Current Date

Search
Close this search box.
Search
Close this search box.

താനിഷ്ടപ്പെടുന്നത് തന്റെ സഹോദരനും നല്‍കുന്നവരാവുക

നബി (സ) പറയുന്നു: നിങ്ങളിലൊരാള്‍ സത്യവിശ്വാസിയാവുകയില്ല. താന്‍ ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ലഭ്യമാക്കുന്നത് വരെ.(ബുഖാരി,മുസ്‌ലിം) ഇവിടെ പറഞ്ഞ ഹദീസ് നാം നിരവധി തവണ കേട്ട ഒന്നാണ്. എനിക്ക് എല്ലാവിധ അനുഗ്രഹങ്ങളും നന്മകളും ലഭിക്കണമെന്നും യാതൊരുവിധ ആപത്തോ വിഷമമോ ഉണ്ടാവരുതെന്നും എല്ലാവരും ആഗ്രഹിക്കുക പതിവാണല്ലോ. അതേപ്രകാരം തന്റെ സഹോദരനും എല്ലാവിധ ഗുണങ്ങളും കൈവരണമെന്നും ഒരുവിധ ദോഷവും സംഭവിക്കരുതെന്ന ആഗ്രഹം ഓരോ മുസ്‌ലിമിനും ഉണ്ടായിരിക്കണം. അതുണ്ടാകുന്നത് വരെ അവന് യഥാര്‍ത്ഥ മുഅ്മിനാവുക സാധ്യമല്ലെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു.

നമുക്ക് വല്ല ഗുണവും കൈവരണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അതിനുള്ള എല്ലാ ശ്രമങ്ങളും നാം ചെയ്യുമെന്ന് തീര്‍ച്ചയാണ്. അല്ലാത്തപക്ഷം നമ്മുടെ വിചാരം വ്യാമോഹം മാത്രമായിരിക്കും. അപ്രകാരം തന്നെ തന്റെ സഹോദരന് ഗുണം ആഗ്രഹിക്കുന്നവനും അതിനു വേണ്ടി കഴിയുന്ന വിധത്തിലെല്ലാം പ്രവര്‍ത്തിക്കേണ്ടതാണ്, അല്ലാത്തപക്ഷം അത് വ്യാജമായ ഗുണകാംക്ഷയാണെന്നും അതിനു യാതൊരു വിലയുമില്ലെന്നും പറയേണ്ടതില്ല. അതിനാല്‍ മുസ്ലിം സഹോദരന്മാരുടെ യഥാര്‍ത്ഥ ഗുണത്തിനു വേണ്ടി ആവുന്നതൊക്കെ പ്രവര്‍ത്തിക്കുകയെന്നത് ഈമാനിന്റെ പ്രധാന ലക്ഷണവും സത്യവിശ്വാസിയുടെ ഒഴിച്ചുകൂടാത്ത കര്‍ത്തവ്യവുമത്രെ.

അതുകൂടാതെ സത്യവിശ്വാസം പൂര്‍ണമാവുകയില്ലെന്ന് വരുമ്പോള്‍ മുസ്‌ലിംകള്‍ തമ്മിലുള്ള സാഹോദര്യബന്ധം എത്ര വലുതാണെന്നും ജീവിതത്തിന്റെ ഏതെല്ലാം വശങ്ങളെയാണ് ഈമാന്‍ നിയന്ത്രിക്കുന്നതെന്നും ഊഹിക്കാമല്ലോ. അതിനാല്‍ തന്റെ സഹോദരനും സന്മാര്‍ഗം ലഭിക്കണമെന്നതായിരിക്കണം ഓരോ സത്യവിശ്വാസിയുടെയും ഒന്നാമത്തെ ആഗ്രഹമെന്ന് പ്രത്യേകം ഓര്‍ക്കേണ്ടതാണ്.

അവലംബം: ഹദീസ് ഭാഷ്യം

Related Articles