Current Date

Search
Close this search box.
Search
Close this search box.

കർമനിരതമായ ജീവിതം

‘അധ്വാനിച്ചിട്ട് പരാജയപ്പെടുകയാണ് ജീവിതം ഉറങ്ങിത്തീർക്കുന്നതിനേക്കാൾ
ഉത്തമം’ -ജെറോം കെ ജെറോം

ആശയങ്ങൾക്കൊണ്ട് മാത്രം മനുഷ്യന് ജീവിക്കാനാവില്ല. വിജ്ഞാനം മാത്രം അവനെ എവിടെയും എത്തിക്കുകയുമില്ല. അവക്കൊപ്പം കർമവും ജീവിതത്തിൽ അനിവാര്യമാണ്. സൂര്യനിൽനിന്ന് വെളിച്ചത്തെ വേർപ്പെടുത്താനാവാത്തതുപോലെ, ജീവിതത്തിൽനിന്ന് കർമത്തെയും വേർപ്പെടുത്താനാവില്ല. സിദ്ധാന്ധവും പ്രയോഗവും കൂടിചേർന്നതാണ് ജീവിതം. അവ രണ്ടിനെയും സമംജ്ഞസമായി സമന്വയിപ്പിച്ച് ജീവിതത്തെ ആവിഷ്‌കരിക്കുന്ന വ്യക്തിയാണ് വിവേകി. ഗ്രഹിച്ച വിജ്ഞാനങ്ങൾ പതിവായി പ്രാവർത്തികമാക്കൽ എത്ര അനുഭൂതിദായകമാണ്. അവനവന്റെ കർമത്തിൽ നിഷ്ഠയോടുകൂടിയ മനുഷ്യൻ സിദ്ധി നേടുന്നുവെന്ന് ഭഗവദ്ഗീത ഉൽഘോഷിക്കുന്നു.

ഒരു വ്യക്തിക്ക് മൂന്നു അടരുകളിലുള്ള കർമങ്ങൾ നിർവഹിക്കാനുണ്ട്. അവയിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ല. വ്യക്തിയെന്ന അർഥത്തിൽ നിർവഹിക്കേണ്ട കർമമാണ് ഒന്നാമത്തേത്. ആത്മീയജീവിതത്തിന് തിളക്കം നൽകുന്ന പ്രാർഥന, ഉപവാസം, ആരാധന തുടങ്ങിയവ അതിനുദാഹരണങ്ങളാണ്. ആരോഗ്യസംരക്ഷണത്തിന് ശീലിക്കുന്ന വ്യായാമം മറ്റൊരുദാഹരണമാണ്. കുടുംബരംഗത്ത് നിർവഹിക്കേണ്ട കർമങ്ങളാണ് രണ്ടാമത്തേത്. മനുഷ്യസമൂഹത്തിന്റെ അടിസ്ഥാന ഏകകമാണ് കുടംബം. ഉൽകൃഷ്ട സ്വഭാവങ്ങൾ വ്യക്തിയിൽ മൊട്ടിട്ടുന്നത് കുടുംബത്തിൽനിന്നാണ്. എന്നാൽ, കുടുംബത്തിന്റെ നിലനിൽനിൽപിന് സ്ത്രീയും പുരുഷനും അധ്വാനിച്ചേ മതിയാവുള്ളൂ. ഭക്ഷണം, വസ്ത്രം, പാർപ്പിടം പോലുള്ളവ ഒരുക്കിക്കൊടുക്കൽ പുരുഷബാധ്യതയും ഗർഭം, പ്രസവം, മുലയൂട്ടൽ പോലുള്ളവ സ്ത്രീബാധ്യതയുമാണ്. എല്ലാറ്റിനുമുപരി, ഇവയുടെയൊക്കെ സുഖകരമായ മുന്നോട്ടുപ്പോക്കിന് സാമ്പത്തികവരുമാനം അത്യാവശ്യമാണ്. കച്ചവടം, കൃഷി പോലുള്ള തെഴിലുകളിൽ ഏർപ്പെടുമ്പോഴേ വരുമാനം ഉണ്ടാവുകയുള്ളൂ. സാമൂഹികമായി നിർവഹിക്കേണ്ട കർമങ്ങളാണ് മൂന്നാമത്തേത്. മനുഷ്യൻ ഒരു സാമൂഹ്യജീവി കൂടിയാണല്ലോ. സമൂഹത്തിൽ സക്രിയമായി ഇടപെടുമ്പോഴേ മാറ്റവും വിപ്ലവവും ഉണ്ടാവുകയുള്ളൂ. ഈ മൂന്നു രംഗങ്ങളിലുള്ള കർമങ്ങൾ ചടുലവും വ്യവസ്ഥാപിതവുമാവുമ്പോഴാണ് സംസ്‌കാരവും നാഗരികതയും പുഷ്‌കലമാവുന്നത്.

കർമനിരതരാവാൻ പാകത്തിലാണ് സ്വത്വത്തിന്റെയും ചുറ്റുപാടുകളുടെയും ക്രമീകരണം. അഥവാ മനുഷ്യനെ പ്രവർത്തനത്തിന് പ്രേരിപ്പിക്കുന്ന ഒത്തിരി ചോദനകൾ ദൈവം ഒരുക്കിയിട്ടുണ്ട്. ആത്മീയത ഒരു ചോദനയാണ്. അതിന്റെ ശമനത്തിന് പ്രാർഥനയിലും ധ്യാനത്തിലും തീർഥാടനത്തിലും മനുഷ്യൻ ഏർപ്പെടുന്നു. വിശപ്പ് മറ്റൊരു ചോദനയാണ്. വിശപ്പില്ലായിരുന്നുവെങ്കിൽ, മനുഷ്യൻ വെറുതെ ഇരിക്കുമായിരുന്നു. ലൈംഗികത ഇനിയും മറ്റൊരു ചോദനയാണ്. അത് ദാമ്പത്യജീവിതത്തിലേക്കും കുടുംബജീവിതത്തിലേക്കും സമ്പാദ്യശീലത്തിലേക്കും മനുഷ്യനെ നയിക്കുന്നു. അതുപോലെ, സ്വർഗത്തെക്കുറിച്ച സങ്കൽപ്പം ത്യാഗത്തിനും രക്തസാക്ഷിത്വത്തിനും മനുഷ്യനെ പ്രേരിപ്പിക്കുന്നു.

പ്രകൃതിയുടെ നിയമമാണ് കർമം. പ്രപഞ്ചത്തിലെ മുഴുവൻ ചരാചരങ്ങളും കർമനിരതമാണ്. ഉദേശിക്കുന്ന കാര്യങ്ങൾ പ്രയോഗവൽക്കരിക്കുന്ന ശക്തിയാണ് ദൈവം. അതുപോലെ സൂര്യൻ ചലിക്കുന്നു; ചന്ദ്രൻ ചലിക്കുന്നു; നക്ഷത്രങ്ങൾ ചലിക്കുന്നു; മൃഗങ്ങൾ വളരുന്നു; സസ്യങ്ങൾ വളരുന്നു…… അങ്ങനെയങ്ങനെയെല്ലാം ഒരേ താളത്തോടെ മുന്നോട്ട് കുതിക്കുന്നു. എന്നാൽ, ഇവയൊക്കെ നൈസർഗികമായ കർമങ്ങളാണ് നിർവഹിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യനും നൈസർഗികമായ കർമങ്ങൾ നിർവഹിച്ചുകൊണ്ടിരിക്കുന്നുണ്ട്. മനുഷ്യന്റെ ജൈവികമായ വളർച്ച അതാണ് സൂചിപ്പിക്കുന്നത്. അതോടൊപ്പം ആസൂത്രണത്തോടെയും ലക്ഷ്യബോധത്തോടെയും ത്രിതലകർമങ്ങളെ ക്രമീകരിക്കണമെന്നാണ് എഴുതിവന്നതിന്റെ ചുരുക്കം.

വിശുദ്ധവേദവും തിരുചര്യയും കർമത്തിന് വലിയ പ്രോത്സാഹനം നൽകിയിട്ടുണ്ട്. കർമ(അമൽ)വും സമ്പാദ്യ(കസ്ബ്)വും ത്യാഗ(ജിഹാദ്)വും ജീവിതത്തിന്റെ മുഖമുദ്രകളാവണമെന്ന് അവ അനുശാസിക്കുന്നു. വിശ്വസിക്കുകയും ഉത്തമകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവരാണ് വിജയികളെന്നത് ഇസ്‌ലാമിന്റെ അടിസ്ഥാനപാഠമാണ്. സമ്പാദ്യത്തെ പ്രവാചകൻ നിരന്തരം പ്രോത്സാഹിപ്പിച്ചു. സത്യസന്ധനായ കച്ചവടക്കാരൻ എനിക്കൊപ്പമായിരിക്കുമെന്ന് പ്രവാചകൻ അരുളി. ആത്മീയത്യാഗ(മുജാഹദത്തുന്നഫ്‌സ്) ത്തെയും സാമൂഹ്യത്യാഗ(ജിഹാദുൽമുജ്തമഅ്) ത്തെയും പ്രവാചകൻ പരസ്പരം സമന്വയിപ്പിച്ചു. അഥവാ, സാമൂഹികപരിഷ്‌കരണത്തിന്റെ ചുമതലയുള്ള പുണ്യപുരുഷനായിരുന്നു പ്രവാചകൻ.

Related Articles