Current Date

Search
Close this search box.
Search
Close this search box.

കൗമാരക്കാരില്ലാത്ത പള്ളികള്‍

masjid.jpg

നമ്മുടെ പള്ളികളെ കുറിച്ച് നാം ആലോചിച്ച് നോക്കുക. ഇരുത്തി ചിന്തിപ്പിക്കുകയും അന്വേഷിച്ച് കാരണം കണ്ടെത്തി ചികിത്സിക്കേണ്ട ചില കാര്യങ്ങള്‍ നമുക്ക് അവിടെ കാണാന്‍ സാധിക്കും. നമ്മുടെ പള്ളികളിലെ യുവാക്കളുടെയും കൗമാരക്കാരുടെയും കുട്ടികളുടെയും കുറവാണ് പരിഗണക്കേണ്ട ഗൗരവതരമായ പ്രശ്‌നം. കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് മേല്‍പറഞ്ഞ വിഭാഗവും നമ്മുടെ പള്ളികളെ ധന്യമാക്കിയിരുന്നു. എന്നാല്‍ ഇന്ന് പലകാരണങ്ങള്‍കൊണ്ടും പടുവൃദ്ധന്മാര്‍ മാത്രമാണ് പള്ളിയില്‍ സ്ഥിരമായുണ്ടാവാറുള്ളത്.
 ഏഴോ എട്ടോ വയസ്സ് പ്രായമാകുന്നതോടെ കുട്ടികള്‍ക്ക് വിവേചന ശേഷിയുണ്ടാവും. അവര്‍ക്ക് പതിനൊന്ന് മുതല്‍ പതിമൂന്ന് വരെ വയസ്സാകുമ്പോള്‍ കൗമാര പ്രായത്തില്‍ പ്രവേശിക്കുന്നു. കൗമാരമാണ് യുവത്വത്തിലേക്കുള്ള കവാടം. മുസ്‌ലിം സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളുള്ളത് യുവത്വത്തിലും കൗമാരത്തിലുമാണ്. ഇരുപത് വയസ്സിന് താഴെയും അതിനടുത്തുമുള്ളവരാണ് നമ്മുടെ സമൂഹത്തില്‍ കൂടുതല്‍ ആളുകളും. ഇതര സമൂഹവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ വലിയ സംഖ്യയാണ്.
പള്ളിയിലെ കുട്ടികളുടെയും യുവാക്കളുടെയും സാന്നിദ്ധ്യം പരിശോധിച്ചാല്‍ അത് വളരെ കുറവാണെന്ന് കാണാന്‍ സാധിക്കും. പള്ളിയില്‍ നമസ്‌കരിക്കാന്‍ വരുന്നവരില്‍ 10 ശതമാനം പോലും ഈ വിഭാഗത്തില്‍നിന്ന് ഉണ്ടാവുകയില്ല. പള്ളിയില്‍വെച്ച് നടക്കുന്ന ഖുര്‍ആന്‍ പഠന സദസ്സുകളിലും മറ്റ് ക്ലാസുകളിലും ഇതുതന്നെയാണ് അവസ്ഥ.
പള്ളികളുമായുള്ള ബന്ധം എന്നത് വെറും നമസ്‌കാത്തെ മാത്രമല്ല പ്രതിനിധീകരിക്കുന്നത്. അവക്ക് പുറമേ മനുഷ്യമനസ്സിന്റെ ശുദ്ധീകരിക്കലും തെറ്റുകള്‍ കുറക്കലും അല്ലാഹുവോടുള്ള ബന്ധവും കരാറും പുതുക്കലും ഇസ്‌ലാമിക സംഘടനകളോടുള്ള അുടപ്പമുണ്ടാക്കലും പൊതുജനങ്ങളോട് പരിചയപ്പെടലമെല്ലാം പള്ളിയോടുള്ള സ്ഥിരബന്ധംകൊണ്ട് നിര്‍വഹിക്കപ്പെടുന്നതാണ്. ധാരാളം പ്രശ്‌നങ്ങളും തെറ്റുകളിലേക്കുള്ള മാര്‍ഗങ്ങളെല്ലാം തുറന്നുകിടക്കുന്ന ഈ ലോകത്ത് പള്ളിയുമായുള്ള ബന്ധം വളരെ അനിവാര്യമാണ്.
ഇന്ന് നാം ധാരാളം സാംസ്‌കാരിക പ്രശ്‌നങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒരിക്കലും സംശയത്തോടെയും വിവാദമനസ്സോടെയും കാണേണ്ടതില്ല എന്ന് കരുതുന്ന ആളുകളില്‍ നിന്നും മേഖലകളില്‍ നിന്നും സ്ഥലങ്ങളില്‍ നിന്നും ഇന്ന് അരുതാത്ത പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു! കൗമാരക്കാരും യൗവനക്കാരും തങ്ങളുടെ മനസ്സും ബുദ്ധിയും രൂപപ്പെടുകയും ഉറക്കുകയും ചെയ്യുന്ന പ്രായത്തിലാണ്. അതുകൊണ്ടുതന്നെ ഇത്തരം സാംസ്‌കാരിക വ്യതിയാനങ്ങള്‍ ഈ പ്രായത്തില്‍ തന്നെ വ്യക്തിത്വത്തില്‍ കയറിക്കൂടാന്‍ ഈ സാമൂഹിക സാഹചര്യങ്ങള്‍ കാരണമാകും. വ്യക്തിത്വം രൂപപ്പെടുന്ന പ്രായത്തില്‍ ഇത്തരം സാംസ്‌കാരിക വ്യതിയാനങ്ങളുള്ള ആളുകളുമായി സഹവസിക്കുന്നത് ഇവര്‍ക്ക് ഒരിക്കലും നന്മവരുത്തുകയില്ല. അതുകൊണ്ടുതന്നെ ഇവര്‍ക്ക് പള്ളിയുമായുള്ള ബന്ധത്തിലൂടെ ഈ സാംസ്‌കാരിക ദൂഷ്യങ്ങളെ മറികടക്കാന്‍ സാധിക്കും.

കൗമാരക്കാരെ കാര്യമായി സ്വാധീനിക്കുന്ന ഒരു കാര്യമാണ് ഇന്റര്‍നെറ്റുകളും ചാനലുകളും ടെലിവിഷനുകളും. മാതാപിതാക്കള്‍ക്ക് മക്കളെ ദിശാബോധം നല്‍കി വളര്‍ത്താന്‍ മാത്രം സമയമില്ലാത്ത ഈ കാലത്ത് കൗമാരക്കാരുടെ സുപ്രധാന കൂട്ടാളി ഇത്തരം ആധുനിക മാധ്യമങ്ങളും അതിലുള്ളവരുമാണ്. ഇത്തരം ആധുനിക മാധ്യമങ്ങളിലും സോഷ്യല്‍ നെറ്റുവര്‍ക്കുകളിലും ഒരു നിയന്ത്രണവുമില്ലാതെ അലഞ്ഞ് നടന്നാലുള്ള പ്രശ്‌നങ്ങളുടെയും അവയിലുള്ള സാംസ്‌കാരിക പ്രശ്‌നങ്ങളുടെയും കാര്യം ഞാന്‍ ഇവിടെ വിവരിക്കേണ്ടതില്ല. അത് വിവരിക്കാതെ തന്നെ മിക്ക ആളുകള്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ഒരു കാര്യം തറപ്പിച്ച് പറയാന്‍ സാധിക്കും; നമ്മുടെ കൗമാരക്കാരെ പള്ളിയുമായും മറ്റും ബന്ധിപ്പിക്കാതെ ഇത്തരം ആധുനിക മാധ്യമങ്ങളുടെ സ്വാധീന വലയത്തിന് വിട്ടുകൊടുക്കുകയാണെങ്കില്‍ ഇനി വരാനിരിക്കുന്ന ഒരു തലമുറയെ തന്നെയാണ് നാം നശിപ്പിക്കുന്നത്.
നമ്മുടെ യുവാക്കളുടെയും കൗമാരക്കാരുടെയും പ്രശ്‌നം നമസ്‌കരിക്കാനും മറ്റുമായി പള്ളിയില്‍ വരുന്നില്ലെന്നത് മാത്രമല്ല. ഇതിന്റെ സ്വാധീനം ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ കാണാന്‍ സാധിക്കുന്നുണ്ട്. അവയിലൊന്നാണ് ഇസ്‌ലാമിക ചാനലുകള്‍ക്കും സൈറ്റുകള്‍ക്കും പ്രേക്ഷകര്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു എന്നത്. ഇത്തരം ചാനലുകള്‍ക്കും സൈറ്റുകള്‍ക്കും ഉള്ള പ്രേക്ഷകരും വായനക്കാരും സമൂഹത്തിലെ പ്രായമായവര്‍ മാത്രമാണ്. യുവാക്കളും കൗമാരക്കാരും വായിക്കുന്നതും കാണുന്നതും സാധാരണ വിനോദ ചാനലുകളും സൈറ്റുകളുമാണ്. വിനോദത്തിനും അപ്പുറത്ത് അശ്ലീലതകളുടെ കൂത്തരങ്ങായ മാധ്യമങ്ങളെയാണ് അവര്‍ പിന്തുടരുന്നത്.
കാര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ സംഘടിത നമസ്‌കാരത്തിന് പള്ളിയിലെത്തുന്നില്ല എന്നതോ പള്ളിയില്‍ എത്തേണ്ടത് നിര്‍ബന്ധമല്ല എന്ന വിശ്വാസമോ മാത്രമല്ല പ്രശ്‌നം. ഇവിടെ യഥാര്‍ഥ പ്രശ്‌നം സ്വഭാവത്തിന്റെയും ധാര്‍മികതയുടെയും സദാചാരത്തിന്റെതുമാണ്. എല്ലാ പൈശാചികതകളുടെയും തുടക്കം ഇതാണ്. അടിസ്ഥാനപരമായി മനുഷ്യന് ഉണ്ടായിരിക്കേണ്ട ധാര്‍മികബോധം പോലും അവന് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്.

പരിഹാരങ്ങള്‍
1) ഒഴുക്കിനെതിരെ നീന്തുകയെന്നത് വളരെ പ്രയാസകരമായ കാര്യമാണ്. അസാമാന്യമായ ചങ്കുറപ്പുള്ളവര്‍ക്കേ അതിന് സാധ്യമാവൂ. സത്യസന്ധതയും ദൃഢനിശ്ചയവും അല്ലാഹുവിലുള്ള വിശ്വാസവുമുണ്ടെങ്കില്‍ ഏത് വെല്ലുവിളികളെയും സാവധാനം തരണം ചെയ്യാന്‍ നമുക്ക് സാധിക്കും. അതുകൊണ്ടുതന്നെ മക്കള്‍ക്ക് ധീരതയും സത്യസന്ധതയും പഠിപ്പിക്കുകയെന്നതാണ് സുപ്രധാനമായ കാര്യം. അതിനനുസരിച്ച് ജീവിക്കാനുള്ള പിന്തുണ അവര്‍ക്ക് നല്‍കുകയും ചെയ്യുക.
2) പ്രശ്‌നമെന്താണെന്ന് മനസ്സിലാക്കലാണ് ചികിത്സയുടെ ആദ്യപടി. തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് സമ്മതിച്ച് തിരുത്തണം. ഈ തെറ്റുകളെ കുറിച്ച് മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുക. അപ്രകാരം ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളിലൂടെ യുവാക്കളെയും കൗമാരക്കാരെയും നേര്‍വഴിയിലേക്കെത്തിക്കാനുള്ള പരിശ്രമങ്ങള്‍ ഒറ്റക്കെട്ടായി നടപ്പാക്കുക.
3) പഴയകാലങ്ങളിലുണ്ടായിരുന്ന സംസ്‌കരണ രീതികള്‍കൊണ്ട് പുതിയ സമൂഹത്തെ തൃപ്തരാക്കാന്‍ സാധിക്കില്ലെന്ന് തിരിച്ചറിയുക. അതുകൊണ്ടുതന്നെ കേവലം നമസ്‌കാരസ്ഥലം എന്നതിലുപരിയായി പള്ളികളെ മറ്റ് സാംസ്‌കാരിക സാമൂഹിക കേന്ദ്രംകൂടിയാക്കി മാറ്റിയെടുക്കണം. വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളും സേവനങ്ങളും പള്ളിയുമായി ബന്ധപ്പെടുത്തി നടത്തുക. ഇത് രണ്ട് തരത്തിലാണ് ചെയ്യേണ്ടത്. ഒന്ന്, കൗമാരക്കാരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള കളികള്‍ക്കും വിനോദങ്ങള്‍ക്കുമുള്ള സൗകര്യങ്ങള്‍ പള്ളിയുമായി ബന്ധപ്പെടുത്തി തുടങ്ങുക. കളിസ്ഥലങ്ങളും പുതിയ ട്രെന്റായ കമ്പ്യൂട്ടറുകളുമായി ബന്ധപ്പെട്ട വിനോദ പരിപാടികളും ഇസ്‌ലാമിക ഗെയ്മുകളും വഴി കുട്ടികളെ ആകര്‍ഷിക്കുക. അവരെ ഇത്തരം വിനോദങ്ങള്‍ക്കിടയില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്ന അധ്യാപനങ്ങള്‍ നല്‍കാന്‍ ശ്രമിക്കുക. രണ്ട്, ക്ലാസുകളുടെയും അധ്യാപനങ്ങളുടെയും ശൈലികള്‍ മാറ്റുക. ആധുനിക മീഡിയകളും സംവിധാനങ്ങളും ഉപയോഗിച്ചായിരിക്കുക പരിപാടികള്‍. പ്രസന്റേഷനുകളിലൂടെയും മറ്റും കാര്യങ്ങള്‍ അവതരിപ്പിക്കുക.
4) തങ്ങളുടെ മക്കളെ പള്ളികളില്‍ എത്തിക്കുന്നതിന്റെയും അവരെ നമസ്‌കാരങ്ങള്‍ക്കെത്തിക്കുന്നതിന്റെയും പ്രാധാന്യം രക്ഷിതാക്കളെ ബോധ്യപ്പെടുത്തുക. മാത്രമല്ല പള്ളികളില്‍ നമസ്‌കരിക്കാനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും എത്തുന്ന കുട്ടികളെയും കൗമാരക്കാരെയും നന്നായി പരിഗണിക്കുകയും അവര്‍ക്ക് വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കുകയും ചെയ്യുക. അവരെ നല്ലരീതിയില്‍ കൈകാര്യം ചെയ്യാന്‍ രക്ഷിതാക്കളെ പഠിപ്പിക്കുക.
5) വ്യക്തിബന്ധങ്ങളാണ് പലരെയും സന്മാര്‍ഗത്തിലെത്തിക്കുന്ന സുപ്രധാന കാര്യം. അതുകൊണ്ടുതന്നെ മക്കളുമായും സമൂഹത്തിലെ കൗമാരക്കാരുമായും നല്ല ബന്ധങ്ങളുണ്ടാക്കാന്‍ ശ്രമിക്കുക. അവരെ ചങ്ങാത്തത്തിന്റെ ഭാഷയില്‍ ജമാഅത്ത് നമസ്‌കാരത്തിന്റെയും പള്ളിയുടെയും പ്രാധാന്യം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക.
6) കൗമാരക്കാരെയും യുവാക്കളെയും അക്ഷേപിക്കുന്നതിന് പകരം പ്രോത്സാഹനത്തിലൂടെയും ഗുണകാംക്ഷയിലൂടെയും നേര്‍മാര്‍ഗത്തിലെത്തിക്കാന്‍ പരിശ്രമിക്കുക. കാരണം ഒരാളെ നേര്‍മാര്‍ഗത്തിലെത്തിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം നന്മകളില്‍ പ്രോത്സാഹിപ്പിക്കുകയെന്നതാണ്.  

വിവ. ജുമൈല്‍ കൊടിഞ്ഞി

Related Articles