Current Date

Search
Close this search box.
Search
Close this search box.

സമത്വം ഉദ്ഘോഷിക്കുന്ന പ്രത്യയശാസ്ത്രം

ആധുനിക ലോകത്ത് പരക്കെ അറിയപ്പെടുന്ന ഒരു തത്വശാസ്ത്രമണ് പോസിറ്റിവിസം. ഈ തത്വശാസ്ത്രമനുസരിച്ച് ഒരു പ്രത്യയശാസ്ത്രത്തിൻറെ മൂല്യം വിലയിരുത്തപ്പെടുന്നത് അതിൻറെ പ്രയോഗവൽകരണത്തിലൂടെയാണ്. ഒരു പ്രത്യയശാസ്ത്രത്തിൻറെ പ്രായോഗികവൽകരണത്തിനും അതിൻറെ പ്രയോഗവൽകരണത്തിലെ അനന്തരഫലങ്ങൾക്കുമാണ് പോസിറ്റിവിസം മുഖ്യ പരിഗണന നൽകുന്നത്. ഈ കാഴ്ചപ്പാട് വളരെ ആധികാരികമാണെന്ന് ഞാനും സമ്മതിക്കുന്നു. നിങ്ങളുടെ പക്കൽ ഒരു ദർശനം ഉണ്ടാവുകയും അതാണ് ഏറ്റവും മഹത്തരമെന്ന് നിങ്ങൾ അവകാശപ്പെടുകയാണെങ്കിൽ, അതിൻറെ മഹത്ത്വം പരിശോധിക്കാനുള്ള ഒരേ ഒരു വഴി അത് പ്രയോഗവൽകരിക്കുകയും എങ്ങനെ അത് വികസിക്കുന്നു എന്ന് വിലയിരുത്തലുമാണ്.

ഈ പോസിറ്റിവ് സിദ്ധാന്തം ഇസ്ലാമിൻെറയും അനിസ്ലാമിക പ്രത്യയശാസ്ത്രത്തിൻറെയും കാര്യത്തിൽ നടപ്പാക്കുകയാണെങ്കിൽ, അത് രണ്ടിൻറെയും അനന്തര ഫലങ്ങൾ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ സുവ്യക്തമായി ബോധ്യപ്പെടുന്നതാണ്. അതിനാൽ ഇസ്ലാമിക സംസ്കാരത്തിൻറെ സംഭാവനകളും അതിൻറെ എതിർ ചേരിയിലുള്ള പാശ്ചാത്യ സംസ്കാരത്തിൻറെ സംഭാവനകളും അവയുടെ സിദ്ധാന്തങ്ങൾ, വിശ്വാസങ്ങൾ, ദർശനങ്ങൾ എല്ലാം നമുക്ക് പരിശോധിച്ച് നോക്കാം. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ ഇരു സംസ്കാരങ്ങളും, പാശ്ചാത്യ സംസ്കാരവും ഇസ്ലാമിക സംസ്കാരവും, ലോകത്തിന് എന്ത് സംഭാവനകളാണ് നൽകിയതെന്ന് പരിശോധിക്കേണ്ടതുണ്ട്. നമ്മൾ പറയുന്നതിൽ ഒരു വ്യക്തത കൈവരാൻ ഇരു സംസ്കാരങ്ങളുടേയും വർത്തമാന കാല സംഭാവനകളിൽ ഊന്നൽ നൽകകകുന്നതാണ് ഉത്തമം.

