Your Voice

ദുരിതാശ്വാസം ഇടക്കാലാശ്വാസമാവരുത്

തലവാചകം വായിച്ച് ഏതാനും വർഷമായ് നടക്കുന്ന ഫണ്ടു തട്ടിപ്പുകളിലേക്ക് വായനക്കാരൻ പോയെങ്കിൽ അതിന്റെ കുഴപ്പം ദുരിതങ്ങളെ ആഘോഷങ്ങളാക്കുന്ന ദുരിതാശ്വാസ പ്രവർത്തകരാണ്. മാനവ സേവ ദേവ സേവയാണെന്നും സൃഷ്ടികളെല്ലാം ദൈവത്തിന്റെ കുടുംബാംഗങ്ങളാണെന്നെല്ലാമുള്ള തത്വങ്ങളംഗീകരിച്ച് പണിയെടുക്കുന്ന എത്രയോ നിഷ്കാമകർമികൾ ഫീൽഡിലുണ്ടെന്ന് മറക്കാവതല്ല; വലതുകൈ കൊടുത്തത് ഇടത് കൈയ്യറിയാതെ രഹസ്യമാക്കി ചെയ്യുന്ന നന്മ മരങ്ങൾ . പക്ഷേ അപ്പോഴത്തെ ആവശ്യം തല്ക്കാലം പൂർത്തീകരിക്കുന്ന ആതുര-ഭോജന-യോജനകളായി പ്രസ്തുത റിലീഫുകൾ മാറുകയും രക്ഷപ്പെടുത്തപ്പെടുന്നവർ എല്ലാ ആണ്ടിനും രക്ഷപ്പെടുത്തപ്പെടുന്നവരും സന്നദ്ധ സേവകർ റിലീഫിന്റെ എക്കാലത്തേയും ബ്രാന്റ് അംബാസിഡർമാരുമാവുന്ന ദാരുണമായ അവസ്ഥ വർഷങ്ങളായി നാം കാണുന്നതാണ്.

ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താൻ ശ്രമിക്കുന്ന സർക്കാറുകൾ പോലും താമസ സുരക്ഷ, ജീവ സുരക്ഷ എന്നിവക്കും ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തുന്നില്ലെങ്കിൽ, സമാന്തരമായ ജനകീയ റിലീഫ് കൂട്ടായ്മകൾക്ക് അതിനുള്ള അനുമതി കൊടുക്കുകയും സുതാര്യവും സൂക്ഷ്മവുമായ വിഭവ ശേഖരണ ശ്രമങ്ങൾക്കുള്ള ഒത്താശയും ചെയ്തു കൊടുത്തില്ലെങ്കിൽ, തുടക്കത്തിൽ സൂചിപ്പിച്ചത് പോലെയുള്ള തൽക്കാലാശ്വാസ സ്രോതസ്സുകളായി ഇത്തരം ദുരിതാശ്വാസങ്ങൾ മാറും;സർക്കാറും എൻജിഓകളും നോക്കുകുത്തികളാവുകയും മാനവികതയുടെ കുലംകുത്തികൾ പിടുത്തം കൊടുക്കാതെ മാറി മാറി കൈയ്യിട്ട് വാരുന്ന ചക്കരക്കുടങ്ങളായി ഫണ്ട് സ്വരൂപണങ്ങൾ പരിവർത്തിക്കപ്പെടുകയുമാവും ഫലം .

ഉത്തരവാദിത്വ ബാഹുല്യങ്ങൾക്കിടയിലും വൃദ്ധയായ സ്ത്രീയുടെ ആടുകളെ കറന്നു കൊടുത്ത ഖലീഫാ അബൂബക്റി(റ)ന്റെ അനുയായികളിൽ പോലും അത്തൊരമൊരു നേതാവില്ലാതെ പോവുന്നു. പ്രസവവേദനകൊണ്ട് പിടയുന്ന പാവം സ്ത്രീക്ക് സൂതികാ വൃത്തി നിർവഹിക്കുന്ന ഇണകളുണ്ടാവണമെങ്കിൽ ഏതു പാതിരാത്രിക്കും സ്വയം സന്നദ്ധരായി ഇറങ്ങിപ്പുറപ്പെടാൻ തയ്യാറുള്ള നേതാവ് ഉമറി(റ)നെ പോലെയുള്ള ഭർത്താക്കന്മാർ ഉണ്ടാവണം. കഴിഞ്ഞ കൊല്ലം അന്തരിച്ച ശൈഖ് അബ്ദുറഹ്മാനി സ്സുമൈത്വും കാൻസർ ബാധിച്ച് മരിച്ച സഹോദരൻ മർഹും അലിയുമെല്ലാം ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിൽ നിർവ്വഹിച്ച സേവനങ്ങൾ അവർ മരിച്ചതിന് ശേഷമാണ് നാമറിയുന്നത്.

