Current Date

Search
Close this search box.
Search
Close this search box.

‘അല്‍ ഖുര്‍ആന്‍’ – പദാനുപദ വിശകലനവും വ്യാഖ്യാനവും

ഇരുപത്തൊമ്പത് ലക്ഷത്തിലധികം ആന്‍ഡ്രോയ്ഡ് ആപ്പുകളുള്ള ഗൂഗ്ള്‍ പ്ലേസ്‌റ്റോറില്‍ വിശുദ്ധ ഖുര്‍ആനുമായി ബന്ധപ്പെട്ട ആപ്പുകളുടെ വിഹിതം ഒട്ടും കുറവല്ല. നൂറുക്കണക്കിന് വരുന്ന ഖുര്‍ആന്‍ ആപ്പുകളില്‍ മിക്കതിനും അതിന്‍േറതായ ധര്‍മ്മവും സവിശേഷതകളുണ്ട്. അതേസമയം എടുത്തു പറയത്തക്ക സവിശേഷതകളൊന്നുമില്ലാത്ത വെറും അനുകരണങ്ങളും ഇക്കൂട്ടത്തില്‍ കാണാം. പ്ലേസ്‌റ്റോറിലൂടെ ലഭിക്കുന്ന പരസ്യങ്ങളുടെ വരുമാനം മാത്രം മുന്നില്‍ കണ്ട് തട്ടിക്കൂട്ടിയുണ്ടാക്കുന്ന ഖുര്‍ആന്‍ ആപ്പുകളും വിരളമല്ല. ഇത്തരം ആപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങള്‍ പലപ്പോഴും വിശുദ്ധ ഖുര്‍ആന്റെ പവിത്രതക്ക് യോജിച്ചതാവണമെന്നില്ല.

‘ഗ്രീന്‍ടെക് ആപ്പ്‌സ് ഫൗണ്ടേഷന്‍’ വികസിപ്പിച്ച ‘അല്‍ ഖുര്‍ആന്‍’ (Al Quran – Tafsir & by Word) ഈ ആപ്പുകളുടെ കൂട്ടത്തില്‍ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. ഇതൊരു സമ്പൂര്‍ണ്ണ ഖുര്‍ആന്‍ പഠന സഹായിയായി പ്രയോജനപ്പെടുത്താനാവും. ഖുര്‍ആന്‍ പദങ്ങളുടെ വിശകലനവും പദാനുപദ വ്യാഖ്യാനവുമാണ് ഇതിന്റെ പ്രധാന പ്രത്യേകത. മുസ്ഹഫ് പേജിലെ ഏതെങ്കിലും പദത്തില്‍ വിരലമര്‍ത്തിയാല്‍ ആ പദത്തിന്റെ അര്‍ഥവും മൂലപദവും ഖുര്‍ആനിലെ വ്യത്യസ്ത ഭാഗങ്ങളില്‍ ആ പദവും അതില്‍ നിന്ന് നിഷ്പന്നമായ മറ്റു പദങ്ങളും അവ ഉള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ സൂക്തങ്ങളും അവയുടെ വ്യഖ്യാനവും എല്ലാം ലഭ്യമാക്കാം. പദങ്ങളുടെ അര്‍ഥത്തിനായി ഇംഗ്ലീഷിന് പുറമെ ഉറുദു, ബംഗ്ലാളി, ഫ്രഞ്ച്, റഷ്യന്‍ തുടങ്ങിയ പതിനഞ്ച് ഭാഷകള്‍ തിരഞ്ഞെടുക്കാം. അതേസമയം സൂക്തങ്ങളുടെ അര്‍ഥവും വ്യാഖ്യാനവുമായി, മലയാളമുള്‍പ്പെടെ 35 ഭാഷകളിലായി എഴുപതിലേറെ ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ൈശഖ് മുഹമ്മദ് കാരക്കുന്ന്, വാണിദാസ് എളയാവൂര്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ ഖുര്‍ആന്‍ ലളിതസാരം, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, അബ്ദുല്‍ ഹമീദ് ചെറിയമുണ്ടം എന്നിവരുടെ ഖുര്‍ആന്‍ പരിഭാഷ എന്നിവയാണ് മലയാളം വിഭാഗത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്.

Also read: പത്രപ്രവർത്തനത്തിന്റെ ആത്മാവ് നഷ്ടപ്പെടുന്ന കാലം

ഇബ്‌നുകഥീര്‍, ബഗവി, ത്വബ്‌രി, ഖുര്‍തുബി തുടങ്ങി പഴയതും പുതിയതുമായ എട്ട് അറബി തഫ്‌സീറുകള്‍ ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു. തഫ്‌സീര്‍ ഇബ്‌നുകഥീറിന്റെ ഇംഗ്ലീഷ് പരിഭാഷയും ആപ്പില്‍ ലഭ്യമാണ്. മുപ്പതിലേറെ ഖാരിഉകളുടെ ഖുര്‍ആന്‍ പാരായണവും തിരഞ്ഞെടുത്ത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. തജ്‌വീദ് നിയമങ്ങളനുസരിച്ചുള്ള പാരായണം പഠിക്കാനും ആപ്പില്‍ സൗകര്യമുണ്ട്. നല്ലൊരു സെര്‍ച്ച് സംവിധാനവും ഇതില്‍ ്രപവര്‍ത്തിക്കുന്നു. ബുക്ക്മാര്‍ക്ക്, കുറിപ്പുകള്‍ രേഖപ്പെടുത്തുക തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്.

ഖുര്‍ആന്‍ വിജ്ഞാന സംരംഭമെന്ന നിലക്ക് വികസിപ്പിച്ച ഈ ആപ്പ് പൂര്‍ണ്ണമായും സൗജന്യമാണ്. പരസ്യമുക്തവുമാണ്. ഇതുപോലുള്ള തങ്ങളുടെ ഇസ്‌ലാമിക വൈജ്ഞാനിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായ സഹകരണങ്ങള്‍ നല്‍കാന്‍ ‘ഗ്രീന്‍ടെക് ആപ്പ്സ് ഫൗണ്ടേഷന്‍’ സുമനസ്സുകളോട് അഭ്യര്‍ഥിക്കുന്നു. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍.

 

Related Articles