ടുകൊള്ളട്ടെ’ -ഇമാം ശാഫി

ആത്മവിശുദ്ധിയുടെ മാർഗമാണ് ധ്യാനം. അനശ്വരതയിലേക്ക് ചിറകടിക്കാൻ ആത്മാവിനെ പര്യാപ്തമാക്കുന്നു അത്. ദിവസവും കുറഞ്ഞ നിമിഷങ്ങൾ ധ്യാനത്തിലേർപ്പെടൽ ഉത്തമമായ കാര്യമാണ്. വേദഗ്രന്ഥങ്ങളും മഹാത്മാക്കളും അതിന് പ്രോത്സാഹനം നൽകിയിട്ടുണ്ട്. ചിത്തത്തിൽ ധ്യാനയോഗം വരണമെന്ന് ശ്രീബുദ്ധൻ ഉപദേശിക്കുന്നു. ജ്ഞാനിയാവാൻ ധ്യാനത്തിന്റെ സ്പർശം വേണമെന്ന് ഉപനിഷത്തുകളിൽനിന്ന് ഗ്രഹിക്കാം. ദിവ്യവെളിപാടിന്റെ മുന്നോടിയായി മുഹമ്മദ് നബി സ്ഥിരമായി ഹിറാഗുഹയിൽ ധ്യാനത്തിലേർപ്പെട്ടിരുന്നു. വെളിപാടിനുശേഷം, പ്രവാചകന് ജീവിതംതന്നെ ധ്യാനമായിരുന്നു. എങ്കിലും, വ്രതമാസത്തിന്റെ അവസാന ദിനങ്ങളിൽ ദൈവത്തെ സ്മരിച്ച് ധ്യാനനിമഗ്നമാവാറുണ്ടായിരുന്നു. ദൈവിക സിംഹാസനത്തിന്റെ തണൽ ലഭിക്കുന്ന ഒരു വ്യക്തി ഏകാഗ്രനായി ദൈവത്തെ ഓർക്കുന്നവനാണെന്ന് അവിടുന്ന് പറയുകയുണ്ടായി.

ആദർശത്തിലേക്ക് സ്വത്വത്തെ മൗനസ്മിതം ചേർത്തുവെക്കലാണ് ധ്യാനം. ആത്മാവിൽ ആദർശത്തെ കൊത്തിവെക്കലാണ് ധ്യാനം. പ്രജ്ഞക്ക് ആദർശത്തെക്കുറിച്ച് പൂർണബോധ്യം നൽകലാണ് ധ്യാനം. അഥവാ ആദർശമാവണം ധ്യാനത്തിന്റെ പ്രമേയം. തെളിമയാർന്ന ആദർശമാണ് ഇസ്‌ലാമിന്റെ ആദർശം. ‘അല്ലാഹുവല്ലാതെ മറ്റൊരു ദൈവമേയില്ല, മുഹമ്മദ് ദൈവത്തിന്റെ ദൂതനാകുന്നു’, എന്നതാണത്. ഉള്ളിലുറപ്പിച്ച്, നാവിലൂടെ പ്രഖ്യാപിച്ച്, ജീവിതത്തിന് വെളിച്ചമാവേണ്ട ആദർശമാണിത്. ലളിതവും യുക്തിഭദ്രവുമായ ഈ ആദർശം പ്രപഞ്ചത്തിന്റെ സ്രഷ്ടാവും ഉടമസ്ഥനും വിധികർത്താവുമായ യഥാർഥ ദൈവത്തെ ഗ്രഹിപ്പിക്കുന്നു; ദൈവമാരാണെന്ന് അറിയിച്ചുതന്ന ദൂതനെയും പഠിപ്പിക്കുന്നു. ധ്യാനത്തിലൂടെ സമർപ്പണം, വിശ്വാസം, സ്മരണ, ഭരമേൽപ്പിക്കൽ, സുകൃതം തുടങ്ങി ദൈവവുമായി ബന്ധപ്പെട്ട സവിശേഷമൂല്യങ്ങൾ ജീവിതത്തിൽ തളിർക്കുന്നു.