അല്ലാഹു എല്ലാവർക്കും സമ്പത്ത് നല്കിക്കൊള്ളണമെന്നില്ല , അപ്രകാരം ആരോഗ്യവും . എന്താണോ അവൻ നമുക്ക് തന്നത് അത് സമൂഹത്തിന് വേണ്ടി ചെലവഴിക്കലാണ് വേദം ഗ്രന്ഥം പലയിടങ്ങളിലായി നമ്മെ പഠിപ്പിക്കുന്ന ഇൻഫാഖ് . റിലീഫായും സാന്ത്വന വീചികളായും വിഭവങ്ങളായും മറ്റും നമ്മുടെ സമൂഹത്തിൽ പരന്നൊഴുകുന്നത് ആ ഇൻഫാഖിന്റെ സുഗന്ധമാണ്.

Also read: ഹൃദയ നൈര്‍മല്യമുള്ളവരാകാന്‍ പത്ത് വഴികള്‍

റബ്ബ് പറയുന്നത് ശ്രദ്ധിക്കൂ : ‘സത്യ വിശ്വാസികളായ എന്‍റെ ദാസന്മാരോട് നബിയേ താങ്കള്‍ പറയുക. അവര്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും നാം അവര്‍ക്ക് നല്‍കിയതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യട്ടെ’ (14/31).
‘നിങ്ങള്‍ക്ക് കഴിയും വിധം അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും നിങ്ങള്‍ക്ക് തന്നെ ഗുണകരമായ വിധം ധനം ചെലവഴിക്കുകയും ചെയ്യുക. സ്വന്തം മനസ്സിന്‍റെ ആര്‍ത്തിയില്‍ നിന്ന് സുരക്ഷിതമാക്കപ്പെട്ടവര്‍ തന്നെയാണ് വിജയികള്‍’ (64/16). മനസിന്റെ ആർത്തിയെ മെരുക്കി അവ സഹജീവികൾക്കായി പങ്കുവെക്കുന്ന സന്തുലിതത്വം പ്രസരിപ്പിക്കുന്ന സമഭാവനയാണ് ഖുർആൻ 100 ലേറെ തവണ ഊന്നിപ്പറഞ്ഞ് പഠിപ്പിക്കുന്ന ഇൻഫാഖ് .
അപ്രകാരം ഇസ്ലാം പ്രോത്സാഹിപ്പിക്കുന്ന മറ്റൊന്നാണ് ഖറദുൻ ഹസൻ ; ഖുർആൻ ഉടനീളം പഠിപ്പിക്കുന്ന (ഉദാ: 2: 245, 5:12, 57:11-18 , 64: 17,73 : 20) മഹാ നന്മയാണത്. തന്റെ ആവശ്യങ്ങളെ തൽക്കാലം കത്രിച്ചു മാറ്റി വെച്ച് അപരന് കൂടുതൽ നല്ല പങ്കു വെക്കുന്നതാണ് ഖറദുൻ ഹസൻ . കത്രികക്ക് മിഖ്റാദ് എന്ന് വിളിക്കുന്നത് അതുകൊണ്ടാണ്.

