Current Date

Search
Close this search box.
Search
Close this search box.

ഓഫ് ലൈന്‍ ഹദീസ് റഫറന്‍സ്

പ്രബല ഹദീസ് ഗ്രന്ഥങ്ങളായ ബുഖാരി, മുസ്‌ലിം, അബൂ ദാവൂദ്, തിര്‍മിദി, നസാഇ, ഇബ്‌നു മാജ എന്നിവക്ക് പുറമെ ഇമാം മാലികിന്റെ മുവത്വ, സുനന് ദാരിമി, ഇമാം അഹ്മദിന്റെ മുസ്‌നദ് എന്നിവ കൂടി ഉള്‍പ്പെടുത്തിയ ഒമ്പത് ഹദീസ് ഗ്രന്ഥങ്ങളുടെ സമാഹാരമാണ് ‘ജാമിഉല്‍ കുതുബുത്തിസ്അ’ എന്ന മൊബൈല്‍ ആപ്പ്. വിശുദ്ധ ഖുര്‍ആന് ശേഷം മുസ്‌ലിം ലോകം തങ്ങളുടെ വിശ്വാസത്തിനും ആരാധാനാ കര്‍മങ്ങള്‍ക്കും അവലംബമാക്കുന്ന പ്രവാചക ചര്യയുടെ സിംഹഭാഗവും ഉള്‍ക്കൊള്ളുന്നത് ഈ ഒമ്പത് ഗ്രന്ഥങ്ങളിലാണ്. ആ നിലക്ക് ഹദീസ് വിജ്ഞാനശാഖയിലെ ഏറ്റവും വലിയ ഓഫ്‌ലൈന്‍ മൊബൈല്‍ റഫറന്‍സ് എന്ന നിലക്ക് ആപ്പ് പ്രയോജനപ്പെടുന്നു.

160 മെഗാബൈറ്റ് സ്‌പെയ്‌സിലൊതുങ്ങുന്ന ഫയലുകള്‍ മൊബൈല്‍ ഹാന്‍ഡ്‌സെറ്റില്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ പിന്നീട് ഇന്റര്‍നെറ്റ് കണക്ഷനില്ലാതെത്തന്നെ ഒമ്പത് ഗ്രന്ഥങ്ങളും വായിക്കാമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. പരിമിതമായി മാത്രം നെറ്റുപയോഗിക്കുന്നവര്‍ക്ക് ഇത് വലിയ സൗകര്യമാണ്. ഓരോ ഹദീസ് ഗ്രന്ഥത്തോടൊപ്പവും അവയുടെ പ്രധാന വ്യാഖ്യാന ഗ്രന്ഥങ്ങളും വായിക്കാവുന്നതാണ്. ഉദാഹരണമായി ബുഖാരിയിലെ ഹദീസുകളോടൊപ്പം അതിന്റെ വ്യാഖ്യാന ഗ്രന്ഥമായ ഇബ്‌നു ഹജര്‍ അസ്ഖലാനിയുടെ ഹത്ഹുല്‍ബാരിയും, മുസ്‌ലിമിലെ ഹദീസുകളോടൊപ്പം പ്രമുഖ വ്യാഖ്യാന ഗ്രന്ഥമായ ഇമാം നവവിയടെ മിന്‍ഹാജും ലഭിക്കുന്നു.

ഒമ്പത് ഗ്രന്ഥങ്ങളിലെയും ഹദീസുകള്‍ വിഷയാധിഷ്ഠിതമായി ക്രോഡീകരിച്ചിരിക്കുന്നു എന്നതാണ് ആപ്പിന്റെ മറ്റൊരു സവിശേഷത. പ്രധാന വിഷയങ്ങളും അവയുടെ കീഴില്‍ ധാരാളം ഉപവിഷയങ്ങളുമായിട്ടാണ് ഇത് ലഭിക്കുന്നത്. ഖുര്‍ആന്‍ പാരായണം എന്ന വിഷയം തിരഞ്ഞെടുത്താല്‍ അതു സംബന്ധിച്ച് ഒമ്പത് ഗ്രന്ഥങ്ങളില്‍ വന്ന ഹദീസുകള്‍ മുഴുക്കെ സ്‌ക്രീനില്‍ ലഭ്യമാവുന്നു. അധ്യാപകര്‍ക്കും പ്രസംഗകര്‍ക്കും ഖത്തീബുമാര്‍ക്കും വിഷയങ്ങള്‍ തിരഞ്ഞെടുക്കാനും ഹദീസുകള്‍ കണ്ടെത്താനും ഇത് പ്രയോജനപ്പെടും.

ഹദീസ് റിപ്പോര്‍ട്ടര്‍മാരെസ്സംബന്ധിച്ച വിവരണങ്ങളും അപൂര്‍വ പദങ്ങളുടെ വിശദീകരവും വ്യത്യസ്ത രീതികളിലെ സെര്‍ച്ച് സൗകര്യവും ആപ്പിലുള്‍പ്പെടുത്തിയിരിക്കുന്നു. ഓരോ ഹദീസിന്റെയും പ്രാമാണികതയും അവയുടെ ആവര്‍ത്തനങ്ങള്‍ ഏതെല്ലാം ഗ്രന്ഥങ്ങളില്‍ വന്നിട്ടുണ്ടെന്നും പ്രത്യേകം ലഭിക്കുന്നതാണ്. തിരഞ്ഞെടുത്ത ഹദീസുകള്‍ പിന്നീടുള്ള വായനക്കായി സൂക്ഷിക്കാനും ആവശ്യമായ കുറിപ്പുകള്‍ എഴുതിച്ചേര്‍ക്കാനും ആപ്പില്‍ സൗകര്യമൊരുക്കിയിരിക്കുന്നു.

ശൈഖ് സാലിഹ് ബിന്‍ അബ്ദുല്‍അസീസ് അല്‍റാജിഹിയുടെ പേരിലുള്ള വഖഫ് പ്രൊജക്ടിന് വേണ്ടി രിയാദിലെ ‘അറേബ്യ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ടെക്‌നോളജി’ എന്ന ഐ.ടി സ്ഥാപനമാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ആപ്പ് പൂര്‍ണ്ണമായും സൗജന്യവും പരസ്യ മുക്തവുമാണ്. ഡൗണ്‍ലോഡ് ചെയ്യാന്‍:

Related Articles