Current Date

Search
Close this search box.
Search
Close this search box.

വീഡിയോ കോണ്‍ഫറന്‍സിന് ‘ഗൂഗ്ള്‍ ഡുവോ’ ആപ്പ്

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം ലോക്ക് ഡൗണ്‍ ചെയ്തിരിക്കയാണല്ലോ. മിക്ക ലോക രാഷ്ട്രങ്ങളും ആ വഴിക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു എന്നാണ് വാര്‍ത്ത. നേരിട്ടുള്ള സമൂഹ സമ്പര്‍ക്കം ഒഴിവാക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഇതുസംബന്ധിച്ച് സര്‍ക്കാരും ആരോഗ്യ വിദഗ്ധരും നല്‍കുന്ന മുന്നറിയിപ്പുകള്‍ കണിശമായും പാലിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്.

നേരിട്ടുള്ള സമ്പര്‍ക്കത്തിന് കടുത്ത വിലക്ക് നിലനില്‍ക്കെ, തീരെ ഒഴിവാക്കാനാവാത്ത മീറ്റിംഗുകളും കൂടിക്കാഴ്ചകളും ഇനി വീട്ടിലിരുന്ന്  മൊബൈല്‍ ഫോണിലൂടെ നമുക്ക് നിര്‍വഹിക്കാം. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പുകളാണ് ഇതിന് സൗകര്യമൊരുക്കുന്നത്. ചെറിയ മീറ്റിംഗുകള്‍, ചര്‍ച്ചാ യോഗങ്ങള്‍, പഠന ക്ലാസ്സുകള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവക്ക് ഗൂഗ്‌ളിന്റെ ‘ഡുവോ’ (Google Duo – High quality video calls) പ്രയോജനപ്പെടുത്താവുന്നതാണ്. മൊബൈല്‍ സ്‌ക്രീനിലൂടെ വീഡിയോ കോണ്‍ഫറന്‍സിന് വഴിയൊരുക്കുന്ന ആന്‍ഡ്രോയ്ഡ് ആപ്പാണിത്. പരമാവധി ഏട്ട് പേരെയാണ് കോണ്‍ഫറന്‍സില്‍ ഉള്‍പ്പെടുത്താനാവുക എന്ന പരിമിതിയുണ്ടെങ്കിലും കുറഞ്ഞ വെളിച്ചത്തിലും വീഡിയോ തെളിച്ചത്തോടെ പ്രവര്‍ത്തിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍ നെറ്റ്‌വര്‍ക്കിന്റെ വേഗതയും മൊബൈല്‍ ഫോണിന്റെ ഗുണമേന്മയും വീഡിയോ കോണ്‍ഫറന്‍സിന്റെ ഇടമുറിയാതെയുള്ള സുഗമമായ പ്രവര്‍ത്തനത്തിനാവശ്യമാണ്. വീഡിയോ ആവശ്യമില്ലെങ്കില്‍ ഇതിലെ വോയ്‌സ് ചാറ്റ് സംവിധാനമുപയോഗിച്ചും കോണ്‍ഫറന്‍സിന് സൗകര്യമുണ്ട്.

Also read: ‘എന്റെ കുഞ്ഞുമകന്‍ കൊറോണ രോഗത്തെ ഭയക്കുന്നു, എങ്ങനെയവനെ ആശ്വസിപ്പിക്കും?’

2016 മെയ് 18ന് റിലീസ് ചെയ്ത ‘ഗൂഗ്ള്‍ ഡുവോ’ മിക്കവാറും പുതിയ മൊബൈല്‍ ഫോണുകളിലെല്ലാം മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാവും. ഇല്ലെങ്കില്‍ പ്ലേസ്‌റ്റോറിലൂടെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. തുടര്‍ന്ന് നിങ്ങളുടെ ജിമെയില്‍ അക്കൗണ്ടുപയോഗിച്ചോ മൊബൈല്‍ ഫോണ്‍ നമ്പറുപയോഗിച്ചോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. തുടര്‍ന്ന് ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നു. ഒരാള്‍ക്കു തന്നെ വ്യത്യസ്ത കോണ്‍ഫറന്‍സ് ഗ്രൂപ്പുകളുണ്ടാക്കാമെന്നത് ഇതിന്റെ മറ്റൊരു സവിശേഷതയാണ്. ഗ്രൂപ്പുകളില്ലാതെ സാധാരണ രണ്ട് പേര്‍ തമ്മിലുള്ള വിഡിയോ കോളിനും ഇതുപയോഗിക്കാവുന്നതാണ്.

ഗൂഗ്ള്‍ ഡുവോക്ക് പുറമെ വേറെയും വീഡിയോ കോണ്‍ഫറന്‍സ് ആപ്പുകള്‍ പ്ലേസ്‌റ്റോറില്‍ ലഭ്യമാണ്. ചില ആപ്പുകളില്‍ നൂറ് പേരെ വരെ ഉള്‍പ്പെടുത്താനുള്ള സൗകര്യമുണ്ട്. എന്നാല്‍ മൊബൈല്‍ സ്‌ക്രീനിന്റെ പരിമിതിയും സാധാരണ ഗതിയില്‍ നമുക്ക് ലഭ്യമാക്കാവുന്ന 4G കണക്ഷന്റെ വേഗതയും കണക്കിലെടുത്ത് ചെറിയ മീറ്റിംഗുകള്‍ക്ക് മാത്രം ഇതുപയോഗപ്പെടുത്തുന്നതാണ് നല്ലത്.

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍.
https://play.google.com/store/apps/details?id=com.google.android.apps.tachyon

Related Articles