‘സുന്ദരമായതിനെ കാണാനുള്ള അവസരം നഷ്ടപ്പെടുത്തരുത്.
കാരണം, സൗന്ദര്യം ദൈവത്തിന്റെ കൈയെഴുത്താണ്’-റാൽഫ് വാൽഡോ എമേഴ്‌സൺ
സൗന്ദര്യംകൊണ്ടാണ് പ്രകൃതി ഇത്രമേൽ കൗതുകകരമായിരിക്കുന്നത്. പ്രപഞ്ചത്തിനും അതിലുള്ളവക്കും തനദ് സൗന്ദര്യമുണ്ട്. സൗന്ദര്യത്തിന്റെ കുറിമാനങ്ങൾ എവിടെയും കാണാം. വിടരുന്ന പുഷ്പങ്ങൾ, നക്ഷത്രഖചിതമായ രാവുകൾ, മഞ്ഞുപെയ്യുന്ന പ്രഭാതങ്ങൾ, അനന്തതമായ സാഗരങ്ങൾ, കളകളാരവം തീർക്കുന്ന കിളികൾ തുടങ്ങി എല്ലാം സൗന്ദര്യത്തിന്റെ നിദർശനങ്ങളാണ്. വൃക്ഷത്തിന്റെ ചില്ലകൾ മുകളിലേക്കെന്നപോലെ, വേരുകൾ താഴോട്ടും വളരുന്നുവെന്നും അതിലൊന്ന് പ്രത്യക്ഷ സൗന്ദര്യവും മറ്റൊന്ന് പരോക്ഷ സൗന്ദര്യവുമാണെന്നും ലാവോത്സു മൊഴിയുന്നുണ്ട്. മേച്ചിൽ സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോഴും തൊഴുത്തിലേക്ക് കൊണ്ടുവരുമ്പോഴും കന്നുകാലികളിൽ നിങ്ങൾക്ക് അലങ്കാരമുണ്ടെന്ന് വിശുദ്ധവേദം പറയുന്നു.
രുചി, കല, സാഹിത്യം, സൗന്ദര്യം എന്നിവയെ മുൻനിർത്തിയുള്ള പഠനമാണ് സൗന്ദര്യശാസ്ത്രം. തസ്വവ്വുഫിന്റെയും ഫിലോസഫിയുടെയും ഭാഗമായതിനാൽ, അവയിൽ സൗന്ദര്യശാസ്ത്ര ചർച്ചയും കടന്നുവരും. ഈസ്‌തെറ്റിക്‌സെന്നാണ് സൗന്ദര്യശാസ്ത്രത്തിന്റെ ആംഗലേയ ശബ്ദം. എസ്‌തെറ്റികോയെന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ഉൽഭവം. എന്താണ് സുന്ദരം?, അതിന്റെ ചേരുവകൾ എന്തൊക്കെയാണ്?, എന്തുകൊണ്ടാണ് ചിലത് സുന്ദരവും ചിലത് വിരൂപവുമായി തോന്നുന്നത്? തുടങ്ങി അനേകം വിഷയങ്ങൾ സൗന്ദര്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്നു. കലയുടെയും സാഹിത്യത്തിന്റെയും ആത്മാവാണ് സൗന്ദര്യം. വ്യാകരണ നിയമങ്ങൾ, അലങ്കാരങ്ങൾ, പദങ്ങളുടെ സൂക്ഷമായ തെരഞ്ഞെടുപ്പ്, ആശയഭദ്രത എന്നിവയാണ് സാഹിത്യത്തെ സുന്ദരമാക്കുന്നതെങ്കിൽ, ആവശ്യമായ അനുപാതങ്ങളും ചേരുവകളുമാണ് കലയെ സുന്ദരമാക്കുന്നത്. ചിത്തത്തിലൂറിയ ഭാവനകൾക്ക് പ്രത്യുൽപന്നപരമായ ആവിഷ്‌കാരം സാധ്യമാവുമ്പോഴാണ് സൃഷ്ടി സുന്ദരമാവുന്നത്.
കലയിലും സാഹിത്യത്തിലും മാത്രം പരിമിതമല്ല സൗന്ദര്യശാസ്ത്രം. ജീവിതത്തെക്കൂടി ആവരണം ചെയ്യുന്ന ആശയമാണത്. സൗന്ദര്യത്തിന്റെ സ്പർശനങ്ങൾ ഉണ്ടാവുമ്പോഴാണ് ജീവിതം കൂടുതൽ അഴകുള്ളതാവുന്നത്. സൗന്ദര്യത്തോടുള്ള അനുഭാവം മനുഷ്യന്റെ നൈസർഗികമായ സവിശേഷതയാണ്. മനുഷ്യൻ സുന്ദരനാണ്. അവനെ സൃഷ്ടിച്ച ദൈവമോ, പരമസുന്ദരനും. ദൈവം സുന്ദരനും അവൻ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നുവെന്നും തിരുചര്യ രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ കുഞ്ഞും ദൈവത്തിന്റെ സൗന്ദര്യത്തെയല്ലാതെ മറ്റെന്തിനെയാണ് വെളിപ്പെടുത്തുന്നത്.
