Current Date

Search
Close this search box.
Search
Close this search box.

ആരാധനകൾ ഒരു ജീവന കല

ഓരോന്നിനും പ്രത്യകം സമയവും ചിന്തയും ആസൂത്രണവും ആവശ്യമുള്ള പ്രക്രിയയാണ് സൃഷ്ടി. ഒരു കവി തന്റെ ഓരോ കവിതയും രചിക്കുന്നതിനു പ്രത്യകം സമയവും മറ്റു അദ്ധ്വാനങ്ങളും ചെലവഴിക്കുന്നുണ്ട്. ഒരു കവിയുടെ ഏതെങ്കിലും ഒരു കവിത നൂറു കോപ്പി എടുത്താൽ അത് ഒരു കവിതയുടെ നൂറു കോപ്പി മാത്രമേ ആവൂ. നൂറു കവിതയാവില്ല. കോപ്പിയെടുക്കുന്നവനെ അതിന്റെ പേരിൽ കവിയെന്നും വിളിക്കാൻ പറ്റില്ല.

ഓരോ മനുഷ്യനും ദൈവത്തിന്റെ പ്രത്യകം പ്രത്യകം സൃഷ്ടികളാണ്. അഥവാ, ഓരോ മനുഷ്യനെയും പ്രത്യകം സമയവും ആസൂത്രണവും ചെലവഴിച്ചാണ് ദൈവം സൃഷ്ടിച്ചിട്ടുള്ളത്. ഓരോ മനുഷ്യനും പ്രത്യകം ആദരവ് അർഹിക്കുന്നുവെന്നു പറയുന്നത് അത് കൊണ്ടാണ്.

കുഞ്ഞുങ്ങളായിട്ടാണ് മനുഷ്യൻ പിറന്നു വീഴുന്നത്. ദൈവത്തിന്റെ സൃഷ്ടിയിൽ കലർപ്പു പുലരുന്നതിന്റെ മുമ്പുള്ള രൂപമാണ് മനുഷ്യന്റെ കുഞ്ഞു പ്രായം. കാഴ്ച്ചയിൽ തന്നെ എല്ലാവരും ഇഷ്ടപെടുന്ന കാലം. കാലക്രമേണ സാഹചര്യത്തിന്റെ സ്വാധീനത്തിൽ പെട്ട് മനുഷ്യൻ മലിനപ്പെടുന്നു. അതോടെ, കാണുന്ന മാത്രയിൽ തന്നെ മറ്റുള്ളവരുടെ ഇഷ്ടം കവരാനുള്ള മനുഷ്യന്റെ സവിശേഷത ഇല്ലാതാവുന്നു. മനുഷ്യന്റെ ഈ കുറവ് നികത്തുകയെന്ന കർമ്മമാണ്‌ ദൈവത്തിന്റെ റബ്ബ് എന്നാ ഗുണവിശേഷം. റബ് അഥവാ പരിപാലകനാണ് ദൈവം. പൂന്തോട്ടത്തിന്റെ നോട്ടക്കാരൻ നിർവഹിക്കുന്ന അതെ കർത്തവ്യം മനുഷ്യന്റെ കാര്യത്തിൽ ദൈവം നിർവഹിക്കുന്നു. പൂന്തോട്ടത്തെ കാഴ്ച്ചയിൽ ആകർഷണീയമാക്കി നിർത്തുക എന്ന ജോലിയാണ് നോട്ടക്കാരന്. മനുഷ്യന്റെ കാര്യത്തിൽ ദൈവം അക്കാര്യം ഏറ്റടുത്തിട്ടുണ്ട്. തദാവശ്യാർത്ഥം ദൈവം മനുഷ്യന് വേണ്ടി അവതരിപ്പിച്ച പദ്ധതിയാണ് ഇസ്ലാം. ഇബാദത്തുകളുടെ ചിട്ടയായ നിർവഹണത്തിലൂടെ മനുഷ്യന് അവന്റെ കുട്ടിത്തം നില നിർത്താൻ പറ്റും. നിഷ്കളങ്കത, നിർഭയത്വം, സ്വഭാവത്തിലെ നൈർമല്യം, വിശാല മനസ്കത, ഒടുങ്ങാത്ത ഔൽസുക്യം, ജിഞാസ, അനേഷണ പരത, സ്നേഹം തുടങ്ങിയ ഗുണ വിശേഷങ്ങൾ നിലനിർത്താൻ ഇബാദത്തുകളുടെ ചിട്ടയായ നിർവഹണം അവനെ സഹായിക്കും. ഇബാദത്തുകൾ ജീവിതത്തിൽ പാലിക്കുകയെന്നാൽ മനുഷ്യൻ ദൈവത്തെ അവന്റെ ഇലാഹായി അംഗീകരിക്കലാണ്.

Also read: നോമ്പിന്റെ കർമശാസ്ത്രം: നോമ്പ് മുറിയുന്ന കാര്യങ്ങൾ

നമസ്‍കാരം, നോമ്പ്, സകാത്, ഹജ്ജ് തുടങ്ങി ഐച്ഛികവും അല്ലാത്തതുമായി അനേകം ഇബാദത്തുകൾ അഥവാ ആരാധന കർമങ്ങൾ ഉണ്ട്. മനുഷ്യന്റെ കുട്ടിത്തം നില നിർത്താനുള്ള ഒരു പാക്കേജ് എന്ന് അവയെ വിളിക്കാം. ഇബാദതകളാവുന്ന പരിശീനല മുറകൾ ആചരിക്കാത്ത പക്ഷം പ്രായപൂർത്തിയാവുന്നതോടെ കുട്ടികളെ പോലെ മറ്റുള്ളവരെ ആകർഷിക്കാനുള്ള കഴിവ് മനുഷ്യന് നഷ്ടപ്പെടും. താന്തോന്നിയും മനുഷ്യത്വം നഷ്ടപെട്ടവനും ആയി അവൻ അധഃപതിക്കും. സ്വഭാവ ശൂന്യനായി മാറും. മനുഷ്യന്റെ ഈ അവസ്ഥയെ പറ്റിയാണ് 95 ആം അധ്യായത്തിൽ ഖുർആൻ പറയുന്നത്. “മര്‍ത്ത്യനെ നാം വിശിഷ്ടമായ ഘടനയിലാണു സൃഷ്ടിച്ചത്. വിശ്വസിക്കുകയും സൽകർമ്മം അനുഷ്ഠിക്കുകയും ചെയ്യാത്തപക്ഷം അവൻ പക്ഷെ നീചനായി മാറുന്നു”.

ഇബാദത്തുകൾ ശരിയായ മുറക്ക് അനുഷ്ഠിക്കുന്നവർ അത്യാകർഷണ ശേഷിയുള്ളവരായി വളരും. അവരുടെ സ്വഭാവം മറ്റുള്ളവർക്ക് മറക്കാനാവാത്ത അനുഭവമായി മാറും. മനുഷ്യത്വത്തെ പറ്റി നിരാശരായി കഴിയുന്നവരിൽ അത് പ്രതീക്ഷ ഉളവാക്കും. ഉത്തമ ഗുണ വിശേഷങ്ങളുടെ മായാത്ത മാതൃകകളായി അവർ പരിവർത്തിക്കപെടും. കൂടെ കഴിയുന്നവർക്ക് അവരുടെ ജീവിതം മധുരമായി അനുഭവപ്പെടും. ക്രമേണ ചരിത്രം അവരുടെ ജീവിത കഥകൾ ഏറ്റടുക്കും. കഥകളും കവിതകളും തുടങ്ങി വ്യത്യസ്ത കലാ രൂപങ്ങളിലായി അവ സൂക്ഷിക്കപെടും.

Also read: കണക്ക് പറയാതെ കൺഫ്യൂഷനാക്കിയത് എന്തിന്?

ഇത്രയും നല്ല ഒരു ജീവന കല പ്രദാനം ചെയ്ത് കിട്ടിയതിലുള്ള സന്തോഷമാണ് നോമ്പ്. ഫലപ്രദമായ ഒരു ജീവന കല ലഭിച്ചതിലുള്ള സന്തോഷം. “അല്ലയോ മനുഷ്യരേ, നിങ്ങള്‍ക്കു റബ്ബിങ്കല്‍നിന്നുളള ഉപദേശം ലഭിച്ചുകഴിഞ്ഞു. അത് മനസ്സിലുളള രോഗങ്ങള്‍ക്ക് ശമനമാണ്. അത് സ്വീകരിക്കുന്നവര്‍ക്ക്, സന്മാര്‍ഗദര്‍ശകവും അനുഗ്രഹവുമാകുന്നു. പ്രവാചകരെ പറയുക: ‘അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും കൊണ്ടാണ് അവന്‍ ഇതയച്ചുതന്നത്. ഇതിനെച്ചൊല്ലി ജനം സന്തോഷിക്കേണ്ടതാകുന്നു. അത് ജനം ശേഖരിച്ചുകൊണ്ടിരിക്കുന്ന സകല വിഭവങ്ങളെക്കാളും ഉല്‍കൃഷ്ടമായതാകുന്നു” ٍഎന്ന് ഖുർആനിലെ സൂറ യൂനുസ് 57 – 60 സൂക്തങ്ങൾ പ്രസ്താവിക്കുന്നതും മറ്റൊന്നുമല്ല.

Related Articles