Current Date

Search
Close this search box.
Search
Close this search box.

യുവസുഹൃത്തെ, ഈ കപ്പലിലാണ് രക്ഷ

done.jpg

പ്രിയ യുവതീ യുവാക്കളേ, നിങ്ങള്‍ക്കുള്ള എന്റെ സ്‌നേഹ മസൃണമായ ഉപദേശമിതാണ്,  ജീവിതം അനുഭവിച്ചറിയുക. ഈ ലോകത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കുക. ജീവിതാന്ത്യം വരെ വന്നണയുന്ന കൈപ്പേറിയതും മധുരിക്കുന്നതുമായ അനുഭവങ്ങളെ തിരിച്ചറിഞ്ഞ് സ്വീകരിക്കുക. ജീവിതക്കടലിന്റെ തിരയിളക്കത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ഏറ്റവും മികച്ച വഴി പ്രവാചകന്റെ കപ്പലിലേക്ക് കയറുക മാത്രമാണ്. ഒരാളുടെയും മധുരം കിനിയുന്ന വാക്ചാതുര്യവും നിരര്‍ത്ഥകമായ വാചാടോപങ്ങളും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. മതസ്വാതന്ത്ര്യവും വിശ്വാസസ്വാതന്ത്ര്യവും ചിന്താസ്വാന്ത്ര്യവുമൊക്കെയായി വാഗ്‌വിലാസങ്ങള്‍ നടത്തുന്ന കപടന്‍മാരുടെ വാക്കുകള്‍ വിരിക്കുന്ന മായവലയത്തില്‍ നിങ്ങള്‍ വീഴാതിരിക്കട്ടെ.

മനസാക്ഷിക്കുത്തില്‍നിന്നും ഹൃദയ ഞെരുക്കത്തില്‍ നിന്നും മോചനം നേടാനും, ദുഖവും പ്രയാസങ്ങളും അവശതകളും നീങ്ങിപ്പോകാനുമുളള ഏക പോംവഴി ദൈവത്തിലേക്കുള്ള തിരിച്ചു പോക്ക് മാത്രമാണ്. ദൈവവുമായി നേരിട്ടു നടത്തുന്ന സംഭാഷണമായ നമസ്‌ക്കാരം നിലനിര്‍ത്തുന്ന കാര്യത്തില്‍ അതീവ ശ്രദ്ധപുലര്‍ത്തുക. എന്റെ ജീവിതത്തിലെ യാത്രകള്‍ക്കിടയില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലെയും യുവതീ യുവാക്കളെ കാണാറുണ്ട്. ജീവിതാന്ദത്തില്‍ മതിമറന്ന് ആര്‍മാദിക്കുന്ന, യൗവ്വനത്തിളപ്പില്‍ പ്രായത്തിനനുസരിച്ച അഭിപ്രായമില്ലാത്തവരും എന്നാല്‍ കോപ്രായങ്ങള്‍ മാത്രം കൈമുതലായുള്ളതുമായ യുവ തലമുറ. ആത്മഹത്യക്കുള്ള വഴി അന്വേഷിച്ചു നടക്കുന്നവര്‍. കാരണം, മനസില്‍ ദൈവവിശ്വാസത്തിന്റെ തരിമ്പുപോലുമില്ലാത്ത, നമസ്‌ക്കാരമോ ദൈവസ്മരണയോ തൊട്ടുതീണ്ടിയിട്ടില്ലാത്ത, ജീവിതം വഴിമുട്ടിയവര്‍ക്കു മുന്നില്‍ പിന്നെന്തുവഴി. പക്ഷെ ആ കൂട്ടത്തില്‍ നിന്നും ദൈവമാര്‍ഗത്തിലേക്ക് തിരിച്ചു നടന്ന ഒരു യുവാവ് എന്നോട് വാചാലനായി. ദൈവം പറഞ്ഞതെത്ര ശരി. ‘എന്റെ ഉദ്‌ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞു കളുയന്ന പക്ഷം തീര്‍ച്ചയായും അവന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക.’ (സൂറത്തു ത്വാഹ : 124) ദൈവമാര്‍ഗത്തിലേക്കു വന്നപ്പോഴാണ് എനിക്ക് യഥാര്‍ത്ഥ തിരിച്ചറിവുണ്ടായത്. കൊട്ടാര സദൃശമായ മണിമാണികകള്‍ക്കോ ആഢംബര വാഹനങ്ങള്‍ക്കോ കണ്ണഞ്ചിപ്പിക്കുന്ന ഐഹിക ജീവിത വിഭവങ്ങള്‍ക്കോ നല്‍കാന്‍ കഴിയുന്നതിലുമപ്പുറമൊരു ആത്മനിര്‍വൃതിയും ഹൃദയ വിശാലതയും ദൈവവിശ്വാസത്തിലൂടെ എനിക്കാസ്വദിക്കാന്‍ സാധിക്കുന്നു’.

യുവതീയുവാക്കളുടെ കാര്യത്തില്‍ എനിക്കേറ്റവും ഭയമുള്ളത്, ദൈവത്തിലുള്ള വിശ്വാസത്തെ തകര്‍ത്തെറിയും വിധം അവര്‍ക്കുള്ളില്‍ കൂടുകൂട്ടുന്ന, തിരമാല കണക്കെ ആഞ്ഞടിക്കുന്ന അനാവശ്യമായ സംശയങ്ങളാണ്. വിഷലിപ്തവും ദുഖ പര്യവസായിയുമായ നിരീശ്വരവാദത്തിന്റെ വേരുകള്‍ അവരില്‍ വളര്‍ന്ന് അടുത്ത തലമുറയിലേക്ക് അതിന്റെ ചില്ലകള്‍ പടര്‍ന്നു പന്തലിച്ചേക്കുമെന്ന ആശങ്കയും എന്നെ വേട്ടയാടുന്നു. എന്നാല്‍, പശ്ചാതാപ വേളയില്‍ കവിളുകളിലൂടെ ചാലിട്ടൊഴുകുന്ന കണ്ണുനീര്‍ത്തുള്ളികളുടെ ഉപ്പുരസം കലര്‍ന്ന നാവില്‍ നിന്നു വന്ന മറ്റൊരു യുവാവിന്റെ വാക്ക് എനിക്ക് പകര്‍ന്ന ആശ്വാസം കുറച്ചൊന്നുമായിരുന്നില്ല. മനസും ശരീരവും ദൈവത്തോടൊപ്പമാവുമ്പോള്‍ മാത്രമാണ് തനിക്ക് മനസമാധാനവും ശാന്തിയും ആത്മസംതൃപ്തിയും ലഭിക്കാറുള്ളതെന്നാണ് ഇടറിയ സ്വരത്തില്‍ ആ സുമുഖനായ യുവാവ് പറഞ്ഞത്.

ദൈവത്തിനുമുന്നില്‍ നമ്രശിരസ്‌കരാവുമ്പോഴല്ലാതെ പിന്നെപ്പോഴാണ് നമുക്ക് സമാധാനം അനുഭവപ്പെടുക? ആത്മീയ നിര്‍വൃതിയുടെ സന്തോഷവും പാപക്കറയുടെ ദുര്‍മേദസും ആത്മാര്‍ത്ഥമായ കണ്ണീരായ് പുറത്തു വരണം. ദൈവത്തില്‍ നിന്നും ഓടിയകന്നാല്‍ പിന്നെവിടുന്നാണ് ജീവിതത്തില്‍ ആനന്ദം ലഭിക്കുക? ആരാധിക്കപ്പെടാന്‍ ഏറ്റവും അര്‍ഹനായ, മഹത്വമുടയവനായ, വാനഭുവനങ്ങളുടെ അധികാരം കൈയ്യിലുള്ള ദൈവത്തെ കൈവെടിഞ്ഞാല്‍ പിന്നെ സഹായത്തിന് നമ്മുടെ കൂടെക്കൂട്ടാന്‍ മറ്റാരുണ്ട്? ശക്തന്‍മാര്‍ ദുര്‍ബലരെ അടിച്ചമര്‍ത്തുന്ന, അര്‍ഹതിയില്ലാത്തതൊന്നും അതിജീവിക്കില്ലെന്ന് പഠിപ്പിക്കപ്പെടുകയും എന്നാല്‍ അനര്‍ഹരെ പരിഗണിക്കണമെന്ന പ്രാഥമിക പാഠം പോലും മറന്നും പോയവര്‍ ജീവിക്കുന്ന, കുബേരന്‍മാര്‍ കുചേലന്‍മാരെ അവഗണിക്കുകയും ചെയ്യുന്ന കാനനതുല്യമായ നീതി നടപ്പാക്കപ്പെടുന്ന ഈ ലോകത്ത്, മനസമാധാനം കൊതിച്ച് നമ്മള്‍ സൃഷ്ടാവായ ദൈവത്തിലേക്കല്ലാതെ മറ്റാരിലേക്ക് തിരിയും?

ദൈവമാര്‍ഗത്തില്‍ ചലിച്ച് തെല്ലും അസ്വസ്ഥതയോ ആശങ്കയോ ഇല്ലാതെ ജീവിക്കുന്ന യുവ തലമുറയെയും, പിശാചിന്റെ കൈയിലെ കേവലം പാവകളായി പരിണമിച്ച് തികച്ചും ദുഖ പൂരിതമായ അന്തരീക്ഷത്തില്‍ ജീവിക്കുന്നരെയും എനിക്ക് കാണേണ്ടി വന്നിട്ടുണ്ട്. എന്റെ പ്രിയ സഹോദരങ്ങള്‍ അറിയുക. ഭൗതിക സുഖത്തിന്റെ നിരര്‍ത്ഥകതയില്‍ മുഖം പൂഴ്ത്തുന്നതിനും അതിലെ സൗകര്യങ്ങള്‍ വാരിക്കൂട്ടുന്നതിനും വേണ്ടി ഓടുന്നതിനു പകരം ദൈസന്നിധിയിലേക്ക് ത്വരിത ഗമനം നടത്താന്‍ ശ്രമിക്കുക. ‘നിങ്ങള്‍ ദൈവത്തിലേക്ക് ഓടിയടുക്കുക’ (അദ്ദാരിയാത്ത് : 50)

പിശാചിനെ കരുതിയിരിക്കുക. ദൈവമാര്‍ഗത്തിലെ പ്രതിബന്ധങ്ങെ തളളി മാറ്റുക. പൈശാചികതയില്‍ കുടുങ്ങിയ പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകെളെ പൊട്ടിച്ചറിയുക. നരകത്തീയുടെ ഭയാനകതയിലേക്ക് വലിച്ചിഴച്ചേക്കാവുന്ന വിലങ്ങുതടികളെ പിഴുതു മാറ്റുക. ആദര്‍ശത്തെ കുട്ടിക്കളിയായി തോന്നിപ്പിക്കുന്ന, പ്രവാചക പാരമ്പര്യത്തില്‍ നിന്നും പിന്തിരപ്പിക്കാന്‍ ശ്രമിക്കുന്ന പിശാചിന്റെ സഹയാത്രികരില്‍ നിന്നും അകന്നു നില്‍ക്കുക.  പള്ളി മിനാരത്തില്‍ നിന്നും ബാങ്കൊലി മുഴങ്ങുമ്പോള്‍ എവിടെയായിരുന്നാലും നമസ്‌ക്കാരം കൃത്യ സമയത്ത് നിര്‍വ്വഹിക്കാന്‍ ശ്രദ്ധിക്കുക. ആരും സഹായിക്കാനില്ലാത്ത, സ്വന്തം കാര്യത്തിലേക്ക് മാത്രം ഉള്‍വലിയുന്ന ഭയാനകമായ ഒരു ദിനത്തെ നേരിടാനായി ഒരുങ്ങിയിരിക്കുക.

വിവ : ഇസ്മാഈല്‍ അഫാഫ്

Related Articles