Current Date

Search
Close this search box.
Search
Close this search box.

‘ഇബ്‌നു തൈമിയ്യ’ ലൈബ്രറി

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയുടെ മിക്ക ഗ്രന്ഥങ്ങളും ഉള്‍പ്പെടുത്തിയ ലൈബറി ആപ്പാണ് ‘മക്തബ ഇബ്‌നു തൈമിയ്യ’. ഇവയില്‍ നല്ലൊരു ഭാഗം അഖീദ (വിശ്വാസ കാര്യങ്ങള്‍) യുമായി ബന്ധപ്പെട്ടവയാണ്. തന്റെ കാലഘട്ടത്തിലെ മുസ്‌ലിംകര്‍ക്കിടയിലെ വിശ്വാസപരമായ വൈരുദ്ധ്യങ്ങളും വ്യതിചലനങ്ങളും അദ്ദേഹം തുറന്നുകാട്ടി. വ്യത്യസ്ത ത്വരീഖത്തുകളിലെ അനിസ്‌ലാമികതയെ അദ്ദേഹം ശക്തമായി നേരിട്ടു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരാടി. സത്യമതത്തില്‍ കടന്നുകൂടിയ ബിദഅത്തുകളെ അദ്ദേഹം തുറന്നെതിര്‍ത്തു. ബിദ്അത്തുകള്‍ വെടിഞ്ഞ് വിശുദ്ധ ഖുര്‍ആന്റെയും സുന്നത്തിന്റെയും മാര്‍ഗത്തിലേക്ക് മടങ്ങണമെന്ന് അദ്ദേഹം ശക്തമായി ആഹ്വാനം ചെയ്തു. ഇതെല്ലാം അദ്ദേഹത്തിന്റെ രചനകള്‍ക്ക് വിഷയമാവുകയും ചെയ്തു. ഇത്തരം വിഷയങ്ങളിലെ ഗ്രന്ഥങ്ങള്‍ക്ക് പുറമെ ഖുര്‍ആന്‍ വിജ്ഞാനം, ഹദീസ്, കര്‍മ്മശാസ്ത്രം, നിദാന ശാസ്ത്രം, അറബി സാഹിത്യം തുടങ്ങിയ വിഷയങ്ങളിലും അദ്ദേഹത്തിൻേറതായി ധാരാളം രചനകളുണ്ട്. ഈ ഗ്രന്ഥങ്ങളും ആപ്പിലുള്‍പ്പെടുത്തിയിരിക്കുന്നു.

ക്രിസ്തു വര്‍ഷം 1263 ല്‍ തുര്‍ക്കിയിലെ ഹര്‍റാനിലാണ് ജനനം. താര്‍ത്താരികളുടെ ആക്രമണം കാരണം അദ്ദേഹത്തിന്റെ കുടുംബം 1268 ല്‍ സിറിയയലെ ദമാസ്‌കസിലേക്ക് പോയി. പണ്ഡിത കുടുംബത്തിലെ അംഗമായി ജനിച്ച ഇബ്‌നു തൈമിയ്യ, പിതാവിന്റെയും പിതാമഹന്റെയും പാത പിന്തുടര്‍ന്ന് വിജ്ഞാന സമ്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സിറിയയിലെ അറിയപ്പെട്ട പണ്ഡിതന്‍മാരുടെ ശിഷ്യത്വം നേടി. ഹദീസ് വിജ്ഞാനത്തിലും വിശുദ്ധ ഖുര്‍ആനുമായ ബന്ധപ്പെട്ട വിവിധ വിജ്ഞാനങ്ങളിലുമാണ് അദ്ദേഹം പ്രശസ്തനായത്. ഇരുപത്തി രണ്ടാം വയസ്സില്‍ ദമാസ്‌കസിലെ ദാറുല്‍ ഹദീഥില്‍ അധ്യാപകനായി. ഗ്രീക്ക് തത്വചിന്തകള്‍ പ്രചരിപ്പിച്ച ‘അശ്അരി’ ത്വരീഖത്തിലെ ഇല്‍മുല്‍ കലാം (വചന ശാസ്ത്രം) വിഭാഗം, ശീഈ വിഭാഗം, ജഹ്മിയ്യ, സൂഫി ചിന്തകള്‍ എന്നിവയൊക്കെ അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. അതിനാല്‍ തന്നെ അദ്ദേഹത്തിന് ധാരാളം ശത്രുക്കളും ഉണ്ടായി. ജീവിതത്തിലുടനീളം നിരവധി പരീക്ഷണങ്ങളും നേരിടേണ്ടി വന്നു.

