Current Date

Search
Close this search box.
Search
Close this search box.

കുറിപ്പുകള്‍ സൂക്ഷിക്കാന്‍ ‘നോട്ട് എവരി തിങ്’

കുറിപ്പുകളെഴുതി സൂക്ഷിക്കാന്‍ സ്മാര്‍ട്ട് ഫോണുകളില്‍ ധാരാളം സംവിധാനങ്ങളുണ്ട്. നോട്ട്പാഡ് എന്നറിയപ്പെടുന്ന ആപ്പുകളാണ് പൊതുവെ ഇതിനുപയോഗിക്കുന്നത്. മിക്ക മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളിലും അതാത് കമ്പനികള്‍ തങ്ങളുടേതായ നോട്ട്പാഡ് നല്‍കി വരുന്നു. ചില നോട്ട്പാഡുകളില്‍ കുറിപ്പുകള്‍ ടൈപ് ചെയ്ത് സൂക്ഷിക്കാനുള്ള സൗകര്യത്തോടൊപ്പം കയ്യെഴുത്ത്, ഓഡിയോ എന്നിങ്ങനെ വ്യത്യസ്ത രീതിയില്‍ ഇവ സൂക്ഷിക്കാവുന്നതാണ്. ഒരോ നോട്ട്പാഡിനും അതിന്‍റ തായ സവിശേഷതകളുണ്ട്. അതോടൊപ്പം അവയിലെ സൗകര്യങ്ങള്‍ക്കെല്ലാം പല പരിമിതികളും കണ്ടേക്കാം. ചില നോട്ട്പാഡുകളില്‍ ഒരു കുറിപ്പിന് ഒരു പേജ് മാത്രമേ ഉപയോഗിക്കാനാവൂ. മറ്റു ചിലതില്‍ കയ്യെഴുത്ത് നോട്ടുകള്‍ സൂക്ഷിക്കാനാവില്ല.

നോട്ട്പാഡ് എന്ന പേരില്‍ പ്ലേസ്‌റ്റോറിലും ആപ്പ് സ്‌റ്റോറിലുമായി ആപ്പ് നിര്‍മ്മാതാക്കള്‍ പബ്ലിഷ് ചെയ്ത നൂറുക്കണക്കിന് ആപ്പുകള്‍ ലഭ്യമാണ്. ഇവയില്‍ പലതും ജന്രപീതിയില്‍ വളരെയധികം മുന്നിലുമാണ്.

ഈ ഇനത്തിലെ ആപ്പുകളുടെ കൂട്ടത്തില്‍ ഏറെ ഉപകാരപ്രദമായ ഒരു നോട്ട്പാഡ് ഇവിടെ പരിചയപ്പെടുത്തുകയാണ്. SoftXperience വികസിപ്പിച്ച ‘നോട്ട് എവരി തിങ്’ (Noteeverything). വിവിധ വിഷയങ്ങളിലെ നോട്ടുകള്‍ വ്യത്യസ്ത ഫോര്‍ഡറുകളിലാക്കി ഇതില്‍ ക്രമീകരിക്കാവുന്നതാണ്. വ്യക്തിഗതമായ കാര്യങ്ങള്‍ നോട്ട് ചെയ്യുന്നതിന് പുറമെ കുടുംബം, പൊതു പ്രവര്‍ത്തകരാണെങ്കില്‍ സംഘടന, കമ്മിറ്റി തുടങ്ങിയ വ്യത്യസ്ത തലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഇതില്‍ നോട്ട് ചെയ്യാം. കുറിപ്പുകള്‍ക്ക് പുറമെ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളും അവയുടെ ദൈനംദിന പുരോഗതികളും രേഖപ്പെടുത്താനും ആവശ്യമായ സന്ദര്‍ഭത്തില്‍ അലാറം സെറ്റ് ചെയ്തു ഓര്‍മ്മപ്പിക്കാനും സൗകര്യമുണ്ട്. നോട്ടുകള്‍ ടെക്‌സ്റ്റ് രൂപത്തിന് പുറമെ കയ്യെഴുത്ത്, വോയ്‌സ്, വീഡിയോ തുടങ്ങിയ രൂപത്തിലും സൂക്ഷിക്കാവുന്നതാണ്. പേജുകളിലെവിടെയും തിയ്യതി, സമയം തുടങ്ങിയവ ഉള്‍പ്പെടുത്താന്‍ പോപ്അപ് മെനുകളിലൂടെ സാധ്യമാവും.