സ്വന്തത്തിന് നേരെ നോക്കുന്ന കല കൂടിയാണ് ധ്യാനം. അവനവന്റെ ഉള്ളിലേക്ക് ഊളിയിട്ടിറങ്ങുന്ന പ്രക്രിയയാണത്. പുറത്ത് ആകാശവും നക്ഷത്രങ്ങളും സാഗരവും ഉള്ളതുപോലെ അകത്തും അവയൊക്കെയുണ്ട്. ധ്യാനത്തിലൂടെയാണ് ആന്തരികസത്തയുടെ പൊരുളുകൾ വെളിപ്പെടുന്നത്. സ്വന്തം മിടിപ്പുകള്‍ അനുഭവിക്കുകയെന്നത് ഏറെ ആനന്ദകരമാണ്. ഉള്ളിലുള്ള വെളിച്ചത്തെ സ്വതന്ത്രമായി പ്രകാശിപ്പിക്കാൻ അനുവദിക്കുകയെന്ന് പൗലോ കൊയ്‌ലോ എഴുതിയിട്ടുണ്ട്. നീ നിനക്ക് വെളിച്ചമാവുകയെന്ന് ശ്രീബുദ്ധനും മൊഴിഞ്ഞിട്ടുണ്ട്. ഉള്ളിലെ മനുഷ്യനെ കണ്ടെത്തുക, അതിന്റെ ശക്തി അപാരമാണെന്ന് താവോയും പറയുന്നു. ഉള്ളിലെ വെളിച്ചത്തെ തീക്ഷണമാക്കാൻ ധ്യാനത്തിലൂടെ സാധിക്കുന്നു. ആരെങ്കിലും ധ്യാനത്തിലൂടെ ദൈവത്തെ തിരിച്ചറിഞ്ഞാൽ, സ്വന്തത്തെയും സ്വന്തത്തെ തിരിച്ചറിഞ്ഞാൽ, ദൈവത്തെയും തിരിച്ചറിയും. ആരാണ് ഞാൻ? എവിടെനിന്നാണ് ഞാൻ? എവിടേക്കാണ് ഞാൻ? തുടങ്ങി അസ്തിത്വവുമായി ബന്ധപ്പെട്ട ഒത്തിരി കാര്യങ്ങൾ അനാവൃതമാക്കുന്നു ധ്യാനം.

ധ്യാനമെന്ന ആത്മീയവിത്ത് നൽകുന്ന ഫലങ്ങളും കനികളും ഒത്തിരിയാണ്. പ്രശാന്തി നിറഞ്ഞ ജീവിതം ധ്യാനത്തിന്റെ ഒരു ഫലമാണ്. ഘനീഭവിക്കുന്ന ദുഖങ്ങൾ ദൂരേക്ക് മാറ്റിനിർത്തുന്നു പ്രശാന്തി. നിത്യം ത്രസിക്കുന്ന ആത്മാവ് ധ്യാനത്തിന്റെ മറ്റൊരു ഫലമാണ്. ശ്രദ്ധയും ഏകാഗ്രതയും ഉണർവും ധ്യാനത്തിന്റെ മറ്റു ഫലങ്ങളാണ്. കൂടാതെ, വീഴ്ചകളിൽനിന്നും പാപങ്ങളിൽനിന്നുമുള്ള സ്വത്വത്തിന്റെ മുക്തി ധ്യാനം സാധ്യമാക്കുന്നു. മുന്നോട്ടുള്ള പ്രയാണം സുഖപ്രദമാകാനും ഉത്തരവാദിത്തങ്ങൾ ആത്മധൈര്യത്തോടെ നിർവഹിക്കാനും ധ്യാനത്തോളം സഹായിക്കുന്ന മറ്റൊന്നില്ല.

ധ്യാനം സാമൂഹികജീവിതത്തിൽനിന്നുള്ള ഒളിച്ചോട്ടത്തിന്റെ ആശയമായി തെറ്റിദ്ധരിക്കരുത്. ഒളിച്ചോട്ടത്തെ മഹത്വപ്പെടുത്തുന്ന ധ്യാനം വ്യാജമായ ധ്യാനമാണ്. നിഷ്‌ക്രിയമായ ജീവിതമാണ് അത് സമ്മാനിക്കുന്നത്. പ്രവാചകന്മാരുടെ പാതയല്ല അത്. പ്രവാചകന്മാരോളം ദൈവസാമീപ്യം പ്രാപിച്ചവരും സമൂഹത്തെ സ്‌നേഹിച്ചവരും ആരുമുണ്ടാവില്ലല്ലോ. സാമൂഹികപരിഷ്‌കരണത്തിന്റെ ചുമതലയുള്ള പുണ്യാത്മാക്കളെന്നാണ് ചില ജ്ഞാനികൾ പ്രവാചകന്മാർക്ക് നല്കിയ നിർവചനം. യഥാർഥ ധ്യാനം ആദർശത്തെ ബോധ്യപ്പെടുത്തുന്നു; സ്വന്തത്തെക്കുറിച്ചുള്ള തിരിച്ചറിവ് ഉണ്ടാക്കുന്നു. അതോടൊപ്പം, സാമൂഹിക ഉത്തരവാദിത്തങ്ങൾ ഭംഗിയോടെ നിർവഹിക്കാൻ ഊർജം പകരുകയും ചെയ്യുന്നു.

Related Articles