Current Date

Search
Close this search box.
Search
Close this search box.

ഈ മൗനം പാപമാണ്

ഐവറിയൻ കലാകാരൻ  സൃഷ്ടിച്ച ലോക അഭയാർത്ഥി ദിനം ട്വിറ്റർ ഇമോജിയാണ് മറന്നു കിടന്ന അഭയാർഥി ദിനം കുറിപ്പുകാരനെ ഓർമ്മിപ്പിച്ചത്. 2000 ഡിസംബർ 4 ന് ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനം 55/76 ആണ് ജൂൺ 20 ലോക അഭയാർത്ഥി ദിനമായി ആചരിക്കണമെന്ന് തീരുമാനിച്ചത്. തുടർന്ന് 2001 ജൂൺ 20 മുതൽ ഈ ദിനം സമുചിതമായി കൊണ്ടാടപ്പെടുകയും ചെയ്യുന്നു.എല്ലാ അഭയാർഥികളെയും ഒരുപോലെ ബഹുമാനിക്കാനും സേവിക്കാനുമുള്ള അവബോധം വളർത്താനും പിന്തുണ അഭ്യർത്ഥിക്കാനും യു .എൻ ഈ ദിനം ലോകവ്യാപകമായി ഉപയോഗപ്പെടുത്തിവരുന്നു.

സാമൂഹിക വിപ്ലവ പ്രസ്ഥാനങ്ങളുടെ സാര്‍വ്വലൗകിക പ്രതീകമായ ചെ ഗുവാര ലോകം കണ്ടതില്‍ വച്ച് ഏറ്റവും ശക്തരായ വിപ്ലവകാരികളിലൊരാളും ക്യൂബന്‍ വിപ്ലവത്തിന്റെ ചാലകശക്തിയുമായിരുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ക്യാപിറ്റലിസ്റ്റ് ചൂഷണത്തില്‍നിന്ന് പീഡിത ജനതയെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥിയായിരുന്ന ഏണെസ്‌റ്റോ ചെ ഗുവാര വിപ്ലവ പ്രസ്ഥാനത്തിലേക്ക് തിരിഞ്ഞത്. അദ്ദേഹത്തിന്റെ ബൊളീവിയൻ ഡയറികൾ വായിച്ച ചില യുവാക്കൾ ബൂർഷ്വാസി ഭരണകൂടങ്ങളുടെ ബ്ലാക്ക് ലിസ്റ്റിൽ പെടുകയും പലായനം ചെയ്ത് ചിലിയിൽ അഭയംപ്രാപിക്കുകയുംചെയ്യുകയുണ്ടായി.

2000 ന് മുമ്പ് ആഫ്രിക്കൻ അഭയാർത്ഥി ദിനം ചില രാജ്യങ്ങളിൽ ഔദ്യോഗികമായി ആഘോഷിച്ചിരുന്നു. 2001 മുതൽ ജൂൺ 20 ന് ആഫ്രിക്കൻ അഭയാർത്ഥി ദിനത്തെ അന്താരാഷ്ട്ര അഭയാർത്ഥി ദിനമായി ആഘോഷിക്കാൻ ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റി (OAU) സമ്മതിക്കുകയായിരുന്നു.റോമൻ – കത്തോലിക്കാ സഭകൾ 1914 മുതൽ പത്താമൻ മാർപ്പാപ്പ സ്ഥാപിച്ച ലോക കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും ദിനം എല്ലാ വർഷവും ജനുവരിയിൽ ആഘോഷിച്ചിരുന്നതും 2001 മുതൽ ജൂൺ 20 ലേക്ക് മാറ്റി നിശ്ചയിക്കപ്പെട്ടു.

Also read: ഉമ്മിയ്യുണ്ടാക്കിയ അക്ഷരവിപ്ലവം

മ്യാൻമറിൽ നിന്നുള്ള റോഹിങ്ക്യൻ അഭയാർഥികളാണ് കഴിഞ്ഞ ഒരു ദശകമായി
ലോകമനസ്സാക്ഷിയുടെ മുമ്പിലെ ഏറ്റവും വലിയ ചോദ്യചിഹ്നം . ജന്മം കൊണ്ടു പുരാതന ഭാരതത്തിന്റെ ഭാഗമാണെങ്കിലും ഇന്ത്യയിലും ബംഗ്ലാദേശിലുമെല്ലാം രണ്ടാം കിട പൗരന്മാരാവാൻ പോലും അവർക്കിതുവരെ ആയിട്ടില്ല. മനുഷ്യാവകാശ സമരങ്ങളുടെ രൂപകമായ മ്യാന്മർ എന്ന ബർമയാണ് ഈ പാവങ്ങളെ പുറത്താക്കാൻ പച്ചക്കൊടി കാട്ടിയത്. ഈ ഹതഭാഗ്യർക്ക് ഇത് പുത്തരിയല്ല. ആരും ചോദിക്കാനും പറയാനുമില്ലാത്ത ഇവരോളം ക്രൂരതയനുഭവിച്ചവർ മറ്റൊരു കൂട്ടരുണ്ടോ എന്നറിയില്ല! ബുദ്ധമതത്തിന്റെ കൊടിമരങ്ങളാണ് ഇവരെ വെട്ടിയും കുത്തിയും കരിച്ചും അംഗഛേദം നടത്തിയും കൊല്ലാക്കൊല നടത്തിയും കൊന്നും തീർത്തപ്പോൾ മനുഷ്യത്വം ഇനിയും മരവിക്കാത്ത ചിലർ വല്ലപ്പോഴും എറിഞ്ഞു കൊടുത്ത നാണയത്തുട്ടുകൾ രോഹിങ്ക്യൻ അഭയാർത്ഥികളുടെ മാനത്തിന് പിഴയൊടുക്കാൻ ഒട്ടും പര്യാപ്തമായിരുന്നില്ല എന്നതാണ് വാസ്തവം! സമാധാനത്തിന്റെ നോബൽ സമ്മാന ജേതാവ് ഓങ് സാൻ സൂചി തന്നെ ഈ വംശഹത്യയുടെ കൂട്ടിക്കൊടുപ്പുകാരിയായപ്പോൾ കാര്യമാത്ര പ്രസക്തമായി ഒരു ചെറുവിരൽ അനക്കാൻ വൻകിട ലോക രാജ്യങ്ങൾക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല, ഒപ്പം ചേർന്ന് “ഗഛാമി “പാടാനും തിടുക്കം കൂട്ടുകയായിരുന്നു പലപ്രമുഖ അന്താരാഷ്ട്ര നേതാക്കളും! ഈ സാഹചര്യത്തിലാണ് തുർക്കിയുടെ തലവൻ ഉർദുഗാൻ ” അവരോടുള്ള മൗനം അക്രമവും പാപവുമാണെന്ന് ” അഭിപ്രായപ്പെട്ടത്.

ഖമറുന്നിസാ അബ്ദുല്ലാഹ് FB യിൽ എഴുതിയതു പോലെ ഇന്നിപ്പോൾ കഥ മാറി. കാലം മാറി! കൊറോണയെന്ന കാണാ ഭീകരനു മുമ്പിൽ രോഹിങ്ക്യൻ അഭയാർത്ഥി ഭീകരർ മാത്രമല്ല,
സിറിയൻ അഭയാർഥികളും ലോകത്തുള്ള സകലമാന ഭീകരൻമാരും അലിഞ്ഞു പോയിരിക്കുന്നു! ഇവർ ശഹീദുകളായി സ്വർഗ്ഗത്തിന്റെ ഉന്നതങ്ങളിൽ പച്ചപ്പറവകളായി പാറിക്കളിക്കുന്നുണ്ടാവാം. പക്ഷെ നമ്മളെ കാലം വെറുതെ വിടുമെന്നു തോന്നുന്നില്ല ! നടുക്കടലിലും നടുറോട്ടിലും ഇഞ്ചിഞ്ചായി കൊല്ലപ്പെട്ടു കൊണ്ടിരുന്നപ്പോൾ തെരുവുകളായ തെരുവുകൾ നിറയെ അജയ്യനും യുക്തിമാനുമായ അല്ലാഹുവിൽ വിശ്വസിച്ചു എന്ന ഒറ്റക്കാരണത്താൽ തുല്യതയില്ലാത്ത പീഢന പർവ്വം താണ്ടാനും താങ്ങാനും കഴിയാതെ നിസ്സഹായരായി ഇവർ ആർത്തു വിളിച്ചപ്പോൾ നാമമാത്രമായി വല്ലതും ചെയ്തതല്ലാതെ നമ്മളെന്ന ലോകം ഇവർക്ക് വേണ്ടി എന്തു ചെയ്തു! ഏതെങ്കിലും ഒരു ചെറിയ പരിപാടി ഇവർക്കു വേണ്ടി നമ്മളാരെങ്കിലും മാറ്റി വെച്ചോ!

ഇപ്പോൾ കൊറോണയെ പേടിച്ചു അകലം പാലിക്കാൻ ആരാധനാലയങ്ങൾ പോലും അടച്ചിടേണ്ടി വന്നപ്പോൾ ഏറ്റവും ആദ്യം കാതിൽ മുഴങ്ങിയത് അട്ടിയട്ടിയായി കിടന്നിരുന്നവരുടെ ഇടയിൽ ബാക്കിയായവരുടെ തൊണ്ട വറ്റിയ നിലവിളികളായിരുന്നു!! സോപ്പിട്ടു കഴുകാൻ കൈകളില്ലാത്ത, കൈകളും കാലുകളും മുറിച്ചു മാറ്റപ്പെട്ട ആരും വാദിക്കാനും പറയാനുമില്ലാത്ത റോഹിങ്ക്യൻ അഭയാർത്ഥികൾ തന്നെയായിരുന്നു!!! അക്രമിക്കപ്പെട്ടവർക്കും അല്ലാഹുവിനുമിടയിൽ മറകളും മതിലുകളില്ലെന്ന യാഥാർത്ഥ്യം ഈ കൊറോണക്കാലത്തെങ്കിലും നമ്മളോർത്തേ പറ്റൂ.

സിറിയൻ അഭയാർത്ഥി ക്യാമ്പുകളിൽ ഭക്ഷ്യസഹായം എത്തിച്ചുകൊടുക്കുന്ന വാർത്തകൾ ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെയും അൽജസീറയുടേയും സൈറ്റുകളിൽഈയിടെവായിക്കാൻകഴിഞ്ഞു. സാമ്പത്തിക മാന്ദ്യം പശ്ചിമേഷ്യയിലെ ലക്ഷക്കണക്കിന് സിറിയൻ അഭയാർഥികളെ കൂടുതൽ നിരാശാജനകമായ അവസ്ഥയിലേക്ക് തള്ളിവിടുകയും അവരുടെ മാനുഷിക ആവശ്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തുവെന്ന് ഐക്യരാഷ്ട്ര അഭയാർത്ഥി ഏജൻസി (യുഎൻ‌എച്ച്‌സി‌ആർ) അഭിപ്രായപ്പെടുന്നു അഥവാ സീസണലായ ഇത്തരം സഹായങ്ങൾ കൊണ്ട് മാത്രം ഈ അഭയാർഥികളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയില്ല. അതിനുള്ള ശാശ്വതമായ പരിഹാരത്തെ കുറിച്ച് ലോകനേതാക്കൾ ഒരുമിച്ചിരുന്നു ആലോചിച്ചേ മതിയാവൂ.

Also read: പ്രവാചകനെ സ്വപ്നം കാണാന്‍

മുസ്‌ലിം പണ്ഡിതരിൽ നിന്ന് അടുത്തിടെ നിരവധി ഫത്‌വകൾ ഈ വിഷയകമായി ഉണ്ടായിട്ടുണ്ട്. ഖുർആൻ 9:60 ൽ പറയുന്ന ഇബ്നുസ്സബീൽ ഈ അഭയാർഥികളെ കൂടി ഉൾകൊള്ളുന്നതാണ് എന്നാണ് അന്താരാഷ്ട്ര പണ്ഡിതവേദി സെക്രട്ടറി അലി ഖുറദാഗിയെ പോലുള്ളവർ അഭിപ്രായപ്പെടുന്നത്. അദ്ദേഹത്തെ പോലെ ചിന്തിക്കുന്ന മറ്റു ചിലരുടേയും തദ് വിഷയകമായ ഫത്‌വ അഭിയാർഥി വിഷയത്തിൽ നേടിയതായി ഐക്യരാഷ്ട്രസഭ ഈയിടെ പ്രഖ്യാപിച്ചു. ഇത് സകാത്ത് ശേഖരിക്കാനും അഭയാർഥികൾക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇബ്നുസ്സബീൽ വകുപ്പ് ഉപയോഗിക്കാനുമുള്ള പുനർചിന്തക്ക് വഴിവെച്ചിരിക്കുകയാണ്.

അമേരിക്കൻ സി‌എൻ‌എൻ ചാനലിന്റെ വെബ്‌സൈറ്റ് ഐക്യരാഷ്ട്ര അഭയാർഥികൾക്കായുള്ള ഹൈക്കമ്മീഷണറെ ഉദ്ധരിച്ച് “സകാത്തിനെ ദുരിതാശ്വാസ സ്രോതസ്സായി ഉപയോഗിക്കുന്നതിനെക്കുറിച്ച് മുസ്‌ലിം പണ്ഡിതരോട് ആലോചിച്ചുവെന്നും ഇസ്‌ലാമിക കർമ്മശാസ്ത്രത്തിലെ നിരവധി വിദഗ്ധർ സകാത്ത് അഭയാർഥികൾക്ക് പ്രയോഗിക്കാൻ കഴിയുന്ന ഉറവിടമാണെന്ന് സ്ഥിരീകരിച്ചതായി യുഎൻ‌എച്ച്‌സി‌ആർ ഔദ്യോഗിക സൈറ്റ് വ്യക്തമാക്കുന്നു. അഭയാർഥികൾക്ക് വേണ്ടി നാമെങ്കിലും ലോകത്തെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുക.

(ജൂൺ 20: ആഗോള അഭയാർഥി ദിനം )

Related Articles