ആരുടെയെങ്കിലും കൈവശം വാഹനം മിച്ചമുണ്ടെങ്കില്‍ അതില്ലാത്തവനു നല്‍കണം. ആഹാരം മിച്ചമുള്ളവനും അതില്ലാത്തവനു നല്‍കണം എന്നു തുടങ്ങുന്ന ഒരു ഹദീസുണ്ട്. സമ്പത്തിന്‍റെ വിവിധയിനങ്ങളെ കുറിച്ച് പരാമര്‍ശിച്ച്, ആവശ്യം കഴിഞ്ഞ് മിച്ചമുള്ളതില്‍ (അഫ് വ് ) ഞങ്ങളിലൊരാള്‍ക്കും യാതൊരു അവകാശവുമില്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കുകയുണ്ടായി എന്നാണ് ഇത്തരം അധ്യാപനങ്ങളിൽ നിന്ന് ആദ്യ കാല സ്വഹാബത്ത് മനസ്സിലാക്കിയിരുന്നതെന്ന് ചരിത്രം പറയുന്നു.

Also read: ചോദ്യങ്ങളും ജനാധിപത്യവും

ആളുകൾക്ക് ഏറ്റവും പ്രയോജനകരമുണ്ടാക്കുന്നവരാണ് ദൈവത്തിന് ഏറ്റവും പ്രിയങ്കരർ, നിങ്ങൾ ഒരു സഹോദരന് നിങ്ങൾ പകരുന്ന സന്തോഷമാണ് നാഥന് പ്രിയങ്കരം .ഒരുവന്റെ ദുരിതങ്ങൾ നീക്കുന്നതും അവന്റെ കടം വീട്ടുന്നതും പട്ടിണി മാറ്റുന്നതുമെല്ലാം മദീനയിലെ പള്ളിയിൽ ഒരു മാസത്തേക്ക് ഇഅ്തികാഫ് ഇരിക്കുന്നതിനേക്കാളും ഉത്തമമാണെന്നും സഹോദരന്റെ ആവശ്യ പൂർത്തീകരണത്തിന് ഓടി നടക്കുന്നവൻ കാലുകൾ ഇടറുന്ന നാളിൽ നാഥൻ അവന്റെ പാദങ്ങൾ ഉറപ്പിച്ചു നിർത്തുമെന്നെല്ലാം പ്രവാചകാധ്യാപനങ്ങളിൽ നമുക്ക് കാണാം.
ഇവയാണ് ഇസ്ലാം പഠിപ്പിക്കുന്ന റിലീഫിന്റെ പ്രാഥമികാധ്യാപനങ്ങൾ .

(സെപ്റ്റംബർ 5 : ലോക റിലീഫ് ദിനം)

Facebook Comments

അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി

1975 മാര്‍ച്ച് 22 ന് എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിൽ ജനനം. പിതാവ്: മല്ലികത്തൊടിയിൽ ഉസ്മാൻ. മാതാവ്: സനീറ എ.എ. മദ്‌റസത്തുൽ മുജാഹിദീൻ ഓറിയന്റൽ ഹൈ സ്‌കൂള്‍, കൊച്ചിൻ കോളേജ്, അസ്ഹറുൽ ഉലൂം കോളേജ്, നദ് വത്തുൽ ഉലമാ ലഖ്നോ, ദഅവാ കോളേജ്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം (ആലിമിയ്യ) വാടാനപ്പളി ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൽ , അധ്യാപകൻ , സർക്കാർ കരിക്കുലം കമ്മിറ്റി , LPSA ആയിരുന്നു. നിലവിൽ അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ സീനിയർ ലക്ചറർ, HCI ചെയർമാൻ, വിക്ടറി എഡ്യുക്കേഷൻ ട്രസ്റ്റ് മെമ്പർ ,SCERT കരിക്കുലം കമ്മറ്റി അംഗം, അത്തദാമുൻ/ഇസ്ലാം പാഠശാല എഡിറ്റർ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. മലയാളം, അറബി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഇസ്ലാമിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. IPH പ്രസിദ്ധീകരിച്ച ബുഖാരി, തിർമുദി , വിജ്ഞാനകോശം, അറബി നിഘണ്ടു എന്നിവയുടെ പരിഭാഷ , എഡിറ്റിങ് , പ്രൂഫ് റീഡിങ് എന്നിവ നിർവ്വഹിച്ചിട്ടുണ്ട്. ഭാര്യ: അൻസ, മക്കള്‍: അസ്വാല അൽഫിയ്യ, അസ്വീൽ അൽഫൈൻ, അമാൻ അസ്ലം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker