Current Date

Search
Close this search box.
Search
Close this search box.

ഖിബ്‌ല – ദിശയും ദൂരവും

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ കേരള മുസ്‌ലിംകള്‍ നേരിട്ട പ്രധാനപ്പെട്ടൊരു തര്‍ക്ക വിഷയമായിരുന്നു ഖിബ്‌ലയുടെ ദിശാ നിര്‍ണ്ണയം. കൃത്യമായി ഖിബ്‌ലയെ അഭിമുഖീകരിച്ചാല്‍ മാത്രമേ നമസ്‌കാരം ശരിയാവൂ എന്ന് ഒരു വിഭാഗവും, അതല്ല ഏകദേശം ഖിബ്‌ലയുടെ വശത്തേക്ക് തിരിഞ്ഞ് നമസ്‌കരിച്ചാലും ശരിയാവും എന്ന് മറ്റൊരു വിഭാഗവും വാദിച്ചു. രണ്ട് വിഭാഗവും തെളിവുകള്‍ നിരത്തി. അങ്ങനെ ഗോളശാസ്ത്രവും ഗണിതശാസ്ത്രവുമൊക്കെ സാധാരണക്കാര്‍ക്കിടയിലും ചര്‍ച്ചാ വിഷയമായി. കൃത്യമായി ഖിബ്‌ലയെ അഭിമുഖീകരിച്ചാല്‍ മാത്രമേ നമസ്‌കാരം ശരിയാവൂ എന്ന് വാദിച്ചവര്‍ അന്നത്തെ ഒട്ടേറെ പള്ളികളുടെ ഖിബ്‌ല തെറ്റാണെന്നും അങ്ങനെ നമസ്‌കരിച്ചാല്‍ ശരിയാവില്ലെന്നും അവകാശപ്പെട്ടു. അന്ന് കുറെ മിമ്പറുകര്‍ പൊളിക്കുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്തു. അത് പഴയകാല ചരിത്രം.

ഖിബ്‌ല ദിശയുടെ കൃത്യതയുടെ കാര്യത്തില്‍ ഇനി നമുക്ക് തര്‍ക്കിക്കേണ്ടതില്ല. ഗൂഗ്ള്‍ മാപ്പും ലൊക്കേഷന്‍ ട്രാക്കറും ഇന്ന് എല്ലാവര്‍ക്കും സുപരിചിതം. കാര്‍ യാത്രക്കും ബൈക്ക് യാത്രക്കും എന്തിന് അപരിചിത സ്ഥലങ്ങളില്‍ കാല്‍നട യാത്രക്കുമെല്ലാം വഴി കാണിക്കുന്നത് ഗൂഗ്ള്‍ മാപ്പ് തന്നെ. ഇപ്പോള്‍ മലയാളത്തിലും ഇത് വഴി പറഞ്ഞു തരാന്‍ തുടങ്ങിയിരിക്കുന്നു. ഇന്റര്‍നെറ്റ് കണക്ഷനും ജി.പി.എസ് സംവിധാനവുമുള്ള സ്മാര്‍ട്ട് ഫോണ്‍ വേണമെന്ന് മാത്രം. ഇതുപയോഗിച്ച് കൃത്യമായ ഖിബ്‌ലയുടെ ദിശ മാത്രമല്ല ഖിബ്‌ലയിലേക്കുള്ള ദൂരവും നമുക്ക് ലഭ്യമാക്കാം.

പരിചയമില്ലാത്ത സ്ഥലങ്ങളിലോ ലോഡ്ജുകളിലോ ഒക്കെ എത്തിപ്പെട്ട് നമസ്‌കാര സമയമായാല്‍ ഖിബ്‌ലയുടെ ദിശയറിയാതെ പ്രയാസപ്പെടേണ്ടതില്ല. ഇത് സൗകര്യപ്പെടുത്തുന്ന ധാരാളം ആപ്പുകള്‍ പ്ലേസ്‌റ്റോറിലും ആപ്പ് സ്‌റ്റോറിലുമുണ്ട്. Qibla Direction, Qibla Finder, qibla Compass എന്നൊക്കെ പേരുകളിലാണ് ഈ ആപ്പുകള്‍ അറിയപ്പെടുന്നത്. ഈ ഇനത്തില്‍ കൃത്യതയുടെ കാര്യത്തില്‍ ഏറ്റവും വിശ്വസ്തമായതെന്ന് ഉപയോക്താക്കള്‍ വിധിയെഴുതിയ ആപ്പാണ് Relimobi വികസിപ്പിച്ച Qibla Direction. ഇന്റര്‍നെറ്റ് കണക്ഷനുള്ള സ്മാര്‍ട്ട് ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു പ്രവര്‍ത്തിപ്പിക്കുന്നതോടെ നമ്മുടെ ലൊക്കേഷന്‍ അടയാളപ്പെടുത്തുകയും അവിടെ നിന്ന് ഖിബ്‌ലയിലേക്ക് ഒരു നേര്‍രേഖ പ്രത്യക്ഷമാക്കുകയും ചെയ്യുന്നു. അതോടെ ഫോണ്‍ ഒരു പ്രതലത്തില്‍ വെച്ച് നമുക്ക് ഖിബ്‌ല അടയാളപ്പെടുത്താം. ലോകത്തെവിടെ നിന്നും ഖിബ്‌ലയുടെ ദിശയും ദൂരവും കാണിക്കുന്നതോടൊപ്പം നാം നില്‍ക്കുന്ന സ്ഥാനത്തിന്റെ അക്ഷാംശവും രേഖാംശവും ഖിബ്‌ല ആംഗിളും കൃത്യമായി അടയാളപ്പെടുത്തുന്നു. നെറ്റ് ഇല്ലാത്ത സ്ഥലങ്ങളില്‍ തൊട്ട് മുമ്പുള്ള സ്ഥാനമനുസരിച്ച് ഇത് ഖിബ്‌ല അടയാളപ്പെടുത്തും. ഇതേ ആവശ്യത്തിന് ഉപയോഗപ്പെടുത്താവുന്ന മറ്റൊരു ആപ്പാണ് Muslim Assistant വികസിപ്പിച്ച 100% Qibla Finder. രണ്ടിന്റെയും ഫ്രീ വേര്‍ഷനുകള്‍ ഉപയോഗിക്കുമ്പോള്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുമെന്നത് ഉപയോക്താക്കള്‍ക്ക് നേരിയ പ്രയാസമുണ്ടാക്കും. ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍.

Related Articles