Current Date

Search
Close this search box.
Search
Close this search box.

സ്‌കാനര്‍ ആപ്പുകള്‍

സ്മാര്‍ട്ട് ഫോണിന്റെ കടന്നു വരവോടെ ടേപ് റിക്കാര്‍ഡര്‍, വീഡിയോ പ്ലേയര്‍, അലാറം ക്ലോക്ക്, ടോര്‍ച്ച് എന്നിങ്ങനെ ദശക്കണക്കിന് ഉപകരണങ്ങള്‍ ഒന്നുകില്‍ ഭാഗികമായോ അല്ലെങ്കില്‍ പൂര്‍ണമായോ അപ്രത്യക്ഷമായി. ഡോക്യുമെന്റുകള്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റാന്‍വേണ്ടി കമ്പ്യൂട്ടറിനൊപ്പം നേരത്തെ വ്യാപകമായി ഉപയോഗിച്ചു വന്നിരുന്ന ‘സ്‌കാനര്‍’ എന്ന ഉപകരണവും ഇപ്പോള്‍ പ്രധാനപ്പെട്ട ഓഫീസുകളില്‍ മാത്രം ഒതുങ്ങിക്കൂടുകയാണ്. പകരക്കാരായി സ്മാര്‍ട്ട് ഫോണുകളില്‍ ധാരാളം സ്‌കാനര്‍ ആപ്പുകള്‍ പ്രത്യക്ഷപ്പെട്ടു എന്നതാണ് കാരണം.

നമ്മളുപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ നല്ലൊരു സ്‌കാനര്‍ കൂടിയാണെന്ന കാര്യം പലരും അറിയാതെ പോവുന്നു. കയ്യെഴുത്തായോ അച്ചടിച്ചതോ ആയ ഏതെങ്കിലും ഡോക്യുമെന്റ് മെബൈല്‍ വഴി അയക്കാന്‍ അധിക പേരും ഉപയോഗിക്കുന്നത് മൊബൈല്‍ ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ ഫോട്ടോ ആയിരിക്കും. അതുപോലെ പേപ്പര്‍ കട്ടിംഗുകള്‍ സോഷ്യല്‍ മിഡിയയിലൂടെ കൈമാറ്റം ചെയ്യാനും പലരും ഉപയോഗിക്കുന്നത് ഇത്തരം ചിത്രങ്ങള്‍ തന്നെ. നാം ഉദ്ദേശിക്കുന്ന ഡോക്യുമെന്റിന്റെയും പേപ്പര്‍ കട്ടിംഗിന്റെയും കൂടെ ആവശ്യമില്ലാത്ത ഭാഗങ്ങളും കടന്നുകൂടുന്നു എന്നതാണ് ഇതിന്റെ ദോഷവശം. പലപ്പോഴും ഫോട്ടോ തലതിരിഞ്ഞും ചാഞ്ഞും ചെരിഞ്ഞും പ്രത്യക്ഷപ്പെടുന്നു. ഇതിന് പകരം സ്‌കാനര്‍ ആപ്പുകളുപയോഗിച്ചാല്‍ ഡോക്യുമെന്റില്‍ നമുക്കാവശ്യമുള്ള ഭാഗം മാത്രം ക്രോപ്പ് ചെയ്യാനും തുടര്‍ന്ന് വലുതാക്കാനും കൂടുതല്‍ വ്യക്തത വരുത്താനും സാധിക്കന്നു. ചിത്രങ്ങള്‍ കൈമാനുപയോഗിക്കുന്ന ഇമേജ് ഫോര്‍മാറ്റിന് പുറമെ ഡോക്യുമെന്റുകള്‍ പി.ഡി.എഫ് രൂപത്തില്‍ സൂക്ഷിക്കാന്‍ സാധ്യമാവുന്നു എന്നത് മറ്റാരു നേട്ടമാണ്. സ്‌കാന്‍ ചെയ്യാന്‍ മൊബൈലിലെ ക്യാമറ തന്നെയാണ് ഇതുപയോഗിക്കുന്നത്.