സ്‌കാന്‍ചെയ്ത പേജുകളും നോട്ട്പാഡിലേക്ക് അപ് ചെയ്യാമെന്നത് പ്രസംഗകര്‍ക്കും ക്ലാസ്സെടുക്കുന്നവര്‍ക്കും ഏറെ പ്രയോജനം ചെയ്യും. വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, വെബ് സൈറ്റ് എന്നിവയിലൂടെ ലഭിക്കുന്ന എല്ലാ ടെക്‌സ്റ്റുകളും കോപ്പി ചെയ്തു ഇതിന്റെ പേജുകളില്‍ പേസ്റ്റ് ചെയ്യാം. ഒരേ നോട്ടിന് തന്നെ എത്ര പേജ് വേണമെങ്കിലും ഉപയോഗപ്പെടുത്താവുന്നതാണ്. നോട്ടുകള്‍ എത്ര കൂടുതലായാലും ആവശ്യമായ വിവരം പെട്ടെന്ന് ലഭിക്കാനായി നല്ലൊരു സെര്‍ച്ച് സംവിധാനവും ഇതുള്‍ക്കൊളളുന്നു. നോട്ടുകള്‍ സൂക്ഷിക്കുന്ന ഫോള്‍ഡറുകളും ഫയലുകളും യുക്തമായി കൈകാര്യം ചെയ്താല്‍ ഡയറി എഴുത്തിനും ഈ ആപ്പ് പ്രയോജനപ്പെടുത്താവുന്നതാണ്. ഒരു നോട്ട്പാഡ് എന്നതോടൊപ്പം ടാസ്‌ക് മാനേജര്‍, ടുഡൂലീസ്റ്റ്, കലണ്ടര്‍, ഡയറി തുടങ്ങിയ രീതികളിലെല്ലാം ഇതിനെ പ്രയോജനപ്പെടുത്താവുന്നതാണ്.

മൊബൈല്‍ സെറ്റിലെ മെമ്മറിയിലേക്കും മെമ്മറി കാര്‍ഡിലേക്കും ഡാറ്റ ബാക്കപ് ചെയ്യാന്‍ സൗകര്യമുണ്ട്. ക്ലൗഡ് സ്‌റ്റോറേജ് ലഭ്യമല്ലെന്നതാണ് ഇതിന്റെ ഏക പോരായ്മയായി എടുത്തു പറയാനുള്ളത്. പ്ലേസ്‌റ്റോറില്‍ ലഭ്യമായ ഇതര നോട്ട്പാഡുകളെ അപേക്ഷിച്ച് ഒരുപാട് സവിശേഷതകളുള്‍ക്കൊണ്ട ഈ ആപ്പിന്റെ ഫ്രീ വേര്‍ഷന്‍ തന്നെ സാധാരണ ഉപയോഗത്തിന് മതിയാവും. 280 രൂപ നല്‍കിയാല്‍ പരസ്യത്തില്‍ നിന്ന് മുക്തവും ഓട്ടോമാറ്റിക് ബാക്കപ് തുടങ്ങിയ കൂടുതല്‍ ഫീച്ചറുകളുള്‍ക്കൊണ്ടതുമായ പ്രോ വേര്‍ഷനും ലഭ്യമാക്കാം.

ഫ്രീ വേര്‍ഷന്‍:https://play.google.com/store/apps/details?id=de.softxperience.android.noteeverything
പ്രോ വേര്‍ഷന്‍:https://play.google.com/store/apps/details?id=de.softxperience.android.noteeverythingpro

Related Articles