Also read: എല്ലാ കണ്ണുകളും തുറന്നു വെച്ച് വേണം ജീവിക്കാൻ

പത്തൊമ്പതാം വയസ്സില്‍ ഫത്‌വ നല്‍കാന്‍ യോഗ്യത നേടിയ ഇബ്‌നു തൈമിയ്യയുടെ ഫത്‌വകളുടെ ക്രോഡീകരണമാണ് ‘ഫതാവാ ഇബ്‌നു തൈമിയ്യ’ എന്ന ഗ്രന്ഥ പരമ്പര. മുസ്‌ലിം ലോകത്ത് ഏറെ പ്രസിദ്ധവും റഫറന്‍സ് എന്ന നിലക്ക് വ്യാപകമായി ഉപയോഗിച്ച് വരുന്നവയുമാണ് ഈ ഫത്‌വകള്‍. 35 വാള്യങ്ങളിലായി 477 അധ്യായങ്ങളുള്ള ‘മജ്മൂഅ് അല്‍ഫതാവ’, 20 അധ്യായങ്ങളുള്ള ഫതാവ അല്‍കുബ്‌റാ, 6 വാള്യങ്ങളുള്ള ‘ജാമിഉല്‍ മസാഇല്‍’ തുടങ്ങിയ ഫത്‌വാ ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടുത്തിയ മറ്റൊരു ആന്‍ഡ്രോയ്ഡ് ആപ്പാണ് ‘മക്തബ ഫതാവ ഇബ്‌നു തൈമിയ്യ.

ജീവിച്ചിരിക്കുമ്പോഴെന്ന പോലെ മരണശേഷവും ധാരാളം വിമര്‍ശനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വ്യക്തിത്വമാണ് ഇബ്‌നു തൈമിയ്യയുടേത്. വിമര്‍ശകരെല്ലാം തന്നെ എതിരാളികളുടെ രചനകളിലൂടെയാണ് അദ്ദേഹത്തെ നോക്കിക്കാണാന്‍ ശ്രമിക്കുന്നതെന്നതാണ് വാസ്തവം. അതിനാല്‍ തന്നെ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയുടെ ചിന്തകളും അധ്യാപനങ്ങളും സ്വന്തം രചനകളിലൂടെ ലോകത്തിന് മുമ്പില്‍ തുറന്ന് വെക്കുന്ന ഈ മൊബൈല്‍ ആപ്പ് പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. ഇവിടെ പരിചയപ്പെടുത്തിയ രണ്ട് ആപ്പുകള്‍ക്ക് പുറമെ ഇബ്‌നു തൈമിയ്യയുടെ ഫത്‌വകളും ഗ്രന്ഥങ്ങളും ഉള്‍ക്കൊള്ളിച്ച വേറെയും ആപ്പുകള്‍ പ്ലേസ്‌റ്റോറില്‍ ലഭ്യമാണ്.

ആപ്പുകൾ ഡൗണ്‍ലോഡ് ചെയ്യാന്‍:

‘മക്തബ ഇബ്‌നു തൈമിയ്യ‘. https://play.google.com/store/apps/details?id=com.aloloom.net.AOVKTACTBYCPQUNL&showAllReviews=true
‘മക്തബ ഫതാവാ ഇബ്‌നു തൈമിയ്യ’https://play.google.com/store/apps/details?id=com.aloloom.net.AOVLOEWSSCPACKUFW

Related Articles