Current Date

Search
Close this search box.
Search
Close this search box.

ഉക്കാശ നല്‍കുന്ന പാഠം

fish.jpg

ശ്രേഷ്ഠതയുള്ളവര്‍ക്ക് അവരുടെ ശ്രേഷ്ഠതയും പരിഗണനയര്‍ഹിക്കുന്നവര്‍ക്ക് അവരര്‍ഹിക്കുന്ന പരിഗണനയും ഇസ്‌ലാം നല്‍കുന്നുണ്ട്. ഓരോരുത്തര്‍ക്കും അര്‍ഹമായ സ്ഥാനവും പദവിയും ഇസ്‌ലാമിലുണ്ട്. മനുഷ്യര്‍ക്കിടയില്‍ ശ്രേഷ്ഠതയില്‍ ഏറ്റവ്യത്യാസം ഇസ്‌ലാം അംഗീകരിക്കുന്നുണ്ട്. അതുപോലെ സ്വന്തം പരിശ്രമങ്ങളും പ്രവര്‍ത്തനങ്ങളും കൊണ്ട് ഇസ്‌ലാമില്‍ അര്‍ഹമായ സ്ഥാനം നേടിയെടുക്കാനും ഓരോരുത്തര്‍ക്കും അവസരമുണ്ട്. അതുകൊണ്ടുതന്നെ നന്മയിലേക്ക് മത്സരിച്ച് മുന്നേറിയവന് ഇസ്‌ലാമില്‍ വലിയ സ്ഥാനമുണ്ട്. പുര്‍ച്ചെ നേരത്തെ എഴുന്നേല്‍ക്കുന്നവനും സൂര്യന്‍ ഉയരുന്നത് വരെ ഉറങ്ങുന്നവനും ഒരുപോലെയാകുമോ!

ഇവരില്‍ രണ്ടുപേരും പകല്‍സമയത്ത് നന്മകള്‍ ചെയ്‌തെന്ന് വരും. രണ്ടുപേര്‍ക്കും പ്രതിഫലവും കൂലിയും ലഭിച്ചെന്നും വരും. എന്നാലും രണ്ടുപേര്‍ക്കുമിടയില്‍ വ്യക്തമായ അന്തരമുണ്ടായിരിക്കും. അല്ലാഹു സൂറത്തുല്‍ ഹദീദില്‍ ഇത് വ്യക്തമാക്കുന്നുണ്ട്: ‘നിങ്ങളില്‍ മക്കാ വിജയത്തിനു മുമ്പെ ചെലവഴിക്കുകയും സമരം നടത്തുകയും ചെയ്തവരാരോ, അവര്‍ക്ക് അതിനു ശേഷം ചെലവഴിക്കുകയും സമരം നടത്തുകയും ചെയ്തവരെക്കാളേറെ മഹത്തായ പദവിയുണ്ട്. എല്ലാവര്‍ക്കും ഏറ്റവും ഉത്തമമായ പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു.’ (57:10)

പ്രവാചകന്‍ തന്റെ വചനങ്ങളിലൂടെയും ഈ തത്വം പറഞ്ഞു തന്നിട്ടുണ്ട്. മുസ്‌ലിം അബൂഹുറൈറയില്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ പറയുന്നു: പ്രവാചകന്‍ പറഞ്ഞു: ‘എന്റെ സമൂഹത്തിലെ എഴുപതിനായിരം ആളുകള്‍ വിചാരണ കൂടാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കും.’ അപ്പോള്‍ ഒരാള്‍ പറഞ്ഞു: എന്നെ അവരില്‍ ഉള്‍പെടുത്താന്‍ പ്രാര്‍ഥിച്ചാലും. അപ്പോള്‍ പ്രവാചകന്‍ അപ്രകാരം പ്രാര്‍ഥിച്ചു. ഉടനെ മറ്റൊരാള്‍ പറഞ്ഞു: പ്രവാചകരെ! എന്നെയും അവരില്‍ ഉള്‍പെടുത്താന്‍ പ്രാര്‍ഥിച്ചാലും. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ‘അതില്‍ ഉക്കാശ നിന്നെ മറികടന്നിരിക്കുന്നു.’

ആഴത്തില്‍ ചിന്തിക്കുകയാണെങ്കില്‍ മഹത്തായ ചില പാഠങ്ങള്‍ ഈ ഹദീസ് ഉള്‍കൊള്ളുന്നുണ്ടെന്ന് നമുക്ക് മനസ്സിലാക്കാനാകും. അവയില്‍ പ്രധാനപ്പെട്ടവയാണ് താഴെ:

1) നന്മയിലേക്കും അതിലേക്കുള്ള വഴികളിലേക്കും ധൃതിയില്‍ വേഗത്തില്‍ മുന്നേറാന്‍ ശ്രമിക്കല്‍ അനിവാര്യമാണ്. ഇക്കാര്യത്തില്‍ അവധാനത കാണിക്കുന്നത് നന്മകള്‍ നഷ്ടപ്പെടാന്‍ കാരണമാകും. ഉദ്ദേശിച്ചത് നഷ്ടപ്പെടും, ലക്ഷ്യം നേടാന്‍ താമസിക്കും, അവസരങ്ങളെല്ലാം പാഴാകും.

2) കഠിനാദ്ധ്വാനം ചെയ്യുന്നവനും നന്മയില്‍ മുന്നേറുന്നവനും അവരര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കണം. അപ്രകാരം സമൂഹത്തിലും അതിന്റെ യുവതയിലും നന്മയില്‍ മത്സരിക്കുകയെന്ന സംസ്‌കാരം വളര്‍ന്ന് വരണം. അല്ലാഹു കാരുണ്യവാനും പൊറുക്കുന്നവനുമാണെന്ന പ്രതീക്ഷയില്‍ മടിയുടെ അടിമകളായി കാലം കഴിക്കാന്‍ സമൂഹത്തെ അനുവദിക്കരുത്. പ്രവാചകന്‍ സ്വര്‍ഗംകൊണ്ട് സന്തോഷവര്‍ത്ത അറിയിച്ചിരിക്കുന്നത് വെറുതെ ഇരിക്കുന്നവരെയല്ല. വിചാരണകൂടാതെ സ്വര്‍ഗത്തിലെത്തണമെങ്കിലും അവര്‍ കഠിന പരിശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്.

3) അര്‍ഹതയനുസരിച്ച് ജനങ്ങളില്‍ ചിലര്‍ക്ക് ചിലരെകാള്‍ മുന്‍ഗണന നല്‍കാനും പരിഗണന നല്‍കാനും നേതാവിന് അവകാശമുണ്ട്. ഇഹത്തിലോ പരത്തിലോ വല്ല ഗുണവും ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട് എങ്കില്‍ അവരില്‍ ഒരാളെ പ്രത്യേകം അനുമോദിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നതില്‍ പ്രശ്‌നമില്ല.

4) അവസരങ്ങളും സാഹചര്യങ്ങളും പരമാവധി ഉപയോഗപ്പെടുത്താന്‍ തക്കംപാര്‍ത്തിരിക്കണം. ഉക്കാശ പ്രവാചകന്റെ വാഗ്ദാനം ഉടനെ ഉപയോഗപ്പെടുത്തി പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടല്ലോ. അതുപോലെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം.

5) പ്രവര്‍ത്തനത്തിന് ശേഷമാണ് പ്രതിഫലമുണ്ടാകുക. ഉക്കാശക്ക് ലഭിച്ച പ്രതിഫലം പെട്ടെന്ന് ലഭിച്ച കാര്യമല്ല. മറിച്ച് തന്റെ പ്രവര്‍ത്തനങ്ങള്‍കൊണ്ടും ആരാധനകള്‍കൊണ്ടും ഈ സന്തോഷവാര്‍ത്തക്ക് അര്‍ഹനായിരുന്നു അദ്ദേഹം. അല്ലാഹു അദ്ദേഹത്തെ തന്റെ സന്തോഷവാര്‍ത്ത പ്രവാചകന്‍ വഴി അറിയിച്ചു എന്ന് മാത്രം.

6) മറുപടിപറയുന്നതിലും ഉത്തരംങ്ങള്‍ നല്‍കുന്നതിലും പ്രവാചകന്റെ നിര്‍മലവും സുന്ദരവുമായ ശൈലിയും ഈ ഹദീസില്‍ വ്യക്തമാകുന്നുണ്ട്. സ്വര്‍ഗത്തിന് അര്‍ഹനായ ഉക്കാശ അതിന് വേണ്ടി പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രവാചകന്‍ അത് ചെയ്തു. എന്നാല്‍ അത്രതന്നെ യോഗ്യനല്ലാത്ത അടുത്ത സഹോദരന്‍ ചോദിച്ചപ്പോള്‍ നീ അതിന് അര്‍ഹനല്ല എന്ന് പറയുന്നതിന് പകരം ഉക്കാശ അതില്‍ ഉള്‍പെട്ടതോടെ അവസരം നഷ്ടപ്പെട്ടു എന്ന് മാത്രമാണ് പ്രവാചകന്‍ പറഞ്ഞത്.

7) വ്യതിരിക്തമായി ഉയര്‍ന്ന് നില്‍ക്കുന്ന വ്യക്തികളെ പെതുജനത്തിന് മുമ്പില്‍ പ്രശംസിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും നല്ലതാണ്. മറ്റുള്ളവര്‍ക്ക് പ്രോത്സാഹനവും മാതൃകയുമാകാന്‍ സാധ്യതയുള്ള സന്ദര്‍ഭമാണെങ്കില്‍ ഇത് ഏറ്റവും ഉത്തമവും.

വിവ: ജുമൈല്‍ കൊടിഞ്ഞി

 

Related Articles