Current Date

Search
Close this search box.
Search
Close this search box.

‘അല്‍ ഖുര്‍ആന്‍’ മലയാളം പരിഭാഷ

മലയാളത്തില്‍ ഖുര്‍ആന്‍ പരിഭാഷകള്‍ ധാരാളമുണ്ട്. ഇതില്‍ വ്യക്തികളുടെ സംഭാവനകളും സംഘടനകളുടെ ശ്രമങ്ങളുമുണ്ട്. നേരത്തെ പ്രിന്റ് രൂപത്തിലായിരുന്ന ഈ പരിഭാഷകള്‍ ഇപ്പോള്‍ മൊബൈല്‍ ആപ്പുകളുടെ രൂപത്തില്‍ ഗൂഗ്ള്‍ പ്ലേസ്‌റ്റോറിലും ആപ്പ് സ്‌റ്റോറിലും ലഭ്യമായിരിക്കുന്നു. സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം വ്യാപകമായതോടെ ആഗോളതലത്തില്‍ തന്നെ ഖുര്‍ആന്‍ വായനക്ക് പുതിയൊരു മാനം കൈവന്നിരിക്കയാണ്.

പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ഗ്രന്ഥകാരനും ഫാറൂഖ് കോളേജ് പ്രിന്‍സിപ്പലുമായിരുന്ന പ്രൊഫ. വി. മുഹമ്മദ് രചിച്ച ‘അല്‍ ഖുര്‍ആന്‍’ പരിഭാഷ മലയാളത്തിലെ ഖുര്‍ആന്‍ പരിഭാഷകളുടെ കൂട്ടത്തില്‍ വേറിട്ട് നില്‍ക്കുന്നു. വാക്കര്‍ഥത്തോടെയുള്ള ഈ പരിഭാഷ അറബി ഭാഷ അറിയാത്ത സാധാരണക്കാരായ ഖുര്‍ആന്‍ വായനക്കാര്‍ക്ക് വളരെ പ്രയോജനപ്രദമാണ്. അറബി പദവും അതിന്റെ വാക്കര്‍ഥവും ഒരൊറ്റ കോളത്തില്‍ നല്‍കിയിരിക്കുന്നു. അതിന് താഴെയായി ആയത്തിന്റെ പരിഭാഷയും നല്‍കുന്ന രീതിയാണ് ഇതിലുള്ളത്. പലപ്പോഴും ആയത്ത് ഒന്നിച്ച് അര്‍ഥം കൊടുക്കാതെ അതിനെ കഴിയുന്നത്ര ഖണ്ഡങ്ങളാക്കി ഓരോ ഖണ്ഡത്തിന്റെയും അര്‍ഥം പ്രത്യേകമായി നല്‍കുന്നു. അതുകൊണ്ട് ആയത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സാവധാനം ചിന്തിച്ച് മനസ്സിലാക്കനും ഉള്‍ക്കൊള്ളാനും സാധിക്കുന്നു. ഇതില്‍ വ്യാഖ്യാനമില്ല. വാക്കുകളുടെയോ പ്രയോഗത്തിന്റെയോ ഉദ്ദേശ്യം നന്നായി ഗ്രഹിക്കാന്‍ സാധ്യമാവുന്ന വിധത്തിലുള്ള വിശദീകരണം ചിലയിടങ്ങളില്‍ ബ്രാക്കറ്റിന്നുള്ളില്‍ കൊടുത്തിരിക്കുന്നു.

പ്രിന്റ് പതിപ്പിന്റെ തനിപ്പകര്‍പ്പ് എന്ന നിലക്ക് തന്നെ ഈ ഖുര്‍ആന്‍ പരിഭാഷ മൊബൈല്‍ സ്‌ക്രീനിലും വായിക്കാന്‍ സാധിക്കുന്നു. അതേസമയം ഡിജിറ്റല്‍ പതിപ്പിന്റെ നിരവധി സൗകര്യങ്ങള്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഖുര്‍ആന്‍ അധ്യായങ്ങളുടെ അറബിയിലും മലയാളത്തിലുമുള്ള ഇന്‍ഡക്‌സില്‍ നിന്ന് ഓരോ അധ്യായത്തിലെയും ആയത്തുകള്‍ നമ്പര്‍ പ്രകാരം തിരഞ്ഞെടുക്കാനും ജുസുഉകള്‍ തിരഞ്ഞെടുക്കാനും സൗകര്യം, ബുക്ക് മാര്‍ക്ക് തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. മലയാളത്തിലുള്ള നല്ലൊരു സെര്‍ച്ച് സംവിധാനം ആപ്പിന്റെ പ്രത്യേകതയാണ്. ഇതുപയോഗിച്ച് പരിഭാഷയിലെ ഏത് പദവും അടിസ്ഥാനമാക്കി സെര്‍ച്ച് ചെയ്ത് റിസള്‍ട്ടുകള്‍ മുഴുവന്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുത്താം.

മീം പബ്‌ളിക്കേഷന്ന് വേണ്ടി D4 മീഡിയയാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ‘മലയാളം ഖുര്‍ആന്‍’ എന്ന് സെര്‍ച്ച് ചെയ്ത് ആപ്പ് സ്‌റ്റോറില്‍ നിന്ന് ഇത് ലഭ്യമാക്കാവുന്നതാണ്. ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്തക്കള്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ താഴെ ലിങ്ക് സന്ദര്‍ശിക്കുക.

Related Articles