Current Date

Search
Close this search box.
Search
Close this search box.

സ്‌നേഹം പ്രകടിപ്പിക്കാനുള്ളതാണ്

holding-hands.jpg

‘എന്നേക്കാള്‍ സുന്ദരിയായ ഏതെങ്കിലും സ്ത്രീയുണ്ടോ?’ എന്ന് തമാശയായി അവള്‍ ഭര്‍ത്താവിനോട് ചോദിച്ചു. അല്‍പസമയത്തെ മൗനത്തിന് ശേഷം അയാള്‍ പറഞ്ഞു: ‘എനിക്കറിയില്ല’.
അവള്‍: എന്നാല്‍ എന്നേക്കാള്‍ ശ്രേഷ്ഠയായ ഏതെങ്കിലും സ്ത്രീ?
ഭര്‍ത്താവ്: എനിക്കറിയില്ല.
അവള്‍: അല്ലെങ്കില്‍ എന്നേക്കാള്‍ ലാളിത്യമുള്ള ഏതെങ്കിലും സ്ത്രീ?
ഭര്‍ത്താവ്: എനിക്കറിയില്ല.
അവള്‍: എന്തുകൊണ്ട് നിങ്ങള്‍ക്കറിയില്ല?
ഭര്‍ത്താവ് പറഞ്ഞു: അതെ, എനിക്കറിയില്ല. നീ എന്നോടൊപ്പമുണ്ടാകുമ്പോള്‍ എങ്ങനെയാണ് മറ്റു സ്ത്രീകളിലേക്ക് ഞാന്‍ നോക്കുക? എന്റെ കണ്ണുകള്‍ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും സുന്ദരിയായ സ്ത്രീ നീയായിരിക്കെ നിന്നേക്കാള്‍ സൗന്ദര്യമുള്ള സ്ത്രീകളുണ്ടോ എന്ന് എങ്ങനെ എനിക്കറിയും? ഞാന്‍ കണ്ടതില്‍ വെച്ചേറ്റവും ശ്രേഷ്ഠയായവള്‍ നീയായിരിക്കെ നിന്നേക്കാള്‍ ശ്രേഷ്ഠയായിട്ടുള്ളവരെ എനിക്കെങ്ങനെ അറിയാനാവും? എന്റെ മുഴുവന്‍ വികാരങ്ങളും നീ കവര്‍ന്നെടുത്തിരിക്കെ നിന്നേക്കാള്‍ നൈര്‍മല്യം മറ്റൊരാളില്‍ എനിക്കെങ്ങനെ കാണാനാവും? പ്രിയപ്പെട്ടവളേ… നിന്റെ സ്‌നേഹം എന്നെ അന്ധനാക്കിയിരിക്കുകയാണ്. അപ്പോള്‍ നീയല്ലാത്തവരെ കാണാന്‍ എനിക്കെങ്ങനെ സാധിക്കും?

ഭാര്യയോട് അവളുടെ ഗുണവിശേഷണങ്ങളെ കുറിച്ച് വളരെയേറെ സംസാരിച്ചു കൊണ്ടിരുന്ന ഒരാളുടെ കഥ പറഞ്ഞു കേട്ടിട്ടുണ്ട്. തന്നെ അങ്ങേയറ്റം വിശേഷിപ്പിക്കുന്നത് കേട്ട അവള്‍ ചോദിച്ചു: നിങ്ങളെന്നെ അമിതമായി പ്രശംസിക്കുകയാണല്ലോ, അതേസമയം എന്റെ അയല്‍ക്കാര്‍ എന്നെ ഒരു സാധാരണ സ്ത്രീയായിട്ടാണല്ലോ കാണുന്നത്!
അയാള്‍ പറഞ്ഞു: കാരണം, നിന്നെ സ്‌നേഹിക്കുന്ന എന്റെ കണ്ണുകള്‍ കൊണ്ടല്ല അവര്‍ കാണുന്നത്.

ഇടക്കിടെ ഇണക്ക് അപ്രതീക്ഷിതമായി സന്തോഷങ്ങള്‍ സമ്മാനിക്കുന്ന പുരുഷനായി നീ മാറണം. നീ അവളെ സ്‌നേഹിക്കുന്നുവെന്ന് അറിയിക്കുന്ന അപ്രതീക്ഷിത കാര്യങ്ങള്‍ അവള്‍ക്കായി നീ ഒരുക്കണം. അവളിഷ്ടപ്പെടുന്ന ഒരു ബന്ധുക്കളെ സന്ദര്‍ശിക്കാനുള്ള നിര്‍ദേശം വെക്കാം. അല്ലെങ്കില്‍ അവളിഷ്ടപ്പെടുന്ന സ്ഥലത്തേക്ക് ഒരു യാത്രയാവാം.

നിന്റെ സ്‌നേഹം എപ്പോഴും അവള്‍ക്ക് കൂടെയുണ്ടെന്നും അവളില്ലാതെ ജീവിക്കാന്‍ നിനക്കാവില്ലെന്നും അവളെ അറിയിക്കണം. വീട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ പ്രസന്നവദനനായി അവളോട് സലാം ചൊല്ലാന്‍ നിനക്ക് കഴിയണം. പിന്നെ അവളോടുള്ള നിന്റെ സ്‌നേഹം കുറിക്കുന്ന വാക്കുകളുമുണ്ടാവണം. എപ്പോഴും പുഞ്ചിരിയോടെയായിരിക്കണം ഇണയെ അഭിമുഖീകരിക്കേണ്ടത്.

ഇണകളോടുള്ള പെരുമാറ്റത്തില്‍ പ്രവാചകന്‍(സ)യെയാണ് നീ മാതൃകയാക്കേണ്ടത്. പ്രസന്ന വദനനായിരുന്നു അദ്ദേഹം. കണ്ണുകളില്‍ നോക്കി അവളെന്താണ് ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കാനും അത് പൂര്‍ത്തീകരിച്ചു കൊടുക്കാനും നീ ശ്രമിക്കണം. ഒരു പെരുന്നാള്‍ സുദിനത്തില്‍ പ്രവാചക സന്നിധിയില്‍ അബ്‌സീനിയയില്‍ നിന്നുള്ള സംഘത്തിന്റെ കുന്തങ്ങളും പരിചയുമപയോഗിച്ചുള്ള വിനോദം നടക്കുകയാണ്. അപ്പോള്‍ നബി(സ) പ്രിയ പത്‌നി ആഇശ(റ)നോട് ചോദിക്കുന്നു: ‘നീയിത് കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെ അവരെ പ്രവാചകന്‍(സ) തന്റെ പിന്നില്‍ നിര്‍ത്തി മതിവരുവോളം അത് ആസ്വദിക്കാന്‍ അവര്‍ക്ക് അവസരം ഒരുക്കി. അവര്‍ക്കത് കണ്ടു മടുത്തപ്പോള്‍ നബി(സ) ചോദിച്ചു: ‘മതിയായോ?’ അവര്‍ അതെയെന്ന് പറഞ്ഞപ്പോള്‍ ‘എന്നാല്‍ നീ പൊയ്‌ക്കൊള്ളൂ’ എന്ന് അദ്ദേഹം അനുമതി നല്‍കിക്കൊണ്ട് പറഞ്ഞു.

Related Articles