വർണ്ണ വിവേചനം
വിവിധ മനുഷ്യ വർഗ്ഗങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ തന്നെ എടുക്കാം. എവിടെയാണ് വർണ്ണ വിവേചനം കാണുന്നത്? എവിടെയാണ് വർഗ്ഗ സമത്വം കാണുന്നത്? ഈ ചോദ്യത്തിനുള്ള ഉത്തരം വളരെ വ്യക്തം. തെക്കൻ ആഫ്രിക്ക, റൊഡീഷ്യ, അമേരിക്ക എന്നിവിടങ്ങളിലാണ് ഈ വർണവെറി ഏറ്റവും കൂടുതൽ കണ്ട് വരുന്നത്. അവിടെങ്ങളിൽ വെളുത്ത ക്രൈസ്തവർ കറുത്തവർക്കെതിരെയാണ് ഈ വർണ്ണഡംബ് നടപ്പാക്കുന്നതെന്ന് ആർക്കും അറിയുന്ന കാര്യമാണ്. എന്നാൽ ഇത്തരത്തിലുള്ള വർണ്ണ വിവേചന പ്രശ്നങ്ങളൊന്നും ഇസ്ലാമിക രാജ്യങ്ങളിലില്ല. ഈ സാമൂഹ്യ പ്രതിഭാസം ഒരു വിശദീകരണം ആവശ്യപ്പെടുന്നു. വർണ്ണ വിവേചനം അനിസ്ലാമിക രാജ്യങ്ങളിൽ വ്യാപകമായി കണ്ട്വരുന്നത് എന്ത്കൊണ്ടാണ്? അതേയവസരം മുസ്ലിം രാജ്യങ്ങളിൽ ഇത്തരത്തിലുള്ള യാതൊരുവിധ വർണ്ണ വിവേചനം ഇല്ലാത്തതിൻ്റെ കാരണം എന്തായിരിക്കും?

വർണ്ണ വിവേചനം മുസ്ലിം രാജ്യങ്ങളിൽ ഇല്ലാത്തതിൻറെ കാരണം വളരെ വ്യക്തമാണ്. മനുഷ്യ സമത്വം സ്ഥാപിക്കുന്നതിൽ വിജയിച്ച പ്രത്യയശാസ്ത്രമാണ് ഇസ്ലാം. ഇസ്ലാം സമത്വം ഉദ്ഘോഷിക്കുന്നുവെന്ന് മാത്രമല്ല, അത് മുസ്ലിങ്ങളുടെ ദൈനംദിന ജീവിതത്തിൽ നടപ്പാക്കാൻ കർശനമായി കൽപിക്കുകയും ചെയ്യുന്നു. എല്ലാ മുസ്ലിംങ്ങളും പരസ്പരം സഹോദരന്മാരാണ്. ഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ ഇസ്ലാമിൽ ഒരാൾക്ക് മറ്റൊരാളെക്കാൾ യാതൊരു ഔനിത്യവുമില്ല. ഇസ്ലമിക പ്രമാണമനുസരിച്ച് മനുഷ്യരെല്ലാവരും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ആദമിൽ നിന്നാണ്. ആദമാകട്ടെ മണ്ണിൽ നിന്നുമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

മുസ്ലിംങ്ങൾ തമ്മിൽ മാത്രമല്ല ഇസ്ലാം സമന്മാരായി പരിഗണിക്കുന്നത്. മറിച്ച് ദൈനം ദിന കാര്യങ്ങളിലും പൗരന്മാരുടെ അവകാശങ്ങളിലും ഉത്തരവാദിത്തങ്ങളിലും മുസ്ലിങ്ങളല്ലാത്തവരെയും ഇസ്ലാം തുല്യരായിട്ടാണ് പരിഗണിക്കുന്നത്. ഇസ്ലാം അർത്ഥശങ്കക്ക് ഇടയില്ലാത്തവിധം സമത്വത്തിൻെറ മതമാണ്. എല്ലാ മനുഷ്യരേയും എല്ലാ വർഗ്ഗങ്ങളേയും അത് സമത്വത്തോടെ വീക്ഷിക്കുന്നു. എല്ലാ പ്രവാചകന്മാരേയും എല്ലാ വേദഗ്രന്ഥങ്ങളേയും അത് തുല്യമായി പരിഗണിക്കുന്നു. ഒരു മുസ്ലിം മുഴുവൻ പ്രവാചകന്മാരിലും അവർക്കെല്ലാവർക്കും അവതരിച്ച വേദ ഗ്രന്ഥങ്ങളിലും വിശ്വസിച്ചേ പറ്റൂ. ഈ സമഭാവന സിദ്ധാന്തമാണ് ഇസ്ലാമിക പ്രത്യയശാസ്ത്രത്തിൻറെ ഊടും പാവും.

