Current Date

Search
Close this search box.
Search
Close this search box.

ആത്മപരിശോധനക്ക് ഒരു ആപ്പ്

‘ഖമര്‍ദീന്‍’. ഇത് തികച്ചും ഒരു ഇസ്ലാമിക് ആപ്പ് തന്നെ. ‘നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പായി സ്വയം വിചാരണ നടത്തൂ’… ഖലീഫ ഉമര്‍ (റ) ന്റെ ഈ വചനം പ്രസിദ്ധമാണല്ലോ. നമ്മുടെ നമസ്‌കാരം, ദൈനംദിന ഖുര്‍ആന്‍ പാരായണം, ദാനധര്‍മ്മങ്ങള്‍, നോമ്പ് എന്നീ ആരാധനാ കര്‍മ്മങ്ങള്‍ ട്രാക് ചെയ്യാന്‍ സഹായിക്കുന്നു എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. സമ്പൂര്‍ണ്ണവും കുറ്റമറ്റതുമായ ഒരു ആപ്പ് എന്ന നിലക്കല്ല ഇവിടെ ഇത് പരിചയപ്പെടുത്തുന്നത്. മറിച്ച്, കൗതുകകരവും അതേസമയം ഓരോരുത്തരുടെയും സാഹചര്യവുമനുസരിച്ച് കസ്റ്റമൈസ് ചെയ്ത് ഉപയോഗിക്കാന്‍ സാധിച്ചാല്‍ തീര്‍ച്ചയായും വലിയ തോതില്‍ പ്രയോജനപ്പെടുത്താവുന്ന ആപ്പിന്റെ ഒരു മാതൃക എന്ന നിലക്കാണ്. ഗൂഗ്ള്‍ പ്ലേ സ്റ്റോറിലെ ദശലക്ഷക്കണക്കിന് ആപ്പുകളുടെ കൂട്ടത്തില്‍ ഈ ഇനത്തില്‍ കണ്ടെത്താവുന്ന അപൂര്‍വം ആപ്പുകളിലൊന്നാണിത്. പേര് ‘ഖമര്‍ദീന്‍’ (QamarDeen). Bathol apps ആണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ആപ്പിന്റെ ഈ പേരിലൂടെ എന്താണ് സൂചിപ്പിക്കുന്നത് എന്ന് വ്യക്തമല്ല.

വരവുചിലവ് കണക്കുകള്‍, നാം ഏറ്റെടുത്ത ജോലിയുടെ പുരോഗതി, വ്യായാമ മുറകള്‍ തുടങ്ങി ജീവിതത്തിലെ ഒട്ടേറെ കാര്യങ്ങള്‍ ട്രാക്ക് ചെയ്യാന്‍ ധാരാളം മൊബൈല്‍ ആപ്പുകള്‍ ലഭ്യമാവുമ്പോള്‍ നമ്മുടെ ദൈനംദിന ആരാധനാ കര്‍മ്മങ്ങളാണ് ഈ ആപ്പിലൂടെ പരിശോധിക്കാനും പുരോഗതി വിലയിരുത്താനും സാധിക്കുന്നത്. ആരാധനകളിലുള്ള നമ്മുടെ നിഷ്ഠയും പുരോഗതിയും ആഴ്ച, ദ്വൈവാരം, മാസം, വര്‍ഷം എന്നിങ്ങനെ വ്യത്യസ്ത കാലയളവ് തെരഞ്ഞെടുത്ത് വിലയിരുത്താനാവും.അതാത് ദിവസത്തെ ഓരോ നമസ്‌കാരവും തനിച്ചാണോ, ജമാഅത്തായിട്ടാണോ, കൂടെ സുന്നത്തുകള്‍ നമസ്‌കരിച്ചോ എന്നിങ്ങനെ വ്യത്യസ്ത രീതിയില്‍ രേഖപ്പെടുത്താന്‍ ആപ്പില്‍ സൗകര്യമുണ്ട്. ദുഹാ, തഹജ്ജുദ് എന്നീ നമസ്‌കാരങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് അതും രേഖപ്പെടുത്താവുന്നതാണ്. എല്ലാം വളരെ ലളിതമായ രിതിയില്‍ പ്രത്യേകം ഐക്കണുകളോടെത്തന്നെ അടയാളപ്പെടുത്താനാവും. ഓരോ ദിവസം പാരായണം ചെയ്ത ഖുര്‍ആന്‍ ആയത്തുകള്‍ ആപ്പില്‍ രേഖപ്പെടുത്താം. അവസാനം പാരായണം ചെയ്ത അധ്യായം, ആയത്ത് എന്നിവ ആപ്പിലെ ഖുര്‍ആന്‍ ഇണ്ടക്സിലൂടെ അടയാളപ്പെടുത്തിയാല്‍ അടുത്ത ദിവസം ഖുര്‍ആന്‍ പാരായണം നടത്തുമ്പോള്‍ ഇതിന്റെ തുടര്‍ച്ചയായ ആയത്ത് മൊബൈലിലെ ഖുര്‍ആന്‍ ആപ്പില്‍ നിന്ന് ലഭിക്കുന്നതാണ്. ബുക്ക് മാര്‍ക്കിന്റെ ആവശ്യമില്ല.

നമ്മുടെ ദാനധര്‍മ്മങ്ങള്‍ വിലയിരുത്താനും ആപ്പില്‍ സംവിധാനമുണ്ട്. ധനവ്യയം, ഭക്ഷണം, വസ്ത്രം എന്നിവ നല്‍കല്‍, മറ്റ് സേവനങ്ങള്‍ എന്നിവക്ക് പുറമെ പ്രവാചക വചനം അടിസ്ഥാനമാക്കി പുഞ്ചിരിയും ഒരു ധര്‍മ്മമായി ആപ്പില്‍ രേഖപ്പെടുത്താവുന്നതാണ്. അടുത്തത് നോമ്പ് രേഖപ്പെടുത്താനുള്ള സംവിധാനമാണ്. നിര്‍ബന്ധം, സുന്നത്ത്, ഖദാഅ്, പ്രയശ്ചിത്തം, നേര്‍ച്ച എന്നീ ഇനങ്ങളിലെ നോമ്പുകള്‍ ഇവിടെ തെരഞ്ഞെടുത്ത് പ്രത്യേകം രേഖപ്പെടുത്താം. ഓരോ ആരാധനയിലെയും നിഷ്ഠയും പുരോഗതിയും ഗ്രാഫ് രൂപത്തില്‍ നമുക്ക് വിലയിരുത്താന്‍ സാധിക്കുന്നു.

ഭാഷ അറബിയോ ഇംഗ്ലീഷോ തിരഞ്ഞെക്കാം. ആപ്പിന്റെ ബീറ്റാ പതിപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. ആപ്പ് പൂര്‍ണ്ണമായും സൗജന്യമാണ്. 2012ല്‍ പ്ലേ സ്റ്റോറില്‍ പ്രസിദ്ധപ്പെടുത്തിയ ആപ്പിന് ലക്ഷക്കണക്കിന് ഉപയോക്താക്കളുണ്ട്. ആപ്പിന്റെ പോരായ്മകളും കണ്ടെത്തിയ തെറ്റുകളും കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളും ഉപയോക്തക്കള്‍ നിരന്തരം മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും അടുത്തൊന്നും ഇത് അപ്ഡേറ്റ് ചെയ്തിട്ടില്ല. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍. https://play.google.com/store/apps/details?id=com.batoulapps.QamarDeen

Related Articles