Current Date

Search
Close this search box.
Search
Close this search box.

പ്രണയിക്കും മുമ്പെ, ഒരു നിമിഷം

valantine33.jpg

നാളെ പ്രണയ ദിനമാണത്രെ, വാലന്റയിന്‍സ് ഡേ, കാമം ശാരീരികമാണ്, പ്രണയം ആത്മീയവും അതിനൊരു ദിവസം നിശ്ചയിക്കുന്നതിനേക്കാള്‍ വിഢിത്തം മറ്റെന്തുണ്ട്? വിവിധ വ്യാപാര ഏജന്‍സികളുടെ കച്ചവട തന്ത്രത്തിന്റെ ഭാഗം മാത്രമാണത്. പ്രണയം ഏതെങ്കിലും മണിക്കൂറിലോ ദിവസത്തിലോ ആഴ്ചയിലോ ഉണ്ടാവേണ്ടതല്ല. ജീവിതകാലം മുഴുവന്‍ പ്രണയിക്കണം. അത് ദമ്പതികള്‍ പരസ്പരമായിരിക്കണമെന്ന് മാത്രം. വിവാഹ ബാഹ്യ പ്രണയങ്ങളൊക്കെയും പാപമാണ്, അത്യന്തം അപകടകരവും.

സമീപ കാലത്ത് മുന്നിലെത്തിയ ദാമ്പത്യ പ്രശ്‌നങ്ങളില്‍ പലതും പ്രണയ വിവാഹിതരൂടേതായിരുന്നു. അതില്‍ മൂന്നു വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരായി ഒരു മാസം തികയുന്നതിനു മുമ്പേ കലഹമാരംഭിച്ച ദമ്പതികള്‍ തൊട്ട് മൂന്ന് കുട്ടികളുടെ മാതാപിതാക്കള്‍ വരെയുണ്ട്. ആ മാതാപിതാക്കള്‍ക്കിടയില്‍ പ്രശ്‌നങ്ങളാരംഭിച്ചതും വിവാഹിതരായി ഏറെകഴിയും മുമ്പെയാണ്. മുസ്‌ലിം സമുദായത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തി ഏറെ വിവാദമുണ്ടാക്കി വിവാഹിതരായ മഞ്ചേരിയിലെ കമിതാക്കളും വേര്‍പിരിയാന്‍ ഏറെ കാലം വേണ്ടി വന്നില്ല. വിവാഹം മതപരമാവരുതെന്ന് നിര്‍ബന്ധമുള്ളവരായിരുന്നല്ലോ ഇരുവരും; മതമുക്തമായ ജീവിതം നയിക്കുന്നവരും രജിസ്റ്റര്‍ വിവാഹം ചെയ്ത ഇരുവരും എറണാകുളത്തേക്ക് താമസം മാറ്റി. ഏറെ കഴിയും മുമ്പേ വധു വരനെ ഉപേക്ഷിച്ച് മറ്റൊരു ക്രിസ്ത്യന്‍ യുവാവിന്റെ കൂടെ പോയി. അവര്‍ തമ്മിലുള്ള ബന്ധം തകരാനും ഏറെ കാലം വേണ്ടി വന്നില്ല. ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിലായി.

നമ്മുടെ സമൂഹത്തിലിന്ന് പ്രണയബന്ധങ്ങള്‍ വളരെയേറെ വര്‍ധിച്ച് കൊണ്ടിരിക്കുന്നു. അവരിലേറെപ്പേരും വിവാഹിതരാകാറുള്ളത് മാതാപിതാക്കളുടേയോ ബന്ധുക്കളുടേയോ പൂര്‍ണ ഇഷ്ടത്തോടെയും സംതൃപ്തിയോടെയുമല്ല. പലതും മാതാപിതാക്കള്‍ നിര്‍ബന്ധിതരായി സമ്മതിച്ച് കൊടുക്കുന്നവയാണ്. അവരെ ധിക്കരിച്ച് വിവാഹിതരാവുന്നവരും വളരെയൊന്നും വിരളമല്ല. ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. നവദമ്പതികളുടെ ഒട്ടുമിക്ക പ്രശ്‌നങ്ങളിലും രക്ഷിതാക്കുളുടെ സഹായ സഹകരണം അനിവാര്യമാണ്. അവര്‍ക്ക് സുരക്ഷിതത്വ ബോധം നല്‍കുന്നത് പോലും വീട്ടുകാരും കുടുംബക്കാരുമാണ്. ദമ്പതികളിലിരുവര്‍ക്കും ആവശ്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്താനോ പരസ്പരമല്ലാതെ മറ്റാരും ഇല്ലാതാവുന്നു. മാതാപിതാക്കളോടും മറ്റുംചെയ്യുന്ന ധിക്കാരത്തിന്റെ മന:പ്രയാസം ദാമ്പത്ത്യത്തിന്റെ ആദ്യനാളുകളില്‍ തന്നെ വേട്ടയാടിത്തുടങ്ങുകയും ചെയ്യുന്നു. ഇതെക്കെയും പ്രണയ ബന്ധത്തിലൂടെ വിവാഹിതരാവുന്നവരുടെ ദാമ്പത്ത്യത്തെ ദുര്‍ബലമാക്കുന്നു.

ചതിക്കുഴികള്‍
വിദ്യാലയങ്ങളിലോ ജോലിസ്ഥലത്തോ ബസ്സിലോ ട്രെയിനിലോ തെരുവിലോ അങ്ങാടിയിലോ വെച്ചു കണ്ടുമുട്ടുന്ന സ്ത്രീ-പുരുഷന്മാര്‍ പലപ്പോഴും പ്രണയ ബന്ധത്തിലേര്‍പെടാറുള്ളത് പരസ്പരം പഠിച്ചറിഞ്ഞും ശരിയായി അന്യോനം മനസിലാക്കിയുമല്ല. നോട്ടത്തിലോ സംസാരത്തിലോ ശരീര സൗന്ദര്യത്തിലോ മധുരവാക്കുകളിലോ സ്‌നേഹപ്രകടനങ്ങളിലോ ആകൃഷ്ടരായാണ്. ഇങ്ങനെ പരസ്പരം അടുക്കുന്ന പ്രണയിനികള്‍ തങ്ങളുടെ പങ്കാളികളുടെ മുമ്പില്‍ തങ്ങളുടെ സ്വഭാവത്തിന്റെ ഏറ്റവും മികച്ച വശമേ വെളിപ്പെടുത്തുകയുള്ളു. കാമുകന്‍ തന്റെ പ്രേമഭാജനത്തിന് പ്രിയപ്പെട്ടതേ പറയുകയുള്ളു. അനിഷ്ടകരമായതൊന്നും ചെയ്യുകയോ പറയുകയോ ഇല്ല. കാമുകിയുടെ സമീപനവും ഇവ്വിധം തന്നെയായിരിക്കും. അതിനാല്‍ പ്രണയകാലത്ത് ഇരുവര്‍ക്കുമുണ്ടാകുന്ന അനുഭവങ്ങളൊക്കെയും ഏറെ ആഹ്ലാദകരവും സംതൃപ്തവുമായിരിക്കും. എന്നാല്‍ വിവാഹിതരായി ദാമ്പത്യത്തിലേക്ക് പ്രവേശിക്കുന്നതോടെ യതാര്‍ത്ഥ പ്രകൃതം പ്രകടമാക്കാന്‍ തുടങ്ങുന്നു. സ്വഭാവത്തിലെയും പെരുമാറ്റത്തിലെയും ജീവിത രീതികളിലെയും വൈരുധ്യങ്ങളും വൈകൃതങ്ങളും പൊരുത്തക്കേടുകളും അനുഭവപ്പെടാന്‍ തുടങ്ങുന്നു. അതോടെ അന്നോളം വെച്ചുപുലര്‍ത്തിയ സുന്ദര സ്വപ്‌നങ്ങളും മധുര സങ്കല്‍പങ്ങളും തകരുന്നു. ദാമ്പത്യ ബന്ധത്തില്‍ വിള്ളലുണ്ടാവുകയും ബന്ധം ബന്ധനമായി തോന്നുകയും ചെയ്യുന്നു. അതോടെ പല ബന്ധങ്ങളും തകരുന്നു. അല്ലാത്തവ തട്ടിമുട്ടിയും ഒത്തും ഒപ്പിച്ചും യാന്ത്രികമായും നിര്‍വികാരമായും മുന്നോട്ട് പോകുന്നു. ഈയിടെ ദീര്‍ഘ കാലത്തെ പ്രണയ ശേഷം വിവാഹിതിരായി ഏറെ കഴിയും മുനമ്പെ പിണക്കമാരംഭിച്ച ഒരു സഹോദരി പറഞ്ഞത് ‘പ്രണയകാലത്ത് അയാള്‍ നല്ല ഒരു ഫ്രന്റ് ആണെന്നാണ് ഞാന്‍ കരുതിയത്. ഒരേകാധിപതിയായ ഭര്‍ത്താവാണെന്നു ബോധ്യമായത് വിവാഹ ശേഷമാണ്.’

പ്രണയകാലത്ത് പങ്കാളിയുടെ നന്മകള്‍ മാത്രമേ ശ്രദ്ധിക്കുകയും കാണുകയുമുള്ളു മറുവശം തീര്‍ത്തും അവഗണിക്കുന്നു. മറ്റുള്ളവര്‍ ശ്രദ്ധയില്‍ പെടുത്തിയാല്‍ പോലും ഗൗനിക്കുകയോ ഗൗരവത്തിലെടുക്കുകയോ ഇല്ല. എന്നല്ല, കാമുകന് തന്റെ കാമുകിയെക്കുറിച്ചും കാമുകിക്ക് മറിച്ചും എന്തെങ്കിലും കുറ്റം പറയുന്നവരോട് വെറുപ്പായിരിക്കും. കാമുകന്റെ മദ്യപാനത്തെ സംബന്ധിച്ച് കാമുകിയുടെ ശ്രദ്ധയില്‍ പെടുത്തിയ അയാളുടെ ബന്ധുവിനുണ്ടായ അനുഭവം ഉദാഹരണം. കാമുകി ഉടനെത്തന്നെ അക്കാര്യം അറിയിച്ച വ്യക്തിയുടെ ടെലഫോണ്‍ നമ്പര്‍ കാമുകനെ അറിയിച്ചു. അതിന്റെ ആഘാതം വളരെ വലുതായിരുന്നു. വിവാഹം കഴിഞ്ഞ് കൂടെ ജീവിക്കാന്‍ തുടങ്ങിയതോടെ ആ പെണ്‍കുട്ടിക്ക് രാത്രിയാകുന്നത് പേടിപ്പെടുത്തുന്ന അനുഭവമായിമാറി. ഇന്നും മദ്യപിച്ചെത്തുന്ന ഭര്‍ത്താവിന്റെ തെറി കേട്ടും അടിയും ഇടിയും വാങ്ങിയുമാണ് ഇന്നവര്‍ കഴിയുന്നത്. മറ്റൊരു മതക്കാരന്റെ കൂടെ പോയ മകളെ സ്വീകരിക്കാനിപ്പോള്‍ മാതാപിതാക്കള്‍ തയ്യാറുമല്ല.

വിവാഹിതരാവുന്നതോടെ നന്മമാത്രം കാണുന്ന അവസ്ഥ മാറുകയും തിന്മകളെ അവഗണിക്കാന്‍ കഴിയാതാവുകയും ചെയ്യുന്നു. ഇതും പരസ്പരമുള്ള അകല്‍ച്ചക്കും ദാമ്പത്യത്തകര്‍ച്ചക്കും വഴിയൊരുക്കുന്നു.

വിവാത്തിനു മുമ്പ് എതെങ്കിലും രൂപത്തിലുള്ള ശാരീരിക സ്പര്‍ശം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതുണ്ടാക്കുന്ന വിപത്തുകള്‍ വളരെ വലുതായിരിക്കും. വിവാഹ ശേഷം പുരുഷന്‍ ഏതെങ്കിലും സ്ത്രീകളുമായി സംസാരിക്കുകയോ അടുത്തിടപഴകുകയോചെയ്യുന്നുതോടെ ഭാര്യയില്‍ ഗുരുതരമായ സംശയങ്ങള്‍ ഉയരുന്നു. പ്രണയകാലത്ത് തന്നോട് ചെയ്തതൊക്കെ ആ സ്ത്രീയോടും ചെയ്യുമെന്ന് ശങ്കിക്കുന്നു. ഇത് വളര്‍ന്ന് അതി ഗുരുതരമായ സംശയ രോഗമായിത്തീരുന്നു. അപ്രകാരം തന്നെ ഭാര്യ ഏതെങ്കിലും പുരുഷനുമായി വര്‍ത്തമാനം പറയുകയോ അടുത്തിടപഴകുകയോ ചെയ്യുന്നത് ഭര്‍ത്താവിലും വമ്പിച്ച സംശയങ്ങള്‍ക്ക് കാരണമാകുന്നു. പ്രണയ കാലത്ത് നടന്നൊതെക്കെ മനസിലേക്ക് കടന്ന് വരികയും അത് ഭാര്യയെക്കുറിച്ച മോശമായ ധാരണകള്‍ക്ക് ഇടവരുത്തുകയും ചെയ്യുന്നു. സംശയ രോഗം മൂര്‍ഛിച്ച് ദാമ്പത്യത്തകര്‍ച്ചയിലെത്തുന്നു. സംശയരോഗം കൂടുതലായി കാണപ്പെടുന്നത് പ്രണയബന്ധത്തിലൂടെ ദാമ്പത്യത്തിലേക്ക് കടന്ന് വന്നവരിലാകാനുള്ള കാരണവും ഇതത്രെ.

ടെലിഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും രൂപപ്പെടുകയും വളര്‍ന്ന് വരികയും ചെയ്യുന്ന പ്രണയബന്ധങ്ങള്‍ കൂടുതല്‍ അപകടകരമത്രെ പരസ്പരം അന്വേഷിച്ചറിയാനും മനസ്സിലാക്കാനുമുള്ള അവസരമില്ലാതാക്കുന്നു. പ്രണയം ശക്തിപ്പെട്ട ശേഷമായിരിക്കുമല്ലോ രക്ഷിതാക്കള്‍ വിവരമറിയുക. അതിനാല്‍ അവര്‍ക്ക് കാര്യങ്ങള്‍ പഠിച്ചറിഞ്ഞ് തീരുമാനമെടുക്കാനുള്ള അവസരവും സാധ്യതയും ഒട്ടുമില്ലാതാകുന്നു. ടെലിഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും ബന്ധപ്പെട്ട് ചതിക്കുഴിയിലകപ്പെട്ട് എല്ലാം നഷ്ടപ്പെട്ട് പെണ്‍കുട്ടികളിന്ന് വളരെ കൂടുതലാണ്.

പാപക്കുഴികള്‍
പ്രണയിനികള്‍ക്കിടയിലുള്ള നോട്ടവും വര്‍ത്തമാനവും കാമമുക്തവും വികാരരഹിതവുമായിരിക്കണമെന്ന് സങ്കല്‍പിക്കുക സാധ്യമല്ലല്ലോ. അതോടൊപ്പം കാമവികാരത്തോടെയുള്ള നോട്ടം ഇസ്‌ലാം കണിശമായി വിലക്കിയിരിക്കുന്നു. ഇവ്വിഷകമായ ഖുര്‍ആന്റെ കല്‍പന ആരാധനകളില്‍ നിഷഠ പുലര്‍ത്തുന്ന വിശ്വാസികള്‍ പോലും അവഗണിക്കുകയാണിന്ന്. അല്ലാഹു പറയുന്നു.
‘നീ സത്യവിശ്വാസികളോടു പറയുക; അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കട്ടെ ഗുഹ്യാവയവങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ. അതാണ് അവരുടെ പരിശുദ്ധിക്ക് ഏറ്റവും പറ്റിയത്. സംശയം വേണ്ട അല്ലാഹു അവരുടെ സംശയങ്ങളെപ്പറ്റിയെല്ലാം നന്നായി അറിയുന്നവനാണ്. നീ സത്യവിശ്വാസിനികളോട് പറയുക അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യസ്ഥാനങ്ങള്‍ കാത്തു സൂക്ഷിക്കണം, തങ്ങളുടെ ശരീര സൗന്ദര്യം വെളിപ്പെടുത്തരുത് സ്വയം വെളിവായതൊഴികെ ശിരോവസ്ത്രം മാറിനു മീതെ താഴ്ത്തിയിടണം.’  (ഖുര്‍ആന്‍: 24:30-31)

പ്രവാചകന്‍ പറയുന്നു: രണ്ടു കണ്ണുകളും വ്യഭിചരിക്കാറുണ്ട്. അവയുടെ വ്യഭിചാരം നോട്ടമാണ് (ബുഖാരി)

കാമാതുരമായ സംസാരം നാവു കൊണ്ടുള്ള വ്യഭിചാരമാണ്. ഒരന്യ സ്ത്രീയെ പുരുഷനും പുരുഷനെ സ്ത്രീയും മനസില്‍ പ്രതിഷ്ഠിച്ച് അവരെക്കുറിച്ചുള്ള വികാരങ്ങളും ചിന്തയുമായിക്കഴിയുന്നത് ശരിയല്ല. സര്‍വ്വോപരി അന്യസ്ത്രീയും പുരുഷനും തനിച്ചാവുന്നത് കൊടിയ കുറ്റമാണ്. നബിതിരുമേനി അരുള്‍ ചെയ്യുന്നു. ‘ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ വിവാഹം നിഷിദ്ധമായ ബന്ധുവിന്റെ കൂടെയല്ലാതെ ഒരു സ്ത്രീയുടെ കൂടെ തനിച്ചാവരുത്. പിശാചായിരിക്കും അവരില്‍ മൂന്നാമന്‍ ‘ (അഹ്മദ്)

ഇതൊക്കെയും വിവാഹത്തിന് മുമ്പ് വിവാഹം നിശ്ചയിക്കപ്പെട്ട സ്ത്രീ-പുരുഷന്മാര്‍ക്കും നിഷിദ്ധമാണ്. അതു കൊണ്ട് വിവാഹം നടക്കുന്നതിന് ഏറെ കാലം മുമ്പ് വിവാഹം ഉറപ്പിച്ച് വെക്കുന്നത് അഹിതകരവും അവിഹിതവും അനുവദനീയമല്ലാത്തതുമായ ബന്ധങ്ങള്‍ക്കും സംസാരങ്ങള്‍ക്കും ഇടപഴകലുകള്‍ക്കും ഇടവരുത്തിയേക്കാം. അതൊഴിവാക്കാന്‍ ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിക്കുകയും ജാഗ്രത പുലര്‍ത്തുകയും വേണം. വിവാഹം തീരുമാനിച്ചു കഴിഞ്ഞാല്‍ വേഗമത് നടത്തുന്നതാണുത്തമം.

മനുഷ്യ ജീവിതത്തിലെ ഏറ്റം സന്തോഷകരവും സുപ്രധാന കാര്യവുമാണ് വിവാഹം. വിവാഹിതരാവുന്ന ദമ്പതികള്‍ക്കെന്ന പോലെ അവരെ പോറ്റി വളര്‍ത്തിയ മാതാപിതാക്കള്‍ക്കും അവരെ അതിയായി സ്‌നേഹിക്കുന്ന കുടുബാംഗങ്ങള്‍ക്കും സൂഹൃത്തുക്കള്‍ക്കുമെല്ലാം സന്തോഷത്തിലും ആഘോഷത്തിലും പങ്കാളികളാകാന്‍ കഴിയണം. മാതാപിതാക്കളുടെ ഇഷ്ടവും സമ്മതവുമില്ലാതെ പ്രണയ വിവാഹങ്ങളിലിതുണ്ടാവില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതു കൊണ്ട് തന്നെ പ്രേമബന്ധങ്ങളില്‍ കുടുങ്ങി ഇരുലോക നഷ്ടവും സംഭവിക്കാതിരിക്കാന്‍ യുവതീ യുവാക്കള്‍ ജാഗ്രത പുലര്‍ത്തണം. ഇപ്പോള്‍ ബാലികാ-ബാലന്മാര്‍ എന്ന് കൂടി എഴുതേണ്ടി വന്നിരിക്കുന്നു. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ ആവശ്യമായ മാര്‍ഗ ദര്‍ശനം നല്‍കുകയും വേണം.

Related Articles