സമത്വത്തിനുള്ള പരിശീലനം
ഇസ്ലാം സമത്വത്തെ കുറിച്ച് സൈദ്ധാന്തികമായി സംസാരിക്കുക മാത്രമല്ല അതനുസരിച്ച് ജീവിക്കാൻ മുസ്ലിംങ്ങളെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. മുസ്ലിംങ്ങളുടെ സുപ്രധാന ആരാധന കർമ്മമായ നമസ്കാരത്തിൽ ഒരു പ്രദേശത്തെ മുഴുവൻ മുസ്ലിംങ്ങളും ഒരുമിച്ച് കൂടുകയും തോളോട് തോൾ ചേർന്ന്്, ഒരൊറ്റ ദിശക്ക് അഭിമുഖമായി നിന്ന്്, ഒരേ വചനങ്ങൾ ഉച്ചരിച്ച്്, ഒരേ താളലയത്തിൽ അവർ നമസ്കാരം നിർവ്വഹിക്കുന്നത് എത്ര മനോഹരമായ കാഴ്ചയാണ്. ഭക്തിപൂർണ്ണമായ ആ നമസ്കാരം മനുഷ്യർക്കിടയിലെ സമത്വ വികാരത്തിൻറെ ഊഷ്മളമായ രംഗങ്ങൾ സൃഷ്ടിക്കുന്നു.

മുസ്ലിംങ്ങൾ എല്ലാവർഷവും അനുഷ്ടിക്കുന്ന ഒുരു മാസം നീണ്ട്നിൽക്കുന്ന വൃതാനുഷ്ടാനത്തിൻറെ കാര്യം എടുത്ത് നോക്കു. ന്യായമായ ഒഴിവുകഴിവുകൾ ഉള്ളവർ ഒഴികെ, എല്ലാ മുസ്ലിംങ്ങളും, സ്ത്രീയും പുരുഷനും, ധനികനും ദരിദ്രനും, യുവാവും വൃദ്ധനുമെല്ലാം പ്രഭാതം മുതൽ പ്രതോഷം വരെ വൃതമനുഷ്ടിക്കുന്നു. സമത്വത്തിൻറെ ഉദാത്തമായ പരിശീലനമാണ് വൃതാനുഷ്ടാനത്തിലൂടെ വിശ്വാസികൾക്ക് ലഭിക്കുന്നതെന്ന കാര്യത്തിൽ സംശയമില്ല.

വിശുദ്ധ മക്കയിൽ പോയി മുസ്ലിംങ്ങൾ നിർവ്വഹിക്കുന്ന ഹജ്ജ് തീർത്ഥാടനവും സമത്വത്തിൻെറ മഹത്തായ പരിശീലനം നൽകുന്ന മറ്റൊരു ആരാധനയാണ്. എല്ലാ മുസ്ലിംങ്ങളും, കറുത്തവനെന്നൊ വെളുത്തവനെന്നൊ വിത്യാസമില്ലാതെ, അറബി എന്നൊ അമേരിക്കക്കാരനെന്നൊ യൂറോപ്യനെന്നൊ വിത്യാസമില്ലാതെ, എല്ലാവരും ഒരേ നിറത്തിലുള്ള ശുഭ്ര വസ്ത്രം ധരിച്ച് ഒരേ ദിശയിലേക്ക് തിരിയുന്നു. അഥവാ കഅ്ബയിലേക്ക് തിരിയുകയും ഒരേ ദൈവത്തിന് സമർപ്പിക്കുകയും ചെയ്യുന്നു. തീർച്ചയായും ഇതും യഥാർത്ഥ സമത്വത്തിൻറെ മറ്റൊരു നിദർശനമാണ്.

പാശ്ചാത്യ സംസ്കാരത്തിൽ സമത്വത്തെ കുറിച്ച വാചാടോപം മാത്രമേ നാം കേൾക്കുന്നുള്ളൂ. പ്രായോഗിക തലത്തിൽ നാം കാണുന്നത് കറുത്തവർക്ക് വെള്ളക്കാരുടെ സ്കൂളുകളിൽ പ്രവേശനം നേടാനൊ അവർ സഞ്ചരിക്കുന്ന വാഹനങ്ങളിൽ സഞ്ചരിക്കുവാനൊ അനുവാദമില്ല. അവർ ജീവിക്കുന്ന പ്രദേശത്ത് പോലും താമസിക്കുവാൻ അനുവദമില്ല. ഇതിനെക്കാൾ മ്ലേഛമായ അവസ്ഥ മറ്റു ചില പാശ്ചാത്യ രാജ്യങ്ങളിൽ കാണാം. അവിടെ കറുത്തവർക്ക് വെളുത്തവരുടെ ചർച്ചിൽ പ്രവേശനം പോലും നിഷിദ്ധമാണ്.