ഇത്തരം ആപ്പുകളുപയോഗിച്ച് ധാരാളം പേജുകളുള്ള പുസ്തകങ്ങളും പ്രിന്റ് ചെയ്ത ലഘുലേഖകളും സര്‍ക്കുലറുകളും മറ്റും സ്‌കാന്‍ ചെയ്തു പി.ഡി.എഫ് രൂപത്തില്‍ കൈമാറാനാവും. എഡിറ്റ് രൂപത്തിലേക്ക് മാറ്റിയാല്‍ ഡോക്യുമെന്റുകള്‍ എഡിറ്റ് ചെയ്യാനും സാധിക്കും. വീട്ടില്‍ സൂക്ഷിക്കുന്ന ആധാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഐഡി കാര്‍ഡുകളും മറ്റു വിലപ്പെട്ട രേഖകളും ഇങ്ങനെ സ്‌കാന്‍ ചെയ്ത് മൊബൈലിലോ കമ്പ്യൂട്ടറിലോ എക്‌സ്‌റ്റേണല്‍ ഹാര്‍ഡ് ഡിസിക്കിലോ ക്ലൗഡ് സ്‌റ്റേറേജുകളിലോ സൂക്ഷിക്കാവുന്നതാണ്. ആവശ്യമുള്ളപ്പോള്‍ ഇവ പ്രിന്റ് ചെയ്യാനും സാധിക്കും. ക്ലാസ്സെടുക്കുന്നവര്‍ക്ക് തങ്ങള്‍ എഴുതിത്തയ്യാറാക്കിയ നോട്ടുകള്‍ സ്‌കാന്‍ ചെയ്തു മൊബൈലില്‍ പകര്‍ത്തിയാല്‍ നോട്ട്ബുക്കും പോപ്പറുകളും ഒഴിവാക്കാം.

ആപ്പ് സ്‌റ്റോറിലെ നൂറുക്കണക്കിന് സ്‌കാനര്‍ ആപ്പുകളില്‍ ഏത് തിരഞ്ഞെടുക്കുമെന്നതാണ് മറ്റൊരു പ്രശ്‌നം. സാധാരണ ഉപയോഗത്തിനായി തുടക്കക്കാര്‍ക്ക് INTSIG Information Co.,Ltd വികസിപ്പിച്ച ‘കാം സ്‌കാനര്‍’ (CamScanner – Scanner to scan PDF) എന്ന ആപ്പിന്റെ സൗജന്യ വേര്‍ഷന്‍ ഉപയോഗിക്കാമെന്നാണ് നിര്‍ദ്ദേശം. ലോകത്തെങ്ങുമായി ദശലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള നല്ലൊരു സ്‌കാനര്‍ ആപ്പാണിത്. ഓട്ടോമാറ്റിക് ക്രോപ്പിംഗ്, വ്യക്തത വര്‍ദ്ധിപ്പിക്കാന്‍ സഹായകമായ മള്‍ട്ടിപ്പ്ള്‍ ഫില്‍ട്ടറുകള്‍ എന്നിവ ഇതിന്റെ സവിശേഷതകളാണ്. സ്‌കാന്‍ ചെയ്ത ഡോക്യുമെന്റുകള്‍ വിത്യസ്ത വിഭാഗങ്ങളായി ടാഗ് ചെയ്തു മൊബൈലില്‍ സൂക്ഷിക്കാനും വാട്ട്‌സ് ആപ്പ്, ഫെയ്‌സ് ബുക്ക് തുടങ്ങിയ ആപ്പുകളിലൂടെ ഷെയര്‍ ചെയ്യാനും സാധിക്കും. ഇ-മെയില്‍ ഐഡി നല്‍കി റജിസ്റ്റര്‍ ചെയ്താല്‍ ഡോക്യുമെന്റുകള്‍ സൂക്ഷിക്കാന്‍ കാം സ്‌കാനറിന്റെ ക്ലൗഡ് സ്‌റ്റോറേജും ഉപയോഗിക്കാവുന്നതാണ്.

പരസ്യ വിതരണത്തിനുപയോഗിക്കുന്ന മാല്‍വെയറുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന കഴിഞ്ഞ ആഗസ്റ്റില്‍ ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഈ ആപ്പ് നീക്കം ചെയ്യപ്പെട്ടിരുന്നു. സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പര്‍സ്‌കീ മാല്‍വെയര്‍ കണ്ടെത്തി ഗൂഗ്ളിന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. മൂന്നാം കക്ഷിയുടെ കൈകടത്തിലാണ് ഇതിന് കാരണമെന്നാണ് കാം സ്‌കാനര്‍ അധികൃതര്‍ പറഞ്ഞത്. പിന്നീട് ഗൂഗ്ളിന്റെ നിബന്ധനകള്‍ക്ക് വിരുദ്ധമായ SDK ഫയലുകള്‍ നീക്കം ചെയ്ത് ഇത് വീണ്ടും പ്ലേസ്റ്റോറിലെത്തിയിരിക്കുന്നു. ഇതോടെ മാല്‍വെയര്‍ പ്രശ്നം പരിഹരിക്കപ്പെട്ടതായി മനസ്സിലാക്കാം. പഴയ വേര്‍ഷനുകളില്‍ ഈ പ്രശ്നവുമില്ല. Adobe Scan, Clear Scan, Document Scanner, Fast Scanner, Genius Scan, Scanbot തുടങ്ങിയ ധാരാളം സ്‌കാനര്‍ ആപ്പുകളും പ്ലേസ്റ്റോറില്‍ ലഭ്യമാണ്. കാം സ്‌കാനര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍: https://play.google.com/store/apps/details?id=com.intsig.camscanner

Related Articles