Current Date

Search
Close this search box.
Search
Close this search box.

വായന തുറന്നുവെക്കുന്ന ജനാലകള്‍

‘നിങ്ങള്‍ നല്ല ഒരു പുസ്തകം വായിക്കുമ്പോള്‍,
മാന്ത്രികമായ എന്തെങ്കിലും സംഭവിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’ -ജെ.കെ റൗളിങ്

ചുറ്റുമുള്ള പലപല കാര്യങ്ങളിലേക്കും ജനാലകള്‍ തുറന്നുവെക്കുന്ന സാധനയാണ് വായന. വിജ്ഞാനം, സ്നേഹം, ജീവിതം, അനുഭവം, വ്യക്തി, സമൂഹം, പ്രകൃതി, യാത്ര, പ്രത്യാശ, ആശയം തുടങ്ങി ചെറുതും വലുതുമായ, നാം ആസ്വദിക്കുന്നതും ആസ്വദിക്കാത്തതുമായ ഒത്തിരി കാര്യങ്ങള്‍ ഉള്ളകത്തില്‍ തിരിതെളിയിക്കുന്നു വായന. എന്നാല്‍, വായന നല്‍കുന്ന ഏറ്റവും വലിയ ഫലം ഭാവനയുടെ പൂവിരിയലാണ്. ഭാവനയുടെ തേരിലേറി ജീവിതത്തെ ത്രസിപ്പിക്കാന്‍ ആരെങ്കിലും ഉദേശിക്കുന്നുവെങ്കില്‍, വായനയിലേക്ക് ശിരസ് കുനിച്ചുക്കൊള്ളട്ടെ. ശരീരത്തിന് വ്യായാമം പോലെയാണ് സ്വത്വത്തിന് വായനയെന്ന് ജോസഫ് അഡിസണ്‍ എഴുതിയിട്ടുണ്ട്.

പൂര്‍ണതയാണ് വായനയുടെ മറ്റൊരു ഫലം. വായന മനുഷ്യനെ പൂര്‍ണനാക്കുന്നുവെന്ന് ഫ്രാന്‍സിസ് ബേക്കണ്‍. അല്ലേലും വായനപോലെ മറ്റെന്തുണ്ട് ഈ പ്രപഞ്ചത്തില്‍. കാഴ്ച കണ്ണിന്റെ പ്രക്രിയയാണ്. കേള്‍വി ചെവിയുടെ പ്രക്രിയയും. മൂക്കിന്റെ പ്രക്രിയ ഗന്ധമാണെങ്കില്‍, നാവിന്റെ പ്രക്രിയയാണ് രുചി. എന്നാല്‍, വായന കാഴ്ചക്കും കേള്‍വിക്കും ഗന്ധത്തിനും രുചിക്കും അപ്പുറമുള്ള ഒരു ആത്മീയ കര്‍മമത്രെ. വായനയില്‍ കണ്ണും ചെവിയും മൂക്കും നാവും ഒരുപോലെ പങ്കാളിയാവുന്നു. വായിക്കുമ്പോള്‍, ഒരേസമയം വായിക്കുന്ന ആശയങ്ങളെ ദര്‍ശിക്കുകയും ശ്രവിക്കുകയും മണക്കുകയും രുചിക്കുകയും ചെയ്യാം. ഫലമെന്നോണം, ആത്മാവില്‍ പുതിയ ദര്‍ശനങ്ങളും വെളിപാടുകളും ഉതിര്‍ക്കുന്നു.

സാഹിത്യവായനയാണ് വായനയിലെ പ്രധാനയിനം. കഥകളും കവിതകളും നോവലുകളുമില്ലെങ്കില്‍, ജീവിതം വിരസമായേനേ. ഭാവനയെ സമ്പന്നമാക്കുന്നതില്‍ സാഹിത്യവായനപോലെ മറ്റൊന്നില്ല. അതുപോലെ, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്നു സാഹിത്യവായന. കസന്‍ദ്സാക്കീസിന്റെ സെന്റ് ഫ്രാന്‍സിസ് എന്ന നോവലില്‍ ഒരു ശലഭപ്പുഴുവിന്റെ കഥ പറയുന്നുണ്ട്. ശലഭപ്പുഴു സ്വര്‍ഗ കവാടത്തില്‍ചെന്ന് മുട്ടുന്നു. അപ്പോള്‍ ‘ഇവിടെ പുഴുക്കള്‍ക്ക് പ്രവേശനമില്ലെ’ന്നായിരുന്നു അകത്തുനിന്ന് ലഭിച്ച മറുപടി. ശലഭപ്പുഴു ഭൂമിയിലേക്ക് ഇഴഞ്ഞിഴഞ്ഞ് മടങ്ങി, പൂര്‍ണ ശലഭമായി സ്വര്‍ഗത്തിലേക്ക് തിരിച്ചുവരാന്‍. ശലഭമാവലാണ് ശലഭപ്പുഴുവിന്റെ ദൗത്യം. ശലഭമാവാതെ സ്വര്‍ഗത്തില്‍ചെന്ന് മുട്ടിയിട്ട് ഫലമില്ല. അതായത്, വിതക്കാതെ കൊയ്യാനാവില്ല; നടാതെ തിന്നാനാവില്ല. ആരാണീ ശലഭപ്പുഴു? നമ്മള്‍തന്നെ. ശലഭപ്പുഴുവില്‍നിന്ന് ശലഭത്തിലേക്കുള്ള മാറ്റത്തിന് നാം കര്‍മനിരതമാവണം; സ്വര്‍ഗം സ്വപ്നം കാണണം; അങ്ങനെ പ്രത്യാശ നിറഞ്ഞതാവട്ടെ ജീവിതം.

സ്വന്തം ആദര്‍ശവും ജീവിതത്തിന്റെ അര്‍ഥങ്ങളും അറിയാന്‍ സഹായകമാവുന്ന ആശയവായനയാണ് വായനയിലെ മറ്റൊരിനം. ഈ അര്‍ഥത്തില്‍ വിശുദ്ധവേദത്തിന്റെയും തിരുചര്യയുടെയും വായന ജീവിതത്തിന് പുതിയ തെളിച്ചവും ദിശയും നല്‍കുന്നു. ഇസ്ലാമിലെ ഓരോ പാഠത്തിനും പൊരുളുകളും ലക്ഷ്യങ്ങളുമുണ്ട്. ആഴത്തിലുള്ള വായനയില്‍നിന്നാണ് അത്തരം കാര്യങ്ങള്‍ ഗ്രഹിക്കാനാവുന്നത്. സ്വപരിസരത്തെ അറിഞ്ഞിരിക്കാന്‍ സഹായിക്കുന്ന വായനയും പ്രധാനമാണ്. സമകാലീന ഇന്ത്യയുടെ പ്രധാന പ്രശ്നമാണല്ലോ സംഘ്ഫാഷിസം. ക്ലാസിക്കല്‍ വംശീയ ധാരകളായ ജര്‍മനിയിലെ നാസിസത്തേക്കാളും ഇറ്റലിയിലെ ഫാഷിസത്തേക്കാളും അപകടകരമാണ് സംഘ്ഫാഷിസം. അതിന് ദേശീയവും പ്രത്യയശാസ്ത്രവും പ്രായോഗികവുമായ തലങ്ങളുണ്ട്. ഇന്ത്യന്‍ മണ്ണില്‍ ആഴത്തില്‍ വേരൂന്നിയ വംശീയചിന്തയാണ് സംഘ്ഫാഷിസം.

വായനക്ക് ഇസ്ലാം വലിയ പ്രോല്‍സാഹനമാണ് നല്‍കുന്നത്. വിശുദ്ധവേദത്തില്‍ ആദ്യം അവതരിച്ച അഞ്ച് സൂക്തങ്ങള്‍ വായനയുടെ പ്രാധാന്യത്തെയാണ് അടിവരയിടുന്നത്. അതില്‍ രണ്ടിടത്ത് വായിക്കാന്‍ ആഹ്വാനംചെയ്യുന്നു. ആവര്‍ത്തിച്ചുള്ള വായന, പഠനം, വിജ്ഞാനാന്വേഷണം എന്നിവ ജീവിതത്തിന്റെ ശീലമാവണം. വായനക്ക് ലഭിച്ച പ്രചോദനമാണ് ഇസ്ലാമിക ചരിത്രത്തിലുടനീളമുള്ള ഗ്രന്ഥശാലകളുടെ പിറവിക്ക് കാരണം. ബാഗ്ദാദിലെയും കൊര്‍ദോവയിലെയും ഗ്രന്ഥശാലകള്‍ പുകള്‍പെറ്റതായിരുന്നു. അബ്ബാസിയ യുഗത്തില്‍ ഖലീഫ ഹാറൂന്‍ റശീദ് സ്ഥാപിച്ച വിജ്ഞാനസൗധം(ബൈത്തുല്‍ഹിക്മ) പുസ്തകങ്ങളുടെ വലിയൊരു കലവറ തന്നെയായിരുന്നു. ഹീബ്രു, ലാറ്റിന്‍, അരമായ, സിറിയന്‍, ഗ്രീക്ക്, സംസ്‌കൃതം തുടങ്ങിയ ഭാഷകളില്‍നിന്ന് അറബി ഭാഷയിലേക്കും അറബിഭാഷയില്‍നിന്ന് മറ്റു ഭാഷകളിലേക്കും അക്കാലത്ത് ധാരാളം കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെടുകയുണ്ടായി.

Related Articles