അതേയവസരം മുഹമ്മദ് നബി എല്ലാ മനുഷ്യരുടേയും പ്രവാചകനാണ്. കൃസ്തുമതം സ്നേഹവും സമത്വവുമെല്ലാം വാദിക്കുമെങ്കിലും അത് എല്ലാവരേയും ഉൾകൊള്ളുന്ന മതമല്ല. ഇസ്റായേൽ സമുദായത്തിന് വേണ്ടി മാത്രം നിയോഗിക്കപ്പെട്ട പ്രവാചകനായിരുന്നു യേശുകൃസ്തു. എന്നാൽ മുഹമ്മദ് നബി എല്ലാ ജനതക്കും വേണ്ടി നിയോഗിക്കപ്പെട്ട പ്രവാചകനാണ്. കാരണം അദ്ദേഹം അന്ത്യ പ്രവാചകനായിട്ടായിരുന്നു നിയോഗിക്കപ്പെട്ടത്. മുഹമ്മദ് നബിക്ക് മുമ്പ് എല്ലാ പ്രവാചകന്മാരേയും അതത് സമുദായത്തിലേക്കായിരുന്നു നിയോഗിച്ചിരുന്നത്. എന്നാൽ മുഹമ്മദ് നബിയാകട്ടെ ലോകർക്കാഗമാനം നിയോഗിക്കപ്പെട്ട പ്രവാചകനായിരുന്നു. കാരണം അദ്ദേഹത്തിന് ശേഷം ദിവ്യബോധനം നൽകുന്ന സമ്പ്രദായം അവസാനിപ്പിച്ചു. അത്കൊണ്ടാണ് ഇസ്ലാം എല്ലാ ജനവിഭാഗത്തേയും അഭിസംബോധന ചെയ്യുന്നത്. മതങ്ങളിൽ അവസാന എഡിഷനാണ് ഇസ്ലാം. അല്ലാഹു അത് സമഗ്രവും സമ്പൂർണ്ണമാക്കിയിരിക്കുന്നു.

ഇസ്ലാമും പുർവ്വിക മതങ്ങളും
കൃസ്തു മതം ഒരു ദൈവിക മതമാണ് എന്ന് മുസ്ലിംങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിലും അത് പക്ഷെ അന്തിമ വെളിപാടാണെന്ന് അവർ കരുതുന്നില്ല. ഇസ്ലാം കൃസ്തു മതത്തെ ഉൾകൊള്ളുന്നുണ്ട് എന്നത് ശരി. കാരണം മുസ്ലിംങ്ങൾ കൃസ്തുവിലും സുവിശേഷങ്ങളിലും വിശ്വസിക്കുന്നു. ഇസ്ലാം ജൂത മതത്തെയും ഉൾകൊള്ളുന്നുണ്ട്. കാരണം മുസ്ലിംങ്ങൾ മൂസയിലും തൗറാത്തിലും വിശ്വസിക്കുന്നു. അങ്ങനെ ഇസ്ലാം കൃസ്തു മതത്തേയും ജൂത മതത്തേയും ഒരു പോലെ ഉൾകൊള്ളുന്നു. എന്ന് മാത്രമല്ല ഇസ്ലാം എല്ലാ ദൈവിക മതങ്ങളെയും ഉൾകൊള്ളുന്നു. കാരണം ആ വേദ ഗ്രന്ഥങ്ങളെല്ലാം അവതീർണ്ണമായത് ഒരേ ശ്രോതസ്സിൽ നിന്നും ഒരേ ലക്ഷ്യ സാക്ഷാൽകാരത്തിനും വേണ്ടിയായിരുന്നു. അഥവാ മനുഷ്യരാശിയെ സന്മാർഗ്ഗത്തിലേക്ക് നയിക്കാൻ. തീർച്ചയായും മുസ്ലിംങ്ങൾ യഥാർത്ഥ വേദഗ്രന്ഥങ്ങളിൽ വിശ്വസിക്കുന്നവരാണ്. വികൃതമാക്കപ്പെട്ട ഇന്ന് ലഭ്യമായ രൂപത്തിലുളള വേദഗ്രന്ഥത്തിൽ വിശ്വസിക്കുന്നവരല്ല മുസ്ലിംങ്ങൾ.

നമുക്ക് ഇനി അതിൻറെ അനന്തരഫലങ്ങളെ കുറിച്ച് ആലോചിക്കാം. കൃസ്തുമതം സമത്വം ഉൽഘോഷിക്കുന്നതായി നിങ്ങൾക്ക് വാദമുണ്ടെങ്കിൽ, എന്ത്കൊണ്ടാണ് ക്രൈസ്തവ രാജ്യങ്ങളിൽ വർണ്ണ വിവേചനം വർധിക്കുന്നത്? ഉത്തരം വളരെ ലളിതം. സമത്വത്തിന് വേണ്ടി വാദിക്കലും അതിന് പരിശീലനം നൽകലും രണ്ടും രണ്ടാണ്. ഇസ്ലാം മുസ്ലിംങ്ങളെ സമത്വത്തെ കുറിച്ച് പഠിപ്പിക്കുന്നതോടൊപ്പം തന്നെ അവരെ അതിന് പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്. കൃസ്തുമതം സമത്വത്തെ കുറിച്ച് പഠിപ്പിക്കുന്നുണ്ടെങ്കിലും അത് പരിശീലിപ്പിക്കുന്നില്ല എന്നത് ഒരു വസ്തുതയാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഒരു രോഗത്തിന് രണ്ട് മരുന്നുണ്ടാവാം. ഒരുപക്ഷെ ഒരു മരുന്ന് മറ്റെ മരുന്നിനെക്കാൾ കൂടുതൽ ഫലപ്രദവുമാവാം.

അപ്പോൾ കാര്യം വളരെ വ്യക്തമാണ്. ഇന്ന് നാം ജീവിക്കുന്ന ലോകത്ത് രണ്ട് തരം സംസ്കാരങ്ങളാണുള്ളത്. ഇസ്ലാമൂം ഇസ്ലാമേതര സംസ്കാരവും. ഇസ്ലാമിക സംസ്കാരത്തിൽ വർണ്ണ വിവേചനം തൊട്ട് തീണ്ടീട്ട് പോലുമില്ല. ഇസ്ലാമേതര സംസ്കാരം വർണ്ണ വിവേചനം കൊണ്ട് വീർപ്പ്മുട്ടുകയാണ്. ഇത് ഒരു കാര്യം വ്യക്തമാക്കുന്നു. ഇസ്ലാം സമത്വം സൃഷ്ടിക്കുകയും വർണ്ണ വിവേചനം ഇല്ലാതാക്കുകയും ചെയ്യുന്നു. ഇസ്ലാം ഇല്ലാതായാൽ വർണ്ണ വിവേചനം പുർവ്വാധികം ശക്തിയോടെ തിരിച്ച് വരുകയും സമത്വം ഇല്ലാതാവുകയും ചെയ്യുന്നു. തീർച്ചയായും വർണ്ണ വിവേചനം വ്യക്തികളെ സംബന്ധിച്ചേടുത്തോളം അവരുടെ മാനസികാരോഗ്യത്തിന് വലിയൊരു ഭീഷണിയാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ സമത്വഭാവന അവരുടെ മാനസികാരോഗ്യത്തെ ശക്തിപ്പെടുത്തുന്നു. സമത്വത്തിൻറെയും മനസ്സമാധാനത്തിൻറെയും മതമായ ഇസ്ലാമിലേക്ക് നമ്മെ വഴികാണിച്ച അല്ലാഹുവിന് ഒരായിരം സ്തുതി ചെയ്താലും മതിയാവില്ല.

മൊഴിമാറ്റം: ഇബ്റാഹീം ശംനാട്, മൂസക്കുട്ടി വെട്ടിക്കാട്ടിരി

Related Articles