Current Date

Search
Close this search box.
Search
Close this search box.

വിപ്ലവത്തിന്റെ മുന്നുപാധിയാണ് മാറ്റം

‘ഭാവിയിൽ ഉണ്ടാവാനിടയുള്ള ഫലമാണ് വിപ്ലവത്തിന്റെ മൂല്യം’ -മുഹമ്മദ് ഹുസൈൻ ഹൈക്കൽ

പ്രകൃതിയുടെ സവിശേഷതയാണ് മാറ്റം. പ്രപഞ്ചത്തിലെ എല്ലാം മാറികൊണ്ടിരിക്കുന്നുണ്ട്. മാറാത്തതായി ഒന്നുമില്ല. മാറ്റത്തിനേ മാറ്റമില്ലാതിരിക്കുന്നുള്ളൂ. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണെന്ന് കാറൽ മാക്‌സ് എഴുതിയിട്ടുണ്ട്. ശാസ്ത്രത്തിന്റെ നിഗമനപ്രകാരം പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമൊക്കെ ചലിക്കുകയും ഒരവസ്ഥയിൽനിന്ന് മറ്റൊരവസ്ഥയിലേക്ക് മുന്നേറുകയും ചെയ്യുന്നു. മനുഷ്യശരീരത്തിൽ പഴയ കോശങ്ങൾ നശിക്കുകയും തൽസ്ഥാനത്ത് പുതിയ കോശങ്ങൾ നിരന്തരം ഉണ്ടാവുകയും ചെയ്യുന്നു.

പ്രകൃതിയിൽ രണ്ടുതരം മാറ്റങ്ങളുണ്ട്. പുരോഗതിയിലേക്കുള്ള മാറ്റമാണ് ഒന്ന്. ഓരോ അസ്തിത്വത്തിനും വളർച്ചയുടെ ഘട്ടമുണ്ട്. ഒരു മാവിൻതൈ നട്ടതിനുശേഷം നിരീക്ഷിച്ചുനോക്കൂ. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ അതിൽ ഇലകൾ തളിരിടും. പതിയെപതിയെ വളർന്ന് പന്തലിക്കും. ഒരുദിനം മാമ്പൂക്കൾ മൊട്ടിടും. പൂക്കൾ മാങ്ങകളാവും. വൈകാതെ മാവിൽനിന്ന് മാമ്പഴങ്ങൾ വീഴും. കുറച്ച് വർഷങ്ങൾ മാമ്പഴം നൽകുന്ന മാവായി അതങ്ങനെ നിലനിൽക്കും. മാവിന്റെ വളർച്ചയുടെ കാലമാണത്. അധോഗതിയിലേക്കുള്ള മാറ്റമാണ് രണ്ടാമത്തെ മാറ്റം. ഏതൊരു വളർച്ചക്കും തളർച്ചയുടെ സന്ദർഭമുണ്ട്. ജനനമുണ്ടോ, എങ്കിൽ, മരണവുമുണ്ട്. പുരോഗതിയുടെ മറുവശമാണ് അധോഗതി. വളർച്ചയുടെ ഘട്ടം പിന്നിട്ടാൽ, മാവുണങ്ങും. അപ്പോൾ, ഇലകൾ കൊഴിയും. ചുള്ളികൾ ഒടിയും. ഒരുനാൾ മാവുതന്നെ മണ്ണിൽ നിലംപൊത്തും.

പ്രകൃതിയിലെന്നപോലെ, ഇരു മാറ്റങ്ങളെയും ഉൾകൊണ്ട് മാത്രമേ മനുഷ്യനും ജീവിക്കാനാവുള്ളൂ. ജൈവികമായ മാറ്റങ്ങൾ മനുഷ്യനിൽ നിരന്തരം നടന്നുകൊണ്ടിരിക്കുന്നുണ്ട്. ശരീരം, അതിലെ അവയവങ്ങൾ, കോശങ്ങൾ തുടങ്ങിയവ മാറ്റത്തിന്റെ പാതയിലാണ്. അതുപോലെ, സാമൂഹികമായ മാറ്റങ്ങൾക്കും മനുഷ്യൻ വിധേയമാണ്. വേഷം, ഭാഷ, ഭക്ഷണം എന്നിവയിലൊക്കെ മാറ്റങ്ങൾ കാണാം. മനുഷ്യൻ ഇഷ്ടപ്പെട്ടാലും ഇല്ലേലും ജൈവികവും സാമൂഹികവുമായ മാറ്റങ്ങൾ നിരന്തരം നടന്നുകൊണ്ടിരിക്കും.

