Your Voice

സൈറ വസീം ഒരു കാരണമാണ്, കാരണം മാത്രം

‘ഈ ജനം അല്ലാഹുവിന്, അവന്‍ തന്നെ സൃഷ്ടിച്ച വിളകളില്‍ നിന്നും കാലികളില്‍ നിന്നും ഒരു വിഹിതം നിശ്ചയിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട്, ഇത് അല്ലാഹുവിനുള്ളതാകുന്നു എന്നും, ഇത് തങ്ങള്‍ പങ്കാളികളാക്കിയ ദൈവങ്ങള്‍ക്കുള്ളതാകുന്നു എന്നും ജല്‍പിക്കുകയും ചെയ്യുന്നു. എന്നാല്‍, അവരുടെ പങ്കാളികള്‍ക്കുള്ളതൊന്നും അല്ലാഹുവിലേക്ക് ചേരുന്നില്ല. പക്ഷേ, അല്ലാഹുവിനുള്ളതോ പങ്കാളികളിലേക്കു ചേരുന്നു. ഇക്കൂട്ടരുടെ തീരുമാനം എന്തുമാത്രം നികൃഷ്ടമായിരിക്കുന്നു’ സത്യനിഷേധികളുടെ അവസ്ഥ എക്കാലത്തും ഒന്ന് തന്നെയാണ്. ഒരാള്‍ ഇസ്ലാമായി ജീവിക്കാന്‍ തീരുമാനിച്ചാല്‍ അവര്‍ക്കു കുരുപൊട്ടും. ഒരാള്‍ ഇസ്‌ലാം ഉപേക്ഷിച്ചാല്‍ അവരുടെ ശക്തി ഉണരും. ഒരാളുടെ പ്രേരണ കൊണ്ടല്ല സൈറ വസീമിന് സിനിമ രംഗം വിടാന്‍ തോന്നിയത് എന്ന് അവര്‍ തന്നെ പറയുന്നു. സിനിമ രംഗത്തു നിന്നതു കൊണ്ട് പലതും നേടിയെങ്കിലും സമാധാനവും വിശ്വാസവും നഷ്ടമാകുന്നു എന്നാണ് അവര്‍ കാരണമായി പറഞ്ഞത്.

ഈമാന്‍ കുറയുന്നു എന്നത് അവരുടെ തന്നെ പ്രയോഗമാണ്. ഒരാള്‍ എങ്ങിനെ ജീവിക്കണം എന്ന് പറയാനുള്ള അവകാശം അയാള്‍ക്ക് മാത്രമാണ്. അയാളുടെ ജീവിതം സമൂഹത്തിനു തടസ്സമാകാന്‍ പാടില്ല എന്ന് മാത്രം. അപ്പോള്‍ അതൊരു സാമൂഹിക വിഷയമാകും. സിനിമ രംഗം ശരിയോ തെറ്റോ എന്നത് മറ്റൊരു കാര്യം. സിനിമ എന്ന മാധ്യമത്തെ ശരിക്കു വേണ്ടി ഉപയോഗിക്കാം എന്നതില്‍ നമുക്ക് തര്‍ക്കമില്ല. പക്ഷെ ഇന്ന് സിനിമ മറ്റൊരു വഴിക്കാണ് നീങ്ങുന്നത്. അതിലൂടെ നീങ്ങുമ്പോള്‍ തന്റെ വിശ്വാസം നഷ്ടമാകുന്നു എന്ന കണ്ടത്തലില്‍ സ്വയം ഒരാള്‍ പിന്മാറാന്‍ തീരുമാനിച്ചാല്‍ അത് അയാളുടെ വിഷയമായി വിടണം. പക്ഷെ ഒരു ഭാഗത്ത് ഇസ്‌ലാമായതു കൊണ്ട് തന്നെ പലരുടെയും കലിപ്പ് അടങ്ങുന്നില്ല. ഇസ്ലാമില്‍ നിന്നും സ്വയം പുറത്തു പോകുന്നതായി പലരും മുഖ പുസ്തകത്തില്‍ പ്രഖ്യാപിക്കുന്നു. അതവരുടെ സ്വാതന്ത്ര്യം എന്നെ നാം കാണുന്നുള്ളൂ. ജനാധിപത്യ രീതിയില്‍ വ്യക്തിയുടെ സ്വാതന്ത്ര്യം കൃത്യമായി രേഖപ്പെടുത്തിയതാണ്. എന്ത് വിശ്വസിക്കണം,കഴിക്കണം എന്നത് ഭരണഘടന വ്യക്തിക്ക് നല്‍കുന്ന സ്വാതന്ത്ര്യമാണ്. അത് അംഗീകരിച്ചു കൊടുക്കലാണ് നല്ല രീതി.

