Current Date

Search
Close this search box.
Search
Close this search box.

വീര്യം ഉറഞ്ഞുപോയ യുവത്വം

youth.jpg

സ്വസ്ഥമായിരിക്കൂ, നീ ഇപ്പോഴും ചെറുപ്പമല്ലേ, നീ നിന്റെ ജീവിതം ആസ്വദിക്കൂ. ഓരോ യുവതീ-യുവാവും അവരുടെ ജീവിതത്തില്‍ പലപ്പോഴായി കേട്ട ഒരു പറച്ചിലാണിത്. ഈ തെറ്റിദ്ധാരണ തന്നെയാണ് നമ്മുടെ യുവതലമുറയെ നാള്‍ക്കുനാള്‍ ദുഷിപ്പിക്കുന്നതും. മുതിര്‍ന്ന ആളുകളാണ് ഇങ്ങനെയുള്ള തെറ്റായ ധാരണകള്‍ യുവതീ-യുവാക്കളുടെ മനസ്സില്‍ ഇട്ടുകൊടുക്കുന്നതും. യഥാര്‍ത്ഥത്തില്‍ യുവസമൂഹത്തിനും കൗമാരക്കാര്‍ക്കും സമൂഹത്തിലെ വലിയൊരു ചാലകശക്തിയായി വര്‍ത്തിക്കാന്‍ സാധിക്കും. വാസയോഗ്യമായ നല്ലൊരിടമാക്കി ഭൂമിയെ മാറ്റാന്‍ കെല്‍പുള്ള വിപ്ലവകരമായ സംഘമായിരിക്കും അത്. യുവതലമുറ കുറേക്കൂടി ഊര്‍ജ്ജസ്വലരാകേണ്ടതുണ്ട്. തങ്ങളുടെ നാടുകളില്‍ മാത്രമല്ല, മറ്റിടങ്ങളിലും തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കേണ്ടതുണ്ട്. രാഷ്ട്രീയമേഖലയെ അടിമുടി മാറ്റിപ്പണിത് അഴിമതി മുക്ത ഇടമാക്കി മാറ്റാന്‍ അവര്‍ക്ക് സാധിക്കും. എന്നാല്‍ മാതൃപ്രസ്ഥാനങ്ങള്‍ക്ക് കീഴിലെ കാമ്പസ് ഗുണ്ടാ രാഷ്ട്രീയത്തില്‍ നിന്ന് പ്രായോഗിക രാഷ്ട്രീയത്തിലേക്ക് അവര്‍ കാലെടുത്തു വെക്കേണ്ടിയിരിക്കുന്നു. ദിശാബോധമുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാതൃക അവര്‍ ശീലിക്കേണ്ടതുണ്ട്. കേവലം കുറച്ച് മാസങ്ങള്‍ കൊണ്ട് നേടിയെടുക്കാവുന്ന ഒരു പരിവര്‍ത്തനമല്ല ഇത്. മറിച്ച്, നീണ്ട ത്യാഗപരിശ്രമങ്ങളിലൂടെ മാത്രമേ ഈ വ്യത്യാസം നമുക്ക് ദര്‍ശിക്കാനാകൂ. തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ യുവതലമുറക്ക് മുതിര്‍ന്നവരെ ആവശ്യമുണ്ട്. അവരുടെ അനുഭവങ്ങളും പ്രവര്‍ത്തനപരിചയവുമാണ് അവര്‍ക്ക് വഴികാട്ടേണ്ടത്.

ചരിത്രത്തിലുടനീളം സമൂഹനിര്‍മിതിയില്‍ യുവതലമുറക്ക് വലിയ പങ്കുണ്ട്. ടൊറൊന്റോയില്‍ പിറന്ന ക്രെയ്ഗ് കെയ്ല്‍ബെര്‍ഗ് തന്റെ 12-ാമത്തെ വയസ്സിലാണ് ലോകത്തെ അശരണരായ കുട്ടികള്‍ക്ക് വേണ്ടി ഒരു സംഘടന ആരംഭിക്കുന്നത്. ‘ഫ്രീ ദ ചില്‍ഡ്രന്‍’ എന്ന ആ സംഘടന ചുരുങ്ങിയ കാലത്തിനുള്ളില്‍ ലോകത്താകമാനം ശൃംഖലകളുള്ള വലിയൊരു പ്രസ്ഥാനമായി വളര്‍ന്നു. ആയിരക്കണക്കിന് കുട്ടികള്‍ക്ക് 350-ഓളം പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സംഘടനയ്ക്ക് കീഴില്‍ ആരംഭിക്കപ്പെട്ടു. കോമിക് കഥകള്‍ വായിക്കാനായി പത്രമെടുത്ത കൊച്ചു ക്രെയ്ഗിനെ മുന്‍ പേജിലെ ഒരു വാര്‍ത്തയാണ് ആകെ മാറ്റിമറിച്ചത്. കാര്‍പെറ്റ് നെയ്ത്തുകാരനായി വില്‍ക്കപ്പെട്ട ഒരു പാകിസ്ഥാനി ബാലനെ കുറിച്ചുള്ളതായിരുന്നു ആ വാര്‍ത്ത. ബാലവേലക്കെതിരെ തന്റെ യജമാനനോട് ശബ്ദിച്ച അവന്‍ കൊല്ലപ്പെടുകയായിരുന്നു.

യുവതലമുറ അവരുടെ വിദ്യാഭ്യാസത്തിന് പ്രഥമമായ പരിഗണന നല്‍കേണ്ടതുണ്ട്. താന്‍ ഏത് മേഖലയിലാണോ കേന്ദ്രീകരിക്കുന്നത് അതില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിക്കുവാന്‍ അവന് സാധിക്കേണ്ടതുണ്ട്. മാര്‍ക്ക് വാങ്ങുക, ജയിക്കുക എന്നത് മാത്രമായിരിക്കരുത് നമ്മുടെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. മറിച്ച്, ഇഹലോകത്തും പരലോകത്തും ഒരുപോലെ പ്രയോജനപ്പെടുന്ന വിജ്ഞാനസമ്പാദനം എന്നത് തന്നെയായിരിക്കണം. വിദ്യാഭ്യാസ കാലത്തു തന്നെ തങ്ങളുടെ ലക്ഷ്യം നിര്‍ണയിക്കാനും അതിന് വേണ്ടി മുന്‍കരുതലുകള്‍ എടുക്കാനും അവര്‍ സജ്ജരാക്കപ്പെടണം. താന്‍ ആര്‍ജിച്ച വിദ്യാഭ്യാസമായിരിക്കണം മുന്നോട്ടുള്ള ജീവിതത്തിനും ഭാവി കെട്ടിപ്പടുക്കുന്നതിനും അവന് കരുത്തുപകരേണ്ടത്. എല്ലാത്തിലുമുപരിയായി, ഇസ്‌ലാമിന്റെ സല്‍പാന്ഥാവില്‍ ഉറച്ചുനില്‍ക്കാനുള്ള മാര്‍ഗദര്‍ശനം അവര്‍ക്ക് ലഭിക്കണം. ഇസ്‌ലാം എന്ന അടിസ്ഥാനത്തില്‍ ഉറച്ചുനിന്ന് തന്റെ വിദ്യാഭ്യാസത്തിന്റെ കരുത്തില്‍ ഉയരങ്ങളിലേക്ക് എത്താനാണ് ശ്രമിക്കേണ്ടത്. മുതിര്‍ന്നവര്‍ ദിശ മാറി സഞ്ചരിച്ചാലും അവരെ കൂടി നേര്‍മാര്‍ഗത്തിലേക്ക് നയിക്കാന്‍ കഴിയുന്ന തരത്തില്‍ ദിശാബോധമുള്ളവരായി നമ്മുടെ യുവതലമുറ മാറുമ്പോഴേ ലോകം ശാന്തിയും സമാധാനവും ക്ഷേമവും കളിയാടുന്ന ഒരു വാസസ്ഥലമാവുകയുള്ളൂ.

വിവ: അനസ് പടന്ന

Related Articles