എന്നാൽ, മനുഷ്യൻ ബോധപൂർവം ശ്രദ്ധിക്കേണ്ട മാറ്റമാണ് ചിത്തത്തിന്റെ മാറ്റം. ഈ മാറ്റത്തിന് ഒരു പ്രത്യേകതയുണ്ട്. ചിത്തത്തിന്റെ നവീകരണം പുരോഗതിയിലേക്കുള്ള മാറ്റം മാത്രമാണ്. പ്രായമേറെ ചെന്നാൽപോലും, മാറ്റത്തിന് വിധേയമായ ഉള്ളകം അധോഗതിയെ പുൽകുകയില്ല. നന്മകളുടെ സ്വാംശീകരണത്തിലൂടെയാണ് ഒരാളിൽ ആത്മീയമായ മാറ്റം സംഭവിക്കുന്നത്. നന്മകൾ ഒത്തിരിയുണ്ട്. സമർപ്പണം, വിശ്വാസം, പ്രാർഥന പോലുള്ള അധ്യാത്മിക നന്മകളുണ്ട്. സംയമനം, സൂക്ഷമത, പ്രത്യാശ പോലുള്ള വൈയക്തിക നന്മകളുണ്ട്. സ്‌നേഹം, കാരുണ്യം, ഉദാരത പോലുള്ള സാമൂഹിക നന്മകളുണ്ട്. മുഴുവൻ നന്മകളും ജീവിതത്തിന്റെ ആവരണമാവുമ്പോഴാണ് ചിത്തത്തിന്റെ മാറ്റം പൂർണതയിലേക്ക് വഴിനടക്കുന്നത്.

ബോധപൂർവം ശ്രദ്ധിക്കേണ്ട മാറ്റമാണ് ചിത്തത്തിന്റെ മാറ്റമെന്ന് പറഞ്ഞുവല്ലോ. പുറത്തുനിന്നുള്ള ശക്തികളിലൂടെയല്ല ആന്തരികമായ പരിവർത്തനം സാധ്യമാവുന്നത്. അവനവൻ തന്നെയാണ് തന്റെ മാറ്റത്തിന് കടിഞ്ഞാൺ പിടിക്കേണ്ടത്. ഉള്ളിലേക്ക് നോക്കാനും അതിനെ നിരന്തരം പരിശോധനക്ക് വിധേയമാക്കാനുമുള്ള സന്നദ്ധതയാണ് ആദ്യം ഉണ്ടാവേണ്ടത്. ദൈവംപോലും ഒരു മനുഷ്യനെ നന്നാക്കുന്നത്, നന്നാവാനുള്ള സന്നദ്ധത പ്രകടിപ്പിക്കുമ്പോഴാണ്: ”ദൈവം ഒരു ജനയതയുടെ അവസ്ഥയിൽ മാറ്റം വരുത്തുകയില്ല, അവർ തങ്ങളുടെ സ്ഥിതി സ്വയം മാറ്റുംവരെ”(അർറഅ്ദ്: 11). സ്വന്തം ചിത്തം മാറ്റാൻ കഴിയാത്തവർക്ക് മറ്റൊന്നിലും മാറ്റം വരുത്താനാവില്ലെന്ന് ബർണാഡ് ഷാ പറയുന്നു.

വിപ്ലവത്തിന്റെ മുന്നുപാധിയാണ് ആത്മീയമായ മാറ്റം. ഉത്തമസമൂഹത്തിന്റെ ഉയിർപ്പാണ് വിപ്ലവകാരി സ്വപ്നം കാണുന്നത്. നീതിയും സമത്വവും സ്വാതന്ത്ര്യവും പോലുള്ള മാനവികമായ മൂല്യങ്ങൾ ഉത്തമസമൂഹത്തിന്റെ നിർമിതിയിലൂടെയാണ് സാക്ഷാൽ കൃതമാവുന്നത്. ഉത്തമസമൂഹത്തിന്റെ ഉയിർപ്പ് എളുപ്പത്തിൽ സാധ്യമാവുന്ന ഒന്നല്ല. മാറ്റത്തിന്റെ തത്വം ഉൾകൊണ്ട, നന്മകളാൽ പ്രചോദിതമായ, സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തികൾ ഉയർന്നുവരുമ്പോഴാണ് ഉത്തമസമൂഹത്തിന്റെ സൃഷ്ടിപ്പ് സാധ്യമാവുക. അഥവാ, ആന്തരികമായ ഒത്തിരി മാറ്റങ്ങളിൽ തീർത്ത വ്യക്തികളാണ് സാമൂഹിക വിപ്ലവത്തിന് ഇന്ധനം ഒഴിച്ചുകൊടുക്കുന്നത്.

Related Articles