ആധുനിക കാലത്തും ഇസ്ലാം പ്രമുഖ വ്യക്തിത്വങ്ങളെ സ്വാധീനിക്കുന്നു എന്നതാണ് പലരെയും വിഷമിപ്പിക്കുന്നത്. ആറാം നൂറ്റാണ്ടിലെ മതം ഇന്നും മനുഷ്യരെ സ്വാധീനിക്കുന്നു. അത് കേവലം ആരാധന രംഗത്തുള്ള സ്വാധീനമല്ല പകരം അവരുടെ ജീവിതത്തെ മൊത്തമായി തന്നെ സ്വാധീനിക്കുന്നു. എന്ത് കൊണ്ട് ഇസ്ലാം എന്നതിന്റെ ഉത്തരം ഇസ്ലാം ആര്‍ക്കും സ്വീകരിക്കാന്‍ മാത്രം എളുപ്പമാണ് എന്നതാണ്. ദൈവവിശ്വാസം കൊണ്ട് മനുഷ്യന്റെ പേരില്‍ ഒരു ബുദ്ധിമുട്ടും വന്നുചേരില്ല. മതത്തില്‍ വളവും തിരുവുമില്ല എന്നത് തന്നെയാണ് മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ കാണാന്‍ കഴിയുക. അവിടെ മനുഷ്യനും ദൈവവും തമ്മില്‍ നേരിട്ടുള്ള കാര്യമാണ്. അതിനിടയില്‍ ഒരു കൈകാര്യ കര്‍ത്താവിനെയും ഇസ്ലാം അനുവദിക്കുന്നില്ല. സമ്പത്ത് മതങ്ങളുടെ കാര്യത്തില്‍ ഒരു ചൂഷണ ഉപാധിയാണ്. അവിടെയും ഇസ്ലാം സമ്പത്ത് നല്‍കാന്‍ പറയുന്നത് പുരോഹിതനോ പണ്ഡിതനോ അല്ല. ദൈവിക സൃഷ്ടികളില്‍ തന്നെക്കാള്‍ പ്രയാസം അനുഭവിക്കുന്നവരെയാണ് അത് സഹായിക്കാന്‍ ആവശ്യപ്പെടുന്നത്. അബ്കാരിയും പലിശക്കാരനും ചൂതാട്ടക്കാരനും അഴിമതിക്കാരനും ദൈവത്തെ ആരാധിക്കണം എന്നതിനേക്കാള്‍ പ്രസക്തമാണ് അവര്‍ തിന്മകളില്‍ നിന്നും മാറി നില്‍ക്കണം എന്നത്. അപ്പോള്‍ മനസ്സും ശരീരവും ശുദ്ധിയാക്കലാണ് വിശ്വാസം. അതില്ലെങ്കില്‍ പിന്നെയെല്ലാം മായ എന്നെ പറയേണ്ടൂ.

