Current Date

Search
Close this search box.
Search
Close this search box.

തഹജ്ജുദിലൂടെ നേടുന്ന നാല് കാര്യങ്ങള്‍

” ക്ഷമിക്കാനുള്ള കഴിവ് ദൈവം മനുഷ്യർക്ക് നൽകിയില്ലായിരുന്നുവെങ്കിൽ നാമെല്ലാവരും തീർച്ചയായും ഭ്രാന്തന്മാരാകുമായിരുന്നു. ” ഒരു സമുദായ അംഗത്തിന്റെ മരണാനന്തര വിലാപ ചടങ്ങിൽ അടുത്തിടെ ഞാൻ കേട്ട വാക്കുകളാണിത്. ഇതിനെപ്പറ്റി ആഴത്തില്‍ ചിന്തിച്ചപ്പോൾ ക്ഷമയുടെ ഗുണത്തെയും അല്ലാഹു നല്‍കിയ വാഗ്ദാനത്തിന്റെ സത്യതയും എന്നെ ഓർമ്മപ്പെടുത്തി : ” അതിനാല്‍ തീര്‍ച്ചയായും പ്രയാസത്തോടൊപ്പം എളുപ്പവുമുണ്ട്. നിശ്ചയം, പ്രയാസത്തോടൊപ്പമാണ് എളുപ്പം. (ഖുർആൻ 94:5-6) ”

സഅദ് ഇബ്നു അബീ വഖാസ്‌ ഉദ്ധരിച്ച ഒരു ഹദീസിൽ ഇങ്ങനെ കാണാം :” ഞാൻ ചോദിച്ചു : അല്ലാഹുവിന്റെ റസൂലേ,  ആരാണ് ഏറ്റവും കഠിനമായി പരീക്ഷിക്കപ്പെടുന്നത്? അദ്ദേഹം പറഞ്ഞു: പ്രവാചകൻമാർ…… ” പിന്നെ ആരാണ് ഒന്നൊന്നായി അദ്ദേഹം വിശദീകരിച്ചു (സുനൻ ഇബ്നു മാജ). മുഹമ്മദ്‌ നബി(സ്വ) തന്റെ ജീവിതത്തിൽ വലിയ പ്രയാസവും ദുരിതവും അനുഭവിച്ചുവെന്നുള്ള വസ്തുത ഇതിൽനിന്ന് വ്യക്തമാണ്. വിഷമഘട്ടങ്ങളിൽ ഈ വാക്യങ്ങൾ അദ്ദേഹത്തിന് നൽകിയ പ്രത്യാശയെപ്പറ്റി ഊഹിക്കാവുന്നതേയുള്ളൂ. ഞങ്ങളുടെ ഹൃദയത്തെ ശക്തിപ്പെടുത്താനും പരീക്ഷണ സമയങ്ങളിൽ സമാധാനം നൽകാനും ഞങ്ങൾ അല്ലാഹുവിനോട് അപേക്ഷിക്കുന്നു.

Also read: തുർക്കി സ്ത്രീകൾ കൊറോണയെ അഭിമുഖീകരിച്ച വിധം

കഠിന പരീക്ഷണങ്ങൾ
പ്രവാചകത്വത്തിന്റെ ആരംഭത്തിൽ തന്നെ മുഹമ്മദ് നബി(സ്വ)ക്ക്‌ കൊടിയ നഷ്ടങ്ങൾ അനുഭവിക്കേണ്ടി വന്നു. മുസ്‌ലിംകളുടെ പ്രധാന സംരക്ഷകനും, തന്റെ സ്നേഹനിധിയായ പിതൃവ്യനുമായിരുന്ന അബൂത്വാലിബിനെ അദ്ദേഹത്തിന് നഷ്ടപ്പെട്ടു. അതേ വർഷം തന്നെ ഭാര്യ ഖാദിജ(റ)യെയും നഷ്ടമായി. പങ്കാളിയെ നഷ്ടപ്പെടുന്നത് ഒരാൾക്ക് താങ്ങാവുന്നതിൽ ഏറ്റവും വലിയ ആഘാതകരമായ അനുഭവങ്ങളിലൊന്നാണെന്ന് സൈക്കോളജിസ്റ്റുകൾ ഉറപ്പിച്ച് പറയുന്നതും നാം അറിയണം.

ആ വർഷത്തെ “ദു:ഖ വർഷം” എന്നാണ് നബി വിളിച്ചത്. പക്ഷേ, ദുരന്തങ്ങൾ അവിടെയും അവസാനിച്ചിരുന്നില്ല. തായ്ഫിലെ തെരുവുകൾ തനിക്കുനേരെ കല്ലെറിഞ്ഞതോടെ പ്രവാചകന്റെ പ്രതീക്ഷകൾ തകർന്നുപോയി.

എന്നാൽ ക്ലേശകരവും പ്രയാസകരവുമായ ഈ അനുഭവങ്ങളൊന്നും അല്ലാഹുവിന്റെ വാഗ്ദാനത്തേക്കാൾ വലുതായിരുന്നില്ല :
” അതിനാല്‍ തീര്‍ച്ചയായും പ്രയാസത്തോടൊപ്പം എളുപ്പവുമുണ്ട് ” ദു:ഖ വർഷത്തിന് തൊട്ടുശേഷം സംഭവിച്ച ഇസ്റാഅ് – മിഅ്റാജ് യാത്ര സമ്മാനിച്ചുകൊണ്ടാണ് അല്ലാഹു നബിക്ക് ഈ പ്രയാസം മാറ്റികൊടുത്തത്. ക്ഷമയോടൊപ്പം നാമെല്ലാവരും മനസ്സിലാക്കേണ്ട ശക്തമായ പാഠങ്ങൾ ഈ യാത്ര വ്യക്തമാക്കുന്നുണ്ട്.

Also read: തെറ്റിദ്ധരിക്കപ്പെടുന്ന അംബേദ്കര്‍ ദര്‍ശനങ്ങള്‍

നിങ്ങളുടെ സഹചാരികൾ ആരെല്ലാം ?
ഇസ്റാഅ് – മിഅ്റാജ് യാത്രയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഭാഗങ്ങളിലൊന്നാണ് അല്ലാഹുവിന്റെ മറ്റ് പ്രവാചകന്മാരായ ആദം(അ), ഈസ(അ), യൂസുഫ്(അ), മൂസ(അ), ഇബ്രാഹിം(അ) എന്നിവരുമായുള്ള മുഹമ്മദ് നബി (സ്വ) യുടെ കണ്ടുമുട്ടൽ. തന്നെപ്പോലെ അല്ലാഹുവിന്റെ സന്ദേശം പ്രചരിപ്പിച്ചവരെ കണ്ടപ്പോഴുണ്ടായ പ്രവാചകന്റെ പിന്തുണയുടെയും പ്രചോദനത്തിന്റെയും വികാരം നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ ?

ഈസ(അ)യും ഇബ്രാഹിം(അ)യും എതിരേറ്റപ്പോഴുണ്ടായ പ്രവാചകന്റെ വികാരമെന്തായിരിക്കുമെന്ന് നിങ്ങൾക്ക് ചിന്തിക്കാനാവുമോ ? അവരെല്ലാം വസിക്കുന്ന സ്വർഗ്ഗം തന്റെയും കൂടി ഭവനമാണെന്ന് തിരിച്ചറിഞ്ഞ പ്രവാചകനെ ഒന്ന് സങ്കല്പിച്ചു നോക്കൂ..

പിന്തുണയ്‌ക്കായി ഒരേ ദൗത്യമുള്ളവരെ ആശ്രയിക്കാൻ പ്രവാചകന് കഴിഞ്ഞതുപോലെ, നമുക്കും ചെയ്യാൻ കഴിയും. ആരോഗ്യകരവും പിന്തുണയുമുള്ള ബന്ധങ്ങളെ സ്ഥാപിച്ചെടുക്കേണ്ടത് അത്യാവശ്യമാണ്. സൗഹൃദങ്ങൾക്ക് നിങ്ങളുടെ വിധിയെ സൃഷ്ടിക്കാനോ തകർക്കാനോ കഴിയുമെന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്.

നമസ്കാരമാണ് പ്രതിവിധി
മിഅ്റാജ് യാത്രയിൽ പ്രവാചകൻ നിരവധി കാര്യങ്ങൾ അനുഭവിച്ചറിഞ്ഞു. മലക്കുകളെയും മുൻപ്രവാചകന്മാരെയും കാണുകയും, സ്വർഗ്ഗത്തിലെ പൂന്തോപ്പുകളും നരഗത്തിന്റെ ഭീഗരതയും കണ്ടറിയുകയും ചെയ്തു. സൃഷ്ടാവിനെ കണ്ട് അവിടെനിന്ന് മടങ്ങുമ്പോൾ അദ്ദേഹത്തിന് ലഭിച്ച സുവ്യക്തമായ പാരിതോഷികമാണ് നമസ്കാരം.

Also read: ശഅബാൻ ശ്രേഷ്ഠമാസം

ദുഃഖവർഷത്തിന് ശേഷം നമസ്കാരം നിർദ്ദേശിച്ചത് യാദൃശ്ചികമല്ലെന്ന് സ്വഹാബിമാർ പറയുന്നു. നമസ്കാരം ഒരു പ്രതിവിധിയും പിൻവാങ്ങലുമാണ്, പ്രാർത്ഥനക്കുവേണ്ടിയുള്ള നമ്മുടെ പിന്മാറ്റം. സമാധാനത്തിന്റെ ആത്യന്തിക രൂപമാണ് നമസ്കാരം. അതുകൊണ്ട് ഹ്രസ്വമോ ദൈർഘ്യമേറിയതോ ആയ ഒരു ദുഃഖവർഷം നിങ്ങൾക്കും വന്നാൽ നമസ്കാരത്തെ അതിന്റെ പ്രതിവിധിയായി കണ്ട് നിങ്ങളുടെ ദൃഢവിശ്വാസം നഷ്ടപ്പെടുത്താതെ നോക്കണം.

രാത്രികളെ പുണരുക
ഇസ്റാഅ് – മിഅ്റാജ് യാത്രയെ “ രാത്രി യാത്രയും ആകാശാരോഹണവും” എന്നാണ് സൂചിപ്പിക്കുന്നത്. സ്വർഗ്ഗയാത്രയ്‌ക്കായി നമുക്ക് ഒരിക്കലും ജിബ്‌രീൽ(അ)യെ കാണാൻ കഴിയില്ലെങ്കിലും, ചെറിയ ഒരു ആരോഹണം അനുഭവിക്കാൻ നമുക്ക് കഴിയും.

രാത്രിവേളകൾ അപാരമായ അനുഗ്രഹങ്ങൾ ചൊരിയുന്ന സമയമാണ്. എല്ലാ രാത്രികളെയും ഇബാദത്തുകൾ കൊണ്ട് പുണരാനോ സ്വന്തം സുഖത്തിന് വേണ്ടി ഉറങ്ങാനോ നമുക്ക് തിരഞ്ഞെടുക്കാം. ” തഹജ്ജുദ് നമസ്കാരത്തിലെ പ്രാര്‍ഥന ലക്ഷ്യം തെറ്റാത്ത അമ്പ് പോലെയാണ് ” എന്ന് ഇമാം ശാഫി രേഖപ്പെടുത്തുന്നുണ്ട്.

സമൂഹത്തിൽ നല്ല പദവി, ജോലി, വിവാഹം എന്നിവക്കായുള്ള തീവ്രമായ ആഗ്രഹങ്ങളുമായിട്ടാണ് നമ്മിൽപലരും തഹജ്ജുദിനെ സമീപിക്കുന്നത്. ഒരു മുസ്ലിമിന്റെ തഹജ്ജുദ് പ്രാർത്ഥനയോടൊപ്പം അവന്റെ ഈമാൻ വർധിപ്പിക്കുന്നതിനും അല്ലാഹുവിനെ പ്രീതിപ്പെടുത്താനുമായിരിക്കണം.

നിങ്ങളുടെ വിശ്വാസത്തോട്‌ ആത്മാർത്ഥത പുലർത്തുക
ആകാശാരോഹണത്തിനുശേഷം പ്രവാചകൻ മക്കയിലേക്ക് തിരിച്ചുവന്ന് തന്റെ യാത്രാനുഭവം വിവരിച്ചപ്പോൾ ഖുറൈശികൾ അദ്ദേഹത്തെ അതിക്രൂരമായി പരിഹസിച്ചു. അബൂബക്കർ (റ) ന്റെ വിശ്വാസം നഷ്പ്പെ ടുത്താൻ നബിയുടെ യാത്രയെപ്പറ്റി അവർ അദ്ദേഹത്തോട് പറഞ്ഞു. അബൂബക്കർ (റ) പറഞ്ഞു : ” നിമിഷങ്ങൾ കൊണ്ട് അല്ലാഹുവിന്റെ അരികിൽനിന്നും അദ്ദേഹത്തിന് വഹ്‌യ് വരുന്നത് ഞാൻ വിശ്വസിക്കുന്നുണ്ട്. എന്നാൽ ഇതും എനിക്ക് വിശ്വസിക്കാൻ ഒരു പ്രയാസവുമില്ല. ”

ദൃഢവിശ്വാസം ഏറ്റവും വലിയ ശക്തിയാണ്. അത്തരം വിശ്വാസത്തോടെ പ്രയാസങ്ങളെ നേരിടാനാണ് അല്ലാഹു നമുക്ക് കരുത്ത് നൽകിയത്. ജീവിതത്തിലെ എല്ലാ ഉത്കണ്ഠകളെയും ശമിപ്പിക്കുന്നതാവണം നമ്മുടെ വിശ്വാസം. സത്യം പറയുക, പരസ്യമായി പ്രാർത്ഥിക്കുക, എളിമയോടെ വസ്ത്രം ധരിക്കുക തുടങ്ങിയവ അല്ലാഹുവിനെ പ്രസാദിപ്പിക്കുന്ന പ്രവൃത്തികൾ ചെയ്യാനുള്ള ആത്മവിശ്വാസം നമ്മിൽ വര്‍ധിപ്പിക്കുന്നു.

ഇതര – മതവിശ്വാസികളെയും മുസ്ലിംകളെയും നിങ്ങളുടെ ദൃഢവിശ്വാസം തീർച്ചയായും പ്രചോദിപ്പിക്കും. കാരണം, സത്യത്തിലുള്ള ആത്മവിശ്വാസം അത്യന്തം മനോഹരമാണ്.

പ്രവാചകന്‍റെ നിശാപ്രയാണവും ആകാശാരോഹണവും ഹദീസുകളിൽ വ്യാപകമായി വിശദീകരിച്ചിരിക്കുന്നു. അവിശ്വസനീയമായ ആ ദൗത്യത്തിൽ നിന്ന് കൂടുതൽ പാഠങ്ങൾ ഗ്രഹിക്കാൻ നമുക്ക് കഴിയും. വിശദാംശങ്ങളെക്കുറിച്ച് കൂടുതലറിയുന്നതും സ്വയം പാഠങ്ങൾ
പഠിച്ചെടുക്കുന്നതും എല്ലായ്പ്പോഴും പ്രോത്സാഹിപ്പിക്കപ്പെടുന്ന ഒന്നാണ്.

വിവ. തഫ്‌സീല സി.കെ

Related Articles