ജീവിത സൗന്ദര്യത്തിന് രണ്ട് വശങ്ങളുണ്ട്. ഒന്ന്, ബാഹ്യസൗന്ദര്യം. നല്ല ഭക്ഷണം, നല്ല വസ്ത്രം, നല്ല വീട്, നല്ല വാഹനം, നല്ല കുടുംബം, നല്ല ആരോഗ്യം തുടങ്ങിയവ പുറം അഴകുകൾക്ക് ഉദാഹരണങ്ങളാണ്. ഓരോ മനുഷ്യന്റെയും സ്വപ്നങ്ങളാണവ. വൈരൂപ്യത്തിന്റെ കലർപ്പുകൾ അവയിൽ ആരും ഇഷ്ടപ്പെടുന്നില്ല. ഓരോരുത്തരുടെയും ഭാവനകൾ വ്യത്യാസപ്പെടുന്നതനുസരിച്ച് അവയിൽ വൈവിധ്യം ഉണ്ടാവാം. വൃത്തി എപ്പോഴും നിലനിർത്തണമെന്നും ആരാധനകളിൽ അലങ്കാരങ്ങൾ ഉറപ്പുവരുത്തണമെന്നും വിശുദ്ധവേദവും തിരുചര്യയും ആഹ്വാനംചെയ്യുന്നത് കാണാം. രണ്ട്, ആത്മീയ സൗന്ദര്യം. നന്മകളുമായാണ് അതിന്റെ ബന്ധം. സ്വഭാവങ്ങൾ ആത്മാവിന്റെ അനുഭൂതികളായി മാറുമ്പോഴാണ് ആത്മസൗന്ദര്യം പിറക്കുന്നത്. മനുഷ്യന്റെ സൗന്ദര്യം സ്വഭാവ വൈശിഷ്ട്യത്തിലാണെന്നാണ് ഗാന്ധിജിയുടെ അഭിപ്രായം. പ്ലേറ്റോയുടെ സൗന്ദര്യബോധം നന്മയിലധിഷ്ഠിതമായിരുന്നു. ധാർമികവും സദാചാരപവുമായ മൂല്യങ്ങളുമായാണ് അതിനെ അദ്ദേഹം ബന്ധപ്പെടുത്തുന്നത്. ദൈവം വിശ്വാസത്തെ ഉള്ളകത്തിന്റെ അലങ്കാരമാക്കിയതായി വിശുദ്ധവേദം പറയുന്നുണ്ട്. ദൈവത്തെ നാഥനായും ഇസ്‌ലാമിനെ ജീവിതചര്യയായും മുഹമ്മദിനെ പ്രവാചകനായും തൃപ്ത്തിപ്പെടുമ്പോഴാണ് വിശ്വാസത്തിന്റെ രസം ഒരാൾ അനുഭവിക്കുന്നതെന്ന് തിരുചര്യയും പ്രസ്താവിച്ചിട്ടുണ്ട്. കേവല വിശ്വാസത്തിനപ്പുറം സൗന്ദര്യാത്മകമായ വിശ്വാസമാണ് വികസിപ്പിക്കേണ്ടതെന്ന യാഥാർഥ്യത്തിനാണ് വിശുദ്ധവേദവും തിരുചര്യയും അടിവരയിട്ടുന്നത്.
തോളോടുതോൾ ചേർന്നുപോവേണ്ടവയാണ് ബാഹ്യ സൗന്ദര്യവും ആത്മീയ സൗന്ദര്യവും. ഒന്ന് മറ്റൊന്നിനേക്കാൾ മീതെയോ, തഴെയോ അല്ല. ഒരു വശത്തിന് മാത്രമുള്ള ഊന്നൽ ജീവിതത്തിൽ അസന്തുലിതത്വമാണ് വരുത്തിവെക്കുക. ആന്തരിക പ്രഭാവമില്ലാത്ത പുറംമോടികൊണ്ട് ഒട്ടും പ്രയോജനമില്ല. ദൈവം നിങ്ങളുടെ രൂപഭാവത്തിലേക്കല്ല, ആത്മാവിലേക്കാണ് നോക്കുന്നതെന്ന് തിരുചര്യ പറയുന്നുണ്ടല്ലോ. എന്നാൽ ബാഹ്യസൗന്ദര്യം ഉറപ്പുവരുത്തൽ അനിവാര്യവുമാണ്. ബാഹ്യസൗന്ദര്യം ആത്മീയസൗന്ദര്യത്തെയും ആത്മീയസൗന്ദര്യം ബാഹ്യസൗന്ദര്യത്തെയും സ്വാധീനിക്കുമ്പോഴാണ് ജീവിതത്തിന് താളവും ഈണവും ഉണ്ടാവുന്നത്.
📲 കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ … 👉: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU