Current Date

Search
Close this search box.
Search
Close this search box.

പ്രണയത്തിന്റെ ഉറവിടം

love3.jpg

ഉള്ളിലുള്ള പ്രണയം പങ്കുവെക്കാനും പ്രകടിപ്പിക്കാനുമുള്ള അവസരമായി ഫെബ്രുവരി മാസത്തില്‍ വരുന്ന വാലന്റൈന്‍ ദിനത്തെ കാത്തിരിക്കുന്ന എത്രയോ ഭാര്യാ ഭര്‍ത്താക്കന്‍മാരും പ്രണയിനികളും ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. എന്നാല്‍ ഈ ആഘോഷാരവങ്ങളുടെയും പ്രകടനങ്ങളുടെയും നടുവിലും പരസ്പര സ്‌നേഹത്തിന്റെ മാധുര്യം നുകരാനാവാതെ വിരസതയുടെയും വിഷാദത്തിന്റെയും ലോകത്ത് ഏകാകിയായി അലയുകയാണ് പലരും. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്? എന്താണ് നമുക്ക് നഷ്ടമായി കൊണ്ടിരിക്കുന്നത്?

യഥാര്‍ത്ഥ സ്‌നേഹത്തെ തിരിച്ചറിയുന്നിടത്താണ് നമുക്ക് പിഴവ് സംഭവിക്കുന്നതെന്നെനിക്ക് തോന്നുന്നു. അതിന്റെ യഥാര്‍ത്ഥ ഉറവിടത്തേയും നിലനില്‍പിനേയും സംബന്ധിച്ച് പലപ്പോഴും നാം അജ്ഞരാണ്.

യഥാര്‍ത്ഥത്തില്‍ എന്താണ് സ്‌നേഹം? അല്ലാഹുവിന്റെ ഗുണങ്ങളില്‍ പെട്ട ഒരു ഗുണമാണത്. സത്യസന്ധമായ സ്‌നേഹം അനുഭവിക്കാനുള്ള ഏകമാര്‍ഗം അല്ലാഹുവിന്റെ സ്‌നേഹം അനുഭവിക്കുക എന്നതാണ്. ജീവിതത്തിന്റെ സര്‍വതലങ്ങള്‍ക്കും ഉപരിയായി അല്ലാഹുവുമായുള്ള ബന്ധത്തെ ഉറപ്പിച്ചു നിര്‍ത്തിയവന് അവന്റെ സകല സൃഷ്ടികളോടും സ്‌നേഹം തോന്നുന്നു. ‘അല്ലാഹു ആദ്യം, പിന്നെ അവന്റെ സൃഷ്ടികള്‍’ അഗാധ സ്‌നേഹത്തിന്റെ മാസ്മരിക ലോകത്തേക്കുള്ള താക്കോലാണ് ഈ ഫോര്‍മുല. ദൈവസ്‌നേഹത്തില്‍ നിന്ന് ഉയിരെടുക്കുന്ന മനുഷ്യസ്‌നേഹം, അതിലാണ് ഉപാധികളില്ലാത്ത സ്‌നേഹം അലിഞ്ഞു ചേര്‍ന്നിരിക്കുന്നത്.

ശാന്തമായൊരു സാഹ്‌യാനത്തിലെ ഇളംകാറ്റും അസ്തമന ശോഭയും കമിതാക്കളുടെ ഹൃദയം കവരുന്നതെന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ? തങ്ങളുടെ പ്രണയത്തേക്കാള്‍ സുന്ദരമായ എന്തോ ഒന്നില്‍ അവരറിയാതെ മുഴുകിപോവുകയാണ്. ഇതാണ് യഥാര്‍ത്ഥ സുഖാനുഭൂതി. ഹൃദയസ്പര്‍ശിയായ പ്രകൃതി ദൃശ്യങ്ങളും പ്രണയിയുടെ സ്പര്‍ശനവുമെല്ലാം നമ്മുടെ തലച്ചോറിലെ ‘ഓക്‌സിടോസിന്റെ’ അളവ് വര്‍ധിപ്പിക്കുന്നു. അത് നമ്മുടെ മനോനിലയെയും ചിന്തകളെയുമെല്ലാം ഉത്തേജിപ്പിക്കുന്നു. പവിത്രമായ ഒരു മാനസികാവസ്ഥയിലേക്ക് നമ്മെയത് നയിക്കുന്നു. എന്നാല്‍ അനശ്വര പ്രണയത്തെയും നൈമിഷിക പ്രണയത്തെയും വേര്‍തിരിക്കുന്ന ഘടകം എന്താണ്? അല്ലാഹുവില്‍ സമര്‍പ്പിതമായ ഒരു ഇസ്‌ലാമിക ജീവിതത്തിലൂടെ മാത്രമേ ശാശ്വത സ്‌നേഹത്തിന്റെ സുഖം നാമറിയൂ.

നമ്മുടെ സമകാലിക സാഹചര്യത്തില്‍ ഏതുതരത്തിലുള്ള ബന്ധങ്ങള്‍ക്കാണ് സുസ്ഥിരവും അനശ്വരവുമായ സ്‌നേഹം ഉറപ്പു നല്‍കാനാവുക? വിവാഹത്തിനും കുടുംബ വ്യവസ്ഥക്കും വളരെയധികം പ്രാധാന്യം നല്‍കിയിരുന്നവരായിരുന്നു മുന്‍തലമുറ. വ്യക്തിത്വ രൂപീകരണ പ്രക്രിയ വളരെ സജീവമായ യൗവ്വനത്തിന്റെ തുടക്കത്തില്‍ തന്നെ അവര്‍ വിവാഹിതരായിരുന്നു. ഇത്തരം വിവാഹങ്ങള്‍ ഏറെക്കുറെ വിജയകരവുമായിരുന്നു. വൈവാഹിക ജീവിതത്തിന് സമാന്തരമായിട്ടായിരുന്നു അവരുടെ വ്യക്തിത്വ രൂപീകരണവും നടന്നിരുന്നതെന്നതാണ് കാരണം.

എന്നാല്‍ ഇക്കാലത്ത് സ്ത്രീ പുരുഷന്‍മാര്‍ കുറേ കൂടി പക്വത വന്നതിന് ശേഷമാണ് വിവാഹത്തെ കുറിച്ച് ആലോചിക്കുന്നത്. സ്വന്തമായൊരു ജോലിയും സാമ്പത്തിക സ്രോതസ്സും കണ്ടെത്തിയിട്ടല്ലാതെ വിവാഹത്തെയും കുടുംബത്തെയും കുറിച്ച് ചിന്തിക്കാന്‍ പോലും ഇരുകൂട്ടരും സന്നദ്ധരല്ല. ഇതിനിടയില്‍ ഡേറ്റിങ്ങിന്റെയും വഴിവിട്ട ബന്ധങ്ങളുടെയും അര്‍ത്ഥ ശൂന്യമായ പ്രണയത്തിന്റെയും വൈറസുകള്‍ സാമൂഹിക ഭദ്രതയെ കാര്‍ന്നു തിന്നാന്‍ തുടങ്ങി. അവകാശ വാദങ്ങളും സ്വാര്‍ത്ഥ താല്‍പര്യങ്ങളും ദാമ്പത്യബന്ധങ്ങളെ എറിഞ്ഞുടച്ചു.

പരിശുദ്ധ സ്‌നേഹത്തിന്റെ നിലക്കാത്ത ഉറവിടം എല്ലാ മനുഷ്യരിലുമുണ്ട്. എന്നാല്‍ അതിന്റെ യഥാര്‍ത്ഥ പ്രചോദനം ദൈവസ്‌നേഹം മാത്രമാണ്. സ്രഷ്ടാവിനോടുള്ള അതിരറ്റ സ്‌നേഹത്തിന്റെ ചിറകിലേറിയാണ് മലിന സംസ്‌കാരത്തിന്റെയും സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെയും ഇടുക്കത്തില്‍ നിന്ന് നന്മയുടെ വിശാലതയിലേക്ക് ഹൃദയങ്ങള്‍ പറക്കുന്നത്. പരസ്പരം നന്മ ഉപദേശിച്ചും തിന്മ തടഞ്ഞും ദീനിന്റെ പാതയില്‍ മുന്നേറാനുള്ള സുന്ദരമായൊരു വാഹനമായിത്തീരണം വിവാഹം. അപ്പോള്‍ മാത്രമേ രണ്ടു ഹൃദയങ്ങള്‍ ഒന്നായി തീരൂ.

ഗ്രീക്ക് തത്വശാസ്ത്രം മൂന്ന് തരം സ്‌നേഹത്തെ കുറിച്ച് പറയുന്നുണ്ട്. മനുഷ്യസ്‌നേഹം, ദൈവസ്‌നേഹം, പ്രണയം. എന്നാല്‍ ഞാന്‍ പറയട്ടെ യഥാര്‍ത്ഥ സ്‌നേഹത്തിന് വിഭജനങ്ങളൊന്നുമില്ല. സ്‌നേഹത്തിന് ഒറ്റ സ്രോതസ്സേ ഉള്ളൂ. അത് അല്ലാഹുവാണ്. അല്ലാഹുവോടുള്ള സ്‌നേഹത്തില്‍ നിന്നല്ലാതെ യഥാര്‍ത്ഥ സ്‌നേഹത്തിന്റെ ആഴവും പരപ്പും ആര്‍ക്കും ആസ്വദിക്കാനാവില്ല. അവനോടുള്ള സ്‌നേഹം ഹൃദയങ്ങളെ കീഴടക്കുമ്പോള്‍ നിങ്ങളറിയാതെ നിങ്ങളുടെ ഇണകളെ സ്‌നേഹിച്ചു പോകും. അനശ്വര സ്‌നേഹത്തിന്റെ അനിര്‍വചനീയമായ അനുഭൂതിയില്‍ നിങ്ങളുടെ ഹൃദയങ്ങള്‍ കുളിര്‍ക്കും. ദൈവമാര്‍ഗത്തിലുള്ള പരസ്പര പ്രോത്സാഹനവും പിന്തുണയും നിങ്ങളുടെ സ്‌നേഹപ്രകടനങ്ങളായി മാറും. ദീനിന്റെ വീഥിയിലൂടെ പരസ്പരം താങ്ങായി, തണലായി ഒരുമിച്ച് കൈകോര്‍ത്ത് നടക്കും. ഇതുതന്നെയല്ലേ യഥാര്‍ത്ഥ പ്രണയം?

ഒരുമിച്ചുള്ള ഈ പ്രയാണത്തിനിടയില്‍ നിങ്ങള്‍ അല്ലാവു തിരിച്ചറിയുന്നു. അതിലൂടെ പരസ്പരം തിരിച്ചറിയുന്നു. ഈ സ്‌നേഹ സാഗരത്തില്‍ മുങ്ങി നിങ്ങളുടെ ഹൃദയങ്ങള്‍ സ്വയം ശുദ്ധിവരിക്കുന്നു. അതിന്റെ പ്രകാശം നിങ്ങളുടെ സിരകളിലൂടെ പ്രവഹിച്ച് ചുറ്റും പരക്കുന്നു. ഞെരുക്കത്തിലും സമൃദ്ധിയിലും ഒരുപോലെ നിങ്ങളുടെ ഹൃദയങ്ങള്‍ ഈ സ്‌നേഹത്തണലില്‍ ശാന്തിയടയുന്നു.

വിരസമായ ദാമ്പത്യജീവിതത്തില്‍ മനം മടുത്ത് കഴിയുകയാണോ നിങ്ങള്‍? നിങ്ങളുടെ ഹൃദയത്തിലെ പ്രണയം വറ്റിപ്പോയോ? എങ്കില്‍ നന്മയുടെയും പശ്ചാത്താപത്തിന്റെയും വഴിയിലൂടെ അല്ലാവുലേക്കടുക്കൂ.. അവനെ മാത്രം ആശ്രയവും അത്താണിയുമായി കാണുക. പ്രാര്‍ഥനകളാല്‍ ഹൃദയത്തെ അലങ്കരിക്കൂ.. നിങ്ങളില്‍ നിന്ന് സ്‌നേഹം പ്രവഹിച്ച് തുടങ്ങും. മൂര്‍ച്ചയേറിയ സ്‌നേഹം, അതിന്റെ ചൂടേറ്റ് ഉരുകട്ടെ നിങ്ങളുടെ ഇണയുടെ ഹൃദയവും.

സത്യസന്ധത കൊണ്ടും പരസ്പര വിശ്വാസം കൊണ്ടും ബന്ധങ്ങള്‍ക്ക് അടിത്തറ പാകുക. തുറന്ന ആശയവിനിമയം സാധ്യമാക്കി സ്‌നേഹത്തെ ഒളിപ്പിച്ചു വെക്കാതെ പ്രകടിപ്പിക്കുക. സ്വര്‍ഗം പരമലക്ഷ്യമാക്കി ജീവിതത്തില്‍ ഒന്നിച്ച് മുന്നേറുക. ഇണയുടെ നന്മക്കായി ആത്മാര്‍ത്ഥമായി പ്രാര്‍ഥിക്കുക. ഒരിക്കല്‍ കൂടി ഓര്‍ക്കുക, അല്ലാഹുവുമായുള്ള അടിയുറച്ച കരാറില്‍ നിന്നല്ലാതെ, അവനോടുള്ള കളങ്കമറ്റ സ്‌നേഹത്തില്‍ നിന്നും ആത്മസമര്‍പ്പണത്തില്‍ നിന്നുമല്ലാതെ ഇതൊന്നും സാധ്യമല്ല.

കടപ്പാട് : onislam.net

Related Articles