Current Date

Search
Close this search box.
Search
Close this search box.

കഫന്‍പുടവ പോലും ത്യജിച്ച രക്തസാക്ഷി

mishab.jpg

ഉഹ്ദ് യുദ്ധാനന്തരം യുദ്ധഭൂമി സന്ദര്‍ശിച്ച മുത്തുറസൂല്‍  (സ) ഒരു ശഹീദിന്റെ മയ്യിത്ത് കണ്ട് പൊട്ടികരഞ്ഞു പറഞ്ഞു: ‘ഇവനേക്കാള്‍ സുന്ദരനായി മക്കയുടെ തെരുവില്‍ ഞാന്‍ ആരെയും കണ്ടിട്ടില്ല, ഇവന്‍ നടന്ന് വരുമ്പോള്‍ വിലകൂടിയ സുഗന്ധം മക്കയുടെ തെരുവില്‍ അലയടിക്കാറുണ്ടായിരുന്നു, ഇന്നിതാ അവന്‍ തന്റെ നാഥനോട് ചെയ്ത വാഗ്ദാനം പാലിച്ചുകൊണ്ട് മണ്ണോട് ചേര്‍ന്ന് കിടക്കുന്നു.’ അതായിരുന്നു ഇസ്‌ലാമിന്റെ ആദ്യത്തെ അംബാസഡറും പ്രബോധകനുമായിരുന്ന മുസ്അബുല്‍ ഖൈര്‍ എന്നറിയപ്പെടുന്ന മുസ്അബ് ബിന്‍ ഉമൈര്‍.
ഉമൈര്‍ ബിന്‍ ഹാശിമിന്റെയും ഖുന്നസ് ബിന്‍ത് മാലികിന്റെയും ഓമന പുത്രനായിട്ടാണദ്ദേഹം ജനിച്ചത്. മാതാപിതാക്കളുടെ വത്സല പുത്രന്റെ ഏതാഗ്രഹവും അവര്‍ സാധിച്ചു കൊടുത്തു. സമ്പന്നതയുടെ നടുവില്‍ ജീവിച്ച അദ്ദേഹം ഏറ്റവും വിലകൂടിയ വസ്ത്രവും സുഗന്ധങ്ങളുമാണ് ഉപയോഗിച്ചിരുന്നത്. അവനെ ഒരു നോക്ക് കാണാന്‍ മദീനയുടെ തെരുവുകളില്‍ പെണ്‍കുട്ടികള്‍ കാത്തിരിക്കാറുണ്ടായിരുന്നു. കുലീനമായ പെരുമാറ്റവും ബുദ്ധിവൈഭവവും കാരണം മക്കകാര്‍ക്കിടയില്‍ നല്ല സ്വാധീനവും കൂടിയാലോചനകളില്‍ പരിഗണനീയമായ സ്ഥാനവും അദ്ദേഹത്തിന് നല്‍കിയിരുന്നു.
ഈയവസരത്തിലാണ് മക്കകാരുടെ അല്‍-അമീനായ മുഹമ്മദിന്(സ) ദിവ്യബോധനം വന്ന കാര്യം മക്കത്താകെ അലയടിച്ചത്. പിതാമഹന്‍മാരുടെ മതത്തെയെല്ലാം തള്ളിക്കളഞ്ഞ് ഒരു പുതിയ മതവുമായാണ് മുഹമ്മദിന്റെ(സ) വരവ്. എല്ലാവരെയും പോലെ മുസ്അബും പുതിയ മതത്തെകുറിച്ച് ജിജ്ഞാസ കുതുകിയായിരുന്നു. മുഹമ്മദ് നബി(സ)യുടെ കൂടെ കൂടുതലും അടിമകളായിരുന്നു. അങ്ങനെ മുഹമ്മദ് നബിയുടെ(സ) കൂടാരമായ സഫ കുന്നിനരികെയുള്ള ദാറുല്‍ അര്‍ഖമിലേക്ക് ചെന്നു.
പ്രവാചകനായ മുഹമ്മദ്(സ) സന്തോഷപൂര്‍വം അദ്ദേഹത്തെ സ്വീകരിച്ചു. ആദ്യകൂടിക്കാഴ്ചയില്‍ തന്നെ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. വീരോചിതമായ ചരിത്രങ്ങള്‍ക്ക് തുടക്കം കുറിച്ച അത് ഒരു ചരിത്രമുഹൂര്‍ത്തം തന്നെയായിരുന്നു. ധീരനും ശുദ്ധനും വാക്ചാതുര്യവുമുള്ള ഖുറൈശികളുടെ ആരാധനാ പാത്രത്തിന്റെ ഇസ്‌ലാമാശ്ലേഷണം. അദ്ദേഹത്തിന്റെ പരമ്പരാഗത സങ്കല്‍പങ്ങളെ തച്ചുടച്ച് പുതിയ മാനവിക വികാസ സങ്കല്‍പങ്ങള്‍ക്കുള്ള അടിത്തറയാണവിടെ പാകിയത്.

തുടര്‍ന്ന് ദാറുല്‍ അര്‍ഖമിലെ സ്ഥിരമുഖങ്ങളിലൊന്നായിരുന്നു അദ്ദേഹം. മുഹമ്മദി നബി(സ) അദ്ദേഹത്തിന് ഖുര്‍ആനും നമസ്‌കാരവുമെല്ലാം പഠിപ്പിച്ചു. ആദ്യമത് രഹസ്യമായിരുന്നെങ്കിലും, പിന്നീട് മുസ്അബിന്റെ പ്രാര്‍ഥന മുഹമ്മദിന്റെ(സ) പ്രാര്‍ഥന പോലെ തന്നെയെന്ന് ഉസ്മാന്‍ ബിന്‍ ത്വല്‍ഹ കണ്ടുപിടിച്ചു.
മരുഭൂമിയിലെ മണല്‍ക്കാറ്റുപോലെ മുസ്അബിന്റെ ഇസ്‌ലാമാശ്ലേഷണ വാര്‍ത്ത മക്കയില്‍ ആഞ്ഞടിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെയും ചെവിയില്‍ വാര്‍ത്തെയത്തി. വളരെ കണിശക്കാരിയായിരുന്ന മാതാവ് ഖുന്നസ് ബിന്‍ത് മാലികിന്റെ മുമ്പിലും അദ്ദേഹം തന്റെ ഇസ്‌ലാം സ്വീകരണം സമ്മതിച്ചു. പൊടുന്നനെ അവരുടെ മുഖത്തെ വാത്സല്യം അപ്രത്യക്ഷമായി തല്‍സ്ഥാനത്ത് ദേഷ്യം പ്രകടമായി. ക്രൂരമായ മര്‍ദനമുറകളാണ് മാതാപിതാക്കള്‍ അദ്ദേഹത്തിനെതിരെ അഴിച്ചുവിട്ടത്. മര്‍ദ്ദനങ്ങള്‍ കൊണ്ട് അദ്ദേഹത്തെ പിന്തിരിപ്പിക്കാനാവില്ലെന്ന് അവര്‍ വൈകാതെ തിരിച്ചറിഞ്ഞു. അവസാനം അദ്ദേഹത്തെ അവര്‍ ഇരുട്ടുമുറിയില്‍ അടച്ചു. കുറെകാലം സ്വന്തം വീട്ടില്‍ തടവുകാരനായി അദ്ദേഹം കഴിഞ്ഞു.
അതിനിടയിലാണ് ആഫ്രിക്കന്‍ രാജ്യമായ അബീസീനിയയിലേക്ക് ഹിജ്‌റ പോകുവാന്‍ പ്രവാചകന്‍ തന്റെ അനുയായികളോട് നിര്‍ദേശിക്കുന്നത്. വിവരം അറിഞ്ഞ മുസ്അബ് തടവറയില്‍ നിന്ന് രക്ഷപെട്ട് സംഘത്തോടൊപ്പം ചെങ്കടല്‍ മുറിച്ച് കടന്ന് ആഫ്രിക്കയിലേക്ക് യാത്രയായി. അബീസീനിയയില്‍ മുസ്അബിനും കൂട്ടുകാര്‍ക്കും സുഖജീവിതമായിരുന്നു, കൂടെ പ്രവാചകനില്ലാത്തത് മാത്രമാണ് അവരെ വിഷമിപ്പിച്ചിരുന്നത്. അങ്ങനെയിരിക്കെ മക്കയിലെ സ്ഥിതിഗതികള്‍ ശാന്തായമായെന്നും ഹിജ്‌റ പോയ മുസ്‌ലിംകള്‍ക്ക് തിരിച്ച് വരാമെന്നുള്ള വാര്‍ത്ത കേട്ട് മുസ്അബും കൂട്ടുകാരും മക്കയിലേക്ക് തിരിച്ചു.
ആദര്‍ശപരമായി ആകെ മാറിയ മുസ്അബായിരുന്നു മക്കയില്‍ തിരിച്ചെത്തിയത്. പരുക്കന്‍ വസ്ത്രങ്ങള്‍, ആഢംബരത്തിന്റെ കണിക പോലുമില്ലത്താത്ത ജീവിത രീതി.. മക്കയിലെത്തിയ അദ്ദേഹം നേരെ പ്രവാചകന്റെ അടുക്കലെത്തി. അദ്ദേഹത്തെ കണ്ട് പ്രവാചകന്‍(സ) പറഞ്ഞു: ‘ഞാന്‍ മുസ്അബിനെ കണ്ടിട്ടുണ്ട്, മാതാപിതാക്കളുടെ വാത്സല്യ നിധിയായി മറ്റൊരു യുവാവും മക്കയിലുണ്ടായിട്ടില്ല. ഇപ്പോള്‍ അല്ലാഹുവിനും അവന്റെ പ്രവാചകനും വേണ്ടി അതെല്ലാം ഉപേക്ഷിച്ചു.’
മുസ്അബ് തിരിച്ചെത്തിയതറിഞ്ഞ മാതാവ് അദ്ദേഹത്തെ കാണാന്‍ ശ്രമിച്ചിരുന്നു. തന്നേക്കാള്‍ മുമ്പ് പ്രവാചകനെ കാണാന്‍ പോയതറിഞ്ഞ അവര്‍ ദുഖത്തോടെ ചോദിച്ചു ‘എന്നേക്കാള്‍ വലുതാണോ നീനക്കീ മുഹമ്മദ്(സ). അതെ, എന്ന് ഉത്തരം നല്‍കിയ മുസ്അബ് അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. എന്നാല്‍ അദ്ദേഹത്തെ ആട്ടിയിറക്കുകയാണ് അവര്‍ ചെയ്തത്.
തദവസരത്തിലാണ് അദ്ദേഹം നബിയില്‍(സ) നിന്ന് കൂടുതല്‍ വിജ്ഞാനം നേടിയത്. പ്രസ്തുത സന്ദര്‍ഭത്തിലാണ്് യഥ്‌രിബുകാര്‍ അവര്‍ക്ക് ദീന്‍ പഠിപ്പിക്കാന്‍ ഒരാളെ അയച്ചു തരാന്‍ നബി(സ)യോട് ആവശ്യപ്പെട്ടത്. ആകെ പതിനഞ്ചില്‍ താഴെ മുസ്‌ലിംകള്‍ മാത്രമായിരുന്നു അന്ന് യഥ്‌രിബില്‍ ഉണ്ടായിരുന്നത്. നബി(സ) തന്റെ അനുയായികളുടെ കൂട്ടത്തില്‍ നിന്നും തന്നോട് മുഖസാദൃശ്യമുള്ളവനും ഖുര്‍ആന്‍ മധുരസ്വരത്തില്‍ പാരായണം ചെയ്യുന്നവനും, ധീരനും, ബുദ്ധിമാനുമായ മുസ്അബിനെയാണ് പ്രവാചകന്‍ തന്റെ ആദ്യത്തെ പ്രബോധകനായി മദീനയിലേക്ക് അയച്ചത്.
അദ്ദേഹത്തിന്റെ ആകര്‍ഷകമായ ഖുര്‍ആന്‍ പാരായണവും സ്വഭാവനൈര്‍മ്മല്യവും യഥ്‌രിബുകാരുടെ ഹൃദയങ്ങളെ കീഴടക്കി. ഗോത്ര ഗോത്രാന്തരവും വീടു വീടാന്തരവും കയറിയിറങ്ങി അദ്ദേഹം യഥ്‌രിബ് മുഴുവന്‍ ഇസ്‌ലാമിന്റെ വെളിച്ചമെത്തിച്ചു. പിണങ്ങിയും അകന്നും നിന്നിരുന്ന ഹൃദയങ്ങളെ ബുദ്ധി സാമര്‍ഥ്യവും വാക്ചാതുര്യവും കൊണ്ട് ഇണക്കിചേര്‍ത്തു. അങ്ങനെ യഥ്‌രിബിനെ മദീനത്തുനബിയായി അദ്ദേഹം പരിവര്‍ത്തിപ്പിച്ചു. ഇസ്‌ലാമിക ലോകത്തെ ആദ്യത്തെ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം സംഘടിപ്പിച്ചത് അദ്ദേഹമായിരുന്നു. അങ്ങനെ അദ്ദേഹം മക്കത്ത് പോയി നബിയെ കണ്ടു തന്റെ ഉദ്യമം വിജയിച്ചതായി അറിയിച്ചു. പതിനഞ്ച് മുസ്‌ലിംകള്‍ മാത്രമുണ്ടായിരുന്ന ആ ഗ്രാമത്തെ മുഴുവനും മുസ്‌ലിംകളാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
ബദ്ര്‍ യുദ്ധത്തില്‍ മുസ്‌ലിംകള്‍ ജയിക്കുകയും ധാരാളം ആളുകളെ തടവുകാരാക്കുകയും ചെയ്തു. അവരുടെ കൂട്ടത്തില്‍ മുസ്അബ് തന്റെ സഹോദരനെ കണ്ട് അവന്റെ അവകാശിയായ അന്‍സാരിയോട് പറഞ്ഞു: ‘ആ തടവുകാരനെ നല്ല ശക്തിയില്‍ ബന്ധിക്കുക, അയാളുടെ മാതാവിന്റെ കയ്യില്‍ ധാരാളം ധനമുണ്ട്. അതുകൊണ്ട് നിങ്ങള്‍ക്ക് ധാരാളം മോചനദ്രവ്യം ലഭിച്ചേക്കാം.’ ഇതുകേട്ട അബു അസീസ് ബിന്‍ ഉമൈര്‍ ഞാന്‍ നിങ്ങളുടെ സഹോദരനല്ലെയെന്ന് ചോദിച്ചു. രക്തബന്ധത്തേക്കാള്‍ എനിക്ക് വലുത് ആദര്‍ശബന്ധമാണെന്ന് മറുപടിയാണതിന് അദ്ദേഹം നല്‍കിയത്. അത്രത്തോളം ശക്തമായിരുന്നു അദ്ദേഹത്തിന്റെ ഈമാന്‍ എന്നാണത് സൂചിപ്പിക്കുന്നത്.
ഉഹ്ദ് യുദ്ധത്തിന് വേണ്ടി സൈനികരെ ഒരുക്കിയപ്പോള്‍ ആരെ കൊടി ഏല്‍പ്പിക്കണമെന്ന് നബി(സ)ക്ക് സംശയമുണ്ടായില്ല. അത് മുസ്അബിനെ തന്നെ ഏല്‍പ്പിച്ചു. ഉഹ്ദ് യുദ്ധത്തിന്റെ തുടക്കത്തില്‍ മുസ്‌ലിംകള്‍ക്ക് നേരിട്ട പതര്‍ച്ചയില്‍ പലരും ചിതറിയോടിയപ്പോഴും അദ്ദേഹം യുദ്ധക്കളത്തില്‍ ഉറച്ച് നിന്ന് പോരടിച്ചു. കൊടി പിടിച്ചിരുന്ന വലത് കൈ ശത്രുക്കള്‍ വെട്ടിമാറ്റിയപ്പോള്‍ അത് ഇടത് കയ്യിലേക്കും അതും വെട്ടിമാറ്റിയപ്പോള്‍ ഇരുകൈകളുടെയും അവശേഷിച്ച ഭാഗം കൊണ്ട് കൊടി പിടിച്ചു. അടുത്തവെട്ടിന് ആ ധീരനായകന്‍ മണ്ണിലേക്ക് മടങ്ങി. യുദ്ധത്തിന് ശേഷം പ്രവാചകന്‍(സ) ഓരോ ശഹീദുകളുടെയും അടുത്തുകൂടെ നടക്കുകയായിരുന്നു. പ്രവാചക പിതൃവ്യന്‍ ഹംസ(റ)ന്റെ മൃതദേഹം കണ്ട ശേഷം മുസ്അബിന്റെ അടുത്തെത്തിയപ്പോള്‍ അദ്ദേഹം പൊട്ടികരഞ്ഞുപോയി. കാരണം ആ ശരീരം മറക്കാന്‍ ആകെ ഒരു വസ്ത്രം മാത്രമേ ഉണ്ടായിരുന്നുള്ളു. തലമറച്ചാല്‍ കാല്‍ മറയില്ല, കാല്‍ മറച്ചാല്‍ തല മറയില്ല. അവസാനം കാലിന്റെ ഭാഗം പുല്ലുപയോഗിച്ച് മറക്കാന്‍ ആവശ്യപ്പെട്ടു. എന്നിട്ട് പറഞ്ഞു: ‘മുസ്അബിനെക്കാള്‍ സുന്ദരനായി മക്കയുടെ തെരുവില്‍ ഞാന്‍ ആരെയും കണ്ടിട്ടില്ല, അദ്ദേഹം തന്റെ റബ്ബിനോട് ചെയ്ത വാഗ്ദാനം പാലിക്കുകയും ചെയ്തു.’ ഇസ്‌ലാമിക ചരിത്രത്തില്‍ എന്നെന്നും ശോഭിക്കുന്ന ചിത്രമാണ് മുസ്അബ്. ആദര്‍ശത്തിന് വേണ്ടി സമ്പത്തും ബന്ധുക്കളെയും ത്യജിച്ച ആ ധീരരക്തസാക്ഷി ചരിത്രത്താളുകളില്‍ എന്നും വിളങ്ങി നില്‍ക്കും.
 

Related Articles