അത് കൊണ്ട് തന്നെയാകും നടിക്കും ഒരു ആലോചന വന്നത്. നടിയുടെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പല പ്രമുഖരും രംഗത്തു വന്നിട്ടുണ്ട്. ബോളിവുഡ് തന്നെ വാര്‍ത്ത കേട്ട് ഞെട്ടി എന്ന് വേണം മനസ്സിലാക്കാന്‍. പണവും പ്രശസ്തിയും വേണ്ടുവോളം ഉണ്ടായിട്ടും വിശ്വാസമില്ലാത്ത അവസ്ഥ ഒരാളെ ദു:ഖിപ്പിക്കുന്നു എന്ന് വന്നാല്‍ അത് തന്നെയാണ് ഈമാനിന്റെ ഒന്നാമത്തെ അടിത്തറ. സൈറാ വസീം ഇക്കാര്യത്തില്‍ കപട പണ്ഡിതന്മാരെക്കാള്‍ മുന്നിലാണ് എന്നാണ് ഒരു പ്രതികരണം വന്നത്. പതിനെട്ട് വയസ്സ് എന്നത് ജീവിതം തുടങ്ങുന്ന കാലമാണ്. താന്‍ എന്തിനു ജീവിക്കുന്നു എന്ന ചോദ്യം തന്നെ നിരന്തരം അലട്ടുന്നതായി അവര്‍ തന്നെ പറയുന്നു. ഒരു വേള തന്റെ പ്രശസ്തിയും പ്രൗഢിയും ദൈവത്തിനു മുന്നില്‍ തീര്‍ത്തും നിസാരമാണ് എന്ന തിരിച്ചറിവിനെ കുറിച്ചും അവര്‍ പറയുന്നു. വിശ്വാസിയായി ജീവിക്കാന്‍ താനിപ്പോള്‍ പോകുന്ന വഴി തടസ്സമാണ് എന്നവര്‍ തീരുമാനിച്ചു മാറിനിന്നാല്‍ അതിനെ അംഗീകരിക്കാനുള്ള വിശാലത നിഷേദികള്‍ക്കു നഷ്ടമാകുന്നു.

ഒരിക്കല്‍ ഇസ്ലാം ചര്‍ച്ചയായത് ഇസ്ലാമിന്റെ പേരില്‍ പൊട്ടിത്തെറിച്ചിരുന്ന ബോംബുകളുടെ പേരിലായിരുന്നു. ഇസ്ലാമും ഭീകരതയും ചേര്‍ത്തുവെച്ചു വിളമ്പുമ്പോഴും ആളുകള്‍ ഇസ്ലാമിനെ തേടി വരുന്നു വരുന്നു എന്നത് ‘കാഫിറുകളെയും കപടന്മാരെയും’ കൂടുതല്‍ വിളറി പിടിപ്പിക്കുന്നു. ഖുര്‍ആന്‍ ഇത്തരക്കാരോട് പറഞ്ഞത് തന്നെയാണ് നമുക്കും പറയാനുള്ളത് ‘നിങ്ങളുടെ ദേഷ്യത്തില്‍ സ്വയം നീറി മരിച്ചുകൊള്ളുക. ഹൃദയങ്ങളില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങളൊക്കെ അല്ലാഹു സുവ്യക്തമായി അറിയുന്നുണ്ട്. നിങ്ങള്‍ക്കൊരു നന്മ ഭവിച്ചാല്‍ അവര്‍ക്ക് ഖേദം തോന്നുന്നു. നിങ്ങള്‍ക്കൊരു ദോഷം പിണഞ്ഞാലോ, സന്തോഷിക്കുകയും ചെയ്യുന്നു. പക്ഷേ, നിങ്ങള്‍ ക്ഷമയോടെ, ദൈവഭക്തിയോടെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവരുടെ കുതന്ത്രങ്ങളൊന്നും ഏശുന്നതല്ല. അവര്‍ പ്രവര്‍ത്തിക്കുന്നതിനെയെല്ലാം അല്ലാഹു വലയം ചെയ്തിരിക്കുന്നു’.

പണ്ട് അവിശ്വാസികള്‍ കൃഷിയിടത്തില്‍ ഒരു ഓഹരി തങ്ങള്‍ക്കും മറ്റൊരു ഓഹരി തങ്ങളുടെ ദൈവങ്ങള്‍ക്കും വേണ്ടി കൃഷി ചെയ്യും. തങ്ങളുടെ ഓഹരിയില്‍ നിന്നും ദൈവത്തിന്റെ ഓഹരിയിലേക്ക് വല്ലതും ചേര്‍ന്നാല്‍ അവര്‍ തിരിച്ചെടുക്കാന്‍ വ്യഗ്രത കാണിക്കും. തിരിച്ചായാല്‍ അതവര്‍ കാണാത്ത പോലെ ഭാവിക്കും. കാലം മാറിയാലും ദൈവത്തിനും സ്വന്തത്തിനും പഴയകാല അവിശ്വാസികള്‍ നല്‍കിയ നിലപാട് തന്നെ ഇന്നത്തെ അവിശ്വാസികളും പുലര്‍ത്തുന്നു. എല്ലാ കാലത്തെയും ‘കുഫ്ര്‍’ ഒന്നാണ്. എല്ലാ കാലത്തെയും ‘ഈമാന്‍’ ഒന്നായതു പോലെ.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker