Current Date

Search
Close this search box.
Search
Close this search box.

എഴുത്ത് വിപ്ലവമാണ്

‘ഞാനെപ്പോഴും കൂടെ രണ്ട് പുസ്തകങ്ങൾ കരുതുന്നു;
ഒന്ന് വായിക്കുന്നതിനും, മറ്റൊന്ന് എഴുതുന്നതിനും’ -ലൂയിസ് സ്റ്റീവ്‌സൺ

എഴുത്താണോ, അതല്ല സംസാരമാണോ ദീർഘകാലം നിലനിൽക്കുക? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ പ്രബന്ധമാണോ, അതല്ല പ്രസംഗമാണോ കാലത്തെ കൂടുതൽ അതിജീവിക്കുക? സാംസ്‌കാരിക ലോകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. എഴുത്തിനും സംസാരത്തിനും അവയുടേതായ പ്രസക്തിയുണ്ടെന്നതാണ് സത്യം. നല്ല പ്രബന്ധവും നല്ല പ്രസംഗവും എക്കാലവും നിലനിൽക്കും. എങ്കിലും, സുകുമാർ അഴീക്കോടിനെപോലുള്ളവർ സംസാരത്തേക്കാൾ എഴുത്തിനാണ് മുൻതൂക്കം നൽകുന്നത്. എഴുത്ത് സംസാരത്തേക്കാൾ കാലങ്ങളോളം സുരക്ഷിതമായി നിലനിൽക്കുമെന്ന് അദ്ദേഹം പറയുന്നു.

മനുഷ്യരാശിയുടെ വികാസത്തിലെ സുപ്രധാനമായ മുന്നേറ്റമായിരുന്നു എഴുത്ത് വിദ്യ. വിജ്ഞാനം പകർത്തിവെക്കാനും അത് ഭാവിതലമുറക്ക് പ്രയോജനപ്രദമാക്കാനും എഴുത്തിലൂടെ മനുഷ്യന് സാധിച്ചു. സംസാരം സുരക്ഷിത രൂപത്തിൽ നിലനിർത്താൻ സാധിക്കാത്ത പൗരാണിക കാലത്ത് എഴുത്തിന്റെ പ്രാധാന്യം ഊഹിക്കാവുന്നതേയുള്ളൂ. എഴുത്തിന്റെ ഇന്നത്തെ രൂപത്തിലേക്കുള്ള പരിവർത്തനത്തിന് തീർച്ചയായും വ്യത്യസ്തമായ ഘട്ടങ്ങളുണ്ട്. ചുമരുകളിൽ ചിത്രങ്ങൾ വരഞ്ഞത്, ചിഹ്നങ്ങളുപയോഗിച്ച് ഗുഹകളിൽ ആശയങ്ങൾ കൊത്തിവെച്ചത്, ലിപികളുടെയും അക്ഷരങ്ങളുടെയും കണ്ടുപിടിത്തം, തൂലികയുടെ ഉപയോഗം, എല്ലുകളിലും കല്ലുകളിലും താളിയോലകളിലും എഴുതിയത്, കടലാസിന്റെ കണ്ടുപിടിത്തം തുടങ്ങി എഴുത്തിന്റെ ഇന്നത്തെ വികാസത്തിലേക്കുള്ള വഴിയിൽ പല വളർച്ചകളും കാണാവുന്നതാണ്.

വേദഗ്രന്ഥങ്ങൾ നിലനിൽക്കുന്നത് എഴുത്തെന്ന മാധ്യമത്തിന്റെ പിൻബലത്തിലാണ്. വെളിപാടുകളാണ് വേദഗ്രന്ഥങ്ങളുടെ ഉള്ളടക്കം. പ്രവാചകന്മാർക്കും ഋഷികൾക്കുമാണ് വെളിപാടുകൾ ഉണ്ടാവുന്നത്. വെളിപാടുകൾ പല പരൂപത്തിൽ സംഭവിക്കാം. ബോധോദയം, ദൈവത്തിന്റെ സംസാരം, സ്വപ്നദർശനം എന്നിവ അതിന്റെ ചില രൂപങ്ങളാണ്. വെളിപാടുകൾ ദൈവികമായ ആശയങ്ങളായിരിക്കും. അവ സംസാരമാണോ, എഴുത്താണോ എന്ന് ചോദിക്കുന്നതിൽ അർഥമില്ല. ആശയങ്ങൾ ആശയങ്ങളാണ്. അവ ദൈവത്തിൽ അനാദിയായി അന്തസ്ഥിതവുമാണ്. വെളിപാടുകൾ അടങ്ങുന്ന വേദഗ്രന്ഥങ്ങൾക്ക് ഉദാഹരണങ്ങളാണ് ബൈബിൾ, ഗീത, ഖുർആൻ എന്നിവ. എന്നാൽ, വ്യാകരണപരവും ഭാഷാപരവും സാഹിത്യപരവുമായ പൂർണതയിൽ വള്ളിപുള്ളി വ്യത്യാസമില്ലാതെ കാലത്തെ അതിജീവിച്ച് ഇപ്പോഴും നിലനിൽക്കുന്നത് വിശുദ്ധവേദമായ ഖുർആൻ മാത്രമാണ്. അത് ഒരേസമയം ദൈവത്തിന്റെ എഴുത്തും(കിതാബുല്ലാഹ്) സംസാരവുമാണ്(കലാമുല്ലാഹ്).

