Current Date

Search
Close this search box.
Search
Close this search box.

തഫ്ഹീം സോഫ്റ്റ്‌വെയര്‍; പുതിയ പതിപ്പിന്റെ പ്രവര്‍ത്തനം അവസാന ഘട്ടത്തില്‍

thafheem.jpg

സമ്പൂര്‍ന്ന ഓഡിയോ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള തഫ്ഹീമുല്‍ ഖുര്‍ആന്‍, പുതിയ സോഫ്റ്റ്‌വെയര്‍ പതിപ്പിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് അവസാന ഘട്ടത്തിലെത്തിയിരിക്കയാണ്. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ വിഖ്യാത ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം, കാലട്ടത്തിന്റെ വായനക്കും കേള്‍വിക്കും അനുയോജ്യമായ വിധത്തില്‍ നിലവിലെ ഡെസ്‌ക്‌ടോപ്, ലാപ്‌ടോപ്, സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലെറ്റ് പി.സി, എം.പി 3 പ്ലേയര്‍ തുടങ്ങിയ വ്യത്യസ്ത ഉപകരണങ്ങളില്‍ വായിക്കാനും കേള്‍ക്കാനും സാധ്യമാകുന്ന വിധത്തില്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് 2013 ജൂണ്‍ മാസത്തിലാണ്. കോഴിക്കോട് ഹിറാ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന D4മീഡിയയുടെ ആഭിമുഖ്യത്തില്‍ ഇതിന്റെ ഡബ്ബിംഗ് പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകം ഓഡിയോ സ്റ്റുഡിയോ തന്നെ സൗകര്യപ്പെടുത്തിയിട്ടുണ്ട്.

നാല് സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍മാരുടെയും ഡാറ്റാവിഭാഗത്തില്‍ മൂന്ന് കണ്ടന്റ് എഡിറ്റര്‍മാരുടെയും സൗണ്ട് എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ള ടെക്‌നിക്കല്‍ സ്റ്റാഫിന്റെയും ഒന്നരവര്‍ഷത്തോളമുള്ള മുഴുസമയ സേവനം ഉപയോഗപ്പെടുത്തി മുന്നേറുന്ന അതി ബൃഹത്തായ ഈ ഡിജിറ്റല്‍ ‘സ്വപ്നപദ്ധതി’ ഈ ഇനത്തില്‍ മലയാളത്തിലെത്തന്നെ ആദ്യത്തെ സംരംഭമായിരിക്കും.

ആറ് വര്‍ഷം മുമ്പ്, 2008 ഒക്‌ടോബറില്‍ തഫ്ഹീം സോഫ്റ്റ്‌വെയറിന്റെ ആദ്യ പതിപ്പ് പുറത്തിറക്കിയത് വിന്‍ഡോസ് എക്‌സ്.പിയെ അടസ്ഥാനമാക്കിയായിരുന്നു. എക്‌സ്.പിക്ക് ശേഷം വന്ന വിന്‍ഡോസ് പതിപ്പുകളില്‍ തഫ്ഹീം സോഫ്റ്റ്‌വെയര്‍ സുഗമമായി പ്രവര്‍ത്തിച്ചിരുന്നില്ല. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി വിന്‍ഡോസ് 7, വിന്‍ഡോസ് 8, വിന്‍ഡോസ് 8.1 എന്നീ പതിപ്പുകള്‍ കഴിഞ്ഞ് ഇപ്പോള്‍ വിന്‍ഡോസ് 10 നെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് കമ്പ്യൂട്ടര്‍ ലോകം. നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ തഫ്ഹീം സോഫ്റ്റ്‌വെയര്‍, വിന്‍ഡോസ് 10 ന് പുറമെ, ലിനക്‌സ്, മാക് ഓപറേറ്റിംഗ് സിസ്റ്റങ്ങളെക്കൂടി പരിഗണിച്ചാണ് മുന്നേറുന്നത്. ഡെസ്‌ക്‌ടോപ് പതിപ്പിന്റെ പ്രകാശനത്തിന് ശേഷം ഇതിന്റെ ഇന്റര്‍നെറ്റ് പതിപ്പും ആന്‍ഡ്രോയ്ഡ് ഉള്‍പ്പെടെയുള്ള മൊബൈല്‍ പതിപ്പുകളും പുറത്തിറക്കും.

തഫ്ഹീം സോഫ്റ്റ്‌വെയറിന്റെ ആദ്യ പതിപ്പ് കമ്പ്യൂട്ടറുപയോഗിക്കുന്ന മലയാളികള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ്  നേടിയത്. അതോടെ കമ്പ്യൂട്ടറിലും മറ്റും തഫ്ഹീം പൂര്‍ണ്ണമായും വായിച്ചു കേള്‍ക്കാനുള്ള സൗകര്യം കൂടി വേണമെന്ന ആവശ്യം പല ഭാഗത്തുനിന്നും ഉയര്‍ന്നുവന്നു. ഭാവിയില്‍ പുറത്തിറക്കുന്ന തഫ്ഹീം പതിപ്പ് അത്തരത്തിലുള്ളതായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അന്ന് നല്‍കിയ ഉറപ്പാണ് ഇപ്പോള്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്നത്. മുന്‍ പതിപ്പിന്റെ വികസനത്തിന് സഹായ സഹകരണങ്ങള്‍ നല്‍കിയ സൗദി കെ.ഐ.ജി പ്രവര്‍ത്തകര്‍ തന്നെയാണ് പുതിയ പതിപ്പിന്റെ നിര്‍മ്മാണത്തിനും പ്രചോദനമായി വര്‍ത്തിക്കുന്നത്.

ആറ് വാള്യങ്ങളില്‍ 3335 പേജുകളുള്ള തഫ്ഹീം ടെക്സ്റ്റ് പൂര്‍ണ്ണമായും ശബ്ദരൂപത്തിലേക്ക് മാറ്റുക എന്നത് കടുത്ത വെല്ലുവിളി തന്നെയായിരുന്നു. അതോടൊപ്പം കേള്‍വിയിലൂടെ എളുപ്പത്തില്‍ ആശയം ഗ്രഹിക്കുന്നതിന് അനുയോജ്യമായ വിധത്തില്‍ നിലവിലെ തഫ്ഹീം ടെക്സ്റ്റുകളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് ആവശ്യമാന്നെന്ന അഭിപ്രായവും ശക്തമായി ഉയര്‍ന്നു. അങ്ങനെ തഫ്ഹീം പ്രിന്റ് പതിപ്പിലെ ഒറിജിനല്‍ ടെക്സ്റ്റ് നിലനിര്‍ത്തിക്കൊണ്ടുതന്നെ, പ്രത്യേകം തയ്യാറാക്കിയ ടെക്സ്റ്റാണ് ഓഡിയോക്ക്  വേണ്ടി ഉപയോഗിക്കുന്നത്. ഓഡിയോ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഈ ടെക്സ്റ്റായിരിക്കും പ്രത്യക്ഷമാവുക. തഫ്ഹീം മലയാള വിവര്‍ത്തനത്തിന്റെ മൂലകൃതി തയ്യാറാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച ടി.കെ. ഉബൈദിന്റെയും ഐ.പി.എച്ച് എഡിറ്ററായ റഹ്മാന്‍ മുന്നൂരിന്റെയും നേതൃത്വത്തില്‍ ശ്രമകരമായ ഈ ജോലിയും പൂര്‍ത്തിയായിട്ടുണ്ട്. സിനി ആര്‍ട്ടിസ്റ്റ് കുടിയായ നൗഷാദ് ഇബ്രാഹീമാണ് ഡബ്ബിംഗ് ജോലി ഏറ്റെടുത്തിരിക്കുന്നത്.

ലളിതമായ ലേഔട്ട്, മികച്ച ഡിസൈനിംഗ് എന്നിവ സോഫ്റ്റ്‌വെയറിന്റെ പ്രത്യേകതയാണ്. പഴയ പതിപ്പിന്റെ എല്ലാ സവിശേഷതകളും കൂടുതല്‍ മെച്ചപ്പെടുത്തിയ രീതിയില്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ റഫറന്‍സിനായി തഫ്ഹീം വ്യാഖ്യാനങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയും ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു. മദീന മുസ്ഹഫിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഖുര്‍ആന്‍ ടെക്സ്റ്റിനായി ഉപയോഗിച്ചിരിക്കുന്നത്. മലയാളം, ഇംഗ്ലീഷ് വാക്കര്‍ഥം ലീസ്റ്റ് രൂപത്തില്‍ പ്രിന്റ് ചെയ്യാന്‍ സൗകര്യമൊരുക്കിയിരിക്കുന്നു.

സ്വയം വിലയിരുത്തുന്നതിന് സഹായകമായി അതിവിപുലമായൊരു ക്വിസ് പ്രോഗ്രാമും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്നായി തഫ്ഹീമിലെ ആയിരത്തിലേറെ ബ്ലോക്കുകളില്‍ ഓരോന്നിലും ചുരുങ്ങിയത് മൂന്ന് ചോദ്യങ്ങള്‍ക്കൊള്ളിച്ചിരിക്കുന്നു. ഖുര്‍ആന്‍ മനഃപ്പാഠം പരിശോധനക്കുള്ള വിപുലമായ സംവിധാനമാണ് സോഫ്റ്റ്‌വെയറിന്റെ മറ്റൊരു സവിശേഷത. ഖുര്‍ആന്‍ വാക്കര്‍ഥങ്ങളുടെ പഠന പുരോഗതി വിലയിരുത്താനുള്ള രസകരമായ ‘ഡ്രാഗ് ആന്റ് ഡ്രോപ്’ രീതിയിലെ ഗെയിം പ്രോഗ്രാമും സോഫ്റ്റ്‌വെയറിലുണ്ട്. അറബി, മലയാളം പദങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സെര്‍ച്ച്, വിഷയാധിഷ്ഠിത സെര്‍ച്ച് എന്നിവ കൂടുതല്‍ കാര്യക്ഷമമാക്കിയിരിക്കുന്നു.

Related Articles