സർഗാത്മക പ്രക്രിയയാണ് എഴുത്ത്. അതോടൊപ്പം വിപ്ലവ പ്രവർത്തനവുമാണത്. മൂർച്ചയുള്ള തൂലികകൊണ്ട് സാമൂഹിക മാറ്റത്തിന് അടിത്തറ ഒരുക്കാനാവും. അരുതായ്മകളെ ചോദ്യംചെയ്യുന്ന കലാപകാരികളായ എഴുത്തുകാർ സമൂഹത്തിന്റെ സൂക്ഷിപ്പുസ്വത്താണ്. സമകാലീന ഇന്ത്യയിൽ അരുന്ധതി റോയിയുടെ എഴുത്തിനേക്കാൾ സംഘ്ഫാഷിസത്തെ പ്രതിരോധത്തിലാക്കുന്ന മറ്റെന്താണുള്ളത്. ഇസ്‌ലാമിന്റെ ദാർശനിക സൗന്ദര്യം വെളിപ്പെടുത്തുന്ന മുഹമ്മദ് അസദിന്റെയും അലി ഇസ്സത്ത് ബെഗോവിച്ചിന്റെയും മുഹമ്മദ് ബാഖിർ സ്വദ്‌റിന്റെയും തൂലികകൾ എത്ര ഉദാത്തമാണ്. ദന്തഗോപുരങ്ങളിൽ വസിക്കാതെ ജനക്ഷേമത്തിന് നിലകൊള്ളുന്നുവെന്നതാണ് ഇപ്പറഞ്ഞ എഴുത്തുകാരുടെയൊക്കെ സവിശേഷത.

എഴുത്ത് ഒരു വരദാനമാണ്. താൽപര്യമുള്ളവർ അതിൽ നിപുണത നേടണം. സർഗാത്മക പ്രക്രിയകളിലൂടെയാണ് എഴുത്ത് പൂർണത പ്രാപിക്കുന്നത്. സമർപ്പണത്തിലൂടെ മാത്രമേ എഴുത്തിന്റെ വഴിയേ സഞ്ചരിക്കാനാവുകയുള്ളൂവെന്ന് കൽപ്പറ്റ നാരായണൻ നിരീക്ഷിച്ചിട്ടുണ്ട്. ആശയങ്ങളെ കൃത്യതയോടെയും സൗന്ദര്യത്തോടെയും അവതരിപ്പിക്കാനാവുന്ന ഭാഷ എഴുത്തിന് അനിവാര്യമാണ്. ഉൾവിളികളും സമരതീക്ഷണതയുമാണ് എഴുത്തിന് പ്രചോദനമാവുന്നത്. പേനക്കും എഴുത്തിനും ഇസ്‌ലാമിൽ തനദ് പ്രാധാന്യമുണ്ട്. വിശുദ്ധവേദത്തിലെ ഒരു അധ്യായത്തിന്റെ നാമം പേന(കലം) യെന്നാണ്. പേനയെയും എഴുത്തിനെയും ആണയിട്ടാണ് അതിന്റെ ആരംഭം: ”നൂൻ. പേനയും അവർ എഴുതിവെക്കുന്നതും സാക്ഷി”(അൽഖലം:1). ആദ്യം അവതരിച്ച സൂക്തങ്ങളിൽ വായനക്കൊപ്പം തൂലികയെയും പരാമർശിച്ചത് കാണാം: ”പേനകൊണ്ട് പഠിപ്പിച്ചവൻ. മനുഷ്യനെ അവനറിയാത്തത് ദൈവം പഠിപ്പിച്ചു”(അൽഅലഖ്: 96). ദൈവം ആദ്യം സൃഷ്ടിച്ച വസ്തുക്കളിലൊന്ന് പെനയായിരുന്നുവെന്ന് തിരുചര്യ പഠിപ്പിക്കുന്നുണ്ട്.

Related Articles